ഞാൻ 22അടിപൊളി  

ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.

“ഇപ്പോൾ ആര് കൂട്ടുകൂടാൻ വന്നാലും ഒരു ഹായ്, ബൈ ബന്ധം. അതിൽ കൂടുതൽ അടുക്കാൻ ഞാൻ സമ്മതിക്കില്ല.”

“ദേവു.. നീ കല്യാണത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലേ?”

അവൾ എന്റെ തോളിലേക്ക് തല ചേർത്ത് വച്ചു.

“അങ്ങനെ ചോദിച്ചാൽ.. കല്യാണ കാര്യത്തിൽ എനിക്ക് ഒറ്റ തീരുമാനമേ ഉള്ളു.”

“എന്താ അത്?”

“എന്റെ കല്യാണത്തിന് സമയം ആയി എന്ന് നിനക്ക് തോന്നുമ്പോൾ നീ ഒരാളെ കണ്ടു പിടിക്കും അയ്യാളെ ഞാൻ കെട്ടും… അന്ന് ഹോസ്പിറ്റലിൽ നിന്നും നിന്നോടൊപ്പം വരുമ്പോഴേ ഇത് ഞാൻ തീരുമാനിച്ചതാണ്.”

“അപ്പോൾ കെട്ടുന്നവർ എങ്ങനെ ഉള്ളവനായിരിക്കണമെന്ന് നിനക്ക് ആഗ്രഹങ്ങൾ ഒന്നും ഇല്ലേ?”

“എന്റെ ആഗ്രഹത്തിനനുസരിച്ച് ഞാൻ രണ്ടു പേരെ കണ്ടു പിടിച്ചതായിരുന്നല്ലോ. എന്നിട്ടെന്താ ഉണ്ടായത്. ഇനി നിനക്ക് ഇഷ്ട്ടമുള്ള ഒരാളെ നീ കണ്ടു പിടിക്ക്. എങ്ങാനുണ്ടെന്ന് നമുക്ക് നോക്കാം.”

അവൾ അതും പറഞ്ഞ് ചിരിക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു തീ കനൽ എരിഞ്ഞ് തുടങ്ങുവായിരുന്നു. ജീവിതത്തിൽ ഒരു പെണ്ണ് അനുഭവിക്കാവുന്നതിലേറെ എന്റെ ദേവു അനുഭവിച്ചിട്ടുണ്ട്. ഇനി ഞാൻ കണ്ടെത്തുന്ന ആൾ കൂടി ഒരു തെറ്റായി മാറിയാൽ അവൾക്ക് സഹിക്കാനാകില്ല എന്ന ചിന്ത ആയിരുന്നു എന്റെ മനസ്സിൽ.

ഞാൻ ഫോണിൽ ഫോട്ടോസ് നോക്കി തുടങ്ങി.

അവൾ പെട്ടെന്ന് പറഞ്ഞു.

 

“ഫോണിലെ ക്യാമെറയിൽ എടുത്ത ഫോട്ടോസ് ഒന്നും നോക്കല്ലേ?”

“അതെന്താ?”

“ഹോസ്റ്റലിൽ റൂമിൽ നിൽക്കുന്ന കോലത്തിൽ ഓരോ ഫോട്ടോസ് എടുത്തിട്ടുണ്ട്. ഞാൻ മാത്രം ആയിരുന്നെങ്കിൽ നീ കാണുന്നതിൽ കുഴപ്പമില്ലായിരുന്നു. ഇത് കൂടെ പ്രിയയും ഉണ്ട്.”

കോട്ടയത്ത് ദേവികയുടെ കൂടെ ഹോസ്റ്റലിൽ നിൽക്കുന്ന പെണ്ണാണ് പ്രിയ. കൊല്ലത്താണ് വീട്.

ഞാൻ പിന്നെ ഫോട്ടോസ് നോക്കാൻ നിന്നില്ല. ഫോൺ അവളുടെ കൈയിലേക്ക് കൊടുത്തു.

“നീ എന്താടാ കല്യാണം കഴിക്കാത്തത്.. ഇപ്പോഴും മായയെ ഓർത്തിരിക്കുവാനോ?”

ഞാൻ ഒന്നും മിണ്ടിയില്ല.

“ഞാൻ പ്രിയയെ നിനക്ക് വേണ്ടി നോക്കട്ടെ. നമ്മളെക്കാൾ 3 വയസ് ഇളയതാണ്. ഇടയ്ക്ക് ഒരു കിളി പോയ സാധനം ആണോന്ന് തോന്നുമെങ്കിലും ആള് പാവമാണ്.”

പ്രിയയുടെ ഫോട്ടോസ് ഞാൻ കണ്ടിട്ടുള്ളതാണ്. വെളുത്ത് നല്ലൊരു സുന്ദരി പെണ്ണാണ്. എങ്കിലും ഞാൻ പറഞ്ഞു.

“നിന്റേത് ആദ്യം കഴിയട്ടെ. എന്നിട്ട് എനിക്ക് നോക്കാം.”

“എന്റെ കഴിഞ്ഞിട്ട് നിന്റെ നടത്താനിരിക്കുവാണേൽ എനിക്കൊരാളെ പെട്ടെന്ന് കണ്ടു പിടിച്ചോ.. ഞാൻ എന്തിനും റെഡി ആണ്.”

“അങ്ങനെ എനിക്ക് കല്യാണം കഴിക്കാനായി നിന്നെ പെട്ടെന്നൊന്നും അങ്ങനെ കെട്ടിച്ച് വിടുന്നില്ല.. അഭിലാഷ് ഇനിയും പിന്നാലെ വരുവാണേൽ എന്റടുത്ത് സംസാരിക്കാൻ പറഞ്ഞേക്ക്.”

ദേവു തല ചരിച്ച് എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.

“അത് വേണോടാ?”

“ഇനിയും വരുവാണേൽ നമുക്ക് ആളെങ്ങനെ ഉണ്ടെന്ന് സംസാരിച്ച് നോക്കാന്നെ”

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.

.

.

എന്റെ കൂടെ പഠിച്ച ജിനുവിന്റെ സഹോദരിയുടെ കല്യാണമാണ് നാളെ. കല്യാണത്തിന്റെ വർക്ക് എനിക്ക് തന്നെയാണ് കിട്ടിയിരിക്കുന്നത്. തലേ ദിവസം കൂടെ പഠിച്ച മിക്കപേരും വന്നിട്ടുണ്ട്. ഞാൻ കല്യാണത്തിന്റെ തിരക്കിൽ ഓടുന്നതിന്റെ ഇടയിൽ പഴയ കൂട്ടുകാരെയൊക്കെ കണ്ടു സംസാരിക്കുനുള്ള സമയം കണ്ടെത്താൻ നന്നേ പാട് പെട്ടു.

രാത്രി 9 മണി കഴിഞ്ഞപ്പോഴേക്കും എല്ലാം ഒന്ന് ഒതുങ്ങി. ആഡിറ്റോറിയത്തിൽ പാചകത്തിനുള്ള വിറകും എത്തിച്ച് ജിനുവിന്റെ വീട്ടിൽ എത്തിയപ്പോൾ മിക്കപേരും പോയിരുന്നു.

കൂടെ പഠിച്ച ഏഴ് എട്ടുപേർ മാത്രമാണ് അവിടെ ബാക്കി ഉണ്ടായിരുന്നത്. അവരാണേൽ ജിനു കൊടുത്ത കുപ്പി അടിച്ച് തീർക്കാനുള്ള തന്ത്രപ്പാടിലും.

ജോലിയൊക്കെ ഒരുവിധം ഒതുങ്ങിയതിനാൽ അവരോടൊപ്പം ടെറസിൽ ഇരുന്നു. അവർ കുടിക്കാൻ നിർബന്ധിക്കുന്നുണ്ടെങ്കിലും ഞാൻ പരമാവധി ഒഴിഞ്ഞ് മാറി. പണ്ടേ എനിക്ക് കുടിക്കുന്നതിനോട് വലിയ താല്പര്യം ഇല്ല. വല്ലപ്പോഴും കൂടി കുടിക്കും. അതും ദേവുവിനോട് പറഞ്ഞ ശേഷം മാത്രം. മാസത്തിൽ രണ്ടു തവണയേ അവൾ കുടിക്കാൻ അനുവദിക്കൂ. അവളുടെ ആ നിയന്ത്രണം ഉള്ളത് ഒരുകണക്കിന് എനിക്കും നല്ലത് തന്നെയാണ്. കാരണം മിക്ക കല്യാണ വർക്ക് കഴിയുമ്പോഴും എനിക്ക് ഒരു കുപ്പി കിട്ടുക പതിവാണ്. ദേവുവിന്റെ നിയന്ത്രണം ഉള്ളതുകൊണ്ട് ഞാൻ ആ കുപ്പികൾ കൂട്ടുകാർക്ക് കൊടുക്കുകയാണ് പതിവ്. അല്ലെങ്കിലും ചിലപ്പോൾ ഞാൻ നല്ലൊരു കുടിയനായി മാറിയേനെ.

Leave a Reply

Your email address will not be published. Required fields are marked *