പിന്നീട് ഫോണിലൂടെയുള്ള ഭീക്ഷണികൾ പതിയായി
അച്ഛൻ കൃഷ്ണൻനായർക്കുവന്ന പോലെ വധഭീക്ഷണികളും മറ്റും അജുവിനും വരാൻ തുടങ്ങി.
പക്ഷെ അതൊന്നും അവനാരോടും പങ്കുവക്കാതെ ഉള്ളിൽ കൊണ്ടുനടന്നു.
ഭിക്ഷാടനത്തലവൻ സെൽവത്തിന്റെ ഓരോ താവളവും എസ് ഐ എബിന്റെ സഹായത്തോടെ അജു തുടച്ചുനീക്കികൊണ്ടിരുനെങ്കിലും സെലവത്തെ പിടികൂടാൻ കഴിഞ്ഞില്ല.
കോപതാൽ ജ്വലിച്ച സെൽവം അജുവിനോടുള്ള വൈരാഗ്യം മനസിൽ സൂക്ഷിച്ചുകൊണ്ട് തമിഴ്‌നാട്ടിലേക്ക് കുടിയേറി.
പിന്നീട് കുറച്ചുകാലത്തിന് അയാളുടെ സാന്നിധ്യം ആ നഗരത്തിൽ കാണാൻ കഴിഞ്ഞില്ല.
അജുവുമായുള്ള അടുപ്പം ദീപയെ പ്രണയത്തിന്റെ അഘാതമായ ഗർത്തത്തിലേക്ക് തള്ളിയിട്ടു.
തന്റെ പ്രണയം അജുവിനോട് തുറന്നുപയാനുള്ള സാഹചര്യത്തിനായ് ദീപ ദിവസങ്ങളോളം കാത്തിരുന്നു.
സൂര്യൻ പ്രണയശോണിമയണിഞ്ഞ സന്ധ്യയിൽ തുളസിത്തറയിലെ ചിരാതിൽ തിരിയിട്ട് എണ്ണയൊഴിച്ചുകത്തിച്ച് പ്രാർത്ഥിക്കുമ്പോഴാണ് ദീപയുടെ ഫോൺ ബെല്ലടിക്കുന്നത്.
ചിരാതിലെ കത്തിയെരിയുന്നതിരി മോതിരവിരൽകൊണ്ടു അൽപ്പം നീക്കിവച്ചിട്ട് അവൾ അകത്തേക്ക് ഓടിക്കയറി ഫോണെടുത്തുനോക്കി
“അജു…”
ആർദ്രമായ അവളുടെ ചുണ്ടുകൾ ചലിച്ചു.
“ഹായ് ദീപാ… എവിട്യാ..?”
“ഞാൻ വീട്ടിൽ, എന്തേ..?”
ഫോണുമായി അവൾ മുറ്റത്തേക്കിറങ്ങി.
“എടി പെണ്ണേ….. ഈയിടെയായി നിന്റെ ഫോൺവിളി അൽപ്പം കൂടുന്നുണ്ട്…നോക്കീം കണ്ടൊക്കെ നിന്നാ നന്ന്..”
മുറ്റത്തേക്കിറങ്ങി നിൽക്കുന്ന ദീപയെ കണ്ട് ‘അമ്മ അടുക്കളയിലെ ജാലകത്തിലൂടെ വിളിച്ചുപറഞ്ഞു.
“എന്നെ സൂക്ഷിക്കാൻ എനിക്കറിയാമ്മേ…
ഇത് ദീപയാണ്,
ഞാനായിട്ട് ഒരു ചീത്തപ്പേര് കേൾപ്പിക്കില്ല പോരെ,”
ഫോണിന്റെ മൈക്ക പൊത്തിപ്പിടിച്ചുകൊണ്ട് അവൾ അമ്മയോട് പറഞ്ഞു.
“ഹലോ ദീപാ… എന്താണ് അവിടെ, ഞാൻ പിന്നെ വിളിക്കണോ…?”
“ഏയ്, പ്രശ്നോന്നുല്ല്യാ ‘അമ്മ ചുമ്മാ….”
ബാക്കിവാക്കുകൾക്കുവേണ്ടി അവൾ ചുറ്റിലും പരതി.
“മ്… ഉവ്വ് ,എനിക്ക് മനസിലായി.. ആ പിന്നെ,
നാളെ കോഫീഹൗസിൽവച്ചൊന്ന് കാണാൻ പറ്റോ,രാവിലെ 10മണിക്ക്, എനിക്കൊന്നു സംസാരിക്കണം.?”
“ഓ. അതിന്താ വരാലോ…”
അജു ഫോൺ വച്ചയുടൻ അവൾ തുള്ളിച്ചാടി അകത്തേത്തേക്കോടിക്കയറി.
പതിവില്ലാത്ത അവളുടെ പ്രസരിപ്പ് കണ്ട് അമ്മ ചോദിച്ചു
‘ഇതെന്ത് കൂത്ത്, നിനക്കെന്താടി ഭ്രാന്ത് പിടിച്ചോ’
“എനിക്ക് ഭ്രാന്താണമ്മേ… മുഴുത്ത ഭ്രാന്ത്…”
പിന്നിലൂടെവന്ന് അമ്മയുടെ അരക്കെട്ടിൽ വട്ടംപിടിച്ചുകൊണ്ടു അവൾ പറഞ്ഞു.
ആർദ്രമായ അധരങ്ങളിൽ മൂളിപ്പാട്ടുകൾ ഒഴുകിയെത്തി.
അപ്പോഴാണ്
അജു ഒരുകവിതയെഴുതിക്കൊടുക്കാൻ അന്നൊരു ദിവസം ആവശ്യപ്പെട്ടകാര്യം അവളുടെ ഓർമ്മകളിലേക്ക് ഓടിയെത്തിയത്.
റൂമിലേക്ക് കയറി തിരുട്ടി വാതിൽ കൊട്ടിയടച്ചു.
പുസ്തകവും പേനയുമെടുത്ത് അവൾ കവിതയെഴുതാനിരുന്നു,
“എന്റെ ഇഷ്ട്ടം നാളെ അജുവിനോട് പറയണം.”
മാന്മിഴികളടച്ച് അവൾ കുറച്ചുനേരം കസേരയിൽ ഇരുന്നു.
“ഈശ്വരാ…അക്ഷരങ്ങളൊന്നും തെളിയുന്നില്ലല്ലോ…
ഇനി എന്റെ പ്രണയം അജുവിന് വെറും സൗഹൃദം മാത്രമായിരിക്കുന്നതിനാലാണോ?,
അതോ വരികളിലൂടെ മാത്രം കാണുന്ന പ്രണയം ആദ്യമായി എന്റെ ജീവിതത്തിലേക്ക് കടന്നുകയറിയത് കൊണ്ടാണോ…?
അജുവിന് വേണ്ടിയുള്ള കവിത അവൾ മാറി മാറി എഴുതി,
പക്ഷെ ഒന്നും തൃപ്‌തി വന്നില്ല.
രാത്രിഭക്ഷണംപ്പോലും അവൾ കവിതക്ക് വേണ്ടി ഉപേക്ഷിച്ചു,
ഘടികാരത്തിന്റെ സൂചി കറങ്ങുന്നതിനേക്കാളും വേഗതയിലായിരുന്നു ദീപയുടെ മനസ്സ് ചലിച്ചുകൊണ്ടിരുന്നത്.
ഉറക്കം അതിന്റെ ഉച്ചസ്ഥയിയിൽ വന്നുനിൽക്കുമ്പോഴും അവൾ തന്റെ അജ്ഞനമിഴികൾ അടക്കാൻ തയ്യാറായിയില്ല,
പകരം തന്റെ പ്രണയത്തെ ആ
മിഴികൾകൊണ്ട് ഒപ്പിയെടുത്തു.
ഏകാന്തമായ ആ ശൂന്യതയിലേക്ക് കാത്തിരിപ്പിന്റെ അനുഭൂതി അവളെ തേടിയെത്തി,
പ്രണയത്തിന്റെ പ്രതിരൂപമായി അവളതിനെ മനസിന്റെ മായാത്ത പുസ്തകത്താളുകളിലേക്ക് പകർത്തെഴുതി.
നിലാവിന്റെ വെളിച്ചവും, ഇളംങ്കാറ്റും,
രാത്രിയുടെ പ്രണയാർദ്രഗീതവും അവളെ മെല്ലെ നിദ്രയിലേക്ക് തള്ളിയിട്ടു..
