സന്ധ്യ ആയപ്പോൾ കണ്ണൻ വെറുതെ ഹാളിൽ ഇരിക്കുമ്പോഴാണ് കട്ടൻ കാപ്പിയുമായി രണ്ട് കൈകൾ പിന്നിൽ നിന്നും നീണ്ട് വന്നത്. അവനൊരു ഇളം ചിരിയോടെ അത് വാങ്ങി. അവൾക്ക് ഇരിക്കാനായി സോഫയിൽ ഇത്തിരി നീങ്ങി ഇരുന്നു.
“ കണ്ണന് പഠിക്കാനൊന്നുമില്ലേ…” കാപ്പി കുടിച്ച് തീരാറായപ്പോൾ അവൾ ചോദിച്ചു. “ അംബിക ടീച്ചർ കഴിഞ്ഞയാഴ്ച വഴിയിൽവച്ച് കണ്ടപ്പൊ യൂണിവേഴ്സിറ്റി പരീക്ഷയാണെന്നോ മറ്റോ പറഞ്ഞിരുന്നു.”
“ ആണോ… ടീച്ചർ മറ്റെന്തെങ്കിലും പറഞ്ഞോ?” അവൻ ആകാംക്ഷയോടെ ചോദിച്ചു.
“ ഹ്മ്ംം… സതീശേട്ടന്റെ ശല്യം കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും കേസ് കൊടുക്കേണ്ടി വരുമെന്നും ഒക്കെ. പറഞ്ഞുതിരുത്തുന്നേൽ ആയിക്കോളാൻ. ടീച്ചർക്ക് അറിയില്ലല്ലോ എന്റെ അവസ്ഥ. അതൊക്കെ പോട്ടെ… പറഞ്ഞില്ലല്ലോ, ഈ വട്ടം എക്സാം എഴുതുന്നില്ലേ? പഠിക്കുന്നതൊന്നും കാണുന്നില്ല.”
ഒരു നിമിഷം ആലോചിച്ച ശേഷം അവൻ നിഷേധാർത്ഥത്തിൽ തല ആട്ടുന്നത് കണ്ടു. അവൾ സംശയത്തോടെ നെറ്റി ഒന്ന് ചുളിച്ചു.
“ ഇനി എന്തിനാ? ഞാൻ പഠിക്കണമെന്നും ഉയരണമെന്നും ഒക്കെ ആഗ്രഹമുണ്ടായിരുന്ന രണ്ട് പേരിന്നില്ല… മുന്നോട്ടുള്ള വെളിച്ചം നഷ്ടപ്പെട്ടു.”
“ അങ്ങനെ പറയരുത് കണ്ണാ… ഇരുട്ടാണെങ്കിലും മുന്നോട്ട് നടന്നോണ്ടേയിരിക്കണം. ജീവിച്ചിരിക്കുകയെന്നതാ പ്രധാനം. ഓരോ ദിവസങ്ങളായി തള്ളി നീക്കാൻ പഠിക്കണം. അപ്പോഴാകും പ്രതീക്ഷിക്കാത്ത ചില സന്തോഷങ്ങൾ വീണ് കിട്ടുക… ജീവിതത്തിന് അപ്പൊ പുതിയൊരു വെളിച്ചമൊക്കെ കിട്ടും. ”
“ എന്തേ.. ചേച്ചിക്ക് അങ്ങനെ എന്തേലും വെളിച്ചം കിട്ടിയിട്ടുണ്ടോ? കൊല്ലം കൊറേയായില്ലേ രാത്രി സതീശന്റെ കുടിച്ചിട്ട് വന്നിട്ടുള്ള പുളിച്ച തെറിയും തല്ലുമൊക്കെ കൊള്ളുന്നു. വേദന സഹിക്കാതുള്ള കരച്ചിൽ ഇങ്ങ് വരെ കേൾക്കാം. എന്ത് വെളിച്ചമാ അതീന്ന് കിട്ടിയിട്ടുള്ളത്…?”
അവൾ ഒന്നും മിണ്ടിയില്ല. പിന്നെ കൈവെള്ളയിലേക്ക് നോക്കി മന്ത്രിച്ചു.
“ ഞാൻ… ഞാനൊരു കുഞ്ഞിന്റെ അമ്മ ആയില്ലേടാ… കുറച്ച് കാലത്തേക്കെങ്കിലും.” ഓർമ്മകൾ ആ കണ്ണുകളെ ഈറനണിയിച്ചത് പോലെ.
“ ഓ, കുഞ്ഞ്…! അയാളുമായിട്ട് ആകെയുണ്ടായ ആ ബാധ്യത അവന് പെടുമരണം വന്നത്തോടെ തീർന്നില്ലേ? പിന്നീട് ഇറങ്ങിപ്പോകാമായിരുന്നില്ലേ? എന്തിനാ ഇങ്ങനെ ഇന്നും പട്ടിയെപ്പോലെ തല്ല് കൊണ്ട് ജീവിക്കുന്നത്…?” അവൻ ഒട്ടും ദയയില്ലാതെയാണത് ചോദിച്ചത്.
അവളുടെ തല താണു.
“ ഇനി വീണ്ടുമൊരു അമ്മയാകാൻ വേണ്ടിയാണോ?”
“ ഇല്ല കണ്ണാ… ഇനി അയാളിൽ നിന്നൊരു വിത്തിനെ എനിക്ക് വേണ്ട.. അത്ര വെറുത്തുപോയി ഞാനാ മനുഷ്യനെ… പക്ഷേ, ധൈര്യമില്ലെടാ… എനിക്ക്… എനിക്ക് ആരുമില്ലല്ലോ. എല്ലാവരെയും വെറുപ്പിച്ചല്ലേ ഞാനിറങ്ങിപ്പോന്നത്… ആരെങ്കിലുമൊക്കെ ഇപ്പഴും അന്വേഷിക്കുന്നുണ്ടെങ്കിൽ ജയിച്ച് നിൽക്കണമെന്ന് ഒരു തോന്നല്.”
“ ഇങ്ങനെ ജയിച്ച് നിൽക്കുന്നതായി ഭാവിച്ചിട്ടെന്തിനാ? ഉള്ളില്‍ സന്തോഷമില്ലെങ്കിൽ…? വേറെ നല്ല ജീവിതം തേടിവരില്ലേ?”
“ ഹ്മം.. പറഞ്ഞില്ലേ കണ്ണാ… ഒരുപാട് ദുഃഖങ്ങൾക്കിടയിലും അപ്രതീക്ഷിതമായ ചില സന്തോഷങ്ങൾ തേടിവരും. അതിലൊന്നാണ്… ഈ നാടും ശിവേട്ടനും… പിന്നെ ആഗ്രഹിക്കാത്ത വഴിയിലൂടെ ഉണ്ടായ എന്റെ കുഞ്ഞുമൊക്കെ… എന്നിട്ടും സ്നേഹിച്ച് തുടങ്ങിയതായിരുന്നു. പക്ഷേ ഒരു വയസ്സ് തികയും മുമ്പേ…” കണ്ണിൽ നനവ് പടർന്ന് അവളുടെ സ്വരം ഇടറി. കണ്ണനും ഉള്ളിലാകെ നോവ് പടരുമ്പോലെ.
“ ഞാനിപ്പഴും വിശ്വസിക്കുന്നത് അത് നിന്റെ കണ്ണീരിന്റെ ശാപമാണെന്നാ. അന്നത്തെ സംഭവത്തിന് ഒരാഴ്ച തികയുന്നത് മുന്നേയല്ലേ അവന് പനി കൂടിയത്…”
“ ചേച്ചി… അരുത്.. അങ്ങനെയൊന്നും പറയരുത്… സതീശനെ ഞാൻ ശപിച്ചിട്ടുണ്ടെന്നത് നേരാ. മരണം പോലും ആഗ്രഹിച്ചിരുന്നു. പക്ഷേ ചേച്ചിയെയോ മോനെയോ മനസ്സ് കൊണ്ടുപോലും വെറുത്തിട്ടില്ല. ഒക്കെ എന്റെ വിധിയാണെന്നേ കരുതിയിട്ടുള്ളൂ. മരിച്ചുപോയ അച്ഛനാണേ സത്യം.”
“ ങ്ഹും.. നിനക്കെന്നെ ശപിക്കാനാവില്ലെന്ന് അറിയാം. അച്ഛന്റെ മോനല്ലേ. ആ നന്മ എന്നുമുണ്ടാവും. പക്ഷേ അതല്ല കണ്ണാ… എന്റെ നിർബന്ധത്തിനാ ശിവേട്ടൻ നിന്നെ എന്റെയടുത്തേക്ക് ട്യൂഷന് വിട്ടത്. അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ… നിനക്കുമതറിയാം, ഇല്ലേ… കള്ളിന്റെ പൊറത്താണേലും നീയും ഇന്നലേം കൂടി പറഞ്ഞതല്ലേ… നിന്റെയുള്ളിൽ ഇപ്പഴും അങ്ങനെയൊരു കരട് കിടപ്പുണ്ട് ചേച്ചിയോട്… ഇല്ലേ?”
