ഞാൻ 5അടിപൊളി  

കഴിച്ച് കഴിഞ്ഞ് ഞങ്ങൾ ഹോട്ടലിൽ നിന്നും ഇറങ്ങി. ഫുഡിന്റെ പൈസ അവളാണ് കൊടുത്തത്. അല്ലെങ്കിലും അതാണ് പതിവ്, ഹോട്ടലിൽ കഴിക്കാൻ കയറിയാൽ ബിൽ അവൾ കൊടുത്തോളും.

ബൈക്കിൽ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ പ്രതീക്ഷിക്കാതെ ഒരു ചോദ്യം അവളിൽ നിന്നും എത്തി.

“എന്താടാ നീ കല്യാണത്തെ കുറിച്ച് ചിന്തിക്കാത്തെ?”

എന്നിൽ നിന്നും ഒരു ഉത്തരം പ്രതീക്ഷിച്ചിട്ടെന്നവണ്ണം അവൾ എന്റെ തോളിലേക്ക് തല ചേർത്തു.

“ആദ്യം നിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകട്ടെ. എന്നിട്ടാകാം എന്റെ.”

മനസ്സിൽ മായയുടെ രൂപമാണ് തെളിഞ്ഞ് വന്നതെങ്കിലും എന്തുകൊണ്ടോ അങ്ങനെ ഒരു ഉത്തരം നൽകാനാണ് എനിക്ക് തോന്നിയത്.

“ഞാൻ ഇങ്ങനെ നിൽക്കുന്നത് ആണ് നിനക്ക് പ്രശ്നമെങ്കിൽ എനിക്കൊരാളെ കണ്ടു പിടിച്ച് തന്നോ. ഞാൻ കെട്ടിക്കൊള്ളാം.”

സത്യത്തിൽ ഞാൻ ദേവികയുടെ കല്യാണത്തെ കുറച്ച് നാളായി ചിന്തിക്കുന്നുണ്ടായിരുന്നു. പക്ഷെ മനസിനുള്ളിൽ അപ്പോഴെല്ലാം ഒരു ഭയമാണ്. അവളുടെ ജീവിതത്തിൽ കടന്നു വന്നവരെല്ലാം അവളെ ചതിച്ചിട്ടേ ഉള്ളു. ഇനി ഒരു വേദന കൂടി സഹിക്കാൻ അവൾക്കായെന്ന് വരില്ല. അതുകൊണ്ട് തന്നെ ഇനി ഒരാളെ അവൾക്കായി കണ്ടെത്തുമ്പോൾ അത്രയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

വിഷയം മാറ്റാനായി ഞാൻ സ്വരമൊന്നു കടിപ്പിച്ച് പറഞ്ഞു.

“നമുക്ക് അതിനെക്കുറിച്ച് പിന്നെ സംസാരിക്കാം.”

എന്റെ കല്യാണത്തെക്കുറിച്ച് സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല എന്ന് വിചാരിച്ചിട്ടാകും അവൾ പിന്നെ ഒന്നും മിണ്ടിയില്ല.

വീട് എത്തുന്നത് വരെയും മായയുടെ രൂപം മാത്രമായിരുന്നു മനസ്സിൽ നിറയെ. എന്നെ മനസിലാക്കി എനിക്കായി മാത്രം കാത്തിരുന്ന പെണ്ണ്. അവളെയൊന്നു സ്നേഹിച്ച് തുടങ്ങിയപ്പോഴേക്കും ദൈവം ഒറ്റ നിമിഷം കൊണ്ട് എല്ലാം ഇല്ലാതാക്കി കളഞ്ഞു.

എന്താണെന്നറിയില്ല.. എല്ലായിപ്പോഴും ഞാനും ദേവുവും ആരെയൊക്കെ സ്നേഹിക്കുമോ അവരിൽ നിന്നെല്ലാം വേദന മാത്രം ആണ് കിട്ടിയിട്ടുള്ളത്. ചിലപ്പോൾ ഞങ്ങൾ ജനിച്ച ദിവസത്തിന്റെ കുഴപ്പമാകാം.

 

ഞാൻ എന്റെ വീട്ടു മുറ്റത്ത് ബൈക്ക് നിർത്തിയപ്പോഴേ ദേവൂ ബൈക്കിൽ നിന്നും ഇറങ്ങി അമ്മ എന്നും വിളിച്ച് വീട്ടിനകത്തേക്ക് നടന്നു. നാട്ടിൽ വന്ന് നിൽക്കുന്ന മിക്ക ദിവസവും അവളുടെ എന്റെ വീട്ടിലേക്കുള്ള ഒരു സന്ദർശനം ഉറപ്പാണ്. അതുകൊണ്ട് തന്നെ ദേവുവും അമ്മയും നല്ല കൂട്ടും ആണ്.

ദേവു ഇപ്പോൾ പഴയപോലെ ആയിട്ട് കുറച്ച് മാസങ്ങളെ ആകുന്നുള്ളു. ഒന്നര വർഷം മുൻപ് ഞാൻ അവളെ ഹോസ്പിറ്റലിൽ നിന്നും കൂട്ടികൊണ്ട് വരുമ്പോൾ അവൾ അധികം സംസാരിക്കാതൊന്നും ഇല്ലായിരുന്നു. ചോദിക്കുന്നതിനു ഉത്തരം പറയും, അത്ര മാത്രം. ഇപ്പോഴും ഗഗനമായ എന്തോ ആലോചനയിലായിരുന്നു. മുഖത്തെപ്പോഴും ഒരു മ്ലാനത തളം കെട്ടി കിടന്നിരുന്നു. പക്ഷെ അവൾ കരയുന്നത് ഞാൻ കണ്ടിരുന്നില്ല. പതുക്കെ പതുക്കെ അവളിൽ മാറ്റങ്ങൾ വന്നു തുടങ്ങി. സംസാരിച്ച് തുടങ്ങി, ചിരിച്ച് തുടങ്ങി. പിന്നെ പിന്നെ അവളെന്റെ തമാശകൾ പറയുന്ന വാ തോരാതെ സംസാരിക്കുന്ന പഴയ ദേവു ആയി മാറി.

.

.

ദേവികയെ വീട്ടിൽ ആക്കി തിരിച്ച് വരുമ്പോഴാണ് മായയുടെ വീട്ടിൽ പോയല്ലോ എന്നുള്ള ചിന്ത വരുന്നത്. കുറച്ച് നാളുകൾ ആയി അവിടേക്ക് പോയിട്ട്. ദേവു രാവിലെ കല്യാണക്കാര്യം പറഞ്ഞത് മുതൽ മനസ് നിറയെ മായയുടെ രൂപമാണ്.

മായയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മാവൻ അവിടെ ഉണ്ടായിരുന്നു.

പ്രതീക്ഷിച്ച ചോദ്യം തന്നെ അമ്മാവനിൽ നിന്നും എത്തി.

“നിന്നെ കണ്ടിട്ട് ഒരുപാടു ദിവസം ആയല്ലോ. എന്താ ഇപ്പോൾ ഇവിടെക്കൊന്നും ഇറങ്ങാത്തെ?”

“ജോലിത്തിരക്കുകൾ ആയി പോയി. ഒന്നിനും സമയം കിട്ടുന്നില്ല.”

അറിയാതെ എന്റെ കണ്ണുകൾ അകത്തെ വാതിലിലേക്ക് നീണ്ടു. മായാ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ എന്റെ ശബ്‌ദം കേട്ടയുടനെ ഓടി വന്നേനെ.

“അഹ്.. ഇപ്പോൾ കല്യാണത്തിന്റെ സമയം ആണല്ലോ. നല്ല വർക്ക് കിട്ടുന്നുണ്ടോ?”

അമ്മാവന്റെ ശബ്‌ദം എന്റെ ശ്രദ്ധ വാതിലിൽ നിന്നും മാറ്റി.

“കുഴപ്പമില്ലാത്ത രീതിയിൽ വർക്ക് കിട്ടുന്നുണ്ട്..”

അപ്പോഴാണ് അമ്മായി അവിടേക്ക് വന്നത്.

“നീയായിരുന്നോ.. ശബ്‌ദം കേട്ട് ഞാൻ ആരായിരുന്നെന്ന് നോക്കുവായിരുന്നു.”

ഞാനൊന്നു ചിരിച്ചു.

“നീ കഴിഞ്ഞ മാസം എവിടേയോ പോയേക്കുവായിരുന്നെന്ന് നിന്റെ അമ്മ പറഞ്ഞല്ലോ.”

 

കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

“രാജസ്ഥാൻ വരെ ഒന്ന് പോയിരുന്നു. ചുമ്മാ ഒരു യാത്ര.”

“നീ ഇങ്ങനെ കറങ്ങി നടന്ന് പൈസ മൊത്തം കളയാതെ ഒരു പെണ്ണ് കെട്ടാൻ നോക്കടാ.”

ഇത്തിരി കർക്കശമായിട്ടാണ് അമ്മായി പറഞ്ഞതെങ്കിലും അവരുടെ സ്വരം ഇടറിയിരുന്നു. മായയെ ഓർത്തു കാണും.

ഞാൻ മറുപടി ഒന്നും പറയാതെ മിണ്ടാതിരുന്നപ്പോൾ അമ്മാവൻ പറഞ്ഞു.

“നിന്റെ അച്ഛനും അമ്മയ്ക്കും നിന്റെ കാര്യമോർത്ത് നല്ല വിഷമം ഉണ്ട്. മായ പോയി. അത് ദൈവ നിച്ഛയം ആയിരിക്കും. ഒന്നും നമ്മുടെ കൈയിൽ അല്ലല്ലോ.”

ഒരു നിമിഷം നിർത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

“നീയൊരു കല്യാണമൊക്കെ കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാകും അവളും ഇപ്പോൾ ആഗ്രഹിക്കുന്നത്.”

ആ സംസാരം നീട്ടികൊണ്ടു പോകാൻ മനസ് ആഗ്രഹിച്ചിരുന്നില്ല.

“ഞാൻ ആലോചിക്കുന്നുണ്ട്.. ഇപ്പോൾ ഞാൻ ഇറങ്ങട്ടെ, കുറച്ച് തിരക്കുണ്ടായിരുന്നു.”

അമ്മായി പെട്ടെന്ന് പറഞ്ഞു.

“ഡാ.. കഴിച്ചിട്ട് പോകാം.”

“വേണ്ട.. പോയിട്ടൊരു അത്യാവിശം ഉണ്ടായിരുന്നു.”

മാറ്റത്തേക്കിറങ്ങിയപ്പോൾ നോട്ടം ആദ്യം പോയത് വലതു വശത്തുള്ള മാവിന്റെ അടുത്തേക്കാണ്. ആ മാവിന്റെ അരികിലാണ് മായയെ അടക്കിയിരിക്കുന്നത്. കണ്ണൊന്നു നിറഞ്ഞു.

അമ്മാവനും അമ്മായിയും എന്നെ നോക്കുന്നുണ്ട്. കണ്ണ് നിറഞ്ഞത് അവർ കാണാതിരിക്കാൻ തല കുനിച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവിടെ നിന്നും പോയി.

.

.

ദിവസങ്ങൾ പെട്ടെന്നാണ് കടന്നു പോകുന്നത്. ജീവിതം ഒരു മാറ്റവും ഇല്ലാതെ തുടരുകയും ചെയ്യുന്നു.

രാത്രി വാട്ട്സ്അപ്പും, ഫേസ്ബുക്കും നോക്കി കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോഴേക്കും 11 മണി ആയിരുന്നു. കണ്ണിൽ ഉറക്കം പിടിച്ച് തുടങ്ങിയപ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത്.

ഫോണെടുത്ത് നോക്കുമ്പോൾ ദേവിക ആണ്.

കാൾ എടുത്തുടൻ ഞാൻ ചോദിച്ചു.

“നിനക്ക് ഉറക്കം ഒന്നും ഇല്ലേ?”

 

“ഇല്ല.. എന്തേ ഇപ്പോൾ?”

നല്ല മൂഡിൽ ആണെങ്കിൽ തർക്കുത്തരം പറയാൻ അവളെ കഴിഞ്ഞേ ആരും കാണുകയുള്ളു. ഞാനും അതിനനിസരിച്ചുള്ള മറുപടി കൊടുത്തു.

“അല്ലേലും യക്ഷികൾ രാത്രി ഉറങ്ങാറില്ലല്ലോ.”

“യക്ഷി നിന്റെ മറ്റവൾ.. ഞാൻ ഇവിടെ ഒറ്റക്കെ ഉള്ളു. നീ വീട്ടിലേക്ക് വാ.”

ഒരു നിമിഷം ചെറിയൊരു ഭയം മനസ്സിൽ കൂടി കടന്നു പോകാതിരുന്നില്ല. രാത്രി പെട്ടെന്ന് വീട്ടിലേക്ക് ചെല്ലാൻ വിളിക്കുന്നു. ഇനി അടുത്തവല്ല കുരുക്കും ഒപ്പിച്ചോന്ന് അറിയില്ല.

1 Comment

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *