ഞാൻ 12അടിപൊളി  

സാമ്പാർ കോരി വിളമ്പാനുള്ള തൊട്ടിയിലേക്ക് ഒഴിക്കുന്ന അപ്പുവിന്റെ അടുത്തേക്ക് ചെന്ന് ഞാൻ പറഞ്ഞു.

“അപ്പു.. എല്ലാം നോക്കി ചെയ്തേക്കണം, എനിക്ക് ഇടക്ക് വന്ന് ഇവിടെ ശ്രദ്ധിക്കാൻ പറ്റില്ല.”

 

കാറ്ററിങ് വരുന്ന പിള്ളേരുടെ ലീഡർ ആണ് അപ്പു. അവനാണ് കാറ്ററിങ്ങിനുള്ള പിള്ളേരെ സെറ്റ് ചെയ്തുകൊണ്ട് വരുന്നത്.

എന്റെ കല്യാണ വർക്കുകൾക്ക് സ്ഥിരമായി വിളമ്പുന്നത് അപ്പുവും അവന്റെ ടീമും ആണ്.

“ചേട്ടൻ ദൈര്യമായിട്ട് പൊയ്ക്കോ.. ഇതൊരു 60 , 70 പേർക്കുള്ള സദ്യ അല്ലെ?.. നമ്മളൊക്കെ 1500 , 2000 പേർക്കുള്ള വർക്ക് ചെയ്തുട്ടുള്ളതല്ലേ.”

ഞാൻ ഒരു ചിരിയോടെ ചോദിച്ചു.

“പിന്നെ വേറെ കുഴപ്പം ഒന്നും ഇല്ലാല്ലേ ഇവിടിപ്പോൾ?”

“രണ്ടു കിളവന്മാർ ഇടക്കിടക്ക് കൊട്ടേഷൻ അടിയുമായി വരുന്നുണ്ട്. അവരോടു പിള്ളേർ കേറി ചൊറിയുമോ എന്നെ എനിക്ക് ഡൌട്ട് ഉള്ളു.”

അപ്പു പറഞ്ഞപ്പോഴേ എനിക്ക് ആളുകളെ മനസിലായി.

“ദേവുവിന്റെ രണ്ടു അമ്മാവന്മാർ ആണ് അത്. നീ പിള്ളേരോട് ഒരു മയത്തിൽ നില്ക്കാൻ പറ. ഉടക്കുണ്ടാക്കാൻ എന്തെങ്കിലും കാരണം നോക്കി നടക്കുവായിരിക്കും രണ്ടും.

ഞാൻ അവിടെ നിന്നും മണ്ഡപത്തിലേക്ക് നടക്കുമ്പോഴാണ് പന്തലിന്റെ ഒരു മൂലയിൽ ഇരിക്കുന്ന അഞ്ജലിയെ കണ്ടത്. അവൾ എന്നെയും ഇതിനകം കണ്ടിരുന്നു.

ഞാൻ നേരെ അവളുടെ അടുത്തേക്ക് നടന്നു.

“നീ വരില്ലെന്ന് പറഞ്ഞിട്ട്?”

ചുരിദാറാണ് അഞ്ജുവിന്റെ വേഷം.. ശകലം തടിച്ചിട്ടുണ്ടവൾ.

“കല്യാണത്തിന് വന്നില്ലെങ്കിൽ പിന്നെ മിണ്ടില്ലെന്നും പറഞ്ഞ് ദേവു പിണങ്ങി. അങ്ങനെ പിന്നെ കൊച്ചിനെ അമ്മയെ ഏൽപ്പിച്ച് വന്നതാണ്.”

“ഇവിടെ വന്നിട്ട് കട്ട പോസ്റ്റ് ആയല്ലേ?”

അവൾ നിരാശയോടെ പറഞ്ഞു.

“ആടാ.. പരിചയം ഉള്ള ആരും ഇല്ല.”

“ദേവു ആരെയും അങ്ങനെ വിളിച്ചില്ലടി. അവൾക്ക് ഏറ്റവും അടുപ്പം ഉള്ളവരെ വിളിച്ചുള്ളൂ… നീ അങ്ങ് തടിച്ചല്ലോടി.”

“പ്രസവം കഴിഞ്ഞപ്പോൾ ഇതിനും തടി ഉണ്ടായിരുന്നു. ഞാൻ ഇപ്പോൾ കുറച്ച് കൊണ്ട് വരുകയാണ്.”

 

ഞാൻ ഒന്ന് പുഞ്ചിരിച്ചു.

അവൾ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

“നിന്നെപ്പോലൊരു കൂട്ടുകാരനെ കിട്ടിയത്ത് ദേവുവിന്റെ ഭാഗ്യമാണ്. നീ കൂടി അവൾക്കൊപ്പം ഇല്ലായിരുന്നു എങ്കിൽ അവളിന്ന് ജീവനോടെ ഉണ്ടാകുമോ എന്ന് പോലും എനിക്ക് സംശയമാണ്.”

ഞങ്ങൾക്കിടയിൽ ഉണ്ടായ കാര്യങ്ങളെല്ലാം അഞ്ജലിക്ക് അറിയാവുന്നതാണ്.

“എത്രയൊക്കെ അടികൂടിയാലും പിണങ്ങിയാലും എനിക്ക് അവളെ അങ്ങനങ്ങു തള്ളിക്കളയാൻ പറ്റുമോ?”

“അവൾക്ക് നീയും അങ്ങനെ തന്നെ ആയിരുന്നു.”

അപ്പോഴാണ് അച്ഛൻ മണ്ഡപത്തിൽ നിന്നും എന്നെ കൈ കാണിച്ച്‌ വിളിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.

“അച്ഛൻ വിളിക്കുന്നു.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ.”

“ശരി ഡാ.”

പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം അവൾ ചോദിച്ചു.

“നിന്റെ കൈ ഇപ്പോൾ എങ്ങനുണ്ട്.”

“കുഴപ്പം ഇല്ല.. ഉണങ്ങി തുടങ്ങിയിട്ടുണ്ട്.

ഞാൻ കല്യാണ മണ്ഡപത്തിലേക്ക് നടന്നു.

കുറച്ച് സമയത്തിനുള്ളിൽ തന്നെ കല്യാണത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു.

ആദ്യം അഭിലാഷ് എല്ലാരുടെയും അനുഗ്രഹം വാങ്ങി കല്യാണ മണ്ഡപത്തിലേക്ക് കയറി ഇരുന്നു. പിന്നാലെ ദേവു അവിടേക്ക് വന്നു.

എന്റെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷം മണ്ഡപത്തിലേക്ക് കയറുന്നതിനു മുൻപായി അവൾ എന്നെ ഒന്ന് നോക്കി.

ഒരു ചുവന്ന പട്ടു സാരി ആണ് ദേവു ഉടുത്തിരുന്നത്.കൈയിലും കഴുത്തിലുമൊക്കെയായി ഒരുപാട് സ്വർണാഭരണങ്ങൾ ഉണ്ട്. എല്ലാം ദേവുവിന്റെ അമ്മ അവൾക്കായി കരുതി വച്ചിരുന്നത് തന്നെയാണ്.മുടിയിൽ ഒരുപാട് മുല്ലപ്പൂ ചൂടിയിട്ടുണ്ട്. മുഖത്ത് ഒരുപാട് മേക്കപ്പ് ഒന്നും ഇല്ല.

എന്നെ നോക്കിയാ അവൾക്ക് ഞാൻ മനസ് നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു.

മണ്ഡപത്തിലേക്ക് കയറാനായി എന്നോട് ചോദിച്ച സമ്മതമാണ് ആ നോട്ടമെന്ന് എനിക്കറിയാം.

ദേവു മണ്ഡപത്തിൽ കയറി അഭിലാഷിനരികിലായി ഇരുന്നു.

കുറച്ച് ചടങ്ങുകൾക്ക് ശേഷം അഭിലാഷ് ദേവുവിന്റെ കഴുത്തിൽ താലി ചാർത്തിയതോടെ എന്റെ ദേവു അഭിലാഷിന്റെ ഭാര്യയായി മാറി. എന്റെ കൈയിൽ ഇരുന്ന പൂ അവർക്ക് നേരെ വിതറുമ്പോൾ..

 

അവളുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്തകൾ എന്റെ മനസിന് എന്നും ഒരു വേദന തന്നെ ആയിരുന്നു. ആ വേദനകൾക്കൊക്കെ തൽക്കാലത്തേക്ക് ഒരു ശമനം ഉണ്ടായത് പോലെ.

എനിക്കിനി മണ്ഡപത്തിൽ വലിയ റോൾ ഒന്നും ഇല്ല. ഞാൻ പതുക്കെ സദ്യാലയത്തിലേക്ക് നീങ്ങി.അവിടെ ചെല്ലുമ്പോൾ ഊണ് വിളമ്പി തുടങ്ങിയിരുന്നു.

പെണ്ണും ചെറുക്കനും അടുത്ത പന്തിയിൽ ആണ് ഇരിക്കുന്നത്. ഞാൻ പാചകപ്പുരയിൽ ഒരു ഒഴിഞ്ഞ കസേരയിൽ പോയി ഇരുന്നു.

താലികെട്ട് കഴിഞ്ഞപ്പോൾ മുതൽ എന്തോ ഒരു ഭാരം മനസ്സിൽ നിന്നും ഇറക്കി വച്ചത് പോലെ. സത്യത്തിൽ ഈ കല്യാണം എന്തെങ്കിലും കാരണം കൊണ്ട് മുടങ്ങുമെന്ന്‌ ഞാൻ ഭയപ്പെട്ടിരുന്നുവോ?”

കൊറോണ കാരണം ആദ്യം നിശ്ചയിച്ച കല്യാണ ഡേറ്റിൽ വിവാഹം നടക്കാതെ വന്നപ്പോഴേ മനസ്സിൽ എന്തൊക്കെയോ ആകുലതകൾ കടന്നു കൂടിയിരുന്നു. കല്യാണത്തെ കുറിച്ചേ ചിന്തിക്കാതിരുന്ന ദേവു ഇപ്പോൾ ഒരു വൈവാഹിക ജീവിതത്തിനു മനസ് പാകപ്പെടുത്തിയിരിക്കുകയാണ്. വീണ്ടും എന്തെങ്കിലും കാരണത്താൽ കല്യാണം മുടങ്ങുകയാണെകിൽ ചിലപ്പോൾ അവൾക്ക് താങ്ങാൻ കഴിയില്ല എന്ന ചിന്ത ആയിരുന്നു മനസ് നിറയെ.

എന്തായാലും ഈ നിമിഷം വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു.

ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുൻപായി ഞാനും ദേവുവും മാത്രമായി കുറച്ച് നേരം തനിച്ചിരുന്നായിരുന്നു. അവളുടെ വീടിന്റെ പടിയിൽ.ഇനി എന്നാണ് അങ്ങനെ ഒന്ന് ഇരിക്കാൻ കഴിയുക എന്ന് അറിയില്ലല്ലോ.

ആ സമയം എന്റെ തോളിലേക്ക് തല ചേർത്ത് ദേവു ചോദിച്ചു.

“അങ്ങനെ എന്നെ കൊണ്ടുള്ള ഭാരം നാളത്തോടെ നിനക്ക് തീരുവാണല്ലേ?”

“നീ എനിക്ക് ഒരു ഭാരമായിരുന്നോ ദേവൂ?”

“എന്റെ ഭാഗത്ത് നിന്നും നോക്കിയാൽ അങ്ങനെ ആണ് തോന്നുക. നിന്റെ വാക്കുകൾ കേൾക്കാതെ നിന്നെ വിഷമിപ്പിച്ച്‌ അവസാനം ആരോരും ഇല്ലാതെ നിനക്ക് തന്നെ എന്നെ ഏറ്റെടുക്കേണ്ടി വന്നില്ലേ?”

അത് പറഞ്ഞ് കഴിഞ്ഞപ്പോൾ അവളുടെ തൊണ്ട ഇടറിയാൽ എനിക്കറിയാൻ കഴിഞ്ഞു.

“ദേവൂ.. നീ എനിക്ക് ഒരിക്കലും എനിക്ക് ഒരു ഭാരം ആയിരുന്നില്ല. നമ്മൾ പരിചയപ്പെട്ട കാലം തൊട്ടേ നമ്മളെ തമ്മിൽ അടുപ്പിച്ച് നിർത്തുന്ന എന്തോ ഒരു ബന്ധം നമുക്കിടയിൽ ഉണ്ട്. നാളെ നീ അഭിലാഷിനൊപ്പം പോയാലും നീ എനിക്കെന്റെ പഴയ ദേവൂ തന്നെ ആയിരിക്കും.

എന്റെ മുറിവുള്ള കൈ അവളുടെ മടിയിലേക്ക് എടുത്ത് വച്ചുകൊണ്ടു ദേവു ചോദിച്ചു.

 

“നീ പറ്റുമ്പോഴൊക്കെ എന്നെ കാണാൻ വരില്ലേടാ?”

“ഞാൻ വരാതിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”

1 Comment

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *