ശിവേച്ചി അടക്കം അന്ന് എറിഞ്ഞ എല്ലാവർക്കും ഞാൻ കണക്കിന് കൊടുത്തു. ആ കളി ഞാൻ ഒറ്റയ്ക്ക് ജയിപ്പിച്ചു. അതിനടുത്ത കളിയും അത് കഴിഞ്ഞുള്ള കളിയും പിന്നീട് വന്ന എല്ലാ കളിയും ഞാൻ തന്നെ ജയിപ്പിച്ചു.. ചില കളികൾ ഒക്കെ അവരെ ജയിപ്പിക്കുന്നു എന്ന നിലയിൽ എത്തിച്ചിട്ട് ഞാൻ ഒടുക്കം ആ മോഹം ഉടച്ച് കളയും.. ഒന്നുകിൽ ബാറ്റ് കൊണ്ട് അല്ലേൽ ബോൾ കൊണ്ട്.. ഈ രണ്ടിൽ ഏതെങ്കിലും കൊണ്ട് ഞാൻ ശിവേച്ചിയുടെ ടീമിനെ മുട്ട് കുത്തിച്ചു കൊണ്ടിരുന്നു..
പഠിച്ച പണി എല്ലാം നോക്കിയിട്ടും എന്റെ വിക്കറ്റ് എടുക്കാൻ ചേച്ചിക്ക് സാധിച്ചില്ല. വാശി കൂടി ഞാൻ എറിയുന്നതിലും വേഗത്തിൽ പന്തെറിയാൻ ഒക്കെ ചേച്ചി ആവുന്ന ശ്രമിച്ചു.. കൂടുതൽ വേഗത്തിൽ ഓടി വന്നാൽ പന്ത് വേഗം പോകുമെന്നോ കൂടുതൽ ശക്തിയിൽ ബോൾ എറിഞ്ഞാൽ പന്ത് വേഗത്തിൽ പോകുമെന്നോ ഒക്കെ ചേച്ചി കരുതി കാണണം.. ഇത് രണ്ട് കൊണ്ടും ബോളിന് വേഗത കൂടാൻ പോണില്ല. അത് ഒരു കഴിവാണ്.. അത് പതിയെ ആർജ്ജിച്ചു എടുക്കേണ്ടത് ആണ്.. എത്ര വേഗത്തിൽ ഓടി വന്നാലും എത്ര ശക്തിയിൽ വലിച്ചു എറിഞ്ഞിട്ടും ഒന്നും കാര്യമില്ല.. ബോൾ എറിയുമ്പോ ഉള്ള കയ്യുടെ കറക്കം വേഗത്തിൽ ആവണം.. എങ്കിലേ ബോളിന് വേഗത കൂടൂ.. ബാക്കി ഒക്കെ പന്തിന് മേലുള്ള നിയന്ത്രണം കളയുകയേ ഉള്ളു..
ശിവേച്ചി അത് സാവധാനം മനസിലാക്കി.. ഒരു കളി എങ്കിലും ജയിക്കാൻ കിണഞ്ഞു പരിശ്രമിച്ചു അവർ പന്ത്രണ്ട് കളി കൂടി തോറ്റു.. ആദ്യത്തെ കളി മാത്രം ആണ് അന്ന് അവർ ജയിച്ചത്.. അവസാനം കളി നിർത്തി സ്റ്റമ്പ് ഊരിയപ്പോൾ ഞാനും ഗോകുലും വേദുവും അവരെ കളിയാക്കി കൂവി.. ഞാൻ ഗോപു ചേച്ചിയെ കളിയാക്കി കൂവിയത് ആയിഷ കുട്ടിയെ ആണെന്ന് അവൾ ധരിച്ചു. ഞാൻ കളിയാക്കി എന്ന് പറഞ്ഞു അവൾ കരഞ്ഞോണ്ട് പോയി.. അവളുടെ പുറകെ സമാധാനിപ്പിക്കാൻ പോയത് കൊണ്ട് ശിവേച്ചി എന്റെ കൂവലിനോട് എങ്ങനെ പ്രതികരിക്കും എന്ന് അറിയാൻ എനിക്ക് കഴിഞ്ഞില്ല..
കുറച്ചു നേരം കഴിഞ്ഞാണ് ഞാൻ പിന്നെ പാലയ്ക്കലേക്ക് പോയത്.. ചേച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു. നമ്മൾ വലിയ പുള്ളി ആയിടത്തു വേറൊരാൾ വന്നു ഷൈൻ ചെയ്യുന്നത് ആർക്കും പിടിക്കില്ലല്ലോ.. കാര്യം ചേച്ചിയുടെ പ്രീതി പിടിച്ചു പറ്റാൻ ഏതറ്റം വരെയും താഴാൻ ഞാൻ തയ്യാറാണ് എങ്കിലും കളിയുടെ കാര്യം വരുമ്പോൾ അത് മാറും. ഞാൻ ഒരാണണല്ലോ.. കളിയുടെ വാശി എനിക്ക് നല്ലത് പോലെ ഉണ്ട്.. അതേ വാശി ഉള്ള ചേച്ചിക്ക് അത് മനസിലായാൽ മതിയായിരുന്നു..
വീട്ടിൽ കയറിയിട്ട് ഞാൻ ചേച്ചിയെ കണ്ടില്ല. വീടിന് പിന്നിൽ വെളിയിൽ സൈക്കിൾ തുടച്ചോണ്ട് ഇരിക്കുവായിരുന്നു ചേച്ചി. ഞാൻ പതിയെ ചെന്ന് അടുത്തിരുന്നു. ചേച്ചി എന്നെ മൈൻഡ് ആക്കിയില്ല.. ഞാൻ സൈക്കിൾ ശ്രദ്ധിക്കുന്ന പോലെ നോക്കി ഇരുന്നു..
‘ഇത് ചേച്ചീടെ സൈക്കിളാ…?
ഞാൻ ഇതൊന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു
‘ഉം…’
ഒരു മൂളൽ മറുപടി ആയി കിട്ടി
‘എനിക്ക് നാട്ടിൽ ഒരെണ്ണം ഉണ്ടായിരുന്നു.. കുറച്ചു പഴയത് ആണ്.. എന്നാലും അടിപൊളി ആയിരുന്നു..’
ഞാൻ ചുമ്മാ ഒരു പുളു പറഞ്ഞു. എനിക്ക് സൈക്കിൾ ഒന്നും ഇല്ലായിരുന്നു. ഒരു കൂട്ടുകാരന്റെ സൈക്കിൾ ഇടക്ക് എനിക്ക് ചവിട്ടാൻ തരുമായിരുന്നു.. അത് വച്ചാണ് ചേച്ചിയോട് സംസാരിക്കാൻ ഞാൻ വെറുതെ ഒരു കള്ളം തട്ടി വിട്ടത്
‘ആം…’
അത്ര താല്പര്യം ഇല്ലാത്തൊരു മൂളൽ പിന്നെയും വന്നു. ഇതിന്റെ നാവ് ഇറങ്ങി പോയോ..? ഞാൻ മനസ്സിൽ ചോദിച്ചു.. ഭദ്രകാളിയുടെ നേരെ നിന്ന് ചോദിക്കാൻ പറ്റില്ലല്ലോ
‘ഞാൻ ഒരു തവണ ഓടിച്ചോട്ടെ…?
സൈക്കിളിനോടുള്ള കമ്പം കൊണ്ട് ഞാൻ പെട്ടന്ന് ചോദിച്ചു പോയി
‘വേണ്ട.. ഇത് ഞാൻ ആർക്കും ഓടിക്കാൻ കൊടുക്കാറില്ല…’
ഒരു ഗൂഡസ്മേരത്തോടെ ശിവേച്ചി എന്നെ നോക്കി പറഞ്ഞു
ചമ്മി. ചമ്മി അടപ്പ് തെറിച്ചു.. ആര്…? ഞാൻ തന്നെ…

Bro next part upload