കിച്ചയുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞെങ്കിലും അത് മറച്ച് ഗൗരവത്തിൽ അവനെക്കടന്ന് മുന്നോട്ട് പോകാൻ തുടങ്ങി
“ഹലോ… മിസ് ഉണ്ണിയാർച്ച…”
ഭൈരവ് അവളെ വിളിച്ചു
“മ്… എന്ത് വേണം…?”
അവൾ ഗൗരവത്തിൽ ചോദിച്ചു
അപ്പോഴേക്കും അവളുടെ കൂട്ടുകാരികൾ അവനടുത്തെത്തിയിരുന്നു,
“ഹലോ… ഭൈരവേട്ടാ…”
ഓരോരുത്തരായി അവനോട് സംസാരിക്കാൻ തുടങ്ങി, അത് കണ്ട് കുശുമ്പ് കുത്തി കിച്ച അവരെ നോക്കി നിന്നു,
“നിങ്ങൾക്കെല്ലാം എന്നെ എങ്ങനറിയാം….?”
അവൻ ചോദിച്ചു
“നല്ല ചോദ്യം… ഇവിടെ കുറച്ച് നാളുകളായി ഭൈരവ പുരാണം കേട്ട് നടക്കുകയാ ഞങ്ങള്…”
അവർ കിച്ചയെ നോക്കികൊണ്ട് പറഞ്ഞു, അതുകേട്ട് ഭൈരവ് അശ്ചര്യത്തോടെ പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി,
“എന്താ എന്നെപ്പറ്റി ഈ ഉണ്ണിയാർച്ച പറയുന്നത്…?”
കിച്ചയെ നോക്കികൊണ്ട് ചോദിച്ചു
“ദേ… നിങ്ങള് വരുന്നുണ്ടോ…?”
പെട്ടെന്ന് കിച്ച ഇടക്ക് കയറിപ്പറഞ്ഞു
“നിക്കടി…. നിന്റെ ഭൈരവേട്ടനെ ഞങ്ങളൊന്നു പരിചയപ്പെടട്ടെ..”
കൂട്ടത്തിൽ വേദ പറഞ്ഞു, പിന്നീട് അവർ അവനെയും കൂട്ടി അടുത്തുള്ള കോഫിഷോപ്പിലേക്ക് നടന്നു, എല്ലാപേർക്കും കോഫിയും ജ്യൂസും ഓക്കേ പറഞ്ഞ്, എല്ലാവരും അവനോട് സംസാരിക്കാൻ തുടങ്ങി, കിച്ച മാത്രം മുഖം വീർപ്പിച്ച് അവരെ നോക്കിയിരുന്നു,
“ഇനി പറ എന്താ ഈ ഉണ്ണിയാർച്ച എന്നെപ്പറ്റി പറയുന്നത്…”
അവൻ അവരോട് ചോദിച്ചു
“എന്താ പറയാത്തത്… ഞങ്ങളുടെ കൃഷ്ണകുട്ടിയുടെ മനസ്സിൽ ഇടിച്ചു കേറിയിരിക്കയല്ലേ ഭൈരവേട്ടൻ…”
“ആണോ…?”
അവൻ അശ്ചര്യത്തോടെ ചോദിച്ചു
“അല്ല…”
കിച്ച പെട്ടെന്ന് കലിപ്പോടെ പറഞ്ഞു
“അല്ലേ…??”
അവളുടെ കൂട്ടുകാരികൾ ചോദിച്ചു
“അല്ല…”
അവൾ വീണ്ടും പറഞ്ഞു
“ഹോ… രക്ഷപ്പെട്ടു… നിന്റെ ഭൈരവേട്ടനാണെന്ന് വിചാരിച്ച് ഞാൻ വിഷമിച്ചിരിക്കയായിരുന്നു… താങ്ക്യൂ മുത്തേ…”
മാളവിക കിച്ചയുടെ കവിളിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു
“ഭൈരവേട്ടാ എന്റെ പേര് മാളവിക… ഇഷ്ടമുള്ളവർ മാളൂന്ന് വിളിക്കും, അവൾക്ക് താത്പര്യമില്ലാത്ത സ്ഥിതിക്ക് ചേട്ടന് വേണേ എന്നെ പ്രേമിച്ചോ…”
ഭൈരവിനെ നോക്കി പറഞ്ഞത് കേട്ട് അവനൊന്ന് ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കിയപ്പോ മാളവിക കണ്ണടച്ചു കാണിച്ചു, അത് കണ്ട് ഭൈരവ് ഒന്ന് ചിരിച്ചു
“അത് ശരിയാ… മാളു… അതൊരു മികച്ച തീരുമാനമായിരിക്കും…”
ബാക്കിയുള്ള കൂട്ടുകാരികളും ഊറിചിരിച്ചുകൊണ്ട് പിൻതാങ്ങി..
“ശരിയാ…. മാളവിക കാണാനും മിടുക്കിയാ…”
ഭൈരവ് ചിരി കടിച്ച് പിടിച്ച് പറഞ്ഞു
അത് കേട്ടതും കിച്ച ദേഷ്യത്തോടെ ബാഗ് കൊണ്ട് ഭൈരവിനെ ഒരടി കൊടുത്തിട്ട് ചാടിത്തുള്ളി വെളിയിലേക്കിറങ്ങി പോയി, അത് കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു
“പിറകെ വിട്ടോ ഭൈരവേട്ടാ… കുശുമ്പ് കുത്തിയ പോയേക്കുന്നെ, പല്ലും നഖോം തിരിച്ചു കിട്ടിയാ ഭാഗ്യം… ആറ്റം ബോംബാ ആ പോയ സാധനം…”
മാളവിക ചിരിച്ചുകൊണ്ട് ഭൈരവിനോട് പറഞ്ഞു, ഭൈരവ് ചിരിച്ചുകൊണ്ട് കിച്ചയ്ക്ക് പിറകെ പോയി
കിച്ച പോയി നിന്നത് ബസ് സ്റ്റോപ്പിന് പുറകിലുള്ള പുതുതായി നിർമിക്കുന്ന കടകൾക്ക് മുന്നിലാണ്, ദേഷ്യവും സങ്കടവും കൊണ്ട് അവളുടെ മുഖം വീർത്തിരുന്നു,
“ഹലോ… ഉണ്ണിയാർച്ചേ…”
ഭൈരവ് പതിയെ വിളിച്ചു
അവൾ മിണ്ടിയില്ല
“ഹ… ഇങ്ങോട്ട് നോക്ക് പെണ്ണേ…”
“എന്ത് വേണം…?”
അവൾ കലിപ്പോടെ ചോദിച്ചു
“ഒരു കാര്യം വേണമായിരുന്നു… സമയമാകട്ടെ അപ്പൊ ചോദിക്കാം…”
“പോയി അവളുമാരോട് ചോദിക്ക്…”
“അത് പറ്റില്ല… അതെന്റെ പെണ്ണിന് മാത്രേ തരാൻ പറ്റു…”
അത് കേട്ട് അവൾക്ക് ചിരി വന്നു … ചിരിയടക്കാൻ വേണ്ടി നാക്ക് കൊണ്ട് കവിളിൽ കുത്തി നെല്ലിക്ക വരുത്തി
“ഈ കവിളിലേ നെല്ലിക്ക എനിക്ക് തരോ… പ്ലീസ്…”
അവൻ കൊച്ച് കുട്ടികളെപ്പോലെ ചോദിച്ചു
“ഓ… ഒരു തമാശക്കാരൻ വന്നിരിക്കുന്നു… ഇനിയേതെങ്കിലും പെൺപിള്ളേരെ നോക്കുന്ന കണ്ടാൽ… എന്റെ തനിക്കൊണം കാണും പറഞ്ഞേക്കാം…”
“ഓ… ഉത്തരവ്… പക്ഷേ എന്നെക്കെട്ടി പത്തു പിള്ളേരെ പെറ്റ് തന്നേക്കണം…”
“ആ… ആലോചിക്കാം…”
“അത് മതി… അതുകേട്ടാ മതി…”
