“ആടാ.. ഞാൻ പൂട്ടിയിട്ടു. വേറെ ഒരു കാര്യം കൂടി ഉണ്ട്. ഞാൻ ഒരു പെൺകുട്ടിയെ പൈസ കൊടുത്ത് തയ്യാറാക്കി നിർത്തിയിരുന്നു.എന്തിനാണെന്നോ…? അവളെ അതിനുള്ളിലേക്ക് പറഞ്ഞു വിടാൻ എന്നിട്ട് അവൾ അതിനുള്ളിൽ ഒച്ച വക്കും.ആൾക്കാര് കൂടും. അവളെ ബലാത്സംഗം ചെയ്യാൻ നോക്കിയെന്ന് പറയും അതോടെ നിന്റെ രാഘവ് ചേട്ടൻ ഈ സ്കൂളിൽ നിന്ന് പുറത്താകും പക്ഷെ നീ എല്ലാം നശിപ്പിച്ചു ”
എനിക്ക് നേരെ കൈ ചൂണ്ടികൊണ്ട് പറഞ്ഞു.ഞാനാണെങ്കിൽ അപ്പോൾ കുറച്ചു നേരം എന്ത് ചെയ്യണം എന്ത് സംസാരിക്കണം എന്നറിയാതെ നിന്ന് പോയ ആ സമയത്ത്. ഇതൊക്കെ കേട്ട് പുറത്തു നിന്നിരുന്ന രാഘവ് ചേട്ടൻ ഉള്ളിലേക്ക് കയറി വന്നു.പെട്ടെന്ന് ചേട്ടൻ തന്റെ നേരെ ഓടി വന്നപ്പോൾ അമ്മയും പരിങ്ങലിയായി.
“എന്തിനാണ് ടീച്ചറെ എല്ലാവരോടും ഇത്രയും ദേഷ്യം…?”
“അതോണ്ട് നിനക്കെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ…?”
“ആകെ ഒരു ജീവിതം അല്ലേ ഉള്ളു ടീച്ചറേ…അതിങ്ങനെ ആരോടും മിണ്ടാതെ നശിപ്പിച്ചു കളയണോ…?”
“എന്റെ ജീവിതം എങ്ങനെയായാലും നിനക്ക് എന്താ….?”
അതിനു മറുപടി പറയാൻ ചേട്ടന് കഴിഞ്ഞില്ല..ഞങ്ങൾ മൂന്നു പേരുടെയും മൗനത്താൽ മുറിയിൽ നിശബ്ദത തിങ്ങി നിന്നു.പെട്ടെന്ന് അമ്മ എന്റെ അടുത്തേക്ക് തിരിഞ്ഞു.
“ഇനി നീ ഇയാളോട് സംസാരിക്കരുത് ”
ഞാൻ തിരിച്ചൊന്നും സംസാരിക്കാതെ മൗനം പാലിച്ചു.
“നിന്നോടല്ലേ പറഞ്ഞേ… നിനക്ക് ചെവി കേട്ടൂടെ…”
എവിടെ നിന്നോ വന്ന ധൗര്യത്തിൽ ഞാൻ തിരിച്ചു പറഞ്ഞു.
“ഞാൻ രാഘവ് ചേട്ടനോട് സംസാരിക്കും ഇനിയും. അതിനിപ്പോ അമ്മക്ക് എന്താ…”
പെട്ടന്നാണ് ഒരു കൈ എന്റെ നേർക്ക് വന്നത്.എന്റെ കവിളിനെ വേദനിപ്പിക്കാൻ വന്ന അമ്മയുടെ കൈകളെ രാഘവ് ചേട്ടൻ പിടിച്ചു. ആദ്യമായി ചേട്ടന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു.
“എന്തിനാണ് ടീച്ചറേ ഇവനെ ഇങ്ങനെ ദ്രോഹിക്കുന്നേ….? അവന് നിങ്ങളോട് സ്നേഹമല്ല ഭയമാണ്. ഇവൻ ജനിച്ച് ഇതുവരെ സ്നേഹത്തോടെ സംസാരിക്കുക പോയി ഒരു പ്രാവശ്യമെങ്കിലും വാത്സല്യത്തോടെ നോക്കിയിട്ടുണ്ടോ….? പാവമാണ് ഇവൻ. സ്വന്തം അമ്മ കൂടെ ഉണ്ടായിട്ടും ഒരമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിയാതെ ഉരുകുന്ന മനസ്സാണ് ഇവന്റേത്.എന്തൊക്കെ സ്നേഹം കിട്ടിയാലും ജനിപ്പിച്ച അമ്മയുടെ സ്നേഹവും വാത്സല്യം കിട്ടാതിരുന്നാൽ പിന്നെ മറ്റേത് സ്നേഹത്തിനും ഒരർത്ഥവുമില്ല.ഇവൻ എന്റെ അടുക്കൽ വന്ന് ഓരോ തവണ സങ്കടം പറയുബോഴും ഇവനിൽ കണ്ടത് എന്നെ തന്നെയാണ്.
ചെറുപ്പത്തിൽ ഞാനും അമ്മയുടെ സ്നേഹം ഒരുപാട് അനുഭവിച്ചിരുന്നു ഞാനും അമ്മയെ ഒരുപാട് ഒരു പാട് സ്നേഹിച്ചു. എനിക്ക് അമ്മയും അമ്മക്ക് ഞാനും മാത്രമേ ഉണ്ടായിരുന്നു. ഒരു ദിവസം അമ്മ എനിക്ക് ചോറ് വാരി തരായിരുന്നു.എനിക്ക് അപ്പോൾ അറിയുമായിരുന്നില്ല അത് അമ്മ വാരി തരുന്ന അവസാനത്തെ ഉരുള ചോറാണെന്ന്.അച്ഛൻ പതിവ് പോലെ കള്ളു കുടിച്ചു വന്നു.നാട്ടിലെ പേരുകേട്ട വേശ്യയോടൊപ്പം അന്ന് രാത്രി കിടക്കാൻ അച്ഛന് പൈസ വേണം പോലും.
വീടുകളിൽ തൂപ്പ് പണിക്കു പോകുന്ന അമ്മയുടെ കൈയിലെ പൈസ റേഷൻ വേടിച്ചു തീർന്നിരുന്നു. അന്ന് വേടിച്ച റേഷനിലെ ചോറ് കഞ്ഞിയാക്കി എനിക്ക് വാരി തന്നിരുന്നത്.അമ്മ എപ്പോഴെങ്കിലും ഒന്ന് സന്തോഷത്തോടെ കണ്ടിരുന്നത് എനിക്ക് കഞ്ഞി വാരി തരുമ്പോൾ മാത്രമാണ്. അമ്മയുടെ അന്നത്തെ കഷ്ടപ്പാട് മുഴുവൻ മറന്ന് അപ്പോൾ സന്തോഷിച്ചിരുന്നു.
അന്നും മുഖത്ത് സന്തോഷം നിറഞ്ഞിരുന്നു. പെട്ടനാണ് അച്ഛൻ എന്ന് പറയുന്ന ക്രൂരൻ ആ സന്തോഷം കെടുത്തി കളഞ്ഞത്.പൈസ കിട്ടാത്തത് കൊണ്ട് അമ്മയെ ആദ്യം കുറേ തല്ലി. എനിക്ക് വാരി തന്നിരുന്ന കഞ്ഞി പാത്രം എടുത്ത് അമ്മയുടെ തലക്ക് അടിച്ചു. അമ്മ വേദന കൊണ്ട് കരഞ്ഞു..അമ്മയെ ഒന്നും ചെയ്യല്ലേന്ന് പറഞ്ഞ് ഞാൻ അയാളുടെ കാല് പിടിച്ചു. അയാൾ കാല് കൊണ്ട് എന്നെ ശക്തിയായി അടിച്ചു തെറിപ്പിച്ചു. ഞാൻ വാതിക്കൽ ചെന്ന് വീണു.
