“”…ഇതിൽപ്പറയുന്നപോലെ അയാൾ മിസ്സിങ്ങായതൊന്നുമല്ല.. കൊന്നു തള്ളിയതാണ്.! ഇപ്പോൾ മാണിക്കോത്ത് ഗ്രൂപ്പിന്റെ പുതുതായിപണിയുന്ന ഏതെങ്കിലും കെട്ടിടത്തിന്റെ അസ്തിവാരം തോണ്ടിയാൽ കിട്ടുമവന്റെ ബോഡി.. അതാണ് മാണിക്കോത്ത് ശ്രീധരനെ എതിർത്താലുള്ള ശിക്ഷ.. അപ്പോൾപ്പിന്നെ ആ ശ്രീധരനോടൊപ്പം മാണിക്കോത്ത് വിശ്വനാഥനും ബലരാമനും ദേവനുംകൂടി ചേർന്നാൽ എന്താ സംഭവിയ്ക്കാൻ പോകുന്നേന്ന് ഞാമ്പറയണോ..?? എനിയ്ക്കൊരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ ഇഷ്ടമാണെന്നറിയേണ്ട താമസം, പിന്നവളെയെന്നല്ല, അവളുടെ കുടുംബംപോലും ജീവിച്ചിരുന്നതിന് ഒരു തെളിവു ബാക്കിയുണ്ടാവില്ല..!!”””
“”…അയ്ന്..??”””_ ഞാനത്രയും ബിൽഡപ്പൊക്കെയിട്ട് പറഞ്ഞതിന് അതായിരുന്നവളുടെ മറുപടി..
അതുകേട്ടതും ഇതെന്തു ജന്തൂന്നഭാവത്തിൽ ഞാനവളെ നോക്കിയിരിയ്ക്കുമ്പോൾത്തന്നെ അവൾ കൂട്ടിച്ചേർത്തു..
“”…എടോ.. ഈ കല്യാണം മുടക്കേണ്ടത് തൻറെമാത്രം ആവശ്യമാണ്.. അപ്പോളതിനുവേണ്ടി റിസ്ക്കെടുക്കേണ്ടതും താനാണ്.. അല്ലാതെ ഞാനല്ല.. അതുകൊണ്ടിതൊന്നും എന്നെ ബാധിയ്ക്കുന്ന വിഷയങ്ങളേയല്ല.. സോ.. ഇതിനൊരു പോംവഴി കണ്ടുപിടിയ്ക്കേണ്ടത് താനാണ്..!!”””_ അത്രയും പറഞ്ഞവസാനിപ്പിയ്ക്കുമ്പോൾ മൗനമല്ലാതെനിക്കൊരു മറുപടിയില്ലായിരുന്നു.
പിന്നെയധികമവിടെ നിൽക്കാതെ പുറത്തേക്ക് നടന്നു. ഞാൻ പുറത്തേയ്ക്കു നടക്കുന്നതു കണ്ടതും ജൂണയുമെന്റെ പിന്നാലെ കൂടി.. അതിനിടയിൽ അവളെന്തോ ചോദിയ്ക്കാനായി തുനിഞ്ഞെങ്കിലും എൻറെ മുഖഭാവം കണ്ടിട്ടാവണം അവളതടക്കിപ്പിടിച്ചത്….
അവിടെവെച്ച് കൂടുതലൊന്നും മിണ്ടാതെ ഞാൻ വണ്ടിയിൽ കയറുമ്പോൾ അവളുമൊരു പാവയെപ്പോലെ എന്റെ പിന്നാലെ കയറുകയായിരുന്നു..
അപ്പോഴത്തെയെൻറെ മുഖഭാവത്തിൽ നിന്നുതന്നെ അകത്തുവെച്ച് ഋതു പറഞ്ഞതിനെക്കുറിച്ച് ഏകദേശ ധാരണയവൾക്ക് കിട്ടിയിട്ടുണ്ടാവണം..
അല്ലെങ്കിലും ഞാനെന്താണെന്നും എന്റെ മാനസികാവസ്ഥ എന്താണെന്നും അവളോടാരും പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ.. ഒന്നുമില്ലെങ്കിലും ഇന്നും ഇന്നലേമൊന്നുമല്ലല്ലോ അവളെന്നെ കണ്ടുതുടങ്ങിയത്..
“”…ഞാനിനിയെന്റെ പല്ലവിയോടെന്തു പറയോടീ..??”””_ എത്രയാലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടാതായതോടെ ഞാൻ ദയനീയമായി ജൂണയെ നോക്കി…
“”…എടാ.. അപ്പൊ അവള്… അവളു സമ്മതിച്ചിട്ടായിരുന്നോ എല്ലാം..??”””_ ഡ്രൈവിങ് സീറ്റിലിരുന്ന എന്റെ മുഖത്തേയ്ക്കു നോക്കിയവൾ ചോദിച്ചു..
“”…ആടീ.. അവളു പറയുവാ ഞാനായ്ട്ട് മുടക്കുന്നെങ്കിൽ മുടക്കിക്കോളാൻ… അല്ലാണ്ടവളായ്ട്ടു മുടക്കില്ലാന്ന്..!!”””
“”…ഏഹ്..?? അതെന്തു മറ്റേടത്തെ പരിപാടി..?? പറ്റത്തില്ലെങ്കിൽ ഇന്നലെത്തന്നെ ഇവൾക്കിതങ്ങു വാ തുറന്നുപറഞ്ഞാൽ പോരായിരുന്നോ..?? വെറുതേ മനുഷ്യനെ മെനക്കെടുത്താൻ..!!”””_ അവൾ പല്ലിറുമ്മിക്കൊണ്ട് കലിച്ചുതുള്ളി..
“”…അതാണ്.. ഇന്നലെയവളിതു പറഞ്ഞിരുന്നേൽ വീട്ടിൽ ഞാനമ്മാതിരി ഷോ ഇറക്കുമായിരുന്നോ..?? കോപ്പ്.! ഏതുനേരത്താണോ ആവോ ഇതിനു സമ്മതിയ്ക്കാൻ തോന്നിയത്..??”””_ ഞാൻ സ്വയംപ്രാകിക്കൊണ്ട് പറഞ്ഞു..
“”..എടാ.. നീയൊരു കാര്യം ചെയ്യ്.. പല്ലവിയെവിളിച്ച് നടന്ന കാര്യംപറ.. എന്നിട്ട് അവളെന്താ പറയുന്നതെന്നു നോക്കാം..!!”””_ കുറച്ചുനേരം പുറത്തേയ്ക്കു നോക്കി എന്തൊക്കെ ആലോചിച്ചിരുന്നശേഷം അവളത് പറയുമ്പോഴാ മുഖത്ത് നിഴലിട്ട നിർവികാരത ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
ഒന്നിരുത്തി ചിന്തിച്ചപ്പോൾ അവൾ പറയുന്നതിലും കാര്യമുണ്ടെന്നെനിയ്ക്കു തോന്നി… എപ്പോഴായാലും പല്ലവിയോടിതൊക്കെ പറയേണ്ടത് തന്നെയാണല്ലോ… പിന്നെന്തിന് വെച്ചു താമസിപ്പിയ്ക്കണം..??!!
അതുകൊണ്ട് അപ്പോൾത്തന്നെ ഫോൺ കണക്ടുചെയ്ത് ഞാനവളെ വിളിയ്ക്കുകയായിരുന്നു..
“”..ഹലോ.. എന്താടാ ഈ നേരത്തൊരു വിളി..??”””_ ഫോണെടുത്തപാടെ ആക്കിയമട്ടിലൊരു ചോദ്യമായിരുന്നു അവൾ.. അതുകേട്ടതും എനിക്കങ്ങോട്ട് വിറഞ്ഞു വന്നതാണ്.. മനുഷ്യനിവിടെ കാലുറയ്ക്കാതെ നിൽക്കുമ്പോഴാണ് അവരുടെയൊരു മറ്റേടത്തെ ചിരി..
