ക്ലാരയുടെ ഉച്ചത്തിലുള്ള ഹരീ എന്നുള്ള വിളികേട്ട് അവൻ ഒരു ഞെട്ടലോടെ ചിന്തയിൽ നിന്നും ഉണർന്നു.
“ക്ലാരേ…”
“എന്താടാ.. നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നത്.”
“ഞാൻ ഇത്രയും നാളും ഒരു കാര്യം മനസ്സിലാക്കിയിരുന്നില്ല.”
ക്ലാര ആകാംഷയോടെ ചോദിച്ചു.
“എന്താടാ?”
“പുറത്തേക്ക് പോകുമ്പോൾ ഇടാൻ രണ്ടു ജോഡി ചുരിദാർ അല്ലാതെ വേറൊന്നും ജീനക്കില്ല.. ഉടുക്കാൻ സാരി ഇല്ലാത്തതിനാലാണ് അവൾ അന്ന് സാരി ഉടുക്കുന്നില്ല എന്ന് പറഞ്ഞതും.”
കുറച്ചു നേരത്തേക്ക് ക്ലാര ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു.
“നിനക്ക് അവളുടെ സ്വഭാവം അറിയാല്ലോ.. അവൾക്കായിട്ട് ഒന്നും ആവിശ്യപ്പെടില്ല.. നിനക്ക് എന്താ അവളുടെ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ.”
ശ്രീഹരിക്ക് അതിനു പറയാൻ മറുപടി ഇല്ലായിരുന്നു.
“നീ ഇന്ന് തന്നെ അവൾക്ക് കുറച്ചു ഡ്രെസ്സ് വാങ്ങി കൊടുക്കണം, മാത്രമല്ല ഓണത്തിന് അവൾ സാരി ഉടുത്ത് വന്നില്ലെങ്കിൽ പിന്നെ ഞാൻ നിന്നോട് മിണ്ടില്ല.”
അവൻ ഒരുചെറു ചിരിയോടെ പറഞ്ഞു.
“ഉത്തരവ് പോലെ…”
.
.
ജീന പള്ളിയിൽ നിന്നും ഇറങ്ങിവരുമ്പോൾ കാണുന്നത് ബൈക്കുമായി നിൽക്കുന്ന ശ്രീഹരിയെ ആണ്. അവനെ പെട്ടെന്ന് അവിടെ കണ്ടപ്പോൾ അവൾക്കു അത്ഭുതമായി.
അവന്റെ അരികിലേക്ക് ചെന്ന് ചിരിയോടെ അവൾ ചോദിച്ചു.
“കോളേജിലെ വായി നോട്ടം പോരാഞ്ഞിട്ട് ഇവിടേക്കും കൂടി മാറ്റിയോ?”
“ഓഹ്.. എന്തെ ഇപ്പോൾ വല്ലോം പറയാനുണ്ടോ?”
“ഇച്ചായനോട് പറയാനില്ല, പക്ഷെ ക്ലാര ചേച്ചിയോട് പറയാനുണ്ട്.”
“അതൊക്കെ അവളോട് നമുക്ക് പിന്നെ പറയാം.. തൽക്കാലം മോളിപ്പോൾ ബൈക്കിൽ കയറ്.”
അവൾ മുഖം ചുളിച്ചുകൊണ്ടു ചോദിച്ചു.
“എവിടെ പോകാനാ?”
“അതൊക്കെ അറിഞ്ഞാലേ മോള് കൂടെ വരൂ?”
എവിടേക്ക് പോകാനാണെന്ന് അറിയാതെ ജീന ആകാംഷയോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന്.
“നോക്കി നിൽക്കാതെ കയറടി പോത്തേ.”
അവൾ ബൈക്കിന്റെ പിന്നിലേക്ക് കയറി ഇരുന്നു. പോകുന്ന വഴിക്ക് അവന്റെ ചുമരിലേക്കു ചാഞ്ഞ് ഇരുന്നുകൊണ്ട് ആകാംഷയോടെ അവൾ വീണ്ടും ചോദിച്ചു.
“എവിടെക്കാ നമ്മൾ പോകുന്നെ?”
“ഓണം സെലിബ്രേഷന് നിനക്ക് ഉടുക്കാനുള്ള സാരി വാങ്ങാൻ പോകുവാ.”
അവൾ പെട്ടെന്ന് തന്നെ പറഞ്ഞു.
“വേണ്ട ഇച്ചായാ.. എനിക്ക് സാരി ഒന്നും വാങ്ങേണ്ട.”
“ഒരു രക്ഷയുമില്ല മോളെ.. നീ അന്ന് സാരി ഉടുത്തു ചെന്നില്ലെങ്കിൽ ക്ലാര പിന്നെ എന്നോട് മിണ്ടില്ലെന്നാ പറഞ്ഞേക്കുന്നെ.”
അവൾ കുറച്ചു നേരത്തേക്ക് ഒന്നും പറഞ്ഞില്ല.. പിന്നെ പറഞ്ഞു.
“സാരി വാങ്ങിയാലും എനിക്കതു ഉടുക്കാൻ അറിയില്ല.”
“അതിനെ കുറിച്ച് ഓർത്ത് നീ ടെൻഷൻ അടിക്കേണ്ട.”
“അതെന്തേ?”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ ഉടുപ്പിച്ചു തന്നോളം.”
അവന്റെ തോളിൽ നഖം അമർത്തികൊണ്ട് അവൾ പറഞ്ഞു.
“വാ തുറന്നാൽ വഷളത്തരമേ പറയുള്ളു.”
“ഞാൻ ചുമ്മാ പറഞ്ഞതല്ല.”
ജീന പിന്നെ ഒന്നും മിണ്ടിയില്ല. അവന്റെ തോളിലേക്ക് മുഖമവർത്തി അവളിരുന്നു.
കുറച്ചു സമയത്തെ യാത്രക്കൊടുവിൽ അവർ ടെക്സ്റ്റൈൽസിൽ എത്തി. ആദ്യം ശ്രീഹരി ജീനയെയും കൂട്ടി പോയത് സാരി എടുക്കാനായിരുന്നു.
അവന്റെ നിർദ്ദേശപ്രകാരം സെയിൽസ് ഗേൾ സാരികൾ എടുത്തിട്ടു. ശ്രീഹരി ഓരോ സാരിയും എടുത്ത് ജീനയുടെ ശരീരത്ത് ചേർത്ത് വച്ച് നോക്കി. ഒന്നും അവന് ഇഷ്ട്ടമാകുന്നില്ലായിരുന്നു.
ജീന ഒരഭിപ്രായവും പറയാതെ എല്ലാം അവന്റെ ഇഷ്ടത്തിന് വിട്ട് കൊടുത്ത് ഒരു പുഞ്ചിരിയോടെ അവന്റെ അടുത്ത് നിന്ന് കൊടുത്തു.
ഒരുപാട് നേരത്തെ തിരച്ചിലിനൊടുവിൽ ഇളം ഗോൾഡ് കളറിൽ ബ്ലാക്കും സിൽവറോടും കൂടി ബോർഡർ വരുന്ന ഒരു സാരി അവന് ഇഷ്ട്ടപെട്ടു.
ആ സാരി അവളുടെ ശരീരത്തോട് ചേർത്ത് വച്ച് അവൻ ചോദിച്ചു.
“നമുക്ക് ഈ സാരി എടുത്താലോ?”
അവൾ സാരിയുടെ വിലയിലേക്കു നോക്കി കൊണ്ട് പറഞ്ഞു.
“ഞാൻ സാരി ഉടുക്കണമെന്ന് ഇച്ചായനല്ലേ നിർബന്ധം, അപ്പോൾ ഏതെടുത്താലും ഞാൻ ഉടുത്തോളം.. പക്ഷെ ഇത്ര വില കൂടിയ സാരി എടുക്കണോ?”
“വിലയൊന്നും നീ നോക്കണ്ട.. ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് മാത്രം പറഞ്ഞാൽ മതി.”
