ശിവ എന്നോട് ചോദിച്ചു
‘ഇ..ഇല്ല..’
ഞാൻ പറഞ്ഞു
‘ആയെന്ന് എനിക്ക് അറിയാം. ഞാൻ ഒന്നും ഓർത്തു പറഞ്ഞതല്ല. പെട്ടന്ന് വായിൽ അങ്ങനെ വന്നു പോയതാ.. പോട്ടെ..’
ചേച്ചി ശബ്ദം കുറച്ചു മൃദു ആക്കി എന്നോട് പറഞ്ഞു
‘ഇന്നാ…’
കയ്യിൽ ഇരുന്ന വേറൊരു സിപ്പപ്പ് ചേച്ചി എനിക്ക് നേരെ നീട്ടി.. ഞാൻ അത് കൈ നീട്ടി വാങ്ങുമ്പോൾ എന്റെ കയ്യിൽ തെങ്ങിൽ ഉരഞ്ഞ പാട് ചേച്ചി കണ്ടു
‘ഇതെന്ത് പറ്റിയെടാ…?
ശിവ ചോദിച്ചു
‘അത് തെങ്ങിൽ അതിനെ കൊണ്ട് വിടാൻ കേറിയപ്പോൾ ഉരഞ്ഞതാ..’
ഞാൻ കൈ കാണിച്ചു പറഞ്ഞു
‘അയ്യോ….’
ശിവ ചേച്ചി ജനലിലൂടെ കയ്യിട്ട് എന്റെ കയ്യിൽ പിടിച്ചു. ഉരഞ്ഞ ഭാഗത്ത് ചെറുതായ് തലോടി..
ആ സമയം ലോകത്തെ ഒരു ലേപനത്തിനും തരാത്ത സുഖം ഞാൻ അറിഞ്ഞു. എന്റെ കയ്യിലെ വേദന എല്ലാം അപ്പോളേ മാറിയിരുന്നു. ലോകസുന്ദരി അല്ലേ എന്റെ കൈ തടവുന്നത്.. ഇങ്ങനെ ഒന്ന് സംഭവിക്കും എന്നറിഞ്ഞിരുന്നുവെങ്കിൽ ഞാൻ കൈ മൊത്തം പാടാക്കിയേനെ.. എന്തിന് എന്റെ ദേഹം മുഴുവൻ ഞാൻ വരഞ്ഞേനെ.. ഞാൻ ഉള്ളിൽ തുള്ളിച്ചാടി പറഞ്ഞു..
ശിവേച്ചി തടവൽ അവസാനിപ്പിച്ചു കഴിഞ്ഞു ഞാൻ സിപ്പപ്പ് ആയി വീട്ടിലേക്ക് തിരിച്ചു പോകാൻ തുടങ്ങി
‘ടാ ഇവിടെ നിന്ന് കഴിച്ചിട്ട് പോ.. ഞാൻ ആകെ രണ്ടെണ്ണമേ വാങ്ങിയുള്ളു.. എല്ലാർക്കും കൂടി വാങ്ങിയില്ല. ആ വേദു എങ്ങാനും അവൾക്ക് വാങ്ങാതെ നിനക്ക് തരുന്ന കണ്ടാൽ തീർന്നു..’
വീട്ടിലേക്ക് പോകാൻ നിന്ന എന്നെ ശിവേച്ചി തടഞ്ഞു.. പിന്നെയും ചേച്ചിയുടെ അടുത്ത് നിൽക്കാൻ എനിക്ക് സൗഭാഗ്യം സിദ്ധിച്ചു..
അപ്പോളെല്ലാം എന്റെ മനസ്സിൽ ഓടിയത് ശിവേച്ചി എനിക്ക് വേണ്ടി സിപ്പപ്പ് വാങ്ങിച്ചു എന്നതാണ്. ആകെ രണ്ടെണ്ണമേ ചേച്ചി വാങ്ങിയുള്ളു. എന്നിട്ട് ഇവർക്ക് ആർക്കും അതു കൊടുക്കാതെ എനിക്ക് മാത്രം തന്നു. അതും വേദുവിന് പോലും കൊടുക്കാതെ.. അതു ഒരുപക്ഷെ എന്നെ കുറച്ചു മുമ്പേ വഴക്ക് പറഞ്ഞത് കൊണ്ട് വാങ്ങിച്ചു തന്നത് ആകും. പക്ഷെ എനിക്ക് അതു വളരെ വലിയ കാര്യമായി തോന്നി..
‘വലിയ മരപ്പട്ടി ആയിരുന്നോ..?
ശിവേച്ചി എന്നോട് മരപ്പട്ടിയേ പറ്റി തിരക്കി
‘അത്ര വലുതൊന്നും അല്ല…’
ഞാൻ പറഞ്ഞു. അതിലും വലുതിനെ നമ്മൾ കണ്ടിട്ടുണ്ട് എന്ന് ചേച്ചി ധരിച്ചോട്ടെ..
‘നിനക്ക് പേടി ഇല്ലായിരുന്നോ…?
ചേച്ചി കൗതുകത്തോടെ എന്നെ നോക്കി ചോദിച്ചു. എന്റെ പൊക്കവും ഓമനത്തം ഉള്ള മുഖവും ഒക്കെ കണ്ടു ഞാനൊരു ലോലൻ ആണെന്ന് ചേച്ചി കരുതി കാണണം. ആ ഞാൻ മരപ്പട്ടിയെ ഓടിച്ചെന്നു ചേച്ചിക്ക് വിശ്വസിക്കാൻ ഒരു പ്രയാസം..
‘ഇല്ല..’
ഞാൻ പറഞ്ഞു..
‘ഓ.. അല്ലേലും അതിനെ എന്ത് പേടിക്കാനാ അല്ലേ..?
സിപ്പപ്പ് അവസാന തുള്ളിയും വലിച്ചു കുടിച്ചു ചേച്ചി എന്നോട് ഒരു കാര്യം പിന്നെ ചോദിച്ചു..
‘നീ അതിനെ എന്തേലും ചെയ്തോ…?
‘ഒന്നും ചെയ്തില്ല..’
ഞാൻ മറുപടി പറഞ്ഞു
‘അതെന്തേ…?
ചേച്ചി ചോദിച്ചു
‘ചേച്ചി വഴക്ക് പറഞ്ഞാലോ എന്ന് ഓർത്തിട്ട്…’
ഞാൻ നിഷ്കളങ്കമായി പറഞ്ഞു പോയി.. തത്തയെ പിടിച്ചോണ്ട് വന്നപ്പോൾ ചേച്ചിക്ക് ഇഷ്ടം ആയില്ലല്ലോ. ഇനിയിപ്പോ മരപ്പട്ടിയെ ഉപദ്രവിച്ചാലും ചേച്ചിക്ക് ഇഷ്ടം ആയില്ലേലോ…?
എന്റെ ആ മറുപടി കേട്ട് ശിവദ ചേച്ചിക്ക് ചിരിയാണ് വന്നത്. അതും നല്ല മുത്ത് പൊഴിയുന്ന പോലെ ഉള്ള ചിരി..
‘ഞാൻ വഴക്ക് പറയുമെന്ന് ഓർത്തിട്ടോ…?
ചേച്ചി അതു പറഞ്ഞു കുലുങ്ങി ചിരിക്കാൻ തുടങ്ങി.. ചിരിച്ചപ്പോൾ ആദ്യമായ് ചേച്ചിയുടെ കവിളുകളിൽ നുണക്കുഴി വിരിയുന്നത് ഞാൻ കണ്ടു.. ശിവേച്ചിക്ക് നുണക്കുഴി ഉള്ളത് ഞാനപ്പോളാണ് ശ്രദ്ധിക്കുന്നത്.. ചിരിക്കുമ്പോൾ ചേച്ചി വളരെ പാവമായി തോന്നി. എല്ലാരോടും തട്ടി കയറുന്ന ദേഷ്യമുള്ള ആളായി തോന്നുകയെ ഇല്ല.. ആ പച്ച രത്നം പതിച്ച പോലുള്ള കണ്ണുകളിൽ നോക്കി ഞാൻ സ്വയം മറന്നു നിന്നു..
രാവിലെ ചേച്ചിയുടെ അപ്രീതിക്ക് പാത്രം ആയത് കൊണ്ട് എനിക്ക് വളരെ വിഷമം തോന്നിയിരുന്നു. പക്ഷെ ഇപ്പോൾ അതു മാറി. ശിവേച്ചി അതൊന്നും മനസ്സിൽ വച്ചിട്ടില്ല. എനിക്ക് സിപ്പപ്പും തന്നു.. വീട്ടിലേക്ക് പോകുന്ന വഴി ആരും കാണാതെ ഞാൻ ഒന്ന് തുള്ളിച്ചാടി..
