ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

“അജൂ…”
ഒരു സ്‌ത്രീ ശബ്ദം.

അവൻ മെല്ലെ തലയുയർത്തി നോക്കി
കോടവന്നുനിറഞ്ഞ ഗോഡൗണിൽ
ദാവണിയുടുത്ത് ഒരുപെണ്കുട്ടി തന്റെ അരികിലേക്ക് വരുന്നതായി തോന്നി.

“ദീപാ…..ദീ….. പാ…”
ഇടറിയശബ്ദത്തിൽ അജു വിളിച്ചു.
അവനറിയതെ കണ്ണുകൾ താനെഅടഞ്ഞു.

ഉമ്മർത്തിണ്ണയിലിരിക്കുകയായിരുന്ന ദീപ വലിയ മിന്നലോടുകൂടിയ ഇടി ഭൂമിയിലേക്ക് ഇറങ്ങിവന്നത് കണ്ട് ഭയന്നു അകത്തേക്ക് ഓടി.

“അജു എന്താ വിളിക്കത്തെ.?
അലമാരയുടെ കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കിക്കൊണ്ട് ദീപ സ്വയം ചോദിച്ചു.
ഫോണെടുത്ത് അജുവിനെ വിളിച്ചു.
പക്ഷെ സ്വിച്ച് ഓഫ് ആയതുകാരണം അവളിൽ ഭയം പുറപ്പെട്ടു.

“ഇനിവല്ല അപകടവും… ഏയ്‌… ന്റെ ദേവി കാത്തോൾണെ..”

സുബോധം കൈവരിച്ച സെൽവം അവനെ കാർക്കിച്ചു തുപ്പി.
വൈകാതെ രണ്ടുപേർ വന്നു അജുവിനെ നിലത്തിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി.

കുട്ടികളെ കയറ്റിയ കണ്ടയ്നറിനോട് ചാരിനിർത്തിയിട്ട ജീപ്പിന്റെ പിന്നിലേക്ക് അജുവിനെയെടുത്തെറിഞ്ഞു.

“എട്രാ വണ്ടി..”
പിന്നിൽ നിന്നും സെൽവം വിളിച്ചുപറഞ്ഞു.

11.10നുള്ള ജനശദാപ്തി വരുന്ന ട്രാക്കിൽ അജുവിനെ കിടത്തുമ്പോൾ മറ്റാരെങ്കിലും കാണുന്നുണ്ടോയെന്നു അവർ ശ്രദ്ധിച്ചിരുന്നു.

“അമ്മേ…”
ട്രാക്കിൽ കിടന്ന് അജു വേദനകൊണ്ട് ഇടറിയശബ്ദത്തിൽവിളിച്ചു. അവൻ പതിയെ കണ്ണുതുറന്നു നോക്കി ആകാശത്ത് താരകങ്ങളാൽ നിറഞ്ഞുനിൽക്കുന്നു, നക്ഷത്രങ്ങൾക്കിടയിൽ കണ്മഷിയെഴുതിയ കരിനീലക്കണ്ണുകളുമായി ദീപയുടെ മുഖം തെളിഞ്ഞു വന്നു. അൽപ്പനേരം അജു ആകാശത്തേക്ക് നോക്കിക്കിടന്നു.
അത്ര ഭംഗിയായി അവൻ ഇതുവരെ നീലാകാശത്തെ കണ്ടിട്ടുണ്ടായിരുന്നില്ല.
പൂർണ്ണ ചന്ദ്രൻ തന്നെ മാടിവിളിക്കുന്നതായി തോന്നിയ അവൻ പതിയെ പുഞ്ചിരിച്ചു.

“ദീപാ….എനിക്ക്….ഇഷ്ട്ടമായിരുന്നു…നിന്നെ…
ഐ….ലവ്….”

“ഡേയ്… നീ…സാകലെ..? വായ് മൂട്രാ..”
പറഞ്ഞുമുഴുവനാക്കാൻ സമ്മതിക്കാതെ
കൂട്ടത്തിലൊരാൾ അവന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി.
രക്തം കട്ടയായി വായിൽകൂടെ പുറത്തേക്ക് വന്നു.

“അമ്മേ….”
ദുഃസ്വപ്നം കണ്ടപോലെ ദീപ കിടക്കയിൽ നിന്നുംഞെട്ടിയെഴുന്നേറ്റു.
എന്നിട്ട് തന്റെ മൊബൈലെടുത്തു നോക്കി.

“ഇല്ല.. അജുവിന്റെ മിസ്സ്ഡ് കോൾ ഒന്നുമില്ല”

നിരാശയോടെ അവൾ വീണ്ടു കിടന്നു.

രാവിലെ എഴുന്നേറ്റവൾ അടുക്കളപണിയിൽ മുഴുകിനിൽക്കുമ്പോഴായിരുന്നു അച്ഛൻ ടിവിയിലെ വാർത്ത വച്ചത്.

“ജില്ലയിൽ ഭിക്ഷാടനത്തിനായി കൊണ്ടുപോകുകയായിരുന്ന 65 കുട്ടികളെയും, ഇടനിലക്കാരെയും
എസ് ഐ എബിൻ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കണ്ടയ്നറിൽ കടത്താൻ ശ്രമിച്ച കുട്ടികൾ വ്രണപ്പെട്ട മുറിവുകളുമായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

വാർത്തകേട്ട ദീപ ദീർഘശ്വാസമെടുത്തുവിട്ടു.

“അങ്ങനെ അജുവിന്റെ ലക്ഷ്യം പൂർത്തീകരിച്ചു.”
അവൾ മനസിൽ പറഞ്ഞുനിൽക്കുമ്പോഴായിരുന്നു അടുത്ത വാർത്ത.

“എറണാംകുളം നോർത്ത് റയിൽവേ ട്രാക്കിൽ അജ്ഞാത മൃതുദേഹം…
തിരിച്ചറിയാൻ കഴിയാത്ത മൃതുദേഹത്തിൽ നിന്നു കിട്ടിയ ഈ കവിതയുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ എറണാകുളം സി ഐ ഓഫീസുമായി ബന്ധപ്പെടുക..”

വലിയ സ്ക്രീനിൽ ആ കവിത എടുത്തുകാണിച്ചു.

കവിതയെന്നുകേട്ടതും ദീപ മെല്ലെ ടിവിയിലേക്കൊന്നു കണ്ണോടിച്ചു…

താനെഴുതിയ കവിത..ദീപയുടെ കൈയിലുണ്ടായിരുന്ന അരിപത്രം താഴെവീണ്
അരിമണികളെല്ലാം ചിന്നിച്ചിതറി..

“അച്ഛാ…ഇത്….എനിക്കറിയാം….അജു..
എന്റെ കവിത…”
വാക്കുകൾ മുറിഞ്ഞുപോകുന്നതായി തോന്നിയ ദീപ വായപൊത്തി അലറികരഞ്ഞു.

അച്ഛനെയും കൂട്ടി അവൾ സി ഐ ഓഫീസിൽ ചെന്നു. വിവരങ്ങൾ പറഞ്ഞപ്പോൾ
ദീപയെയും കൊണ്ട് വനിതാ പൊലീസ് സിറ്റി ഹോസ്പിറ്റലിലേക്ക് പോയി.

അവരെയും കാത്ത് എസ്‌ഐ എബിൻ മോർച്ചറിക്കു മുപിൽ നിൽക്കുന്നുണ്ടായിരുന്നു.

ചോരക്കറചിന്തിയ ഒരു പേപ്പർ എസ് ഐ എബിൻ അവൾക്ക് നേരെ നീട്ടി..

നിറമിഴികളോടെ അവളത് വായിക്കാ ശ്രമിച്ചു

“കാത്തിരിക്കയാണ് ഞാൻ
നിനക്കായ് സഖേ…..
തൂമഞ്ഞിൻ പുലറിയി-
ലാദ്യമായികണ്ടനാൾ,
അനുരാഗലയമായി
മാറിയേന്മനമതിൽ,
പ്രണയശോണിമ
സീമന്തരേഖയിൽ ചാർത്തുന്ന
അനർഘനിമിഷത്തിനായ്,
കൺപ്പാർത്തിരിക്കുന്നു ഞാൻ
ഒരായിരമാണ്ടിന്ന്….”

വായിച്ചുകഴിഞ്ഞതും അവൾ ആ കവിത മുഖത്തോട് ചേർത്തുപിടിച്ചുകൊണ്ട് വാവിട്ടുകരഞ്ഞു.

ഹൃദയത്തിൽ പ്രതിഷ്ട്ടിച്ച വിഗ്രഹം വീണുടഞ്ഞുപ്പോയിരിക്കുന്നു.

അജു ഇനിയില്ല എന്ന സത്യം അവളെ പറഞ്ഞു വിശ്വസിപ്പിക്കാൻ അച്ഛൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടില്ല…

“പി സി ഈ കുട്ടിയുടെ സ്റ്റേറ്റ്മെന്റ് വാങ്ങി,മൃതദേഹം വിട്ട് കൊടുക്കാനുള്ള ഏർപ്പാട് ചെയ്യണം.
ഐ ആം സോറി ദീപാ… എനിക്ക് പൂർണമായും തിരിച്ചറിയാൻ കഴിഞ്ഞില്ല അതാ ഞാൻ ന്യൂസിൽ അങ്ങനെ കൊടുത്തെ.. “

“സർ എനിക്ക്……കാണണം… പ്ലീസ്..”
കൈകൾ കൂപ്പി അവൾ കെഞ്ചി.

“സോറി… അങ്ങനെ കാണാൻ പറ്റാവുന്ന ഒരു സ്ഥിതി അല്ല.”

“ഒരുപ്രാവശ്യം…. ഒറ്റത്തവണ… പ്ലീസ് സർ…”
കരഞ്ഞുകൊണ്ട് ദീപ നിലത്തിരുന്നു..

“മോളെ…എന്തായിത്, എണീക്ക്…. “
അച്ഛൻ അവളെ തോളിൽപിടിച്ചുകൊണ്ടു അടുത്തുള്ള ബഞ്ചിലിരുത്തി.

എബിൻ ഒരു വനിതാ പോലീസിനെ വിളിച്ചുവരുത്തി ദീപയുടെകൂടെ മോർച്ചറിയിലേക്ക് നടന്നു.

വെള്ളപുതച്ച ഒരുപാടുശവശരീരങ്ങൾ നിരന്ന് കിടക്കുന്നുണ്ടായിരുന്നു.

മോർച്ചറിയുടെ മധ്യഭാഗത്തെത്തിയപ്പോൾ
മുൻപേനടന്ന അറ്റെന്റർ ഒരു സ്ട്രക്ച്ചെറിനു സമീപത്തുനിന്നു.

“സർ, ഇതാണ്..”
അയാൾ പറഞ്ഞു,എന്നിട്ട് മൂടിക്കിടക്കുന്ന വെള്ളത്തുണി പതിയെ മാറ്റി.

എന്തോ വന്നടിച്ചപോലെ മുഖം വല്ലാതെ വീർത്തിരുന്നു,
കണ്ടാൽ അജുവാണെന്ന് തിരിച്ചറിയാൻ നന്നേ കഷ്ടപ്പെടും.

അജുവിന്റെ ശവശരീരം കണ്ടയുടൻ ദീപ അലറികരഞ്ഞു, അവളുടെ കരച്ചിൽ ആ മുറിയിലാകെ പ്രകമ്പനം കൊണ്ടു.

തളർന്നുവീണ ദീപയെ അച്ഛനും വനിതാപോലീസുംകൂടെ താങ്ങിപ്പിടിച്ചു പുറത്തേക്ക് നടന്നു.

“ദീപാ…വിഷമിക്കരുതെന്നുപറയുന്നില്ല..
അജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത് ഒരു വൻ റാക്കറ്റിനെതന്നെയാണ്.
അവൻ കാരണം ജീവിതത്തിലേക്ക് മടങ്ങിവന്ന 65 കുട്ടികളുണ്ട്. അവരിലൂടെ ജീവിക്കും അജു എന്നും.”
തലയിൽവച്ച തൊപ്പിയൂരി എബിൻ പറഞ്ഞു.

വൈകതെ അജുവിന്റെ വീട്ടിലേക്ക് വിവരമറിച്ചയുടനെ, വീട്ടുകാരെല്ലാം
മൃതുദേഹം ഏറ്റുവാങ്ങാനായി ഹോസ്പിറ്റലിലെത്തി.

അജുവിന്റെ ചലനമറ്റശരീരം കണ്ടയുടൻ അമ്മ കുഴഞ്ഞുവീണു.
മറ്റുബന്ധുക്കൾ മൃതുദേഹം വാങ്ങി.

ഭർത്താവിന്റെയും ,മകന്റെയും മരണം കണ്മുൻപിൽ കണ്ട അമ്മ മാനസികമായി തളർന്നു.

അജുവിന്റെ ഓർമ്മകളുംപേറി കലങ്ങിയ കണ്ണുകളുമായി ദീപ
വീട്ടിലേക്ക് തിരിച്ചു.
ഇരുവരും ഒന്നിച്ചുകണ്ട സ്വപ്നങ്ങൾ അയവിറക്കികൊണ്ട്…
അതെ! അജുവിന്റെ ആത്മാവ് തന്റെകൂടെയുണ്ടെന്ന വിശ്വാസത്തിൽ..

Leave a Reply

Your email address will not be published. Required fields are marked *