ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

അജുവിന്റെ വീടിന്റെ ഗേറ്റിനുമുൻപിൽ വണ്ടിയിറങ്ങിയ ദീപ കോരിച്ചൊരിയുന്ന മഴയിലൂടെ പെൺകുഞ്ഞിനെയും കൊണ്ട്
അജുവിന്റെ വീട്ടിലേക്ക് ഓടിയകയറി.

ഡോറിൽ ആഞ്ഞുമുട്ടിയ അവൾ വിറച്ചുകൊണ്ട് പെൺകുഞ്ഞിനെ മാറോട് ചേർത്തുപിടിച്ചു.

വാതിൽതുറന്ന ‘അമ്മ ദീപയെകണ്ടപ്പോൾ പകച്ചുനിന്നു.

“അജു…. അജുഎവിടെ അമ്മേ…”
ഭയന്ന് ഇടറിയ ശബ്ദത്തോടെ അവൾ ചോദിച്ചു.”

“റൂമിൽ ണ്ടല്ലോ… ന്താ മോളെ ..”

അമ്മക്ക് മറുപടി കൊടുക്കാതെ ദീപ അജുവിന്റെ മുറിയിലേക്ക് പെൺകുഞ്ഞുമായി നടന്നു.

നനഞ്ഞൊട്ടി ഈറനോടെ നിൽക്കുന്ന ദീപയെകണ്ടപ്പോൾ അജു അമ്പരന്നുനിന്നു.

“അജു…ദേ ഈ കുഞ്ഞിനെ നോക്ക് ഭിക്ഷാടനം നടത്തുന്ന ഒരു ബാലന്റെ കൈയിൽനിന്ന് കിട്ടിയതാ,
ദേ കൈയിലും,കാലിലും നോക്ക്.. സിഗരറ്റുകൊണ്ട് പൊള്ളിച്ച പാടുകൾ..”

ദീപ ആ പെൺകുഞ്ഞിനെ അജുവിന്റെ കൂടെ ബെഡിൽ കിടത്തി

വായയിൽ തന്റെ തള്ളവിരലിട്ട് ചപ്പിക്കുടിക്കുന്ന ധൃതിയിൽ ആ പെൺകുഞ്ഞ് ഒന്ന് കരയുകപോലും ചെയ്തിരുന്നില്ല.

“ദീപാ, എന്റെ ഫോണൊന്നെടുക്കു..”
ടേബിളിലേക്ക് ചൂണ്ടിക്കാട്ടി അജു പറഞ്ഞു.

അവൾ ഫോണെടുത്ത് അജുവിന്റെ കൈയിൽ കൊടുത്തു.

“നീയൊരു കാര്യം ചെയ്യ്… അമ്മയോട് പറഞ്ഞ്, നനഞ്ഞ ഡ്രസ്സൊന്ന് മാറ്റിക്കോ,
മ്… ചെല്ലൂ..”

നനഞ്ഞ മാറിടങ്ങളെ അവൾ കൈതണ്ടകൊണ്ട് മറച്ചുപിടിച്ച് തലകുലുക്കി.

അജുവിന്റെ മുറിയിൽ നിന്ന് ദീപ പുറത്തുകടന്നയുടനെ അവൻ
എസ് ഐ എബിൻ ജേക്കബ് നെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

കൃഷ്ണൻനായർ വധക്കേസ്‌ എസ് ഐ എബിൻ ജേക്കബ് ആയിരുന്നു അന്വേഷിച്ചുകൊണ്ടിരുന്നത്.

സത്യസന്തമായ അന്വേഷണം യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്ന് മനസിലാക്കിയ കുറ്റവാളികൾ നിയമം വിലക്കുവാങ്ങി അയാളെ കേസിൽ നിന്നും ഒഴിവാക്കി പകരം മറ്റോരാളെ നിയമിച്ചു.
ആ ഒരമർഷം അയാളിലെന്നുമുണ്ടായിരുന്നു.

“അജു, ഞാനിപ്പ വരാം, എന്റെകൂടെ ചൈൽഡ്ലൈൻ പ്രവർത്തകരും, മാധ്യമങ്ങളുമുണ്ടാകും.. “

“സർ , സൂക്ഷിക്കണം”
അജു ഫോൺ വച്ചു.

അപ്പോഴേക്കും ദീപ നനഞ്ഞ വസ്ത്രങ്ങൾ മാറ്റി പകരം അജുവിന്റെ അനിയത്തി അഞ്ജുവിന്റെ ചുരിദാറിട്ടുവന്നു.

“എന്തായി അജു.”

നനഞ്ഞ മുടിയിഴകൾ ടർക്കികൊണ്ടു തോർത്തിയിട്ട് അവൾ പതിയെ മുറിയിലേക്ക് കടന്നുവന്നു.

തോർത്തിയ മുടിയിഴകൾ ഇടത്തോട്ട് മാറ്റിയിട്ടപ്പോൾ രസനാധി പൊടിയുടെ ഗന്ധം അജുവിന്റെ മൂക്കിലേക്ക് തുളഞ്ഞുകയറി.

“‘അമ്മ, പൊടിനല്ലോണം ഇട്ടുതന്നു ല്ലേ..”
പുഞ്ചിരിച്ചുകൊണ്ട് അജു ചോദിച്ചു.

“ഇല്ലേൽ ജലദോഷം പിടിക്കുംന്ന്..
അല്ല ന്തായി..”

“ചൈൽഡ്ലൈൻ, പത്രമാധ്യമങ്ങൾ, സബ് ഇൻസ്‌പെക്ടർ, എല്ലാവരും ഇപ്പോൾ ഇങ്ങെത്തും.”

അതുകേട്ടതും ദീപ ഭയന്നു.

“അയ്യോ… ഞാൻ …എനിക്ക്…അച്ഛൻ…”

“ഹൈ, താൻ പേടിക്കേണ്ടടോ… തന്നെ ഇതിൽ വലിച്ചിട്ടില്ല.”

വൈകതെത്തന്നെ അജുവിന്റെ വീടിന് മുൻപിൽ നിരവധി വാഹനങ്ങൾ വന്നുനിന്നു.

പത്രക്കാർ ഒഴികെ മറ്റുള്ളവർ വീടിനുള്ളിലേക്ക് കയറിയ ഉടനെ ദീപ അകത്തേക്ക് കയറിയൊളിച്ചു.

ചൈൽഡ്ലൈൻ പ്രവർത്തകർ കുട്ടിയെ ഏറ്റുവാങ്ങി.

“അജു… എങ്ങനെ കിട്ടി ഈ കുഞ്ഞിനെ..
ആരുകൊണ്ടുവന്നു, എനിക്ക് FIR എഴുതണം.”
എസ് ഐ ചോദിച്ചു.

“ഒരു അജ്ഞാത ..അത്രേമറിഞ്ഞാൽ മതി സർ… വിവരങ്ങൾ പുറത്തവിട്ടൽ ചിലപ്പോൾ അവളുടെ ജീവനുകൂടെ… എനിക്ക് സഹിക്കില്ല.”
അജു നിസഹായനായി ഇരുന്നു.

“മ്… ഇപ്പോൾ ഞാൻ പോണു, പക്ഷെ ഞാൻ വിളിപ്പിക്കും.”
എബിൻ കസേരയിൽ നിന്നുമെഴുന്നേറ്റു.

“തീർച്ചയായും സർ, ഒരു രണ്ടാഴ്ച്ച, അതിനുള്ളിൽ പ്ലാസ്റ്റർ വെട്ടും. ഞാൻ അങ്ങോട്ട് വരാം.”

എസ് ഐയുടെ കൂടെവന്ന പത്ര സന്നാഹങ്ങൾ അവർക്ക് വേണ്ടത് കിട്ടിയപ്പോൾ പിരിഞ്ഞുപോയി.

“ദീപാ….”
അജു നീട്ടിവിളിച്ചു.

“മ്… അവരുപോയോ അജു.?”
അകത്തുനിന്ന് ദീപ പുറത്തേക്ക് വന്നു.

“വൈകിക്കേണ്ട താൻ പൊയ്ക്കോ, ന്തേലും ആവശ്യണ്ടെങ്കിൽ ഞാൻ വിളിക്കാം.”

“അജു, എനിക്കെന്തോ പേടി..”
അഞ്ജനം കലങ്ങിയ അവളുടെ കണ്ണുകളിൽ അവൻ കണ്ടു, ഭയത്തിന്റെ ഒരു പിടിമുറുക്കം.

“ഹൈ, ഒന്നുല്ല്യാ മാഷേ… ഞാനല്ലേ പറയണേ.”

വൈകതെത്തന്നെ ദീപ അവിടെനിന്നിറങ്ങി സ്വന്തം വീട്ടിലേക്ക് തിരിച്ചു.

വീട്ടിൽ വന്നുകയറിയ അവളെ കണ്ടപ്പോൾതന്നെ ‘അമ്മ ചോദിച്ചു.

“ഇന്നെന്താ ഓഫീസിൽ പോയില്ലേ ഇത്ര നേരത്തെ.”

“ഉവ്വ് , നല്ല തലവേദന ഞാൻ ഹാൾഫ് ഡേ ലീവ് എടുത്തു.”
മുഖത്തുനോക്കാതെ അമ്മയോട് കള്ളംപറഞ്ഞ് അവൾ അകത്തേക്ക് കയറി.

വസ്ത്രംമാറുന്നതിനിടയിലാണ് ടി വി യിലെ വാർത്ത അവൾ ശ്രദ്ധിച്ചത്.

“നഗരത്തിൽ വീണ്ടും ഭിക്ഷാടന സംഘങ്ങളുടെ വിളയാട്ടം,
അജ്ഞാതയുവതി രക്ഷപെടുത്തിയത്
വിനുമഠത്തിൽ എന്ന
പ്രശസ്ത കഥാകൃത്തിന്റെ രണ്ടര വയസുള്ള മകൾ അഥിതിയെ.
കൈകാലുകൾക്ക്പൊള്ളലേറ്റ കുട്ടി, തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ ചികിൽസയിലാണ്.
ഈ കുട്ടിക്കായുള്ള തിരച്ചിൽ കഴിഞ്ഞ 2 ദിവസം ഊർജിതമായി നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവം അരങ്ങേറിയത്.
വിവരങ്ങളുമായി എസ് ഐ എബിൻ ജേക്കബ് നമ്മോടൊപ്പമുണ്ട്,….”

വാർത്തകേട്ട ദീപ കോരിത്തരിച്ചുനിന്നു.

“കണ്ടോടി… ഇതാണ് പെൺകുട്ടി. ഈശ്വരൻ ണ്ടാകും ഒളൊപ്പം, ഓൾടെ കൈയിൽ കിട്ടിയില്ലെച്ചാ ന്താകും ആ കുഞ്ഞിന്റെ അവസ്ഥ, ഹോ സങ്കൽപ്പിക്കാൻകൂടെ വയ്യ.
ഇപ്പൊ ആ അജ്ഞാതക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാകും കുഞ്ഞിന്റെ അച്ഛനും അമ്മയും.”

അമ്മയുടെ വാക്കുകൾകേട്ട് ദീപയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

എത്രശ്രമിച്ചിട്ടും കണ്ണുനീരിനെ തടയാൻ അവൾക്കായില്ല.

ഒറ്റമുറിയിലെ കട്ടിലിൽ കമഴ്ന്നുകിടന്ന് ദീപ ശബ്ദം പുറത്തുവരാതെ തേങ്ങി,തേങ്ങി കരഞ്ഞു.

മനസിൽ ഒരു ജീവൻ സുരക്ഷിതത്തോടെ തിരികെ നൽകിയ നിർവൃതിയിൽ.

മഴവന്ന് ഇരുട്ടുമൂടിയ സായാഹ്നം. സിറ്റിയിലെ പഴയ പൊളിമാർക്കറ്റിലിരുന്നുകൊണ്ട്
വൈദ്യുതിബൾബിന്റെ വെളിച്ചത്തിൽ
ചുരുട്ട് വലിച്ചുവിടുകയായിരുന്നു സെൽവം.
കൂടെ അനുയായികളുംമറ്റും ചുറ്റിലും നിരന്ന് നിൽക്കുന്നുണ്ടായിരുന്നു.

വലിയൊരു ചാക്കുമായി ഇരുണ്ട് കറുത്ത ഒരാൾ സെൽവത്തിന് നേരെ നിന്നും.

“അണ്ണാ…”
ഇടറിയ ശബ്ദത്തിൽ അയാൾ സെൽവത്തെ വിളിച്ചു.

“എന്നടാ..”
ചുരുട്ടുവലിച്ച് പുക മുകളിലേക്കുയർത്തിവിട്ടുകൊണ്ട് സെൽവം ചോദിച്ചു.

“അണ്ണാ… അന്ത പയ്യൻ…”

അയാൾ ചാക്കുപിടിച്ച് തലകീഴായി കുടഞ്ഞു.

നിലവിളിച്ചുകൊണ്ട് ഒരുബാലൻ ചാക്കിൽനിന്നും താഴേക്ക് വീണു.

നിലത്ത് കിടന്ന അവനെ സെൽവത്തിന്റെ സഹായ്കളിലൊരാൾ പിടിച്ചെഴുന്നേല്പിച്ചു.

അവനെ കണ്ടതും സെൽവം കോപംകൊണ്ട് കത്തിജ്വലിച്ചു.

“എടാ പൊറുക്കി, ഉങ്കിട്ടെ ഇരിന്ത കൊളന്തെങ്കേ..?

“തെരിയാതണ്ണാ.”
കരഞ്ഞുകൊണ്ട് അവൻ പറഞ്ഞു.

അത് കേട്ടതും സെൽവം കാലുകൊണ്ട് അവന്റെ നെഞ്ചത് ആഞ്ഞുചവിട്ടി.

Leave a Reply

Your email address will not be published. Required fields are marked *