‘ദേ ഈ വാതിൽ തുറന്നു ഇടാതെ ഇരുന്നാൽ മതി..’
ചെറിയ വാതിൽ വഴി നൂഴ്ന്ന് ഇറങ്ങി ഞാൻ അമ്മായിയോട് പറഞ്ഞു..
‘നിനക്ക് പേടി ഇല്ലേടാ അതിന്റെ അടുത്തേക്ക് പോയപ്പോൾ. എനിക്ക് അതിന്റെ മുഖം കണ്ടപ്പോൾ തന്നെ വിറയൽ ആയി..’
ആര്യ ചേച്ചി എന്നോട് ചോദിച്ചു
‘ഓ.. അത് ഒന്നും അങ്ങനെ ഉപദ്രവിക്കില്ല..’
പേടി തോന്നിയെങ്കിലും അത് ഒന്നും വലിയ കാര്യം അല്ല എന്ന മട്ടിൽ ഞാൻ പറഞ്ഞു.
‘അത് പോയോ..? ഞാൻ കണ്ടില്ല മരപ്പട്ടിയെ…’
കല്ലു ചേച്ചി അകത്തു നിന്നും ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു
‘അത് ദേ ആ പറമ്പിലേക്ക് ഓടി പോയി.. നീ പുറകെ ചെന്നാൽ കാണാം..’
അനിലാമ്മായി കല്ലു ചേച്ചിയെ കളിയാക്കിയിട്ട് അകത്തേക്ക് പോയി
‘ശോ.. എന്നാലും ഞാൻ അതിനെ കണ്ടില്ല. അതിന്റെ മുഖം എങ്ങനെ ഇരിക്കും…?
കല്ലു ചേച്ചി ജാനു ചേച്ചിയോട് ചോദിച്ചു
‘ദേ ഇവളുടെ മുഖം പോലെ ഇരിക്കും…’
ആര്യ ചേച്ചി ഗായത്രി ചേച്ചിയെ നോക്കി വലിയ തമാശ പോലെ പറഞ്ഞിട്ട് സ്വയം ചിരിച്ചു.
‘അവളെ കളിയാക്കല്ലേ…’
ജാനു ചേച്ചി ആര്യ ചേച്ചിയെ ശാസിച്ചു
‘ഞങ്ങൾ ഇതൊക്കെ തമാശക്ക് പറയുന്നതാ.. അല്ലേടാ…’
ആര്യ ചേച്ചി തമാശയിൽ ഗായത്രി ചേച്ചിയുടെ കവിളിൽ നുള്ളി. ഗായത്രി ചേച്ചി അത് തമാശ ആയി കണ്ടുള്ളു എന്ന ഭാവത്തിൽ മുഖത്തൊരു ചിരി വരുത്തി. പക്ഷെ ആ ചിരിക്ക് പിന്നിലെ സങ്കടവും അപമാനവും എനിക്ക് മാത്രം കാണാൻ പറ്റി.. ഇത്തിരി കൂർത്ത മുഖമാണ് ഗായത്രിക്ക്. ഇവിടുള്ള ചേച്ചിമാരുടെ ഒപ്പം തട്ടിച്ചു നോക്കുമ്പോൾ സുന്ദരി അല്ല. സത്യം തന്നെ.. തൊലി വെളുപ്പുമില്ല. പക്ഷെ എനിക്ക് എന്തോ ഗായത്രി ചേച്ചിയോട് പാവം തോന്നി..
മരപ്പട്ടിയെ തനിയെ പോയി ഓടിച്ചു വിട്ടതോടെ എനിക്ക് ഒരു പേരായി. ഞാൻ വലിയ സാഹസിക കൃത്യം ചെയ്തത് പോലെ ചേച്ചിമാർ സംസാരിക്കാൻ തുടങ്ങി. ശിവേച്ചി അപ്പോളും കടയിൽ പോയിട്ട് വന്നിരുന്നില്ല. ചേച്ചി വരുമ്പോളും അവർ ഈ കാര്യം സംസാരിക്കുക ആണെങ്കിൽ എനിക്കൊരു വെയിറ്റ് ആയേനെ. ശിവേച്ചിയുടെ മുന്നിൽ ആദ്യം ഒന്ന് നാറിയെങ്കിലും വില തിരിച്ചു കിട്ടാൻ ഇതൊരു കാരണം ആയേക്കും എന്ന് എനിക്ക് തോന്നി.. കടയിൽ നിന്ന് സൈക്കിളിൽ ശിവ ചേച്ചി വന്നപ്പോൾ ഞാൻ പതിയെ അവിടെ നിന്നും എഴുന്നേറ്റു. മുമ്പിലത്തെ നാണക്കേട് എന്നെ വിട്ടു പോയിട്ടില്ല എന്നതായിരുന്നു സത്യം. ചേച്ചിയെ അഭിമുഖീകരിക്കാൻ എനിക്ക് പ്രയാസം തോന്നി
‘അത് മുഴുവൻ കഴിച്ചിട്ട് എഴുന്നേൽക്കടാ..’
ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോ കവിതാമ്മായി എന്നെ വഴക്ക് പറഞ്ഞു. മരപ്പട്ടിയെ ഓടിച്ച വകയിൽ എനിക്ക് ഒരു ഗ്ലാസ് ചായയും കുമ്പിൾ അപ്പവും അനിലാമ്മായി വക കിട്ടിയിരുന്നു.. അത് തീർക്കാതെ എഴുന്നേൽക്കരുത് എന്നാണ് കവിതാമ്മായി പറഞ്ഞത്.. ഞാൻ അത് അനുസരിച്ചു. അതിനിടക്ക് ചേച്ചിമാർ ഞാൻ മരപ്പട്ടിയെ ഓടിച്ച കഥ ശിവേച്ചിക്ക് പറഞ്ഞു കൊടുത്തു. താൻ ഒന്ന് കടയിൽ പോയപ്പോ ഇത്രയും ഒക്കെ ഇവിടെ നടന്നോ എന്ന് ശിവേച്ചി അത്ഭുതപ്പെട്ടത് അല്ലാതെ മരപ്പട്ടിയെ ഓടിച്ച എന്നോട് ആരാധന തോന്നാൻ മാത്രം ഒന്നും ആ മുഖത്ത് ഭാവം വരുന്നത് ഞാൻ കണ്ടില്ല.. താൻ ഉണ്ടായിരുന്നേൽ താൻ തന്നെ ഓടിച്ചേനെ എന്നൊരു ഡയലോഗ് വിട്ടു ചേച്ചി മുറിയിലേക്ക് കയറി പോയി..
ചായയും കുമ്പിളും തീർത്തു തിരിച്ചു വീട്ടിലേക്ക് നടക്കാൻ തുടങ്ങുമ്പോ ആണ് വീടിന് പിന്നിൽ നിന്നുമൊരു വിളി വരുന്നത്. ഞാൻ തിരിഞ്ഞു നോക്കി.. ശിവേച്ചി ആണ്.. ചേച്ചിയുടെ റൂമിലെ ജനൽ തുറന്നു എന്നെ വിളിച്ചതാണ്.. ഞാൻ ജനലിന് അടുത്തേക്ക് ചെന്നു.. ചേച്ചി വായിൽ ഒരു സിപ്പപ്പ് വലിച്ചു കുടിക്കുന്നുണ്ട്..
‘ ആ തത്തേ നീ തിരിച്ചു കൊണ്ട് മോളിൽ വച്ചല്ലേ…?
ചേച്ചി അത് അറിഞ്ഞിരുന്നു..
‘വച്ചു..’
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു
‘നന്നായി..’
ചേച്ചി സിപ്പപ്പ് കുടിച്ചു കൊണ്ട് പറഞ്ഞു
‘ഞാൻ അപ്പോൾ അങ്ങനെ പറഞ്ഞത് നിനക്ക് വിഷമം ആയോ…?
