ഞാൻ 12അടിപൊളി  

“എനിക്കും അതാണ് ആഗ്രഹം. അതുകൊണ്ടാണ് അഭിലാഷിന്റെ ഡീറ്റെയിൽസ് ചോദിക്കുന്നതിനു മുൻപ് ഈ കാര്യങ്ങളൊക്കെ ഞാൻ തുറന്ന് പറഞ്ഞത്… അവളുടെ ജീവിതത്തിൽ ഉണ്ടായതൊക്കെ ദേവു പറഞ്ഞ് അറിയാമായിരിക്കുമല്ലോ?.. ഇനി ഒരു ദുരന്തം കൂടി ഉണ്ടാകാൻ ഞാനോ അവളോ ആലോചിക്കുന്നില്ല. അതുകൊണ്ട് അവളെ കണ്ടത് കൊണ്ട് തോന്നിയ ആകർഷണത്തിന്റെ പുറത്ത് മാത്രം ആകരുത് ഇങ്ങനെ ഒരു ആലോചന.. എല്ലാം നല്ലത് പോലെ ചിന്തിക്കണം.”

അഭിലാഷ് ഒന്ന് ചിരിച്ചു.

“എനിക്ക് അവളോട് ഒരു താല്പര്യം ഉണ്ടെന്ന് ദേവുവിന് തോന്നിയപ്പോൾ തന്നെ അവൾ എന്നോട് പറഞ്ഞിരുന്നു അവൾക്ക് ഇനി ഒരിക്കൽ കൂടി കരയാൻ വയ്യെന്ന്… അതിനു ശേഷം മാസങ്ങൾ എടുത്തു ഞാൻ അവളോട് കല്യാണത്തെ കുറിച്ച് സംസാരിക്കാൻ. ഈ കാലമത്രയെയും ഞാൻ ഇതിനെക്കുറിച്ച് നല്ലപോലെ ആലോചിക്കുക തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഒരു സുപ്രഭാതത്തിൽ തോന്നിയ തോന്നലിന്റെ പുറത്തല്ല ഞാൻ ഇപ്പോൾ തന്റെ മുന്നിൽ ഇരിക്കുന്നത്.”

ഒരു നിമിഷം നിർത്തിയ ശേഷം അഭിലാഷ് തുടർന്നു.

“കോട്ടയത്ത് ദേവു വന്ന നാൾ തൊട്ട് ഞാൻ അവളെ ശ്രദ്ധിക്കുകയാണ്. ഒരു പരുതിയിൽ കൂടുതൽ അടുപ്പത്തിൽ അവൾ ഒരു ആണിനോടുപോലും സംസാരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. ദേവു അവളുടെ കഴിഞ്ഞുപോയ ജീവിതത്തെ കുറിച്ച് പറയുമ്പോഴാണ് ഞാൻ അതിന്റെ കാരണം മനസിലാക്കുന്നത്… പിന്നെ താനും ദേവുവും തമ്മിലുള്ള ബന്ധം.. “

അഭിലാഷ് എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം പറഞ്ഞു.

“നിങ്ങളെക്കുറിച്ചും ഞാൻ അന്വേഷിച്ചിട്ടുണ്ടെന്ന് കരുതിക്കോ…

നാട്ടുകാരോടല്ല, മറ്റു ചിലരോട്.. അപ്പോൾ പറയാനുള്ളത് എല്ലാം പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് മറ്റു കാര്യങ്ങളിലേക്ക് കടക്കാം?”

ഞാൻ ഒരു ചിരിയോടെ ചോദിച്ചു.

“അഭിലാഷിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്.”

“അച്ഛൻ 3 വർഷം മുൻപ് മരിച്ചു. ഇപ്പോൾ അമ്മ ആണ് ഒപ്പം ഉള്ളത്. അനിയത്തി ആതിര.. അവളുടെ കല്യാണം കഴിഞ്ഞു.”

“ദേവുവിന് ഇപ്പോൾ പറയത്തക്ക ബന്ധുക്കളൊന്നും ഇല്ല. അവളുടെ അമ്മയ്ക്ക് സഹോദരങ്ങളൊന്നും ഇല്ലായിരുന്നു. പിന്നെ അച്ഛൻ കൂട്ടത്തിൽ ഉള്ളവർ പണ്ടേ എന്തോ സ്വത്ത് തർക്കത്തിന്റെ പേരിൽ ഇവരുമായി അകൽച്ചയിൽ ആയതാണ്.”

അഭിലാഷ് ഒന്ന് മൂളി.

“അഭിലാഷിന്റെ വീട്ടിൽ ഈ കല്യാണത്തിന് സമ്മതമാണോ? ഒരു രണ്ടാം കല്യാണം അല്ലെ അവളുടേത്?”

“വീട്ടിൽ കുഴപ്പമൊന്നും ഇല്ല. ആദ്യ കല്യാണത്തിൽ സംഭവിച്ചതൊക്കെ ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്… ഗ്രഹനില തമ്മിൽ ചേരണമെന്ന് മാത്രമാണ് അമ്മയുടെ ഒരേയൊരു ആവിശ്യം.”

“ഗ്രഹനില ഞാൻ വീട്ടിൽ ചെന്നിട്ട് വാട്ട്സ്അപ്പ് ചെയ്തേക്കാം.”

അഭിലാഷ് പോക്കെറ്റിൽ നിന്നും ഒരു പേപ്പർ എടുത്ത് എന്റെ നേരെ നീട്ടി.

“എന്റെ ഗ്രഹനില ഞാൻ കൊണ്ട് വന്നിട്ടുണ്ട്. നിങ്ങളും ഒന്ന് നോക്കിയേക്ക്.”

കുറച്ച് നേരം കൂടി ഞാനും അഭിലാഷും സംസാരിച്ച് ഇരുന്നപ്പോൾ ദേവു ഡ്രെസ്സും വാങ്ങി അവിടേക്ക് തിരിച്ച് വന്നു.

അഭിലാഷിനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് കാറിൽ പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.

“ഞങ്ങൾ സംസാരിച്ചതിന് കുറിച്ച് എന്താ നീ ഒന്നും ചോദിക്കാത്തത്.”

അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.

“നിങ്ങൾ എന്താ സംസാരിച്ചിരിക്കുക എന്ന് എനിക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളു… നിനക്ക് സംസാരിച്ചിട്ട് എന്ത് തോന്നുന്നു?”

“സംസാരിച്ചിട്ട് കുഴപ്പമൊന്നുമില്ല.. ആളെ കുറിച്ച് നിനക്ക് എന്താ അഭിപ്രായം.”

“അങ്ങനെ ചോദിച്ചാൽ… എനിക്കാറില്ലടാ… ആളുകളെ മനസിലാക്കുന്ന കാര്യത്തിൽ ഞാൻ ഒരു പരാജയം ആണ്.”

“നിനക്ക് ഈ ബന്ധത്തിൽ താല്പര്യം ഉണ്ടോ?”

അവൾ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു.

“നിനക്ക് എന്ത് തോന്നുന്നു എന്ന് വച്ചാൽ ചെയ്തോ. എനിക്കെന്തിനും സമ്മതം ആണ്.”

ഞാൻ കാർ റോഡ് സൈഡിലേക്ക് ഒതുക്കി.

 

“ദേവു.. നീ ആണ് കല്യാണം കഴിക്കുന്നത്.. എനിക്ക് നിന്റെ മനസാണ് അറിയേണ്ടത്.”

അവൾ ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കി ഇരുന്നു പറഞ്ഞു.

“സത്യം പറഞ്ഞാൽ എനിക്ക് ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പേടിയാടാ ഇപ്പോൾ.”

“എന്നായാലും ഒരു കല്യാണം വേണ്ടേ ദേവു?”

“ഡാ, ഞാൻ ഇപ്പോൾ എന്താടാ പറയുക.”

“നിനക്ക് പുള്ളിക്കാരൻ കുറിച്ച് മനസ്സിൽ ഒരു അഭിപ്രായം ഉണ്ടായിരിക്കുമല്ലോ. അതെന്താണ് പറ.”

അവൾ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.

“എന്നോടും മറ്റുള്ളവരോടും അഭിലാഷേട്ടൻ ഇതുവരെ മോശമായി പെരുമാറി ഞാൻ കണ്ടിട്ടില്ല. നല്ല സ്വഭാവം ആണെന്ന് തോന്നുന്നു.”

“അപ്പോൾ ആളെ കുറിച്ച് നിനക്ക് നല്ല അഭിപ്രായം ആണ്. ഞാനും തിരക്കാം.. നല്ല ബന്ധം ആണെങ്കിൽ നമുക്കിത് നടത്താടി.”

“നിനക്ക് നല്ലതാണെന്ന് തോന്നിയാൽ എനിക്കും കുഴപ്പം ഇല്ല.”

“അപ്പോൾ നമുക്ക് ഇത് ഇന്ന് തന്നെ വീട്ടിൽ അവതരിപ്പിക്കാം.”

അവൾ സമ്മതം എന്ന രീതിയിൽ പുഞ്ചിരിയോടെ തലയാട്ടി.

വീട്ടിൽ എത്തിയ ഞങ്ങൾ അച്ഛനോട് ഇതേപ്പറ്റി സംസാരിച്ചു.

പിന്നെ കാര്യങ്ങളൊക്കെ നല്ല വേഗതയിൽ ആയിരുന്നു.

രണ്ടു കൂട്ടരും ഗ്രഹനില നോക്കിയപ്പോൾ നല്ല ചേർച്ച ഉണ്ട്. തുടർന്ന് ഞാൻ അഭിലാഷിനെ കുറിച്ച് അവന്റെ നാട്ടിൽ തിരക്കി. ആർക്കും മോശമായ അഭിപ്രായം ഒന്നും ഇല്ലായിരുന്നു. ഒരു ഇടത്തരം കുടുംബം ആയിരുന്നു. ദേവുവിനും അഭിലാഷിനും ജോലി ഉള്ളതുകൊണ്ട് വലിയ കുഴപ്പമില്ലെന്ന് ഞാൻ കണക്ക് കൂട്ടി.

ദേവുവിന്റെ കാര്യങ്ങളൊക്കെ ഇടക്കൊക്കെ വന്ന് തിരക്കാറുള്ള അവളുടെ ഒരു മാമൻ ഉണ്ടായിരുന്നു. അവളുടെ അമ്മയുടെ വകയിലുള്ള ഒരു സഹോദരൻ ആയിരുന്നു ആ മാമൻ. അദ്ദേഹം മാത്രമായിരുന്നു അമ്മ മരിച്ച ശേഷവും അവളെ വന്ന് കാണാറും വിവരങ്ങൾ അന്വേഷിക്കാരും ഉണ്ടായിരുന്നത്.

അഭിലാഷിന്റെ വീട്ടിൽ ഉള്ളവർ ദേവുവിനെ കാണാൻ വന്നപ്പോഴും ഇവിടന്ന് അഭിലാഷിന്റെ വീട്ടിലേക്ക് പോയപ്പോഴും ആ മാമൻ മാത്രമാണ് എനിക്കും അച്ഛനും ഒപ്പം കൂടെ ഉണ്ടായിരുന്നത്. എല്ലാർക്കും പരസ്പരം ഇഷ്ട്ടപെട്ട് ഏപ്രിൽ 26 നു കല്യാണം ഉറപ്പിക്കുകയും ചെയ്തു. ഇതെല്ലം ഒരു മാസത്തിനകം നടന്ന കാര്യങ്ങളായിരുന്നു.

കാര്യങ്ങളെല്ലാം നല്ല രീതിയിൽ സന്തോഷകരമായ രീതിയിൽ മുന്നോട്ട് പോകുന്നതിനിടയിൽ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. കൊറോണയുടെ രൂപത്തിൽ.

 

ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ കല്യാണത്തിന്റെ കാര്യം അനിശ്ചിതത്തിൽ ആയി. കല്യാണത്തിന്റെ തീയതി അടുത്ത് വന്നിട്ടും ലോക്ക്ഡൌൺ പിൻവലിക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല. അവസാനം കല്യാണം നീട്ടി വയ്ക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ദേവുവിന്റെ ഓഫീസും അടച്ചു. അതോടുകൂടി അവൾ എന്റെ വീട്ടിൽ ആയി താമസം. അവളെ എന്റെ വീട്ടിൽ നിർത്തുന്നതിനെക്കുറിച്ച് അച്ഛൻ തന്നെയാണ് അഭിലാഷിനോട് വിളിച്ച് സംസാരിച്ചത്. നിശ്ചയം കഴിഞ്ഞതിനാൽ ഇത്രേം ദിവസം ദേവു ഞങ്ങളുടെ വീട്ടിൽ നിൽക്കുന്നതിനെ കുറിച്ച് അഭിലാഷിനോട് ചോദിക്കണമെന്ന് അച്ഛൻ പറഞ്ഞപ്പോൾ അതാണ് നല്ലതെന്ന് എനിക്കും തോന്നിയിരുന്നു.

1 Comment

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *