ആര്യ ചേച്ചി ശിവേച്ചിയെ നിർബന്ധിച്ചു
‘എടി അവൾ തന്നെ വരണ്ടേ…?
ശിവേച്ചി ചോദിച്ചു
‘അവൾ നന്ദുവിന്റെ കൂടെ വന്നോളും..’
ആര്യ ചേച്ചി എന്നെ നോക്കി പറഞ്ഞു
‘നീ അവളെ കൂട്ടി വരാമോ..? അവൾ ഭയങ്കര താമസമാണ്..’
കല്ലു ചേച്ചി എന്നോട് ചോദിച്ചു
‘ഞാൻ.. നമുക്ക്.. എല്ലാർക്കും ഒരുമിച്ചു..’
ശിവ ചേച്ചിയുടെ കൂടെ ജോളി ആയി പോകാമെന്ന് കരുതി ആണ് ഞാൻ ഇങ്ങോട്ട് വന്നത്. അതിപ്പോ പണിയാകുമോ..?
‘അവൾ പെട്ടന്ന് ഒരുങ്ങും.. നമുക്ക് ഒരുമിച്ച് പോവാം..’
ശിവേച്ചി പറഞ്ഞു
‘ചേച്ചി.. നിങ്ങൾ പൊക്കോ.. ഞാൻ അവന്റെ കൂടെ വന്നോളാം..’
കുളിമുറിയിൽ നിന്നും ഗായത്രി ചേച്ചി വിളിച്ചു പറഞ്ഞു. അത് കൂടെ ആയപ്പോൾ ശിവേച്ചിക്ക് ആര്യയുടെയും കല്ലുവിന്റെയും നിർബന്ധത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല. എന്നോട് അവളുടെ കൂടെ വരാമോ എന്ന് ചേച്ചി ചോദിച്ചപ്പോ എനിക്ക് മറുത്തൊന്നും പറയാനും തോന്നിയില്ല.. വേദുവും അവരുടെ കൂടെ അമ്പലത്തിലേക്ക് പോയി. ഇനി ഞാനും ഗായത്രി ചേച്ചിയും തന്നെ..
കുളി കഴിഞ്ഞു ഗായത്രി ചേച്ചി കുളിമുറിയിൽ നിന്നും പുറത്തിറങ്ങി. ഞാൻ കട്ടിലിൽ നിരാശയിൽ ഇരിക്കുവായിരുന്നു. എന്നെ കണ്ടു ഒന്ന് പുഞ്ചിരിച്ചു ചേച്ചി ചോദിച്ചു
‘അവർ പോയോടാ…?
‘ആ പോയി..’
ഞാൻ ചിരി പാസ്സാക്കാതെ മറുപടി കൊടുത്തു
‘എനിക്ക് താമസം ഒന്നുമില്ല.. ഞാൻ പെട്ടന്ന് റെഡി ആകാം..’
ഗായത്രി ചേച്ചി പറഞ്ഞു. ചേച്ചി പറഞ്ഞത് പോലെ തന്നെ പെട്ടന്ന് റെഡി ആയി ഇറങ്ങി. ഞങ്ങൾ വഴിയിലേക്ക് കയറിയപ്പോൾ ഗായത്രി ചേച്ചി വേഗത്തിൽ നടക്കാൻ തുടങ്ങി. ഒരുമാതിരി ഓട്ടം പോലെ..
‘എന്തിനാ ഓടുന്നെ…?
ഞാൻ ചോദിച്ചു
‘പെട്ടന്ന് നടന്നാൽ അവരുടെ ഒപ്പം എത്താമല്ലോ..’
ഗായത്രി ചേച്ചി പറഞ്ഞു
‘അവരിപ്പോ റോഡിൽ ചെന്നു കാണും.. ഓടിയാൽ ഒന്നും അടുത്ത് എത്തില്ല..’
ഞാൻ പറഞ്ഞു
‘അവളുമാർ ഒരിടത്തും എന്നെ കൂടെ കൂട്ടില്ല..’
ചേച്ചി അല്പം സങ്കടത്തോടെ എന്നോട് പറഞ്ഞു
‘ചേച്ചി നേരത്തെ കുളിക്കാൻ മേലായിരുന്നോ..?
ഞാൻ ചോദിച്ചു
‘ഞാൻ എണ്ണ തേച്ചു കുളിക്കാൻ ചെന്നതാ. അപ്പോൾ അവളുമാർ ആദ്യം കുളിക്കാൻ വേണ്ടി കേറി..’
ഗായത്രി ചേച്ചി ആര്യ ചേച്ചിയെയും കല്ലു ചേച്ചിയെയും പറ്റി പറഞ്ഞു
‘ചേച്ചി തന്നെ വന്നോളാം എന്ന് പറഞ്ഞത് കൊണ്ടാണ്, അല്ലേൽ ശിവേച്ചി നോക്കി നിന്നേനെ..’
ഞാൻ പറഞ്ഞു
‘ഞാൻ മനഃപൂർവം പറഞ്ഞതാ. അല്ലേൽ ഞാൻ കാരണം താമസിച്ചു എന്ന് പറഞ്ഞു അമ്പലം വരേ കുറ്റം പറയും..’
ഗായത്രി ചേച്ചി പറഞ്ഞു.. ചേച്ചിയെ ഒറ്റപ്പെടുത്തുന്ന കാര്യം ഓർത്തപ്പോ എനിക്ക് സങ്കടം തോന്നി.. ഞാൻ മുഖത്തൊരു ചിരി വരുത്തി
‘അവർ പോണേൽ പോട്ടെ.. നമ്മൾ ഒരുമിച്ച് പോകും..’
ഞാൻ പറഞ്ഞു. ഗായത്രി ചേച്ചി എന്നെ നോക്കി മെല്ലെ ഒന്ന് ചിരിച്ചു. ചേച്ചിയുടെ ഉള്ളിൽ ഇപ്പോളും ഒരു വിഷമം ഉണ്ടെന്ന് എനിക്ക് തോന്നി..
‘നമുക്ക് അവരെക്കാൾ മുന്നേ ഫസ്റ്റ് അടിച്ചാലോ..?
ഞാൻ ഗായത്രി ചേച്ചിയോട് ചോദിച്ചു
‘അതെങ്ങനെ..? അവർ അങ്ങ് ചെന്നില്ലേ..? നമ്മൾ ഓടിയാലും എത്തില്ലല്ലോ…?
ഗായത്രി ചേച്ചി സംശയത്തോടെ ചോദിച്ചു
‘അതിന് ഒരു കുറുക്ക് വഴി ഉണ്ട്.. ആ വഴി പോയാൽ പെട്ടന്ന് ചെല്ലാം..’
ഞാൻ പറഞ്ഞു
‘ശരിക്കും…?
ചേച്ചി വിശ്വാസം വരാതെ ചോദിച്ചു
‘അതേന്നെ.. വാ..’
ഞാൻ ഗായത്രി ചേച്ചിയുടെ കൈ പിടിച്ചു പുറകോട്ട് ഓടി. പിച്ചിക്കാവിലെ ആറിന്റെ ബണ്ടിലൂടെ ഞങ്ങൾ ഓടി. ആ വഴി ആറ്റിറമ്പിലൂടെ കുറേ ദൂരം നടന്നാൽ പിന്നെ വയലാണ് ഒരു വശത്ത്. ആ വയൽ മുറിച്ചു കടക്കണം. വരമ്പിലൂടെ ഞങ്ങൾ ശ്രദ്ധിച്ചു ഓടി.. വയൽ അവസാനിക്കുമ്പോ ഒരു ചെറിയ തോട് ഉണ്ട്. അത് കടന്നു പോകാൻ ഒരു ചെറിയ പാലവും. ഞാൻ പെട്ടന്ന് തന്നെ പാലം കടന്നു. ഞാൻ അക്കരെ ചെന്നപ്പോ ആണ് അമാന്തിച്ചു നിൽക്കുന്ന ഗായത്രി ചേച്ചിയെ കണ്ടത്..
‘വാ.. ഇവിടുന്ന് കുറച്ചു കൂടിയേ ഉള്ളു അമ്പലത്തിലേക്ക്..’
