ശിവ ചേച്ചിയുടെ ശബ്ദം മാറി. ഒരു പുകഴ്ത്തിയടി പ്രതീക്ഷിച്ചു നിന്ന എനിക്ക് പകരം ഒരു ശകാരം ആണ് കിട്ടിയത്. ഞാൻ ആകെ വല്ലാണ്ടായി
‘ഇതിനെ നമുക്ക് നോക്കാം.. ഞാൻ കഴിക്കാൻ കൊടുത്തോളാം..’
വേദു ശിവ ചേച്ചിയോട് പറഞ്ഞു
‘പിന്നെ നീ കുറേ നോക്കും. രണ്ട് ദിവസം നോക്കിയിട്ട് നീ പിന്നെ തിരിഞ്ഞു നോക്കില്ല..’
തത്തയെ പിടിച്ച ക്രെഡിറ്റ് വേദു കൂടി പങ്കിട്ടു എടുത്തത് നന്നായി. ചേച്ചിയുടെ കയ്യിൽ നിന്ന് അവൾക്കും കിട്ടുന്നുണ്ട്. എന്നെയും അവളെയും മാറി മാറി നോക്കി ആണ് ചേച്ചി ചൂടായത്..
‘ഞാൻ നോക്കും..’
വേദു പറഞ്ഞു
‘നിന്നേ പിടിച്ചു ഒരു കൂട്ടിൽ ഇട്ടു പാലും പഴവും തരാം മൂന്ന് നേരം.. നിനക്ക് ഇഷ്ടം ആകുമോ…?
ശിവേച്ചി അവളോട് ദേഷ്യത്തോടെ ചോദിച്ചു
‘ആവും…’
വേദു തർക്കുത്തരം പറഞ്ഞു. ശിവ ചേച്ചിയുടെ ശിങ്കിടി ആയത് കൊണ്ട് ചേച്ചിയോട് എന്തേലും ഒക്കെ പറയാൻ ധൈര്യം അവൾക്കേ ഉള്ളു. അത് പോലെ ചേച്ചി തിരിച്ചു കൊടുക്കുകയും ചെയ്യും.
‘ഒറ്റ കീർ വച്ചു തന്നാൽ ഉണ്ടല്ലോ.. അച്ഛനും അമ്മയും ഇല്ലാതെ നീ ഒരു ദിവസം മാറി നിൽക്കുമോ..? ആ വിഷമം അറിയാത്ത കൊണ്ടാണ് നീ ഈ കിടന്നു ഓരോന്ന് പറയുന്നത്..’
ശിവേച്ചി വേദുവിനോടാണ് ചൂടായത് എങ്കിലും അത് തറച്ചത് എന്റെ നെഞ്ചിൽ ആണ്. അമ്മ ഇല്ലാത്ത വിഷമം ശരിക്ക് അറിയുന്നവൻ ആണ് ഞാൻ. എന്നിട്ട് ഞാൻ ഈ തത്തയുടെയോ അതിന്റെ തള്ളയുടെയോ വിഷമം ഓർത്തില്ല. പറഞ്ഞത് എനിക്ക് കൊണ്ടു എന്ന് ശിവ ചേച്ചിക്ക് മനസിലായി എന്ന് തോന്നുന്നു. എന്നെ ഒന്ന് നോക്കിയിട്ട് ശിവ ചേച്ചി ദേഷ്യപ്പെടുന്നത് നിർത്തി..
‘ആ എന്താന്ന് വച്ചാൽ ചെയ്യു..’
വേദുവിനെ നോക്കി ദഹിപ്പിച്ചിട്ട് ശിവേച്ചി അകത്തേക്ക് കയറി പോയി..
‘പോട്ടെ.. അവൾ അങ്ങനാ…’
ശിവേച്ചി പറഞ്ഞത് എനിക്ക് സങ്കടം ആയി എന്ന് മനസിലായി ജാനു ചേച്ചി എന്നോട് പറഞ്ഞു.
എനിക്ക് ശരിക്ക് സങ്കടം ആയിരുന്നു. ശിവ ചേച്ചിയുടെ പ്രീതി പിടിച്ചു പറ്റാൻ വന്നിട്ട് ചേച്ചിയുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വന്ന വിഷമം ഒന്ന്. പിന്നെ ചേച്ചി പറഞ്ഞ തത്തയുടെ അമ്മയുടെ വിഷമം ഓർത്തപ്പോ ചെയ്തത് ശരിയായില്ല എന്ന് എനിക്കും തോന്നി. എന്റെ കണ്ണ് നിറഞ്ഞു. ആരും കാണാതെ ഇരിക്കാൻ ഞാൻ പെട്ടന്ന് തല വെട്ടിച്ചു..
കല്ലുവിന്റെ കയ്യിൽ ഇരുന്ന തത്തയെ വേദു തിരികെ വാങ്ങി. അവൾ അതിനെ എന്റെ അടുത്ത് കൊണ്ട് വന്നു. എന്ത് ചെയ്യണം എന്ന് അവൾക്ക് പിടി ഇല്ലായിരുന്നു. അവളുടെ കയ്യിൽ നിന്ന് തത്തയെ വാങ്ങി ഞാൻ ആറിന്റെ തീരത്തേക്ക് നടന്നു.. ആറ്റിറമ്പിലെ തെങ്ങിൻ ചുവട്ടിൽ ഞങ്ങൾ മുമ്പത്തെ പോലെ വന്നു നിന്നു.
തത്തയെ പഴയ പോലെ അതിന്റെ കൂട്ടിൽ ഇടാൻ ആയിരുന്നു എന്റെ തീരുമാനം. പക്ഷെ അതിനെ കയ്യിൽ പിടിച്ചു കയറുന്നത് അത്ര എളുപ്പം അല്ലായിരുന്നു. കുറച്ചു അപകടവും ആയിരുന്നു. പക്ഷെ ഞാൻ അതൊന്നും ചിന്തിച്ചില്ല. സകല ശക്തിയും എടുത്തു ഞാൻ വലിഞ്ഞു കയറി. ഒപ്പം ഒരു കയ്യിൽ തത്ത കുഞ്ഞിന് പോറൽ ഏൽക്കാതെ ഭദ്രമായി പിടിക്കുകയും ചെയ്തു. ഏറെ കഷ്ടപ്പെട്ടാണ് മേലെ പൊത്തിനു അടുത്ത് എത്തിയത്. തത്ത കുഞ്ഞിനെ ഭദ്രമായി ഞാൻ അകത്തു വച്ചു.. അതിന്റെ അമ്മ തിരിച്ചെത്തുമ്പോ കുഞ്ഞ് ഇവിടെ തന്നെ ഉണ്ടാവും.. ആ സമാധാനത്തിൽ ഞാൻ തിരിച്ചിറങ്ങി..
അങ്ങോട്ട് കയറിയ വഴിയിൽ കയ്യും നെഞ്ചും ഒക്കെ നന്നായി ഉരഞ്ഞിരുന്നു. ഷർട്ട് ഉള്ളോണ്ട് നെഞ്ച് അത്രയും പ്രശ്നം ഇല്ല. പക്ഷെ കൈ ഒക്കെ ആകെ വരഞ്ഞത് പോലെ ഉണ്ട്. താഴെ ഇറങ്ങിയപ്പോ വേദു എന്റെ അരികിലേക്ക് വന്നു കയ്യിൽ പിടിച്ചു നോക്കി..
‘അയ്യോ ഇതെന്ത് പറ്റിയെടാ…’
അവൾ ചോദിച്ചു
‘സാരമില്ല.. ഉരഞ്ഞതാ…’
ഞാൻ കുഴപ്പം ഒന്നും ഇല്ലാത്തത് പോലെ പറഞ്ഞു വീട്ടിലേക്ക് നടന്നു. ശിവ ചേച്ചിയുടെ മുന്നിൽ ഷൈൻ ചെയ്യാൻ പറ്റാത്തതിന്റെ വിഷമം എനിക്ക് നന്നേ ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ പിന്നെ പാലയ്ക്കലേക്ക് പോയില്ല. വൈകുന്നേരം ആയപ്പോൾ തത്തയുടെ കാര്യം എങ്ങനെയോ അറിഞ്ഞു ആയിഷ കുട്ടി എന്നോട് വന്നു തിരക്കി
