ഞാൻ 22അടിപൊളി  

പിറ്റേ ദിവസം പ്രതേകിച്ച് പരിപാടികൾ ഒന്നും ഇല്ലാഞ്ഞതിനാൽ 8 മണിയൊക്കെ കഴിഞ്ഞാണ് എഴുന്നേറ്റത്. ഒരു കട്ടനും കുടിച്ച് പത്രം വായിച്ചിരിക്കുമ്പോഴാണ് ദേവുവിന്റെ കാൾ വന്നത്.

ഫോൺ എടുത്തുടനെ ഞാൻ ചോദിച്ചു.

“എന്താടി?”

“നിനക്ക് ഇന്ന് വർക്ക് ഒന്നും ഇല്ലല്ലോ. നീ ഇങ്ങോട്ട് വാ.. നമുക്ക് ഫ്രൈഡ് റൈസ് ഉണ്ടാക്കാം.”

ഒരു നിമിഷത്തേക്ക് ഞാൻ എന്ത് പറയണമെന്ന് ഒന്ന് ചിന്തിച്ചു.

“ഇല്ലടി.. എനിക്ക് ഒന്ന് രണ്ടുപേരെ കാണാൻ പോകാനുണ്ടായിരുന്നു.”

കുറച്ച് നേരത്തേക്ക് അവളിൽ നിന്നും മറുപടി ഒന്നും വന്നില്ല. പിന്നെ ഒന്നും മിണ്ടാതെ തന്നെ അവൾ കാൾ കട്ട് ചെയ്തു.

ഞാൻ അവിടേക്ക് ചെല്ലാതെ ഒഴിഞ്ഞ് മാറുകയാണെന്ന് അവൾക്ക് വ്യക്തമായെന്ന് എനിക്ക് മനസിലായി.

ആഹാരം കഴിച്ചു നേരെ റൂമിലേക്ക് പോയി കിടന്നു. ഉറക്കമൊന്നും വരുന്നില്ല, എങ്കിലും ചുമ്മാ അങ്ങനെ കിടന്നു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞെന്ന് തോന്നുന്നു. അമ്മ റൂമിന്റെ വാതുക്കൽ വന്ന് നിന്ന് ചോദിച്ചു.

“ഉറങ്ങുവാണോടാ നീ.”

“അല്ല.. എന്താ അമ്മ.”

“ദാ ദേവു വന്ന് പുറത്ത് നിൽക്കുന്നു നിന്നോട് സംസാരിക്കണം എന്നും പറഞ്ഞു. വിളിച്ചിട്ട് വീടിനകത്തോട്ട് കയറുന്നില്ല.”

അവൾ വീടിനകത്തോട്ട് കയറുന്നില്ലെന്ന് അമ്മ പറഞ്ഞപ്പോഴേ അവൾ എന്തോ തീരുമാനിച്ച് ഉറപ്പിച്ച് വന്നതാണെന്ന് എനിക്ക് തോന്നി.

ഞാൻ പെട്ടെന്ന് പുറത്തേക്ക് ചെല്ലുമ്പോൾ പടിയിൽ നിൽക്കുകയാണ് അവൾ. ഒരു ചുരിദാറാണ് വേഷം. മുഖം ആകെ വാടിയിട്ടുണ്ട്. കരഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.

“ദേവു.. നീ എന്താ അവിടെ നിൽക്കുന്നെ. അകത്തേക്ക് കയറി വാ.”

“ആദ്യം നീ എന്റെ വീട്ടിലേക്ക് വരാത്തതെന്താണ് പറ.”

അവൾ പറഞ്ഞത് കേട്ട് അമ്മ എന്നെ ഒന്ന് നോക്കി.

“നീ അകത്തേക്ക് കയറ്.. നമുക്ക് സംസാരിക്കാം.”

“ഇല്ല.. നീ ഇനി എന്റെ വീട്ടിലേക്ക് കയറുമോ ഇല്ലയോ എന്ന് അറിഞ്ഞിട്ടേ ഞാനും ഈ വീട്ടിൽ കയറുന്നുള്ളു.”

 

കാര്യമായിട്ട് എന്തോ പ്രശനം ഉണ്ടെന്ന് അമ്മയ്ക്ക് തോന്നി കാണണം.

“മോള് എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നെ. എന്താ ഇപ്പോ ഇവൻ അവിടേക്ക് വരാതിരിക്കാൻ ഉണ്ടായേ?”

ദേവു പെട്ടെന്ന് പറഞ്ഞു.

“ഇവൻ എന്റെ വീട്ടിൽ വരുന്നതിന് ആരോ എന്തോ പറഞ്ഞതിന് ഇവൻ ഇപ്പോൾ എന്റെ വീട്ടിൽ കയറുന്നില്ല.”

അത് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അവൾ കരഞ്ഞ് തുടങ്ങിയിരുന്നു.

അമ്മയ്ക്ക് കാര്യങ്ങൾ ഏകദേശം മനസിലായി. അമ്മ എന്നെ ഒന്ന് നോക്കി. ഞാൻ ചെയ്‍തതിൽ തെറ്റ് പറയാനും അമ്മയ്ക്ക് കഴിയുന്നില്ല.

അമ്മ അവളുടെ അടുത്തേക്ക് ചെന്ന് കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.

“മോള് അകത്തേക്ക് കയറി വാ.”

“ഇല്ല.. ഇവൻ ഇനി എന്റെ വീട്ടിൽ വരുമോ ഇല്ലയോ എന്ന് പറയട്ടെ.”

“അവൻ നിന്റെ വീട്ടിൽ വന്നോളും. പക്ഷെ എനിക്ക് മോളോട് കുറച്ച് സംസാരിക്കാൻ ഉണ്ട്. കയറി വാ.”

അമ്മ നിർബന്ധിച്ച് പറഞ്ഞപ്പോൾ അവൾ അമ്മയോടൊപ്പം അകത്തേക്ക് നടന്നു.

ഞാൻ പുറത്ത് തന്നെ നിന്നതേ ഉള്ളു. പക്ഷെ അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

“മോളെ അവൻ ചെയ്തതിൽ തെറ്റ് പറയാൻ എനിക്കാകില്ല. മോളുടെ നല്ലതിനെ കരുതിയാണ് അവൻ അങ്ങനെ ചെയ്തേ.”

“അമ്മ മരിച്ച ഞാൻ ഒറ്റക്കായിട്ടും എന്നെ പറ്റി ഒന്ന് തിരക്കപോലും ചെയ്തിട്ടില്ലാത്ത നാട്ടുകാർ പറയുന്നത് കേട്ട് അവനും കൂടി എന്നെ ഒറ്റപെടുത്തുന്നതാണോ അവൻ എനിക്ക് ചെയ്യുന്ന നന്മ.”

“മോള് ആ വീട്ടിൽ ഒറ്റക്കാണ്. അത് തന്നാണ് പ്രശ്നവും… അവിടേക്ക് അവൻ എപ്പോഴും വന്നാൽ നാട്ടുകാർക്ക് പറയാൻ ഓരോ കഥകൾ ഉണ്ടാകും. പക്ഷെ മോൾക്ക് ഈ വീട്ടിൽ വരാല്ലോ.. ഇവിടെ അവനോടൊപ്പം ഞാനും അവന്റെ അച്ഛനും ഉണ്ട്. അതുകൊണ്ട്‌ ആർക്കും ഒരു കഥയും പറയാൻ ഉണ്ടാകില്ല.”

അവൾ നിശബ്ദത ആയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

“എന്നും പറഞ്ഞു അവൻ അവിടേക്ക് വരാതിരിക്കയൊന്നും ഇല്ല. പക്ഷെ പഴയപോലെ ഉള്ള വരക്കം ഇത്തിരി കുറയ്ക്കും. പകരം മോള് എല്ലാ ഞായറാഴ്ചയും ഇങ്ങു വന്നാൽ മതി. അതിന് ആര് എന്ത് കഥ പറയുമെന്ന് നമുക്ക് ഒന്ന് നോക്കാല്ലോ.”

Leave a Reply

Your email address will not be published. Required fields are marked *