ശ്രീഹരിയുടെ പിന്നാലെ ജീന വേഗതയിൽ നടന്നു. അവൾക്ക് പിന്നാലെ ക്ലാരയും.
അവൻ നേരെ പോയി ഒരു മരത്തിനു ചുവട്ടിൽ കെട്ടി ഇട്ടിരിക്കുന്ന തിട്ടയിൽ ഇരുന്നു. ജീന അവന്റെ തൊട്ടു മുന്നിലായി പോയി നിന്നു. അവൻ അവളെ നോക്കാതെ തല കുനിച്ചിരിക്കുകയായിരുന്നു. അവർക്കു പിന്നാലെ എത്തിയ ക്ലാര അവന്റെ അരികിലേക്കായി ഇരുന്നു.
ജീന തൂണിലേക്കിടിച്ച അവന്റെ കൈയിൽ പിടിച്ചു. അവൻ കൈ കുടഞ്ഞു മാറ്റി. ജീന ബലമായി തന്നെ അവന്റെ കൈയിൽ പിടിച്ചു നോക്കി. വിരലിലെ തൊലി ചെറുതായി മുറിഞ്ഞിട്ടുണ്ട്. അല്ലാതെ വേറെ കുഴപ്പമൊന്നും ഇല്ല.
“നിനക്കപ്പോൾ ദേഷ്യമൊക്കെ കണ്ട്രോൾ ചെയ്യാനും അറിയാമല്ലേ?”
അവർക്കു ചുറ്റും ഉണ്ടായിരുന്ന ഗൗരവം നിറഞ്ഞ അന്തരീക്ഷത്തിന് ഒരു അയവു വരുത്തണമെന്ന് തോന്നിയതിനാൽ ക്ലാരയുടെ ചോദ്യത്തിന് മറുപടിയായി അവൻ പറഞ്ഞു.
“ഇന്ന് ഞാൻ അടി ഉണ്ടാക്കിയിട്ട് വീട്ടിലേക്ക് ചെന്നാൽ ഇവൾ എനിക്ക് ചോറ് തരത്തില്ല, അതാ ഞാൻ അപ്പോൾ ക്ഷമിച്ചേ.”
അവന്റെ മറുപടി കേട്ട് ജീനയുടെ മുഖത്ത് ചിരി പടർന്നു.
ക്ലാര തമാശയായി പറഞ്ഞു.
“ആ ഒരു കാരണം കൊണ്ടെങ്കിലും നിനക്ക് ഒരാളെ പേടി ഉണ്ടല്ലോ, സന്തോഷം.”
ശ്രീഹരി ക്ലാരയുടെ മുഖത്തേക്ക് നോക്കി. സൂര്യ പ്രകശം ചെറുതായി അവളുടെ മുഖത്ത് തട്ടുന്നുണ്ട്, അതിന്റെ പ്രകാശത്തിൽ അവളുടെ മുഖം തിളങ്ങുന്നയി അവന് തോന്നി. ചുവന്ന സാരി അവളുടെ വെളുത്ത ശരീരത്തിന് നന്നായി ചേരുന്നുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട അവളുടെ ചെറിയ കണ്ണുകളിലേക്കു തന്നെ അവൻ നോക്കി ഇരുന്നു.
അവന്റെ നോട്ടം കണ്ട് അവളുടെ മുഖത്ത് ചെറുതായി നാണം ഇരച്ചു കയറി.
“എന്താടാ ഇങ്ങനെ നോക്കുന്നെ.?”
അവൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. ഇതുകണ്ട ജീന അവന്റെ കൈ വിട്ടുകൊണ്ട് പറഞ്ഞു.
“ചേച്ചി.. ഞാൻ ക്ലാസ്സിലേക്ക് പോകുവാ.”
ജീന മനപ്പൂർവം അവിടെ നിന്നും പോകുവാണെന്ന് ക്ലാരക്ക് മനസിലായി. കുറച്ചു നേരം ശ്രീഹരിയെ തനിയെ വേണമെന്ന് അവളുടെ മനസ് ആഗ്രഹിച്ചിരുന്നതിനാൽ ക്ലാര ജീന പോകുന്നതിനെ എതിർത്തൊന്നും പറഞ്ഞില്ല.
ജീന പോയി കഴിഞ്ഞും ശ്രീഹരി അവന്റെ നോട്ടം തുടർന്നു, അവന്റെ നോട്ടം താങ്ങാനാവാതെ അവളുടെ നെറ്റിയിൽ വിയർപ്പു നിറഞ്ഞു.
അവന്റെ തല പിടിച്ചു തിരിച്ചുകൊണ്ട് അവൾ ചോദിച്ചു.
“എന്ത് നോട്ടമാണെടാ ഇത്.”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ ഇതിന് മുൻപ് നിന്നെ ഇത്രയും സുന്ദരിയായി കണ്ടിട്ടുള്ളത് എന്നാണെന്നു അറിയാമോ?”
അവൾ ആകാംഷയോടെ ചോദിച്ചേ.
“എന്നാ?”
“നീ പ്ലസ്ടുവിൽ പഠിക്കുമ്പോഴുള്ള പള്ളിപെരുന്നാളിന്… അന്ന് രാത്രി നിങ്ങൾ പെൺപിള്ളേർ വാരി വാരി റോഡിൽ കൂടി പോകില്ലേ?”
അവളൊന്നു മൂളി.
“അപ്പോൾ നിന്നെ കാണാനായി ഞാൻ അവിടെ വന്നിരുന്നു. തൂവെള്ള ഡ്രെസ്സിൽ മെഴുകുതിരിയും പിടിച്ച് നീ അങ്ങനെ നടക്കുമ്പോൾ മെഴുകുതിരി വെട്ടത്തിൽ നിന്റെ മുഖം പ്രക്ഷിക്കുന്നതു കാണാൻ എന്ത് ഭംഗി ആയിരുന്നെന്ന് അറിയാമോ? അത്രയും പെൺപിള്ളേരുടെ ഇടയിൽ മാലാഖയെ പോലെ തിളങ്ങുവായിരുന്നു നീ.”
അവൾ അത്ഭുതത്തോടെ ചോദിച്ചു.
“എന്നിട്ട് അന്ന് നിന്നെ ഞാൻ കണ്ടില്ലായിരുന്നല്ലോ.”
“നീ കാണാതെ നിങ്ങൾ തിരിച്ച് പള്ളിയിൽ എത്തുന്നവരെയും ഞാൻ നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.”
“വട്ടാണ് നിനക്ക്.”
അത് കേട്ട് അവൻ ചിരിച്ചു.
“പ്ലസ് ടു കഴിഞ്ഞ് ഇവിടെ വച്ചല്ലാതെ നീ എന്നെ കണ്ടിട്ടുണ്ടായിരുന്നോ?”
“നിനക്ക് ഇവിടെ ക്ലാസ് തുടങ്ങി വരുന്നവരെയും എല്ലാ ഞാറാഴ്ച്ചയും ഞാൻ പള്ളി പരിസരത്തു കാണുമായിരുന്നു. നീ കുർബാനക്ക് വരുന്നതും തിരിച് പോകുന്നതും കാണാനായി.”
കുറച്ചുനേരത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു.
“നിനക്കെന്നെ അത്രയ്ക്ക് ഇഷ്ട്ടം ആയിരുന്നോ?”
അതിനുള്ള മറുപടി അവൻ ഒരു പുഞ്ചിരിയിൽ ഒതുക്കി. ആ പുഞ്ചിരിയിൽ നിന്നും അവൾക്കെല്ലാം മനസിലാകുന്നുണ്ടായിരുന്നു.
അവൾ ചോദിച്ചു.
“നമുക്കു ഇപ്പോൾ പുറത്തൊന്നും കറങ്ങാൻ പോയല്ലോ.. നിന്റെ ബൈക്കിൽ..”
