ജീവിതമാകുന്ന നൗക – 8

ഉച്ചക്ക് കഴിക്കാനായി ഏതോ ഒരു ഹോട്ടലിൽ നിർത്തി. എനിക്കും അന്നക്കും മാത്രം പാർസൽ വാങ്ങാം എന്ന് സാർ പറഞ്ഞു. എല്ലാവരും കഴിക്കാൻ പോയപ്പോൾ ഞാൻ ടോയ്‌ലെറ്റിൽ പോയി ഫ്രഷായി വന്നു. അന്ന അങ്ങനെ തന്നെ ഇരിക്കുന്നുണ്ട്. ഞാൻ ഒന്നും ചോദിക്കാനും പറയനും പോയില്ല. സാർ കൊണ്ടുവന്ന ഭക്ഷണം അവൾ കഴിച്ചിട്ടില്ല. പുള്ളി പുറത്തു പോയി രണ്ട് പാക്കറ്റ് ബിസ്ക്കറ്റ് കൊണ്ട് വന്ന് കൊടുത്തു . ബീന മിസ്സ് വേഗം ഭക്ഷണം കഴിച്ചു വന്ന ശേഷം അവളെ ഫ്രഷ് ആകാൻ ആണെന്ന് തോന്നുന്നു നിർബന്ധിച്ചു കൂട്ടിക്കൊണ്ട് പോയി.

രാവിലെ പത്തു മണിയോടെ ജീവ കൊച്ചിയിലെത്തി. അർജ്ജു ബസ്സിൽ പോരുന്നതിനാൽ കാര്യങ്ങൾ മാറി മറഞ്ഞു. സംഭവം എങ്ങനെ കൈകാര്യം ചെയ്യണം എന്നായിരുന്നു ജീവയുടെ ആലോചന.

കോബ്ര ടീം എളുപ്പത്തിൽ തന്നെ ഗുണ്ടകളെ ഇടിച്ചൊതുക്കാൻ സാധിക്കും. പക്ഷേ അർജ്ജുവിൻ്റെ ഐഡൻറിറ്റി പുറത്തറിയാൻ സാദ്യതയുണ്ട്. അതു കൊണ്ട് ജോസ് കൊണ്ടുവരുന്ന ഗുണ്ടകളെ നേരിടാൻ കൊച്ചിയിലെ ഗുണ്ടകളെ തന്നെ ഏർപ്പാടാക്കാം. അതാകുമ്പോൾ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പ്രശ്‍നമായി മാറിക്കൊള്ളും. അത് കഴിഞ്ഞിട്ട് കുരിയനെയും ജോസിനെയും വരച്ച വരയിൽ നിർത്താം.

ജീവ വേഗം തന്നെ രാഹുലിൻ്റെ ലോക്കൽ ഗാർഡിയൻ ആയിട്ടുള്ള മാധവൻ തമ്പിയെ വിളിച്ചു. കൊച്ചിയിലെ പ്രധാനപ്പെട്ട ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്ന ആളാണ് മാധവൻ തമ്പി. പോരാത്തതിന് ഒരു ത്രിശൂൽ ഇൻഫൊർമേർ കൂടി ആണ്. അങ്ങനെ പുള്ളി വഴി കൊട്ടേഷന് മറു കൊട്ടേഷൻ സെറ്റാക്കി. ജോസ് കൊണ്ടുവരുന്ന ഗുണ്ടകളെ അടിച്ചോടിക്കാൻ.

മംഗലാപുരത്തു എത്തിയപ്പോൾ രാത്രിയായി അവിടന്ന് എല്ലാവരും ഭക്ഷണം കഴിച്ചു ഇറങ്ങിയപ്പോൾ 9 മണി കഴിഞ്ഞു. അന്ന ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല. ബീന മിസ്സിൻ്റെ ഒപ്പം ടോയ്‌ലെറ്റിൽ പോയി. പിന്നെ എപ്പോഴോ അവൾ ഉറങ്ങി പോയിരുന്നു, ഞാൻ അവളെ തന്നെ നോക്കി ഇരുന്നു. അവളുടെ കാര്യം എന്താകും എന്ന് ചിന്ത എന്നെ അലട്ടി. അവളെ നോക്കിയിരുന്നു എപ്പോഴോ ഞാനും ഉറങ്ങി പോയി
പിന്നീട് എപ്പോഴോ ഞാൻ ഉണർന്നപ്പോൾ അന്ന ഉറക്കത്തിൽ നിന്ന് എഴുന്നേറ്റിരിക്കുന്നത് കണ്ടു. ബസിനകത്തു ഇരുട്ടാണെങ്കിലും റോഡിൽ നിന്നുള്ള അവളുടെ മുഖംവാഹനങ്ങളുടെ വെട്ടത്തിൽ അവളുടെ മുഖം ഇടയ്ക്കിടെ തെളിഞ്ഞു കാണാം.

വിളറി വെളുത്തിരുന്നു. കണ്ണുകളിൽ ഭയം നിഴലിക്കുന്നുണ്ട്. ബസ്സിൽ കയറാൻ നേരമുണ്ടായ ധൈര്യം ഒന്നും കാണാനില്ല. സമയം വെച്ച് നോക്കിയാൽ എത്താൻ അധികം നേരം വേണ്ട

സാർ പുള്ളിയുടെ ഫോണുമായി എൻ്റെ അടുത്തേക്ക് വന്നു. എന്നിട്ട് ഫോൺ കൈയ്യിൽ തന്നു

“ഹലോ അർജ്ജുൻ ജീവയാണ്. അർജ്ജുൻ ബസ്സിൽ നിന്നിറങ്ങണം രാഹുലിനയെയും വിളിച്ചേരെ. എറണാകുളത്ത നിങ്ങളെ കാത്തു അന്നയുടെ കൊച്ചച്ചൻ വിട്ട ഗുണ്ടകൾ നിൽക്കുന്നുണ്ട്.”

ഞാൻ സാറിനെ നോക്കി. അപ്പോഴാണ് പുള്ളി ജീവയുടെ ആളാണ് എന്ന് എനിക്ക് കത്തിയത്. ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ പുള്ളി ഡ്രൈവറിൻ്റെ അടുത്തേക്ക് പോയി. ഞാൻ അന്നയെ ഒന്ന് നോക്കി അവൾ എന്നെ നോക്കിയിരിക്കുകയാണ്. ഞാൻ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ അവൾ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.

ബസ്സ് സൈഡാക്കി ഒതുക്കി. ഡ്രൈവർ ലൈറ്റ് ഓണാക്കിയതും എല്ലാവരും ഉണർന്നു, അരുൺ സാർ എല്ലാവരോടും ഇരിക്കാൻ പറയുന്നുണ്ട്. പെട്ടന്ന് രണ്ട് വാഹനങ്ങൾ വന്ന് ബസിൻ്റെ മുൻപിലായി നിർത്തി. ഒരു ഇന്നോവ കാറും ഒരു ബെൻസ് G വാഗൺ ജീപ്പും. അന്നാ പേടിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി. ബാക്കി എല്ലാവരും എനിക്കിട്ടുള്ള പണിയാണ് എന്നാണ് വിചാരിച്ചിരിക്കുന്നത്. എല്ലാവരും പുറത്തെ വണ്ടിയിൽ നിന്ന് ഗുണ്ടകൾ ഇപ്പോൾ ഇറങ്ങുമോ എന്നാണ് നോക്കുന്നത്. രാഹുൽ ജെന്നിയുടെ അടുത്തു നിന്ന് എഴുന്നേറ്റ് വേഗം എൻ്റെ അരികിലേക്ക് വന്നു. അവൻ്റെ മുഖത്തും അന്ധാളിപ്പ് ഉണ്ട്. എങ്കിലും എല്ലാം ഒരുമിച്ചു നേരിടാൻ അവൻ കാണും

“ഡാ നീ ബാഗ് എടുക്കു നമ്മക്ക് പോകാനുള്ള കാർ ആണ്. ജീവ അയച്ചതാണ്.”

ഒന്നും മിണ്ടാതെ അവൻ ബാഗെടുക്കൻ പോയി. പോകാൻ നേരം ഞാൻ അന്നയെ ഒന്നു കൂടി നോക്കി അവൾ തിരിഞ്ഞിരിക്കുകയാണ്. എങ്കിലും ഗ്ലാസ്സിൽ അവളുടെ റിഫ്ലക്ഷൻ വ്യക്തമായി കാണാം.

കണ്ണിൽ നിന്ന് കണ്ണീർ മഴ പെയ്‌തു തുടങ്ങി. മുഖത്തു ദയനീയ ഭാവം. എനിക്കെന്തോ അവളെ ഒറ്റക്ക് വിട്ടിട്ടു പോകാൻ തോന്നിയില്ല. രണ്ടു പേരും കൂടി വീണ കുഴിയിൽ നിന്ന് ഒറ്റക്ക് രക്ഷപെടേണ്ട എന്ന് എനിക്ക് തോന്നി. ഞാൻ അവിടെ ഇരുന്നു. അരുൺ സർ വന്നതും ഞാൻ ഇപ്പോൾ ഇറങ്ങുന്നില്ല എന്ന് പറഞ്ഞു. പുള്ളി അന്നയെ ഒന്ന് നോക്കി അതോടെ പുള്ളിക്ക് കാര്യം മനസ്സിലായി.
സാർ ആരെയോ ഫോൺ ചെയുന്നുണ്ട്. വന്ന വേഗതയിൽ കാത്തു നിന്ന കാറുകൾ പോയി.

TSM കോളേജിൽ നിന്നല്പം മാറി ഒരു ട്രാവലറിൽ 8 ഗുണ്ടകൾ ടൂർ കഴിഞ്ഞു വരുന്ന ബസ്സ് കാത്തു നിൽക്കുകയാണ്. അന്നയുടെ കൊച്ചാപ്പ ജോസ് പാലായിൽ നിന്നിറക്കിയ പല്ലൻ ജെറിയുടെ നേതൃത്വത്തിൽ ഉള്ള ഗുണ്ടാ സംഘം. അർജ്ജുവിനെ വലിച്ചിറക്കി കാല് തല്ലി ഓടിക്കാൻ ആണ് പരിപാടി.

പെട്ടന്ന് മൂന്ന് വാഹനങ്ങൾ പാഞ്ഞെത്തി ട്രാവലർ വളഞ്ഞു. അതിൽ നിന്ന് ചാടി ഇറങ്ങിയവർ ആ ട്രാവലറിൻ്റെ ചില്ലൊക്കെ തല്ലി തകർത്തു. ഒപ്പം അതിനുള്ളിൽ ഉള്ളവർക്കും കിട്ടി. നിനച്ചിരിക്കാത്ത ആക്രമണം ആയതു കൊണ്ട് തല്ലാൻ വന്നവന്മാർ വാങ്ങി കൂട്ടി. പല്ലൻ ജെറി പല്ല് പോയ ജെറിയായി. എല്ലാവർക്കും പണി കൊടുത്ത ശേഷം വന്നവർ തിരിച്ചു പോയി. ജെറിയും കൂട്ടരും തകർന്ന വണ്ടിയുമായി ഹോസ്പിറ്റലിലേക്ക് പോയി. കാരണം അവന്മാരുടെ സ്ഥിതി അത്ര ദയനീയമായിരുന്നു

HMT ജംഗ്ഷനിൽ നിന്ന് ബസ്സ് തിരിഞ്ഞതും ഗുണ്ടാ സംഘത്തിന് സിഗ്നൽ കൊടുക്കാൻ നിയോഗിപ്പെട്ടവൻ അവരെ വിളിച്ചു. ആദ്യം വിളിച്ചിട്ടു കിട്ടാത്തത് കൊണ്ട് ഓരോരുത്തരെയായി മാറി മാറി വിളിച്ചു. പക്ഷേ ഫോൺ എടുക്കാൻ പറ്റുന്ന സാഹചര്യത്തിൽ അല്ലായിരുന്നു അവർ.

വെളുപ്പിനെ നാല് മണിയോടയാണ് ബസ് കോളേജിൽ എത്തിയത്. അവരെ കാത്ത് ഡയറക്ടർ മീരയും അവരുടെ ഭർത്താവും പിന്നെ അന്നയുടെ കൊച്ചാപ്പ ജോസും അയാളുടെ ഡ്രൈവറും ഉണ്ടായിരുന്നു. അന്നയെ കയ്യോടെ കൂട്ടി കൊണ്ട് വരാനാണ് വന്നിരിക്കുന്നത്.

ബസ്സ് എത്തിയതും അർജ്ജുവിനെ പണിതോ എന്നറിയാൻ അയാൾ ഗുണ്ടാ നേതാവ് പല്ലൻ ജെറിയെ വിളിച്ചു.

“ഡാ അവനെ കിട്ടിയോ?”

“അയ്യാ സാറേ അവനിട്ടല്ല ഞങ്ങൾക്കിട്ടാണ് കിട്ടിയത്.”

എന്നിട്ട് ജെറി നടന്ന കാര്യങ്ങൾ വിവരിച്ചു. അതോടെ ജോസിന് സംഭവം പാളി എന്ന് മനസ്സിലായി. ആ ചെക്കന് ഏതോ ലോക്കൽ ഗുണ്ടകളെ ഒക്കെ അറിയാം. എങ്കിലും കൃത്യമായി എങ്ങനെ മറു പണി കിട്ടി എന്നായി സംശയം. അയാൾ വേഗം തന്നെ ചേട്ടനെ വിളിച്ചു സംഭവിച്ച കാര്യങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *