ഞാൻ 22അടിപൊളി  

എന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഞാൻ ഉള്ളപ്പോൾ ദേവു ഒറ്റക്കാകില്ലെന്ന് അമ്മ മരിക്കുമ്പോഴും കരുതിയിട്ടുണ്ടാകും എന്ന്.

ദേവു അവളുടെ കണ്ണ് തുടച്ച ശേഷം ഒരു ചെറു ചിരിയോടെ പറഞ്ഞു.

“ഒരിക്കൽ അടുക്കളയിൽ ഓരോന്ന് ചെയ്തുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ ഞാൻ അമ്മയോട് തമാശയായി പറഞ്ഞു ഒരിക്കൽ ഞാൻ ഇന്ത്യ മൊത്തം യാത്ര ചെയ്യുമെന്ന്. അതുകേട്ട അമ്മ എന്നോട് തിരിച്ച് ചോദിച്ചത് ഞാൻ കൂട്ടിന് നിന്നെയാണോ കൊണ്ട് പോകുന്നതെന്നാണ്… അമ്മയ്ക്ക് നിന്നെ ഒടുക്കത്തെ വിശ്വാസം ആണല്ലോടാ.”

അവളുടെ മുടിയിൽ കൂടി എന്റെ വിരലുകളോടി.

“ദേവു.. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”

അവൾ ജിജ്ഞാസയോടെ എന്നെ നോക്കി.

“ഞാൻ എപ്പോഴാ നിന്നെ ഏറ്റവും അധികം വേദനിപ്പിച്ചത്.”

ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.

 

“നീ എന്നെ അത്രയധികം വേദനിപ്പിച്ചത് വാക്കുകൾ കൊണ്ടൊന്നും അല്ലായിരുന്നു. ഒരു നോട്ടം കൊണ്ട് മാത്രം ആയിരുന്നു.”

അവൾ എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല.

“മായ മരിച്ച അന്ന് ഞാൻ മരണ വീട്ടിൽ വന്നപ്പോൾ നീ അവളുടെ ബോഡിയുടെ അരികിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എന്നെ തല ഉയർത്തി എന്നെ ഒന്ന് നോക്കി. ഒരു നിമിഷം മാത്രം ഉണ്ടായിരുന്ന ഒരു നോട്ടം. ആ നോട്ടത്തിൽ ഉണ്ടായിരുന്നത് എന്നോടുള്ള ദേഷ്യമാണോ, വെറുപ്പാണോ, പകയാണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. എനിക്കപ്പോൾ ഓടി വന്ന് നിന്നെ കെട്ടിപ്പിടിക്കണമെന്ന് ഉണ്ടായിരുന്നു.. കാലിൽ വീണ് മാപ്പ് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്കൊന്നിനും കഴിയുമായിരുന്നില്ല. കാരണം എല്ലാം എന്റെ തെറ്റ് തന്നെ ആയിരുന്നു… എന്റെ ഓരോ വീഴ്ചയിലും താങ്ങായി നിന്ന നിനക്ക് അത്തരം ഒരു അവസ്ഥ ഉണ്ടായപ്പോൾ മാസങ്ങൾ മാത്രം പരിചയമുള്ള ഒരുത്തനു വേണ്ടി ഞാൻ…”

ദേവു വാക്കുകൾ പൂർത്തിയാക്കാതെ പെട്ടെന്ന് പൊട്ടിക്കരഞ്ഞു.

ഞാൻ പെട്ടെന്ന് എന്റെ തോളിലേക്കമർന്ന അവളുടെ മുഖം പിടിച്ചുയർത്തി.

“ഏയ്.. എന്താ ദേവു ഇത്. എന്തിനാ ഇപ്പോൾ കരയുന്നെ.. അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ. ഇപ്പോൾ എന്റെ പഴയ ദേവു ആയി നീ എന്നോടൊപ്പം തന്നെ ഇല്ലേ?”

അവൾ എന്നിട്ടും ഏങ്ങിയേങ്ങി കരയുകയായിരുന്നു.

“നീ കുറച്ച് മുൻപ് എനിക്ക് വാക്ക് തന്നതാണ് ഇനി എന്നെ വിഷമിപ്പിക്കുന്ന ഒന്നും ചെയ്യില്ലെന്ന്.. നീ കരയുന്നതാണ് എന്നെ ഏറ്റവും അധികം വിഷമിപ്പിക്കുന്നെ.”

അതുകേട്ട ദേവു എന്റെ തോളിൽ മുഖം അമർത്തി അവളുടെ കണ്ണുനീർ തുടച്ചു. എന്നിട്ട് അവളുടെ ഫോൺ എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു.

“ഞാൻ മുഖം കഴുകിയിട്ട് വരാം.”

അവൾ അകത്തേക്ക് പോയപ്പോൾ ഫോൺ വൈബ്രേറ്റ് ചെയ്തു. ആരെങ്കിലും മെസ്സേജ് അയച്ചതാകും എന്ന് മനസിലായി. പവർ ബട്ടൺ ഞെക്കിയപ്പോൾ സ്‌ക്രീനിന്ന് ദേവുവും അവളുടെ അമ്മയും കൂടി നിൽക്കുന്ന ഒരു ഫോട്ടോ. മുകളിൽ വാട്ട്സ്അപ്പ് നോട്ടിഫിക്കേഷൻ കിടപ്പുണ്ട്.

ഫിംഗർപ്രിന്റ് ലോക്ക് ആണ് ദേവുവിന്റെ ഫോൺ. എന്റെ ഫിംഗർപ്രിന്റും അവൾ ആഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ലോക്ക് എടുത്തു. സ്‌ക്രീനിൽ വോൾപേപ്പർ ആയി ദേവു എന്റെ തോളിൽ തല ചാരി ഇരിക്കുന്ന ഒരു ഫോട്ടോ തെളിഞ്ഞു. ഈ പടിയിൽ ഇരുന്ന് തന്നെ ഞങ്ങൾ ഒരിക്കൽ എടുത്ത ഒരു ഫോട്ടോ ആയിരുന്നു അത്.

വാട്ട്സ്അപ്പ് ഓപ്പൺ ചെയ്തപ്പോൾ കുറച്ച് പേർ ബർത്ത്ഡേ വിഷസ് അയച്ചേക്കുന്നു. അഞ്ജലിയും അയച്ചിട്ടുണ്ട്. അപ്പോൾ എനിക്കും അവൾ അയച്ചിട്ടുണ്ടാകും. ഫോൺ സൈലന്റ് ചെയ്ത് അകത്ത് സോഫയിൽ കിടക്കയാണ്. അഞ്ജലിയുമായുള്ള സൗഹൃദം ഞാൻ ഇപ്പോഴും തുടരുന്നുണ്ട്.

 

പെട്ടെന്ന് ഒരു നനുത്ത കൈ എന്റെ തോളിൽ പതിഞ്ഞു. അത് ദേവു ആണെന്ന് അറിയാവുന്നതിനാൽ കളിയാക്കികൊണ്ട് ചോദിച്ചു.

“കരഞ്ഞു തീർന്നോ മാഡം?”

തോളിൽ കൂർത്ത നഖം കുത്തികൊണ്ട് അവൾ പറഞ്ഞു.

“പെട്ടെന്ന് മനസ് കൈ വിട്ടു പോയി.”

കാലുകൾ രണ്ടും എന്റെ ഇരുവശത്തും വച്ച്എന്റെ പിന്നിൽ പടിയിൽ ഇരുന്ന ശേഷം താടിയെല്ല് എന്റെ തോളിൽ അമർത്തി ഫോണിലേക്ക് നോക്കികൊണ്ട്‌ അവൾ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *