എൽ ഡൊറാഡോ – 4 21

ഗൗരവത്തിൽ ചേച്ചി എന്നെ പിന്നെയും ചോദ്യം ചെയ്തു

 

‘ഞാൻ പറഞ്ഞതല്ല.. അവൾ കണ്ടതാ ഞാൻ എണ്ണയായി പോകുന്നത്..’

ഞാൻ പറഞ്ഞു

 

‘ഒന്നാമത് അവൾ ഒരു കുശുമ്പി ആണ്, ഏതും പോരാത്ത ആ അവളുടെ അടുത്തൊട്ടാണ് നീ അതുമായി പോയത്… മതി മതി.. നിനക്ക് സൈക്കിൾ ഒന്നും ഇല്ല.. ഇറങ്ങ് ഇറങ്ങ്…’

ശിവേച്ചി തമാശയായി എന്നെ സൈക്കിളിൽ നിന്ന് ഇറക്കാൻ നോക്കി. ഞാൻ ചേച്ചിയെ വെട്ടിച്ചു പെട്ടന്ന് സൈക്കിൾ കൊണ്ട് വഴിയിലേക്ക് ചവിട്ടി..

 

അല്ലേലും ഓടിക്കാൻ നല്ല വഴി ഇത് തന്നെ ആയിരുന്നു. ടാർ ഇല്ലേലും നല്ല നിരപ്പായ വഴി. കുണ്ടോ കുഴിയോ ചെളിയോ ഒന്നുമില്ല.. ഞാൻ നല്ലത് പോലെ ആസ്വദിച്ചു ചവുട്ടി. സൈക്കിൾ ആയി റോഡിൽ എത്തിയപ്പോൾ ആണ് സൈഡിൽ ഗ്രൗണ്ടിൽ കളി നടക്കുന്നുണ്ട്. ഞാൻ സൈക്കിൾ എടുത്തു അവിടെ പോയി കുറച്ചു ഷോ കാണിച്ചു. ഒന്ന് രണ്ട് പൊടി പിള്ളേർ സൈക്കിൾ ചവിട്ടാൻ ചോദിച്ചു എങ്കിലും ഞാൻ കൊടുത്തില്ല. ശിവേച്ചി ആർക്കും കൊടുക്കാതെ നോക്കുന്ന സൈക്കിൾ ആണ്.. ഇവന്മാർ കേറി വല്ലോം നശിപ്പിച്ചാൽ എനിക്ക് പിന്നെ കോളാണ്.. അവിടെ കുറച്ചു നേരം നിന്നിട്ട് ഞാൻ തിരിച്ചു പോന്നു. ആദ്യത്തെ തവണ ആയത് കൊണ്ട് അധികം വൈകാതെ സൈക്കിൾ തിരിച്ചു കൊടുത്തേക്കാം. എന്നാലേ ഇടയ്ക്ക് ചോദിക്കുമ്പോ ചേച്ചിക്ക് തരാൻ തോന്നൂ.. ഞാൻ സൈക്കിൾ ആയി തിരിച്ചു പാലയ്ക്കൽ വന്നു കയറിയപ്പോ ചേച്ചി വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു..

 

‘നീ ഒത്തിരി ദൂരം പോയോ…?

ശിവേച്ചി ചോദിച്ചു

 

‘ഇല്ല.. റോഡ് വരെ..’

ഞാൻ പറഞ്ഞു

 

‘ സൈക്കിൾ ചവിട്ടിയത് ഇനി എല്ലായിടത്തും പോയി എഴുന്നള്ളിച്ചോണം…’

ചേച്ചി ഗൗരവത്തിൽ എന്നോട് പറഞ്ഞു

 

‘ഞാൻ പറയില്ല ആരോടും..’

ഞാൻ സൈക്കിളിൽ നിന്നിറങ്ങി സൈക്കിൾ ചേച്ചിയുടെ കയ്യിൽ കൊടുത്തു

 

‘ പറഞ്ഞാൽ നിനക്ക് ഇനി തരില്ല. അത്രേ ഉള്ളു..’

ചേച്ചി പറഞ്ഞു. അപ്പോൾ ഇനി ചോദിച്ചാലും കിട്ടാൻ സാധ്യത ഉണ്ട്.. എനിക്ക് അത് കേട്ടപ്പോ അതിയായ സന്തോഷം വന്നു

 

‘സത്യം.. പറയില്ല..’

ഞാൻ സത്യം ഇട്ടു

‘ചേച്ചി എന്താ അവർക്ക് ആർക്കും കൊടുക്കാത്തത്…?

ഞാൻ വെറുതെ അറിയാൻ വേണ്ടി ചോദിച്ചു

 

‘എല്ലാത്തിനും കൊടുത്തത് ആണ് ഈ പരുവം ആയി ഇരിക്കുന്നത്..’

ശിവേച്ചി സ്വല്പം ദേഷ്യത്തിൽ പറഞ്ഞു

‘ഞാൻ പിന്നെ കുറേ കഷ്ടപ്പെട്ട് ആണ് നേരെ ആക്കിച്ചത്. ഇവളുമാർ ഒക്കെ എടുത്തോണ്ട് പോയിട്ട് എന്തേലും നശിപ്പീര് ഉണ്ടേൽ പറയാതെ ഇവിടെ കൊണ്ട് ചാരി വച്ചിട്ട് പോകും.. പിന്നെ നമ്മൾ ചോദിക്കുമ്പോ ആർക്കും ഒന്നും അറിയുകയും ഇല്ല..’

സൈക്കിൾ മെല്ലെ തലോടി ചേച്ചി തുടർന്നു

‘ഇത് പണി ആക്കിയതല്ല, അത് നേരെയാക്കാം. പക്ഷെ ചെയ്തിട്ട് ഇല്ല എന്ന് പറയുന്നതും സമ്മതിച്ചു തരാത്തതും ഒക്കെ ആണ് എനിക്ക് ദേഷ്യം വരുന്നത്. അതിൽ പിന്നെ ആർക്കും കൊടുക്കാറില്ല. ഇപ്പോ അത് കൊണ്ട് ഒരു കംപ്ലയിന്റുമില്ല…’

 

അപ്പോൾ അതാണ് ചേച്ചി ആർക്കും സൈക്കിൾ ഓടിക്കാൻ കൊടുക്കാത്തത്. ആദ്യം ഞാൻ കരുതിയത് സ്വന്തം സാധനങ്ങൾ മറ്റുള്ളവർ ഉപയോഗിക്കുന്നത് ശിവേച്ചിക്ക് ഇഷ്ടം അല്ലാത്തത് കൊണ്ടാണ് സൈക്കിളിൽ കയറ്റാത്തത് എന്നായിരുന്നു. ആ ചിന്ത പക്ഷെ തെറ്റായിരുന്നു. അവർക്കൊന്നും തൊടാൻ കൊടുക്കാതെ സൈക്കിൾ എനിക്ക് മാത്രം ചവിട്ടാൻ തരുന്നത് ഓർത്തപ്പോ എനിക്കൊരു കുളിർ കോരി..

 

കുളിർ കോരിയ നെഞ്ചുമായി ഞാൻ നേരെ തോർത്തു ഉടുത്തു ആറ്റിലേക്ക് ചാടി. അവിടെ നേരിയ ഒഴുക്കിൽ ഞാൻ മെല്ലെ നീന്തി തുടിച്ചു. എന്തോ ഒരു തോന്നലിൽ വെറുതെ അക്കരയ്ക്ക് നീന്താൻ എനിക്ക് തോന്നി. പകുതി വരെ എത്തിയപ്പോൾ എനിക്ക് ചെറിയൊരു പേടി തോന്നി. നല്ല ഒത്ത ആറിന്റെ നടുവിൽ ആണ് ഞാൻ. ഇത്രയും വലിയ പുഴയിൽ ഞാൻ നീന്തിയിട്ടില്ല.. നല്ല ഒഴുക്കുമുണ്ട്.. പക്ഷെ ഇത്രയും നീന്തി വന്നിട്ടും എനിക്ക് ക്ഷീണം തോന്നിയില്ല.. അക്കരയ്ക്ക് പിന്നീട് ഒരിക്കൽ നീന്താമെന്ന് നിനച്ചു ഞാൻ തിരിച്ചു നീന്തി. കടവിൽ വന്നു കയറിയിട്ടും എനിക്ക് അണപ്പില്ലായിരുന്നു. അപ്പോൾ അക്കരയ്ക്ക് പോകാൻ എനിക്ക് പ്രയാസം ഒന്നുമില്ല. ഇവിടെ ഉള്ളവർ ഒരിക്കലും എന്നെ ഒരുപാട് ദൂരത്തേക്ക് നീന്താൻ അനുവദിക്കില്ലായിരുന്നു. അവരുടെ പേടി പതിയെ എനിക്കും കിട്ടി തുടങ്ങി. അത് മാറ്റാനാണ് അവരാരും ഇല്ലാത്തപ്പോ ഒന്ന് നീന്താമെന്ന് വച്ചത്…

Updated: July 1, 2025 — 10:04 pm

1 Comment

Add a Comment
  1. Bro next part upload

Leave a Reply

Your email address will not be published. Required fields are marked *