“”…എടോ.. എന്നാലും അതങ്ങനെയല്ലല്ലോ.. മറ്റൊരു പെണ്ണിനെ മനസ്സിൽക്കൊണ്ടു നടക്കുന്ന എന്നെപ്പോലൊരുത്തനെ തനിയ്ക്കെങ്ങനെയാ അക്സെപ്റ്റു ചെയ്യാൻ പറ്റുന്നെ..?? ഇനിയെന്തൊക്കെ ന്യായംപറഞ്ഞാലും അതൊന്നും നടക്കുന്ന കാര്യമല്ല..!!”””_ എറിഞ്ഞത് കൃത്യസ്ഥാനത്ത് കൊള്ളാനായി മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ട് ഞാനങ്ങനെ പറയുമ്പോൾ അവൾ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു.. ശേഷം പിന്നെയുമെന്റെ നേരെ തിരിഞ്ഞു.
“”…തനിയ്ക്കറിയാമോ..?? എനിയ്ക്കും ഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോൾ ഇതുപോലൊരു റിലേഷൻഷിപ്പുണ്ടായിരുന്നതാ.. പക്ഷെയത് എന്റെ പണവും സൗന്ദര്യവും മാത്രംകണ്ടിട്ട് പിന്നാലേകൂടിയതാ.. ആദ്യമതൊന്നും കാര്യമാക്കീല.. പിന്നെ തപ്പലും തടവലുമൊക്കെ തുടങ്ങിയതോടെ മെല്ലെയൊഴിവാക്കി..!!”””_ ഒന്നുചിരിച്ചശേഷം കോഫിയവൾ ചുണ്ടോടുചേർത്തു.. ഒരു മിടയിറക്കിയശേഷം അവൾ വീണ്ടും തുടർന്നു;
“”…ഇപ്പൊ ഇവിടെത്തന്നെ ഡേയ്ലി എന്തോരം പ്രേമം ഞാൻ കാണുന്നതാ.. അവരിൽപ്പലർക്കും അതൊക്കെയൊരു നേരംപോക്കാ.. പലരും എങ്ങനെയെങ്കിലുമത് ബ്രേക്കപ്പാവാൻ വേണ്ടി കാത്തിരിക്കുവാ.. അതുകൊണ്ടുതന്നെ എനിയ്ക്കീ പ്രേമത്തിലൊന്നും വലിയ വിശ്വാസമുണ്ടായിരുന്നില്ല.. എന്നാൽ ഇന്നലെവന്നിട്ട് താൻ പറഞ്ഞില്ലേ, തനിയ്ക്കാ പെണ്ണിനെയല്ലാതെ വേറൊരാളെ അക്സെപ്റ്റ് ചെയ്യാൻ പറ്റത്തില്ലായെന്ന്.. സത്യംപറഞ്ഞാൽ എനിയ്ക്കതുകേട്ടപ്പോൾ അത്ഭുതമാണ് തോന്നിയെ.. അപ്പൊപ്പിന്നെ പ്രേമിച്ച പെണ്ണിനോടിത്രയും ആത്മാർത്ഥത കാണിയ്ക്കുന്നത് എങ്ങനെയാണൊരു നെഗറ്റീവാകുന്നത്..?? ഏതൊരു പെണ്ണും ആഗ്രഹിയ്ക്കുന്നത് ഇതുപോലൊരു ചെക്കനെയല്ലേ..?? ഞാനും അതുപോലെ ആഗ്രഹിച്ചു.. അതൊരു തെറ്റായിപ്പോയെന്ന് എനിയ്ക്കു തോന്നുന്നുമില്ല..!!
..പിന്നൊന്നുകൂടി പറയാം.. തനിയ്ക്കെന്തു ചെയ്തിട്ടു വേണമെങ്കിലും ഈ റിലേഷൻഷിപ്പിൽ നിന്നും പിന്മാറാം.. ഞാൻ എന്തായാലും കടിച്ചു തൂങ്ങി കിടക്കുന്നൊന്നുമില്ല.. അതുകൊണ്ട് താനൊരു കാര്യംചെയ്യ്, തന്റെ വീട്ടിൽപ്പറഞ്ഞ് ഇതെങ്ങനെയെങ്കിലും മുടക്കാൻ നോക്ക്..!!”””_ നിർവികാരമായ ചിരിയോടെയവൾ പറഞ്ഞുനിർത്തുമ്പോൾ ശെരിയ്ക്കും എനിയ്ക്കവളെ മനസ്സിലാകുന്നില്ലായിരുന്നു..
…ഇവളിതെന്തു തേങ്ങയാ പറയുന്നേ..?? എന്നെയിഷ്ടമാണ് കല്യാണം കഴിയ്ക്കാനും താല്പര്യമുണ്ട്.. എന്നാൽ ഞാനായ്ട്ട് വേണ്ടാന്നുവെച്ചാൽ അവൾക്കതു പ്രശ്നമില്ല..
എന്താണിതിന്റെയൊക്കെ അർത്ഥം..??
“”…എടോ.. താനിങ്ങനെ ചിന്തിച്ചു തലപുണ്ണാക്കണ്ട.. താനായിട്ടിത് മുടക്കിയാൽ താനെന്നോടീ പറഞ്ഞതും പറഞ്ഞ് ബ്ലാക്മെയിൽ ചെയ്യാനൊന്നും ഞാൻ വരാമ്പോണില്ല.. അതോർത്തു താൻ പേടിയ്ക്കണ്ട..!!”””_ അവൾ കണ്ണിലേയ്ക്കു നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞവസാനിപ്പിച്ചു…
സത്യം പറഞ്ഞാൽ ഒരിയ്ക്കൽക്കൂടിയതു കേട്ടപ്പോൾ എനിയ്ക്കങ്ങട് വിറഞ്ഞുകേറിയതാണ്.. പക്ഷേ സമ്യമനം പാലിയ്ക്കാണ്ട് മറ്റുതരമില്ലല്ലോ..
“”…അങ്ങനെ പറയാൻപറ്റാത്തതിന്റെ കാരണമല്ലേ ഞാനിന്നലെ പറഞ്ഞത്.. എൻറെ വീട്ടുകാരെക്കൊണ്ട് സമ്മതിപ്പിച്ചെടുക്കാൻ എനിയ്ക്കു കഴിയില്ലന്ന്..?? അവർക്കൊക്കെ അവരുടെ നിലയ്ക്കും വിലയ്ക്കുമൊത്ത ബന്ധമാണ് വേണ്ടത്.. അതിനിടയിൽ ഞാൻചെന്നിട്ട് എനിയ്ക്കീ കല്യാണം വേണ്ടാന്നു പറയേണ്ട താമസം, അവർ കാരണം തിരക്കിയിറങ്ങും.. പിന്നെ സംഭവിയ്ക്കാൻ പോകുന്നത് മറ്റൊന്നായിരിക്കും.. അതു ചിലപ്പോളെനിയ്ക്കു താങ്ങാൻ കഴിയുമോന്നുപോലും അറിയില്ല..!!”””_ ഒരു ദീർഘനിശ്വാസത്തോടെ അത്രയുംപറഞ്ഞശേഷം ഞാനെൻറെ ഫോണെടുത്ത് വാട്ട്സ്ആപ്പ് ഓപ്പണാക്കി രാവിലേ ജൂണയയച്ച ന്യൂസ് റിപ്പോർട്ടെടുത്ത്,
“”…താനിതൊന്നു നോക്കിയേ.. ഇന്നലെ രാത്രിയിലെ ന്യൂസ് അപ്ഡേറ്റാണ്..!!”””_ എന്നുംപറഞ്ഞ് അവളുടെ കയ്യിൽക്കൊടുത്തു..
“”…പ്രവീൺ തിരോധനക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറി… മാണിക്കോത്ത് ശ്രീധരന് ഈ കേസുമായുള്ള ബന്ധം ഉടൻ പുറത്തു കൊണ്ടുവരുമെന്ന് ക്രൈംബ്രാഞ്ച് എസ്പി ആദിത്യൻ..!!”””_ അവളതു വായിച്ചശേഷം കാര്യംമനസ്സിലാത്ത ഭാവത്തിൽ എന്നെനോക്കി..
