അവൾ ഒരു ചെറു പുഞ്ചിരിയോടെ ഇഷ്ട്ടമായി എന്നുള്ള രീതിയിൽ തലയാട്ടി.
അവൻ സാരി സെയിൽസ് ഗെർളിന്റെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു.
“ഇത് എടുത്തൊള്ളൂ.. ഞങ്ങൾക്ക് ഇനി കുറച്ചു ചുരിദാർ എടുക്കണം.”
ശ്രീഹരി ഇത് പറയുന്നത് കേട്ട് ജീന ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.
“2nd ഫ്ലോറിൽ ആണ് സർ ചുരിദാർ സെലെക്ഷൻ.”
ശ്രീഹരി ജീനയുടെ കൈയും പിടിച്ച് 2nd ഫ്ലോറിലേക്കു നടക്കുമ്പോൾ അവൾ ചോദിച്ചു.
“ആർക്കാ ചുരിദാർ?”
“നിനക്ക്.. അല്ലാതെ വേറെ ആർക്കാ?”
പടികൾ കയറുകയായിരുന്നു ശ്രീഹരിയുടെ കൈയിൽ ബലമായി പിടിച്ചു നടത്തം നിർത്തിച്ചുകൊണ്ടു ജീന പറഞ്ഞു.
“എനിക്കിപ്പോൾ ഡ്രസ്സ് വാങ്ങേണ്ട ഇച്ചായാ.. ആവിശ്യത്തിനുള്ളത് എനിക്കിപ്പോൾ ഉണ്ട്.”
അവളുടെ ഇരു തോളുകളിലും പിടിച്ചുകൊണ്ട് ശ്രീഹരി പറഞ്ഞു.
“ജീന നീ എന്റെ ഫ്രണ്ട് മാത്രമല്ല, എനിക്ക് പറഞ്ഞു മനസിലാക്കി തരാൻ കഴിയാത്ത ഒരു ആത്മബന്ധമാണ് എനിക്കിപ്പോൾ നിന്നോടുള്ളത്..”
ജീന അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നപ്പോൾ.
“അതുകൊണ്ട് നിനക്ക് ഞാൻ എന്തെങ്കിലും വാങ്ങി തരുന്നത് എന്റെ ഒരു സന്തോഷത്തിനാണ്.. അപ്പോൾ നീ അത് വേണ്ട എന്ന് പറയരുത്.”
“ഇച്ചായാ..”
അവന്റെ വാക്കുകൾ കേട്ട സന്തോഷം കൊണ്ടോ എന്തോ അവളിൽ നിന്നും വാക്കുകൾ പുറത്തു വന്നില്ല, മാത്രമല്ല കണ്ണുകൾ നിറയുകയും ചെയ്തു.
ആ കണ്ണുനീർ സന്തോഷത്തിന്റെ ആണെന്ന് അറിയാവുന്ന ശ്രീഹരി പുഞ്ചിരിയോടെ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
“ഡീ പോത്തേ.. ഇവടെ നിന്ന് കരഞ്ഞ് സീൻ ചളമാക്കല്ലേ നീ.”
അവൾ മുഖം കൈകൊണ്ട് തുടച്ച് ഒരു പുഞ്ചിരിയോടെ അവനോടൊപ്പം പടികൾ കയറി.
ശ്രീഹരി തന്നെയാണ് ചുരിദാറും സെലക്ട് ചെയ്തത്.. ജീന അവന്റെ കൈയിൽ ചുറ്റിപ്പിടിച്ച് കൂടെ നിൽക്കുകമാത്രമാണ് ചെയ്തത്.
രണ്ടു ജോഡി ചുരിദാർ എടുത്ത് കഴിഞ്ഞപ്പോൾ ശ്രീഹരി ചോദിച്ചു.
“നീ എപ്പോഴും ചുരിദാർ തന്നല്ലേ ഇടുന്നെ.. വീട്ടിൽ നിൽക്കുമ്പോൾ ഇടാൻ പാവാടയും ഷർട്ടും വാങ്ങിയാൽ നീ ഇടുമോ?”
“ഇച്ചായന് ഇഷ്ടമുള്ളത് വാങ്ങിക്കോ.. ഇച്ചായൻ വാങ്ങി തരുന്നത് എന്തായാലും ഞാൻ ഇട്ടോളും.”
അവളുടെ സമ്മതം കിട്ടിക്കഴിഞ്ഞ ശ്രീഹരി മൂന്നു ജോഡി പാവാടയും ഷർട്ടും അവൾക്കായി വാങ്ങി.
അത് കഴിഞ്ഞു സെയിൽസ് ഗെർലിനോട് അവൻ പറഞ്ഞു.
“ഇനിയൊരു ജീൻസും ടോപ്പും വേണം.”
അത് കേട്ടതും ജീന പെട്ടെന്ന് പറഞ്ഞു.
“ഞാൻ അതൊന്നും ഇടില്ല.”
അത് കേട്ട സെയിൽസ് ഗേൾ ചോദ്യ ഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി.
അവൻ ഒരു ചിരിയോടെ പറഞ്ഞു.
“ഇവൾ പറയുന്നതൊന്നും ശ്രദ്ധിക്കേണ്ട, ഒരു ജീൻസും ടോപ്പും വേണം.”
അവന്റെ കൈയിൽ ഇറുകെ ചുറ്റിപ്പിടിച്ച് ദയനീയ ഭാവത്തിൽ ജീന പറഞ്ഞു.
“വേണ്ട ഇച്ചായാ.. ഞാൻ ഇതുവരെ അതൊന്നും ഇട്ടിട്ടില്ല. എനിക്ക് അതിട്ടു നടക്കാൻ നാണക്കേടാ.”
ജീനയുടെ മുഖ ഭാവവും സംസാരവും എല്ലാം കേട്ടപ്പോൾ സെയിൽസ് ഗേൾന്റെ മുഖത്ത് ഒരു ചിരി പടരുന്നുണ്ടായിരുന്നു.
അത് കണ്ട ശ്രീഹരി ജീനയോടു പറഞ്ഞു.
“നിനക്കല്ലടി പോത്തേ ഇത്.. നിന്റെ അളവിന് എടുത്താൽ മതി… മറ്റൊരാൾക്ക് കൊടുക്കാനാണ്.”
അത് കേട്ട ജീന ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.
“ആർക്കാ ഇച്ചായാ?”
“അതൊക്കെ പിന്നെ പറയാം. നീ ഇപ്പോൾ ഡ്രസ്സ് നോക്ക്.”
ജീൻസ് നോക്കുന്നതിനിടയിലും അവളുടെ ചിന്ത ഇത് ആർക്കെന്നായിരുന്നു. ക്ലാരക്കല്ലെന്ന് അവൾക്കുറപ്പാണ്. ക്ലാര ജീൻസും ടോപ്പും ഇടുമെങ്കിലും തന്റെ സൈസ് അവൾക്ക് ചേരില്ലെന്ന് ജീനക്കുറപ്പായിരുന്നു. അവളുടെ കണക്ക് കൂട്ടലുകൾക്കൊടുവിൽ അവസാനം മനസ്സിൽ വന്ന രൂപം മായയുടേതായിരുന്നു.
അവരുടെ ക്ലാസ്സിൽ തന്നെ പേടിച്ചിരുന്നതാണ് മായ. പലപ്പോഴും ശ്രീഹരിയോട് അടുത്തിടപഴകാൻ ശ്രമിക്കുന്നതും കൊഞ്ചി കുഴഞ്ഞ് സംസാരിക്കുന്നതും ജീനയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
“മായയ്ക്ക് കൊടുക്കാനാണേൽ ഞാൻ സമ്മതിക്കില്ല.. സത്യായിട്ടും ഞാൻ ക്ലാര ചേച്ചിയോട് പറഞ്ഞു കൊടുക്കും.”
ജീനയുടെ ശബ്‌ദം കുറച്ച് ഉച്ചത്തിലായി പോയിരുന്നു. ജീനയും ശ്രീഹരിയും തമ്മിലുള്ള ബന്ധം അറിയില്ലെങ്കിലും ജീന പറഞ്ഞത് കേട്ട് സെയിൽസ് ഗേളിന്റെ മുഖത്ത് ചിരി പടർന്നു.
