എന്റെ നിലാപക്ഷി – 2 23അടിപൊളി 

അതുവരെയുള്ള ജീനയുടെ സൗമ്യമായ പെരുമാറ്റവും, അവളുണ്ടാക്കിയ രുചിയേറിയ ആഹാരവും എല്ലാം കൊണ്ട് അവർക്കു അവളെ ഒരുപാട് ഇഷ്ട്ടപെട്ടു. ഒരു ദിവസം അവളെ വീട്ടിലേക്ക് കൊണ്ട് വരണമെന്ന് ശ്രീഹരിയോട് പറഞ്ഞു ഏൽപ്പിച്ച ശേഷമാണ് അവർ അവിടെ നിന്നും പോയത്.

. . . .

ബൈക്ക് പാർക്ക് ചെയ്ത് അവർ രണ്ടുപേരും ഒരുമിച്ചാണ് ക്ലാസ്റൂമിലെക്കു നടന്നത്.

ക്ലാസ്സിലേക്കുള്ള വഴിയിൽ ആണ്പിള്ളേര് ജീനയെ ശ്രദ്ധിക്കുന്നത് അവനും അവളും അറിയുന്നുണ്ടായിരുന്നു. ഒരു തരത്തിൽ അത് അവളിൽ തന്റെ സൗന്ദര്യത്തെ കുറിച്ച് ഒരു ആത്മവിശ്വാസം ഉണ്ടാക്കുകയാണ് ചെയ്തത്. അവളുടെ മുഖത്ത് അത് സന്തോഷത്തിന്റെ രൂപത്തിൽ കാണാനും ഉണ്ടായിരുന്നു.

അവർ ക്ലാസ് റൂമിൽ എത്തുമ്പോൾ അത്തക്കളം ഇട്ടു തുടങ്ങിയിട്ടുണ്ട്.

ക്ലാസ്സിലെ ആൺപിള്ളേരൊന്നും ജീനയെ അത്രയും നാൾ അധികമൊന്നും ശ്രദ്ധിച്ചിട്ടില്ലായിരുന്നു. അധികം വണ്ണമൊന്നും ഇല്ലാത്ത അവൾക്ക് വെളുപ്പും മുഖത്തെ ഒരു ഐശ്വര്യവും ആയിരുന്നു പ്ലസ് പോയിന്റ് ആയി ഉണ്ടായിരുന്നത്. ചില ആൺപിള്ളേരൊക്കെ അവളെ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ആരോടും മിണ്ടാത്ത അവളുടെ പ്രകൃതം അവർക്ക് അവളോട് അടുത്ത് ഇടപഴകാനുള്ള അവസരം ഉണ്ടാക്കിയിരുന്നില്ല.

ഇന്ന് സാരി ഉടുത്തുകൊണ്ടുള്ള അവളുടെ കടന്നു വരവ് ക്ലാസ്സിൽ അവളെ ശ്രദ്ധകേന്ദ്രമാക്കി. ആൺപിള്ളേരും പെൺപിള്ളേരും അവളെ ഒരേപോലെ ശ്രദ്ധിച്ചു. ചില പെണ്പിള്ളേര്ക്ക് അവളോട് ചെറിയൊരു അസൂയ ഉണ്ടാക്കി എന്നുതന്നെ പറയാം.

ജീന പൂക്കൾ ഇറുക്കുന്നവരെ സഹായിക്കാനായി പോയിരുന്നു. ജീന അവിടേക്ക് പോയത് കണ്ട് അവിടെ ചുമ്മാ നിന്നിരുന്ന രണ്ട് ആൺപിള്ളേർ അവൾക്കൊപ്പം അവിടേക്ക് പോയി. ഇത് കണ്ട് ശ്രീഹരിക്ക് ചിരിയാണ് വന്നത്.

ഇന്ന് മുതൽ അവളുടെ പിറകെ നടക്കാൻ ആൺപിള്ളേർ ഉണ്ടാകും എന്ന് അവന് ഉറപ്പായിരുന്നു. പക്ഷെ അതിലൊന്നും അവൾ വീഴില്ലെന്നും അവന് അതിനേക്കാളേറെ ഉറപ്പായിരുന്നു.

പൂക്കൾ ഇറുക്കുന്നതിനിടയിൽ ജീന ശ്രീഹരിയെ ശ്രദ്ധിച്ചു. അവൻ ഭിത്തിയിൽ ചാരി നിന്ന് അത്തം ഇടുന്ന പെൺപിള്ളേരെ തന്നെ വായി നോക്കി നിൽക്കുകയാണ്. ഒരു നിമിഷം ശ്രദ്ധ അവരിൽ നിന്നും മാറിയപ്പോഴാണ് ജീന തന്നെ നോക്കുന്നത് അവൻ കണ്ടത്.അവന്റെ മുഖത്ത് പെട്ടെന്ന് ചമ്മൽ നിറഞ്ഞ ചിരി വന്നു. അവളും അവനെ നോക്കി എല്ലാം മനസിലായി എന്ന അർഥത്തിൽ തലയാട്ടികൊണ്ട് ചിരിച്ചു.

ജീനയുടെ അടുത്തിരുന്ന ചെറുക്കന്മാർ അവളോട് ഓരോന്ന് ചോദിച്ച് സംസാരിക്കാൻ ശ്രമിച്ചു. അവൾ അതിനൊക്കെ ഒറ്റവാക്കിൽ മറുപടി പറഞ്ഞ് ഒഴുവാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ക്ലാസ്സിന്റെ വാതിക്കൽ വന്ന് നിൽക്കുന്ന ക്ലാരയെ ജീന ശ്രദ്ധിച്ചത്.

ഒരു ചുവപ്പ് സാരി ആണ് അവൾ ഉടുത്തിരിക്കുന്നത്. ക്ലാരയുടെ മുഖം അത്ര സന്തോഷത്തിൽ അല്ലായിരുന്നു. എന്തോ ഇഷ്ട്ടപ്പെടാത്ത കാണുന്ന ഒരു ഭാവം.

അവളുടെ നോട്ടം എവിടേക്കാണെന്നു ജീന ശ്രദ്ധിച്ചു.

ശ്രീഹരിയെ ആണ് ക്ലാര നോക്കുന്നത്. ഭിത്തിയിൽ ചാരി നിൽക്കുന്ന അവനോടു സംസാരിച്ചുകൊണ്ട് ക്ലാസ്സിൽ തന്നെ പഠിക്കുന്ന മായ നിൽക്കുന്നു. അവന്റെ ശരീരത്തോട് ഒരുപാട് ചേർന്നാണ് അവൾ നിൽക്കുന്നത്. എന്തോ പറഞ്ഞു അവർ ചിരിക്കുകയും മായ അവന്റെ കൈയിലൊക്കെ പിടിക്കുന്നും ഉണ്ട്.

ക്ലാരയ്ക്ക് അത് ഒട്ടും ഇഷ്ട്ടപെടുന്നില്ലെന്ന് ജീനക്ക് മനസിലായി.

ജീന പെട്ടെന്ന് എഴുന്നേറ്റു ശ്രീഹരിയുടെ അടുത്തേക്ക് നടന്നു. എന്നിട്ട് അവന്റെ തലയിൽ പൊടി തട്ടുന്നപോലെ ചെയ്തുകൊണ്ട് ശ്രീഹരിക്കും മായ്ക്കും ഇടയിൽ നൂഴ്ന്നു കയറി. എന്നിട്ട് പറഞ്ഞു.

“വാതിക്കൽ ഒരാൾ ഇച്ചായനെയും തുറിച്ച് നോക്കി നിൽപ്പുണ്ട്.”

ശ്രീഹരിയെ രക്ഷിക്കാനുള്ള ജീനയുടെ ശ്രമം കണ്ട് സത്യത്തിൽ ക്ലാരയ്ക്ക് ചിരിയാണ് വന്നത്. പക്ഷെ അവൾ ചിരി കടിച്ചമർത്തി ദേഷ്യഭാവത്തിൽ നിന്നു.

വാതിക്കലേക്ക് നോക്കിയ ശ്രീഹരിക്ക് ക്ലാരയുടെ മുഖം കണ്ടപ്പോഴേ ഇത് കുഴപ്പമാകുമെന്ന് മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *