ഞാൻ 5അടിപൊളി  

അവൾ പറഞ്ഞത് കേട്ട് അമ്മ എന്നെ ഒന്ന് നോക്കി.

“നീ അകത്തേക്ക് കയറ്.. നമുക്ക് സംസാരിക്കാം.”

“ഇല്ല.. നീ ഇനി എന്റെ വീട്ടിലേക്ക് കയറുമോ ഇല്ലയോ എന്ന് അറിഞ്ഞിട്ടേ ഞാനും ഈ വീട്ടിൽ കയറുന്നുള്ളു.”

 

കാര്യമായിട്ട് എന്തോ പ്രശനം ഉണ്ടെന്ന് അമ്മയ്ക്ക് തോന്നി കാണണം.

“മോള് എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നെ. എന്താ ഇപ്പോ ഇവൻ അവിടേക്ക് വരാതിരിക്കാൻ ഉണ്ടായേ?”

ദേവു പെട്ടെന്ന് പറഞ്ഞു.

“ഇവൻ എന്റെ വീട്ടിൽ വരുന്നതിന് ആരോ എന്തോ പറഞ്ഞതിന് ഇവൻ ഇപ്പോൾ എന്റെ വീട്ടിൽ കയറുന്നില്ല.”

അത് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അവൾ കരഞ്ഞ് തുടങ്ങിയിരുന്നു.

അമ്മയ്ക്ക് കാര്യങ്ങൾ ഏകദേശം മനസിലായി. അമ്മ എന്നെ ഒന്ന് നോക്കി. ഞാൻ ചെയ്‍തതിൽ തെറ്റ് പറയാനും അമ്മയ്ക്ക് കഴിയുന്നില്ല.

അമ്മ അവളുടെ അടുത്തേക്ക് ചെന്ന് കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.

“മോള് അകത്തേക്ക് കയറി വാ.”

“ഇല്ല.. ഇവൻ ഇനി എന്റെ വീട്ടിൽ വരുമോ ഇല്ലയോ എന്ന് പറയട്ടെ.”

“അവൻ നിന്റെ വീട്ടിൽ വന്നോളും. പക്ഷെ എനിക്ക് മോളോട് കുറച്ച് സംസാരിക്കാൻ ഉണ്ട്. കയറി വാ.”

അമ്മ നിർബന്ധിച്ച് പറഞ്ഞപ്പോൾ അവൾ അമ്മയോടൊപ്പം അകത്തേക്ക് നടന്നു.

ഞാൻ പുറത്ത് തന്നെ നിന്നതേ ഉള്ളു. പക്ഷെ അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

“മോളെ അവൻ ചെയ്തതിൽ തെറ്റ് പറയാൻ എനിക്കാകില്ല. മോളുടെ നല്ലതിനെ കരുതിയാണ് അവൻ അങ്ങനെ ചെയ്തേ.”

“അമ്മ മരിച്ച ഞാൻ ഒറ്റക്കായിട്ടും എന്നെ പറ്റി ഒന്ന് തിരക്കപോലും ചെയ്തിട്ടില്ലാത്ത നാട്ടുകാർ പറയുന്നത് കേട്ട് അവനും കൂടി എന്നെ ഒറ്റപെടുത്തുന്നതാണോ അവൻ എനിക്ക് ചെയ്യുന്ന നന്മ.”

“മോള് ആ വീട്ടിൽ ഒറ്റക്കാണ്. അത് തന്നാണ് പ്രശ്നവും… അവിടേക്ക് അവൻ എപ്പോഴും വന്നാൽ നാട്ടുകാർക്ക് പറയാൻ ഓരോ കഥകൾ ഉണ്ടാകും. പക്ഷെ മോൾക്ക് ഈ വീട്ടിൽ വരാല്ലോ.. ഇവിടെ അവനോടൊപ്പം ഞാനും അവന്റെ അച്ഛനും ഉണ്ട്. അതുകൊണ്ട്‌ ആർക്കും ഒരു കഥയും പറയാൻ ഉണ്ടാകില്ല.”

അവൾ നിശബ്ദത ആയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

“എന്നും പറഞ്ഞു അവൻ അവിടേക്ക് വരാതിരിക്കയൊന്നും ഇല്ല. പക്ഷെ പഴയപോലെ ഉള്ള വരക്കം ഇത്തിരി കുറയ്ക്കും. പകരം മോള് എല്ലാ ഞായറാഴ്ചയും ഇങ്ങു വന്നാൽ മതി. അതിന് ആര് എന്ത് കഥ പറയുമെന്ന് നമുക്ക് ഒന്ന് നോക്കാല്ലോ.”

അവളിൽ നിന്നും ഇപ്പോൾ വലിയ പൊട്ടിത്തെറി ഒന്നും കേൾക്കുന്നില്ല. അമ്മ സമാധാനത്തിൽ കാര്യങ്ങൾ പറഞ്ഞപ്പോൾ അവൾക്ക് കാര്യങ്ങൾ മനസിലായെന്ന് തോന്നുന്നു.

 

കുറച്ച് നേരം കൂടി കഴിഞ്ഞപ്പോൾ ദേവിക പുറത്തേക്ക് ഇറങ്ങി വന്നു.

പറയാൻ തീരുമാനിച്ച് ഉറപ്പിച്ചിരുന്ന സോറി ഞാൻ പറയുന്നതിന് മുൻപ് തന്നെ അവൾ പറഞ്ഞു.

“നീ ഇങ്ങു വന്നേ..”

ഞാൻ അവൾക്കൊപ്പം എന്റെ റൂമിലേക്ക് നടന്നു.

റൂമിലേക്ക് കയറിയ ഉടനെ എന്റെ ബനിയനിൽ ചുരുട്ടിപ്പിടിച്ച് കൊണ്ട് അവൾ ചോദിച്ചു.

“നീ ആരോട് ചോദിച്ചട്ടാടാ കഴിഞ്ഞ വ്യാഴാഴ്ച കുടിച്ചത്.”

ദേവുവിന്റെ ആ ചോദ്യം കേട്ടപ്പോഴേ അവളുടെ ദേഷ്യമൊക്കെ മാറി മൂഡ് ശരിയായെന്ന് എനിക്ക് മനസിലായി. അത് എനിക്ക് പകുതിആശ്വാസം നൽകി.

“ഡി.. അത്… അപ്പോഴെന്റെ മൂഡ് ശരിയല്ലാഞ്ഞപ്പോൾ..”

“ഓഹോ.. മൂഡോഫ് ആകുമ്പോഴൊക്കെ അപ്പോൾ നീ കുടിക്കുമോ?”‘

“ഒരൊറ്റ പെഗ്ഗെ കുടിച്ചുല്ലെടി.”

അവളുടെ നഖം എന്റെ കൈയിൽ ആഴ്ന്നിറങ്ങി.

“ഒരൊറ്റ പെഗ്ഗോ?”

“മൂന്ന് പെഗ്ഗ്..”

അവളുടെ നഖം വീണ്ടും തൊലിയിൽ ആഴ്ന്നു.

“മൂന്നോ?”

വേദനയിൽ കൈ വലിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“നീയാണ സത്യം.. മൂന്നേ ഉള്ളു.”

അവൾ കൈയിൽ നിന്നുള്ള പിടി വിട്ടു.

“അപ്പോൾ ശിക്ഷയായിട്ട് നാളെ എന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടുമ്പോൾ മൂന്ന് ഡയറി മിൽക്ക് കിട്ടണം.”

ഞാൻ കണ്ണ് മിഴിച്ച് അവളെ നോക്കി.

“മൂന്നെണ്ണമോ?”

“മൂന്ന് പെഗ്ഗ് അല്ലെ നീ കഴിച്ചത്.. അപ്പോൾ എനിക്ക് ഡയറി മിൽക്കും അത്രേം കിട്ടണം.”

“വല്ല ഷുഗറും വരും കൊച്ചെ..”

“അത് ഞാൻ അങ്ങ് സഹിച്ചു.”

ഞാൻ ബെഡിലേക്ക് ഇരുന്നപ്പോൾ അവളും എന്നോടൊപ്പം ഇരുന്നു.

നേരത്തെ പറയാൻ വച്ചിരുന്ന സോറി ഞാൻ അവളോട് പറഞ്ഞു.

“ദേവു.. സോറി ഡി.”

അവൾ എന്റെ തോളിലേക്ക് തല ചായ്ച്ചു.

 

“അത് വിട്ടേക്ക് നീ.”

അന്നത്തെ പകൽ മൊത്തം അവൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു.

വൈകുന്നേരം ദേവുവിനെ വീട്ടിൽ കൊണ്ടാക്കാനായി ഇറങ്ങുമ്പോൾ അച്ഛൻ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു.

ഞാൻ ബൈക്കിനടുത്തേക്ക് നടന്നപ്പോൾ അച്ഛൻ പെട്ടെന്ന് പറഞ്ഞു.

“ഡാ.. നമുക്ക് ദേവൂന് നല്ല ആലോചനകളൊക്കെ ഇനി നോക്കി തുടങ്ങാം.”

അമ്മ അച്ഛനോട് എല്ലാം പറഞ്ഞിട്ടുണ്ടാകും എന്ന് എനിക്ക് മനസിലായി.

“മോളെന്ത് പറയുന്നു?”

അച്ഛന്റെ ചോദ്യത്തിന് മറുപടിയായി അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

.

.

കൊല്ലം RP മാളിന്റെ പാർക്കിങ്ങിൽ കാറിനുള്ളിൽ ദേവികയ്‌ക്കൊപ്പം ഇരിക്കുകയായിരുന്നു ഞാൻ.

മനസിനുള്ളിൽ വല്ലാത്ത ഒരു ടെൻഷൻ നിറയുന്നത് പോലെ. ദേവുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവളിൽ ടെൻഷന്റെ യാതൊരുവിധ ലക്ഷണവും കാണുന്നില്ല.

ഇന്നലത്തെ രംഗങ്ങൾ മനസിലേക്ക് ഓടിയെത്തി.

ശനിയാഴ്ച ആയതിനാൽ പതിവുപോലെ ദേവികയെ വിളിക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് ഞാൻ. പതിവ് സ്ഥലത്ത് ബൈക്കുമായി അവളെ കാത്തു നിന്നു. എല്ലാ ശനിയാഴ്ചയും ഈ സമയത്തൊക്കെ റെയിൽവേ സ്റ്റേഷനിൽ നല്ല തിരക്കാണ്. മിക്കപേരും ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്ത് ഒരു ഞായറാഴ്ച വീട്ടിൽ നിൽക്കാനായി വരുന്ന യാത്രക്കാരാണ്. റെയിൽവേ സ്റ്റേഷന്റെ നേരെ ഓപ്പോസിറ്റ് തന്നെയാണ് വർക്കല ബസ്റ്റാൻഡും. എന്നും ഈ സമയം ബസിൽ നല്ല തിരക്കാണ്. കുറച്ച് സമയം കഴിഞ്ഞപ്പോൾ ദേവു എന്റെ അടുത്തേക്ക് നടന്ന് വരുന്നത് കാണാൻ കഴിഞ്ഞു.

ഒരു ബ്ലാക്ക് ജീൻസും നീല ടോപ്പും ആണ് വേഷം. യാത്രയുടെ ക്ഷീണം മുഖത്ത് കാണാൻ ഉണ്ട്. എന്തോ ചിന്തിച്ച് കൊണ്ടാണ് നടന്ന് വരുന്നത്.

എന്റെ അടുത്തേക്ക് വന്ന അവൾ ഒരു ചെറു ചിരി സമ്മാനിച്ച് കൊണ്ട് ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു.

ഞാൻ ബൈക്ക് മുന്നോട്ട് എടുത്തിട്ടും ആള് ഒന്നും മിണ്ടുന്നില്ല. സാധാരണ ഇതിനകം എന്തെങ്കിലുമൊക്കെ സംസാരിക്കേണ്ടതാണ്.

“ദേവു.. നമുക്ക് ഇന്ന് ദ്വാരക ഹോട്ടലിൽ കയറിയാലോ?”

അവിടത്തെ ചിക്കൻ കറിക്കൊക്കെ എരിവ് കൂടുതൽ ആണ് എന്നാണ് ദേവുവിന്റെ അഭിപ്രായം. എങ്കിലും ഞങ്ങൾ ഇടക്കൊക്കെ അവിടെ കയറി കഴിക്കാറുണ്ട്.

 

എന്റെ തോളിലേക്ക് താടിയെല്ല് അമർത്തി ഇരുന്ന് അവൾ പറഞ്ഞു.

“വേണ്ടടാ.. നമുക്ക് നേരെ വീട്ടിൽ പോകാം. ഞാൻ രാത്രി എന്തെങ്കിലും ഉണ്ടാക്കിക്കൊള്ളാം.”

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.

പിന്നും ദേവു നിശ്ശബ്ദതയായി. ഞാൻ ഗ്ലാസിൽ കൂടി എന്റെ തോളിൽ അമർന്നിരിക്കുന്ന ദേവുവിന്റെ മുഖം നോക്കുമ്പോൾ അവൾ മറ്റേതോ ലോകത്താണ്.

1 Comment

Add a Comment
  1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *