തുളസിദളം – 7 Likeഅടിപൊളി  

വൃന്ദ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു

“വൃന്ദ… തന്നോടാണ് ചോദിച്ചത്…?”

രുദ്ര് ശബ്ദമുയർത്തി

അതുകേട്ട് വൃന്ദ ഒന്ന് ഞെട്ടി

“അല്ല…”

അവൾ പതിയെ പറഞ്ഞു

അപ്പോഴേക്കും ഭൈരവ് അവിടേക്ക് വന്നു

“എന്താ…? എന്താ പ്രശ്നം…? എന്താ ഉണ്ണിമോളേ…?”

അവൻ വൃന്ദയോട് ചോദിച്ചു

“അല്ല, ഇവളിവിടെത്തെ വേലക്കാരിയാണോയെന്ന് ചോദിക്കയായിരുന്നു…”

രുദ്ര് പറഞ്ഞു

അപ്പോഴാണ് വൃന്ദ ചൂലും പിടിച്ച് നിൽക്കുന്നത് ഭൈരവ് ശ്രദ്ധിച്ചത്

“ഉണ്ണിമോളോട് ഇവിടുത്തെ ജോലികളൊന്നും ചെയ്യണ്ടാന്ന് അമ്മ പറഞ്ഞത് മറന്നുപോയോ…?”

അപ്പോഴും അവൾ മിണ്ടാതെ തലകുനിച്ചു നിന്നു

“താൻ പ്ലസ് ടുവിന് നല്ല മാർക്ക് വാങ്ങി പാസ്സായതല്ലേ…? പിന്നെന്താ പിന്നീട് പഠിക്കാൻ പോകാഞ്ഞത്…?”

രുദ്ര് ചോദിച്ചു

“അവളോട് ഞങ്ങളെല്ലാം പറഞ്ഞതാ രുദ്രേട്ടാ… പക്ഷേ അവൾക്ക് പോകാൻ വയ്യാന്നു പറഞ്ഞു…”

ശില്പ ഇടക്ക് കയറിപ്പറഞ്ഞു

“അതെന്താ…? അല്ലെങ്കിൽ താനീ ശില്പയെ നോക്ക്… എന്ത് നന്നായി പഠിക്കുന്നു, കാണാനും മിടുക്കിയാ… പെൺപിള്ളേരായാൽ ശില്പയെപ്പോലെ വേണം…”

രുദ്ര് ശില്പയെ നോക്കി പറഞ്ഞു, അത് കേട്ടതും ശിൽപയുടെ മുഖം പ്രകാശിച്ചു,

ഭൈരവ് അമ്പരപ്പോടെ രുദ്രിനെ നോക്കിയതും രുദ്ര് ആരും കാണാതെ അവനെ കണ്ണടച്ചു കാണിച്ചു, അത് കണ്ട് അവന് കാര്യം മനസ്സിലായി

“ശരിയാ… ശില്പയ്ക്ക് പഠിപ്പും സൗന്ദര്യവും എല്ലാം കിട്ടിയിട്ടുണ്ട്…”

ഭൈരവ് പിൻതാങ്ങി, അതോടെയായപ്പോൾ ശില്പ നിലത്തൊന്നുമല്ലായിരുന്നു

“ശില്പ…. താൻ തന്നെ മുൻകയ്യെടുത്തു ഈ കുട്ടിയെ ഏതെങ്കിലും കമ്പ്യൂട്ടർ കോഴ്‌സിന് ചേർക്കണം, അതുപോലെ ഒന്ന് രണ്ട് മാസം കഴിഞ്ഞാൽ കോളേജ് തുറക്കുമ്പോൾ ഇവളെ ചേർക്കുകയും വേണം…”

രുദ്ര് ശില്പയോട് പറഞ്ഞു, അത് അവൾക്കത്ര ഇഷ്ടപ്പെട്ടില്ലങ്കിലും രുദ്രിനെ പിണക്കണ്ടായെന്ന് കരുതി അവൾ സമ്മതിച്ചു

“അല്ലെങ്കിൽ നാളെത്തന്നെ റെഡിയായി നിന്നോ, ഞങ്ങൾക്ക് നാളെ ഒരിടം വരെ പോണം, ആ വഴിക്ക് കംപ്യൂട്ടർ കോഴ്‌സിന് ചേർത്തിട്ട്, തിരികെ ഉണ്ണിമോൾക്ക് കിച്ചയുടെ കൂടെ വരാം… ഞാൻ കിച്ചയെ വിളിച്ച് പറഞ്ഞോളാം…”

ഭൈരവ് പറഞ്ഞു, രുദ്ര് അവനെയൊന്ന് ഇരുത്തി നോക്കി

‘അതിനിടയിൽക്കൂടെ…’ എന്ന ഭാവത്തിൽ, അതിന് ഭൈരവ് ഒരു വളിച്ച ചിരി ചിരിച്ചു

“മ്… പൊയ്ക്കോ… എന്നിട്ട് ഇത് ക്ലീൻ ചെയ്യാൻ ആരെങ്കിലും അയക്ക്…”

രുദ്ര് വൃന്ദയെ നോക്കിപ്പറഞ്ഞു

“എന്തിന്…? ഇത് ഞാൻ ചെയ്തോളാം…”

ശില്പ വൃന്ദയുടെ കയ്യിൽ നിന്നും മോപ് വാങ്ങിക്കൊണ്ട് പറഞ്ഞു

“How simple you are…”

രുദ്ര് ശില്പയെ നോക്കി പറഞ്ഞു

അത് കേട്ട് ശിൽപയുടെ കണ്ണുകൾ വിടർന്നു, വേണമെങ്കിൽ ഈ തറവാട് മുഴുവൻ അടിച്ചു വാരിയിടാം എന്നാ ഭാവത്തിൽ ശില്പ നിന്ന് ചിരിച്ചു, ശിൽപയുടെ മുഖഭാവം കണ്ട് ഭൈരവ് പൊട്ടിവന്ന ചിരി കടിച്ച് പിടിച്ചു

“കണ്ട് പഠിക്ക്, പെൺപിള്ളേരായാൽ ഇങ്ങനെ വേണം…”

രുദ്ര് വൃന്ദയെ നോക്കി പറഞ്ഞു, അവളുടെ മുഖം വീർത്തു വന്നു, അത് കണ്ട് രുദ്ര് മേൽച്ചുണ്ട് കടിച്ച് ചിരിയടക്കി, വൃന്ദ കടുപ്പിച്ച നോട്ടം ഭൈരവിനും രുദ്രിനും നൽകിക്കൊണ്ട് പതിയെ പുറത്തേക്ക് പോയി,

വളരെ ഉത്സാഹത്തിൽ അവിടം ക്ലീൻ ചെയ്യുന്ന ശില്പയേക്കണ്ടു രുദ്രും ഭൈരവും ഊറിചിരിച്ചു.

വീർപ്പിച്ചു കെട്ടിയ മുഖവുമായി അടുക്കളയിലെത്തി സ്ലാബിൽ ചാരി നിന്നു,

“എന്താ ഉണ്ണിയേച്ചി… എന്ത് പറ്റി…”

കണ്ണൻ ചോദിച്ചു

“കുന്തം… അവനന്വേഷിക്കാൻ വന്നിരിക്കുന്നു…”

വൃന്ദ കണ്ണനോട് ചീറി

“ഈ ഉണ്ണിയേച്ചിക്കെന്താ…? എന്തിനാ എന്നോട് ചാടിക്കടിക്കാൻ വരുന്നേ…??”

“പോടാ അപ്രത്തേക്ക്…”

അവൾ വീണ്ടും അവനോട് ദേഷ്യപ്പെട്ടു

“വാ കുഞ്ഞി, അത് അവിടെ മോന്തേം വീർപ്പിച്ചിരിക്കട്ടെ… എനിക്കെന്താ…?”

കണ്ണൻ വൃന്ദയെ നോക്കിപ്പറഞ്ഞിട്ട്, കുഞ്ഞിയുടെ കൈ പിടിച്ച് പുറത്തേക്ക് പോയി

ശില്പ പോയപ്പോൾ ഭൈരവ് രുദ്രിനടുത്തേക്ക് വന്ന് അവന്റെ മുഖത്തേക്ക് നോക്കി

“എന്താ നിന്റെ ഉദ്ദേശം…?”

ഭൈരവ് ചോദിച്ചു

അതുകേട്ട് രുദ്ര് ഒന്ന് ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *