ഞാൻ 22അടിപൊളി  

.

ദേവിക ബലി ഇടുവാനായി വർക്കല പാവനാശത്തുള്ള ബലി മണ്ഡപത്തിലേക്ക് കയറി പോകുമ്പോൾ അറിയാതെ എന്റെ മനസ്സിൽ അവളുടെ അമ്മയുടെ മുഖം തെളിഞ്ഞ് വന്നു.

വെളുത്തു സുന്ദരമായ സദാ സമയവും ഒരു ചെറുപുഞ്ചിരി ചുണ്ടിൽ തെളിഞ്ഞ് നിന്നിരുന്ന സുന്ദരമായ മുഖം. പക്ഷെ മനസിലെ വേദനകൾ മറ്റുള്ളവരിൽ നിന്നും മറയ്ക്കാനുള്ള ഒരു കപടത മാത്രമായിരുന്നു ആ പുഞ്ചിരി. ഭർത്താവ് മരിച്ചിട്ടും മകൾക്കായി മാത്രം ജീവിച്ചു. പക്ഷെ ആ മകൾ സമ്മാനിച്ചതോ പരാജയ ജീവിതത്തിന്റെ കയ്പ്പ് നിറഞ്ഞ രുചികൾ മാത്രം. ആ അമ്മ ഇപ്പോഴും മുകളിൽ ഇരുന്നു മനസ്സുരുകി പ്രാർത്ഥിക്കുന്നുണ്ടാകും തന്റെ മകൾക്ക് ഇനിയെങ്കിലും സന്തോഷകരമായ ഒരു നല്ല ജീവിതം ഉണ്ടാകണമേ എന്ന്.

ദേവുവിന്റെ അമ്മ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. എന്നാൽ എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. ആ അമ്മ എന്തിനായിരിക്കും തന്റെ മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുത്തിരുന്നപ്പോൾ അവളുടെ കൂട്ടുകാരൻ മാത്രമായിരുന്ന എന്നോടുകൂടി അഭിപ്രായങ്ങൾ ചോദിച്ചിരുന്നത്. പലപ്പോഴും തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്രം എനിക്കായി മാത്രം വിട്ടു തരുകയും ചെയ്തിരുന്നു.

ബലി മണ്ഡപത്തിന്റെ അടുത്ത് നിന്നും മാറി ഞാൻ കടൽ തീരത്തേക്ക് നടന്നു. ഇളം വെയിലിന്റെ ചൂട് വർധിച്ചു വരുന്നു.

രാവിലെ ആയതിനാൽ ബലി ഇടാനായി വന്നവരും നടക്കാനായി വന്നവരും പിന്നെ കുറച്ച് പട്ടികളും അല്ലാതെ വേറാരും അവിടെ ഇല്ല.

രണ്ടു വർഷങ്ങൾക്ക് മുൻപ് ഇതേ കടൽ തീരത്ത് വച്ചായിരുന്നു ഞാനും ദേവുവും ബിബിനെ കുറിച്ച് സംസാരിക്കുന്നത്. ഒരുപക്ഷെ അവളുടെ ആദ്യ ഭർത്താവായ രാജീവിന്റെ ചതിയേക്കാൾ ദേവുവിനെ തളർത്തിയത് ബിബിന്റെ വഞ്ചനയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാനും ദേവുവും മാസങ്ങളോളം പിണങ്ങി മിണ്ടാതിരിക്കാനും ഉള്ള കാരണവും മറ്റാരുമല്ലായിരുന്നല്ലോ.

പിന്നീടൊരിക്കലെന്നോ അവൾ എന്നോട് പറഞ്ഞിട്ടുണ്ട്.. ജീവിതത്തിൽ ഇത്രയേറെ ഒറ്റപ്പെട്ടുപോയ സമയം അവൾക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന്.

ഒരു നനുത്ത കൈ തോളിൽ പതിഞ്ഞപ്പോൾ തിരിഞ്ഞ് നോക്കി. ദേവിക ആണ്. ബലി ഇട്ടു കഴിഞ്ഞു. സൂക്ഷിച്ചു നോക്കിയപ്പോൾ അവളുടെ കണ്ണുകൾ ചെറുതായി കലങ്ങിയിരിക്കുന്നത് കണ്ടു. ചിലപ്പോൾ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ കാരണമാകാം.

“കഴിഞ്ഞു.. പോകാം നമുക്ക്.”

കൈയിൽ ഉണ്ടായിരുന്ന അവളുടെ മൊബൈലും ബാഗും കൈമാറി ഞാൻ ബൈക്കിനടുത്തേക്ക് നടന്നു. ഒപ്പം അവളും.

കഴിഞ്ഞ രണ്ടു വർഷങ്ങൾ അവളുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ആവിശ്യത്തിന് മാത്രം വലിപ്പമുള്ള ഒതുങ്ങിയ ശരീരം. ചെറിയ മങ്ങിയ വെളുപ്പ് നിറം. പിന്നെ എന്നും എന്റെ കളിയാക്കലുകൾ ഏറ്റു വാങ്ങുന്ന തോളിനു കുറച്ച് താഴെ നിൽക്കുന്ന മുടി. അവൾ ആ മുടിയുടെ നീളം കൂട്ടാനായി ഏതൊക്കെയോ എണ്ണകൾ വാങ്ങി തേയ്ക്കുന്നുണ്ട്. പക്ഷെ വലിയ മാറ്റമൊന്നും ഉണ്ടാകുന്നില്ല. സത്യത്തിൽ മുടിക്ക് നീളം വേണമെന്ന് അവൾക്ക് വലിയ ആഗ്രഹം ഒന്നും ഇല്ല. പിന്നെ മുടി വളർത്തി എന്നെ കാണിക്കാനുള്ള വാശിക്ക് കാണിക്കുന്നതാണ് ഈ പ്രഹസനമൊക്കെ.

ഞാൻ അവളോട് സമ്മതിച്ച് കൊടുക്കാത്ത ഒരു കാര്യം ഉണ്ട്. സാധാരണ പെൺപിള്ളേർക്ക് ഉള്ള മുടിയുടെ നീളമൊക്കെ അവൾക്കുണ്ട്. പക്ഷെ അവളെ ചുമ്മാ ദേഷ്യം പിടിപ്പിക്കാനായി അഞ്ജുവിനോടും മായയോടുമൊക്കെ താരതമ്യം ചെയ്യുന്നതാണ്.

ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോഴേക്കും അവൾ പിന്നിൽ കയറി ഇരുന്നു.

രാവിലെ ഇറങ്ങിയതാണ്. എനിക്ക് നന്നേ വിശന്നു തുടങ്ങിയിരുന്നു.

“ദേവൂ.. വീട്ടിൽ കഴിക്കാൻ എന്തെങ്കിലും ഇരിപ്പുണ്ടോ?”

 

“ഇല്ല.. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോകാം.”

“എങ്കിൽ നമുക്ക് എന്റെ വീട്ടിൽ പോയി കഴിക്കാം.”

“വേണ്ടടാ.. നമുക്ക് ഹോട്ടലിൽ നിന്നും കഴിച്ചിട്ട് പോകാം.”

അവൾ അങ്ങനെ പറഞ്ഞതിന്റെ കാരണം എനിക്ക് മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *