“ഹലോ..”
അപ്പുറത്ത് നിന്നും ഒരു വണ്ടിയുടെ ഇരമ്പലും കൂട്ടഗാനവും മാത്രമാണ് ചെവിയില്‍ എത്തിയത്.
“ഹലോ..ആരാണിത്…? ഹലോ..” വസീം വീണ്ടും ചോദിച്ചെങ്കിലും മറുപടി ഒന്നും കിട്ടിയില്ല.
വണ്ടിയുടെ ഉള്ളില്‍ ഫോണ്‍ പുറത്തേക്ക് എടുക്കാന്‍ സാധിക്കാതെ റീന കുഴയുകയായിരുന്നു. ഫോണ്‍ എടുത്താല്‍ തടിയന്‍ കാണും. കണ്ടാല്‍ അയാളത് പിടിച്ചു വാങ്ങും. അവള്‍ ബാഗില്‍ തന്നെ കൈ വച്ച് ഒരു അവസരത്തിനായി കാത്തു.
മറുഭാഗത്ത് നിന്നും മറുപടി ഒന്നും കിട്ടാതെ വന്നപ്പോള്‍ കോപത്തോടെ വസീം ഫോണ്‍ കട്ട് ചെയ്തു.
“ഷിറ്റ്..ഓരോ നായിന്റെ മോന്മാരുടെ അസുഖം” തന്നെ കബളിപ്പിക്കാനായി ആരോ വിളിച്ചതാകും എന്ന് കരുതി അയാള്‍ പിറുപിറുത്തു. എന്നിട്ട് ആ സ്ത്രീയുടെ ഭര്‍ത്താവിനു നേരെ തിരിഞ്ഞു.
“നിനക്കെന്താടാ ജോലി?”
“മരം വെട്ടല്‍ ആണേ..” അയാള്‍ വിനയത്തോടെ പറഞ്ഞു.
“എടാ നീ ഒരു ആണല്ലേ? പെണ്ണുങ്ങളെ തല്ലുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്ന പണിയാണോടാ?” വസീം ചോദിച്ചു. സ്ത്രീ കരയുന്നുണ്ടായിരുന്നു.
“ഇനി അങ്ങനെ ഉണ്ടാകത്തില്ലേ…”
“നോക്ക്..ഇത് കുടുംബ പ്രശ്നം ആയതുകൊണ്ട് ഞാന്‍ കേസ് എടുക്കുന്നില്ല…നീ ഈ കൈ കണ്ടോ? ഇതുകൊണ്ട് ഒരെണ്ണം കിട്ടിയാല്‍ പിന്നെ നിന്നെ ഒന്നിനും കൊള്ളാതാകും..ഇനിയൊരു തവണ നിന്റെ പേരില്‍ ഈ സ്ത്രീ പരാതിയുമായി ഇവിടെ വരുകയോ ഞാന്‍ വേറെ ആരേലും മുഖേന നീ ഇവരെ ഉപദ്രവിച്ചു എന്നറിയുകയോ ചെയ്താല്‍ നിന്റെ കാര്യത്തില്‍ ഞാന്‍ തീരുമാനം എടുക്കും…കേട്ടല്ലോ?”
“ഇനി ഒരു പ്രശ്നോം ഒണ്ടാക്കത്തില്ലേ….”
മൊബൈല്‍ വീണ്ടും ശബ്ദിച്ചു. വസീം ഫോണെടുത്തു നോക്കി. അതെ നമ്പര്‍ തന്നെ. അയാള്‍ അത് ചെവിയോട് ചേര്‍ത്തു.
“ഹലോ..വസീം ഹിയര്‍..”
മറുഭാഗത്ത് നിന്നും വാഹനത്തിന്റെ ഇരമ്പല്‍ മാത്രം വസീം കേട്ടു. എന്തോ പന്തികേട് അയാള്‍ മണത്തു.
“ഹലോ..ആരാണിത്?”
അയാള്‍ വീണ്ടും ചോദിച്ചു. മറുഭാഗത്ത് വണ്ടിയുടെ ഇരമ്പല്‍ മാത്രം. വസീം നെറ്റി ചുളിച്ചു. തന്റെ മൊബൈലിലേക്ക് ഇങ്ങനെ വിളിക്കാന്‍ ആര്‍ക്കാണ് ധൈര്യം? എന്തോ കുഴപ്പമുണ്ട്; അയാളുടെ മനസ് പറഞ്ഞു.
“ഉം..നിങ്ങള്‍ പൊക്കോ…” അയാള്‍ സ്ത്രീയോടും ഭര്‍ത്താവിനോടും പറഞ്ഞിട്ട് വീണ്ടും ഫോണ്‍ ചെവിയോട് അടുപ്പിച്ചു.
വസീമിന്റെ മനസ് ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ചു. ഒന്നുകില്‍ ആരോ തന്നെ കളിയാക്കുകയാണ്; അതല്ലെങ്കില്‍ ആരോ എന്തോ അപകടത്തില്‍ പെട്ടിരിക്കുന്നു. രണ്ടായാലും അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം എന്നയാള്‍ മനസ്സില്‍ നിനച്ചു.
“ഹലോ..ആരാണിത്?” ഒരിക്കല്‍ക്കൂടി അയാള്‍ ചോദിച്ചു. വണ്ടിയുടെ ഇരമ്പലിനൊപ്പം ആരോ തമിഴില്‍ സംസാരിക്കുന്നതും ഒരു പെണ്‍കുട്ടി തന്നെ വിടണം എന്ന് കരഞ്ഞുകൊണ്ട് പറയുന്നതും അയാള്‍ കേട്ടു. അയാള്‍ ചെവിയോര്‍ത്തു.
“ദയവായി എന്നെ വിടൂ..എന്നെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകരുത്..”
ഒരു പെണ്ണിന്റെ നേര്‍ത്ത ശബ്ദം അയാള്‍ കേട്ടു. ഏതോ പെണ്‍കുട്ടി അപകടത്തില്‍ പെട്ടിരിക്കുന്നു. അവള്‍ക്ക് ഫോണെടുത്ത് നേരില്‍ സംസാരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്! വസീം വേഗം ഉണര്‍ന്നു. അയാള്‍ ബെല്ലില്‍ കൈയമര്‍ത്തി. ഒരു കോണ്‍സ്റ്റബിള്‍ വന്നു സല്യൂട്ട് ചെയ്തു.
“നമുക്കുടന്‍ പുറത്ത് പോകണം..വണ്ടി ഇറക്ക്…സുഭാഷിനോടും മൈക്കിളിനോടും വേഗം ഇറങ്ങാന്‍ പറ..ഒപ്പം നിങ്ങളും..ക്യുക്ക്…” വസീം പറഞ്ഞു. അയാള്‍ വേഗം ഫോണെടുത്ത് സൈബര്‍ സെല്ലിന്റെ നമ്പരില്‍ വിളിച്ചു.
“ഹലോ..ഇത് പാലാ പോലീസ് സ്റ്റേഷന്‍ എസ് ഐ മുഹമ്മദ് വസീം ഹിയര്‍…എനിക്കൊരു നമ്പര്‍ ട്രേസ് ചെയ്യണം..അര്‍ജന്റ് ആണ്…കിട്ടിയാല്‍ എന്റെ ഈ നമ്പരിലേക്ക് വിളിക്കണം..” വസീം തന്റെ പെഴ്സണല്‍ മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന് നല്‍കി.
“സര്‍..വണ്ടി റെഡിയാണ്…”
മുന്‍പ് വന്ന കോണ്‍സ്റ്റബിള്‍ ഉള്ളിലെക്കെത്തി പറഞ്ഞു. വസീം തൊപ്പിയെടുത്ത് തലയില്‍ വച്ച് റിവോള്‍വര്‍ അതിന്റെ ഹോള്‍ഡറില്‍ തിരുകിയ ശേഷം ഇറങ്ങി.
പോലീസുകാര്‍ വണ്ടിക്കുള്ളില്‍ റെഡിയായിരുന്നു. വസീം ജീപ്പില്‍ കയറിയപ്പോള്‍ ഡ്രൈവര്‍ വണ്ടി റോഡിലേക്ക് ഓടിച്ചിറക്കി.
