ഞാൻ 5അടിപൊളി  

മുഖത്ത് ചിരി ഉണ്ടാകിലും അവളുടെ കണ്ണുകളിലെ സങ്കടം എനിക്ക് തിരിച്ചറിയാമായിരുന്നു. അവൾ ഇനി എന്തായാലും എന്നെകൊണ്ട് പറയിക്കും എന്നറിയുന്നതിനാൽ ഞാൻ പറഞ്ഞു.

“രണ്ടു പ്രാവിശ്യം ആണ് നീ എന്നെ ഏറ്റവുമധികം വേദനിപ്പിച്ചിട്ടുള്ളത്.”

അവളൊന്നു മൂളി.

“അന്നൊരിക്കൽ നിനക്ക് വേണ്ടി ബിബിനുമായി സംസാരിക്കാൻ ഞാൻ പാർക്കിൽ വന്നില്ലായിരുന്നോ?.. അന്ന് ബിബിനുമായി ഞാൻ വഴക്കായപ്പോൾ നീ എന്നോട് ചോദിച്ചു… ഞാൻ നിന്റെ ജീവിതം നശിപ്പിക്കാനാണോ വന്നതെന്ന്…”

എന്റെ ശബ്‌ദം ചെറുതായി ഇടറി.

“ഞാൻ എന്നും നിന്റെ നല്ലത് മാത്രേ ആഗ്രഹിച്ചിട്ടുള്ളയിരുന്നു. എന്നിട്ടും നീ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ലായിരുന്നു.”

ദേവു എന്റെ കൈ തിരികെ അവളുടെ നെഞ്ചിനു കുറച്ച് മുകളിലായി കൊണ്ട് വച്ചു. എന്റെ കൈ അവളുടെ ഹൃദയത്തിനു മുകളിൽ അല്ലാഞ്ഞിട്ടും ദേവുവിന്റെ ഹൃദയം ശക്തമായി മുഴങ്ങുന്നത് എനിക്കറിയാൻ കഴിഞ്ഞിരുന്നു.

പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.

 

“രണ്ടാമത്തേതോ?”

എന്റെ നോട്ടം ജനലിലൂടെ ഇരുട്ടിലേക്കാഴ്ന്നു.

“മായ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ നിന്നെ ഞാൻ ഫോൺ ചെയ്തിരുന്നു. അപ്പോൾ നീ കാൾ എടുത്തില്ല. പിന്നീട് നീ വിളിച്ച് പറഞ്ഞു ബിബിൻ കൂടെ ഉണ്ടായിരുന്നതിനാലാണ് കാൾ എടുക്കാഞ്ഞതെന്ന്. വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ ആ സമയത്ത്. നിന്റെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ…”

ഞാൻ വാക്കുകൾ പൂർത്തിയാക്കിയില്ല.

കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു.

“സോറി ഡാ.. ഞാൻ ഇനി ഒരിക്കലും നിന്നെ വിഷമിപ്പിക്കില്ല.”

വിഷയം മാറ്റുവാനായി ഞാൻ പറഞ്ഞു.

“അതൊക്കെ വിട്.. ഈ കേക്ക് നീ ഉണ്ടാക്കിയത് തന്നെയാണോ അതോ കടയിൽ നിന്നും വാങ്ങിയിട്ട് നീ ഉണ്ടാക്കി എന്നും പറഞ്ഞ് എന്നെ പറ്റിക്കുന്നതോ?”

അവൾ പെട്ടെന്ന് എന്റെ കൈ പിടിച്ച് വലിച്ചു കൊണ്ട് ചോദിച്ചു.

“നിനക്കിനിയും കടി വേണോ?”

ഞാൻ കൈ വലിച്ചെടുത്ത് അവളെ മടിയിൽ നിന്നും തള്ളി എഴുന്നേൽപ്പിച്ചു.

“12 മണി ആയടി.”

അവൾ വാച്ചിലേക്കൊന്ന് നോക്കിയിട്ട് പറഞ്ഞു.

“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ മൈ ഗാർഡിയൻ.”

ഒരു ചിരിയോടെ ഞാനും പറഞ്ഞു.

“സെയിം ടു യു മൈ ക്രൈം പാർട്ണർ.”

ഞങ്ങൾ മാത്രം ഉള്ള ഞങ്ങളുടെ ബർത്ത്ഡേ ആഘോഷം. മെഴുകുതിരി കത്തിച്ച് ഞങ്ങൾ ഒരുമിച്ച് ഊതി അണച്ചു. എന്നിട്ട് ഒരുമിച്ച് കേക്ക് മുറിച്ച് ഞങ്ങൾ പരസ്പരം വായിൽ വച്ചു.

ഞാൻ കൈയും വായും കഴുകി വന്നപ്പോൾ അവൾ ചോദിച്ചു.

“നിനക്ക് ഉറക്കം വരുന്നുണ്ടോ?”

അവൾക്ക് ഉറക്കം വരാത്തതിനാൽ ആണ് ആ ചോദ്യമെന്ന എനിക്ക് മനസിലായി.

“ഇല്ലടി.”

“എങ്കിൽ നമുക്ക് കുറച്ച് നേരം കൂടി സംസാരിച്ചിരിക്കാം.”

ഞങ്ങൾ സിറ്റ്ഔട്ടിൽ പടിയിൽ പോയിരുന്നു. അവളുടെ അമ്മ ഉള്ളപ്പോഴും ഞാൻ അവിടെ വരുമ്പോൾ ഞാനും ദേവുവും കൂടി ഇരുന്നു സംസാരിക്കുന്നത് ആ പടിയിൽ ആണ്.

ഗേറ്റിനു വെളിയിൽ ഒന്നും കാണാൻ വയ്യ. നല്ല ഇരുട്ടാണ്. ആകാശത്തും നക്ഷത്രങ്ങൾ കുറവാണ്. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്.

 

കുറച്ച് നേരമായി ദേവു എന്റെ തോളിൽ തല ചേർത്ത് ഇരുപ്പുണ്ടായിരുന്നെങ്കിലും ഒന്നും മിണ്ടുന്നില്ലായിരുന്നു.

അവളുടെ ഇടുപ്പിൽ കൈ ചേർത്ത് എന്നോടടുപ്പിച്ച കൊണ്ട് ഞാൻ ചോദിച്ചു.

“ദേവു.. നീ ഹാപ്പി തന്നെയാണോ?”

“അമ്മയെ മിസ് ചെയ്യുന്നെടാ.”

എനിക്കതിനു കൊടുക്കുവാൻ ഒരു മറുപടിയും ഇല്ലായിരുന്നു.

“അമ്മയ്ക്ക് നിന്നോട് ഭയങ്കര സ്നേഹം ആയിരുന്നെടാ. അതെന്താണ് എനിക്കറിയില്ല… ചിലപ്പോൾ ഞാൻ എന്തൊക്കെ കുരുത്തക്കേട് ഒപ്പിച്ച് വന്നാലും നീ എന്നെ തള്ളിപ്പറയാത്തതിനാലാകും… മരിക്കുന്നതിന് കുറച്ച് നാൾ മുൻപ് അമ്മ എന്നോട് പറഞ്ഞിരുന്നു രാജീവിന്റെ കാര്യത്തിലും ബിജുവിന്റെ കാര്യത്തിലും എനിക്ക് തെറ്റ് പറ്റി ഡിപ്രെഷനിൽ എത്തി ആത്മഹത്യക്ക്‌വരെ ശ്രമിച്ചപ്പോഴും നീ ആണ് കൂടെ നിന്ന് എന്നെ തിരികെ കൊണ്ട് വന്നത്.. ആ നിന്നെ തള്ളിപ്പറഞ്ഞ് ഞാൻ ബിബിന്റെ കൂടെ പോയി വീണ്ടും അതെന്റെ ഒരു തെറ്റായ തീരുമാനം ആയി മാറുവാണെങ്കിൽ അമ്മ പോലും ആഗ്രഹിച്ച് പോകും എന്ന് നീ എന്റെ കൂടെ വീണ്ടും വരരുതെന്ന്. എന്നിട്ട് അമ്മ ഒരു കാര്യം കൂടി പറഞ്ഞു… അമ്മ അങ്ങനെ ആഗ്രഹിച്ചാലും എനിക്കെന്തെങ്കിലും പറ്റിയെന്നറിഞ്ഞാൽ നീ വീണ്ടും എന്റെ അരികിലേക്ക് വരുമെന്ന് അമ്മയ്ക്ക് ഉറപ്പാണെന്ന്.”

എന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഞാൻ ഉള്ളപ്പോൾ ദേവു ഒറ്റക്കാകില്ലെന്ന് അമ്മ മരിക്കുമ്പോഴും കരുതിയിട്ടുണ്ടാകും എന്ന്.

ദേവു അവളുടെ കണ്ണ് തുടച്ച ശേഷം ഒരു ചെറു ചിരിയോടെ പറഞ്ഞു.

“ഒരിക്കൽ അടുക്കളയിൽ ഓരോന്ന് ചെയ്തുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ ഞാൻ അമ്മയോട് തമാശയായി പറഞ്ഞു ഒരിക്കൽ ഞാൻ ഇന്ത്യ മൊത്തം യാത്ര ചെയ്യുമെന്ന്. അതുകേട്ട അമ്മ എന്നോട് തിരിച്ച് ചോദിച്ചത് ഞാൻ കൂട്ടിന് നിന്നെയാണോ കൊണ്ട് പോകുന്നതെന്നാണ്… അമ്മയ്ക്ക് നിന്നെ ഒടുക്കത്തെ വിശ്വാസം ആണല്ലോടാ.”

അവളുടെ മുടിയിൽ കൂടി എന്റെ വിരലുകളോടി.

“ദേവു.. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”

അവൾ ജിജ്ഞാസയോടെ എന്നെ നോക്കി.

“ഞാൻ എപ്പോഴാ നിന്നെ ഏറ്റവും അധികം വേദനിപ്പിച്ചത്.”

ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.

 

“നീ എന്നെ അത്രയധികം വേദനിപ്പിച്ചത് വാക്കുകൾ കൊണ്ടൊന്നും അല്ലായിരുന്നു. ഒരു നോട്ടം കൊണ്ട് മാത്രം ആയിരുന്നു.”

അവൾ എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല.

“മായ മരിച്ച അന്ന് ഞാൻ മരണ വീട്ടിൽ വന്നപ്പോൾ നീ അവളുടെ ബോഡിയുടെ അരികിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എന്നെ തല ഉയർത്തി എന്നെ ഒന്ന് നോക്കി. ഒരു നിമിഷം മാത്രം ഉണ്ടായിരുന്ന ഒരു നോട്ടം. ആ നോട്ടത്തിൽ ഉണ്ടായിരുന്നത് എന്നോടുള്ള ദേഷ്യമാണോ, വെറുപ്പാണോ, പകയാണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. എനിക്കപ്പോൾ ഓടി വന്ന് നിന്നെ കെട്ടിപ്പിടിക്കണമെന്ന് ഉണ്ടായിരുന്നു.. കാലിൽ വീണ് മാപ്പ് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്കൊന്നിനും കഴിയുമായിരുന്നില്ല. കാരണം എല്ലാം എന്റെ തെറ്റ് തന്നെ ആയിരുന്നു… എന്റെ ഓരോ വീഴ്ചയിലും താങ്ങായി നിന്ന നിനക്ക് അത്തരം ഒരു അവസ്ഥ ഉണ്ടായപ്പോൾ മാസങ്ങൾ മാത്രം പരിചയമുള്ള ഒരുത്തനു വേണ്ടി ഞാൻ…”

ദേവു വാക്കുകൾ പൂർത്തിയാക്കാതെ പെട്ടെന്ന് പൊട്ടിക്കരഞ്ഞു.

ഞാൻ പെട്ടെന്ന് എന്റെ തോളിലേക്കമർന്ന അവളുടെ മുഖം പിടിച്ചുയർത്തി.

“ഏയ്.. എന്താ ദേവു ഇത്. എന്തിനാ ഇപ്പോൾ കരയുന്നെ.. അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ. ഇപ്പോൾ എന്റെ പഴയ ദേവു ആയി നീ എന്നോടൊപ്പം തന്നെ ഇല്ലേ?”

1 Comment

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *