” ഉറപ്പാണോ… ”
പുള്ളിക്കാരി എന്നെ നോക്കി ചോദിച്ചതും ഞാൻ എൻ്റെ സ്വയം തലയിൽ കൈവച്ച് സത്യം ചെയ്യുമ്പോലെ കാണിച്ചു…
” ഇത്തവണ എന്നാൽ ക്ഷമിക്കാടി… ”
ചേട്ടത്തി ചിരിച്ചുകൊണ്ട് എൻ്റെ കൈയിൽ പിടിച്ച ശേഷം ദിവ്യയോടായി പറയാനൊരുങ്ങി…പക്ഷെ അപ്പോഴാണ് പുറകിൽ നിൽക്കുന്ന ഭദ്രകാളിയെ ഞങ്ങൾ ശ്രദ്ദിക്കുന്നത്…എൻ്റെയും ചേട്ടത്തിയുടേം കോപ്രായങ്ങൾ കണ്ട് കൈയ്യും കെട്ടി തുറിച്ചു നോക്കുകയായിരുന്നു കക്ഷി…
” കഴിഞ്ഞോ….. ”
അവൾ എന്നേയും ചേട്ടത്തിയേയും നോക്കി ആ ഭാവത്തിൽ നിന്നും ഒരു മാറ്റവും വരാതെ ചോദിച്ചു…അതിന് ഞങ്ങൾ രണ്ടും പരസ്പരം നോക്കുക അല്ലാതെ ഒന്നും പറഞ്ഞില്ല…
” മര്യാദയ്ക്ക് എൻ്റൊപ്പം വാ….പിന്നെ നിങ്ങൾക്കുള്ളത് ഞാൻ വീട്ടീന്ന് തരാം… ”
അവളെൻ്റെ കൈയ്യിൽ പിടിച്ചതിന് ശേഷം ആദ്യം എന്നോടും പിന്നെ ചേട്ടത്തിയോടുമായി പറഞ്ഞ ശേഷം നടക്കാനൊരുങ്ങി…
” എങ്ങോട്ട്…. ”
ഞാൻ ചുമ്മാ കാര്യം അറിയാൻ തിരക്കിയതും ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു മറുപടി… അതോടെ ഞാൻ നൈസായി ചേട്ടത്തിയെ ഒന്ന് നോക്കി…അപ്പൊ അവിടെ നിന്നും ” നീ തീർന്നടാ…നീ തീർന്നു… ” എന്ന ആക്ഷൻ ആയിരുന്നു മറുപടി…അതോടെ കിളി പാറിയ കണക്കെ ഞാൻ അവളോട് നടന്നു…
” ഇയാള് വണ്ടി എടുത്തിട്ട് വാ… ”
ഫ്രണ്ട് ഗേറ്റിനടുത്തെത്തിയതും അവളെന്നെ നോക്കി കൽപിച്ചു…ഇവളാര് ശിവകാമി ദേവിയൊ എന്നോട് കൽപ്പിക്കാൻ…ഒരെണ്ണം മോന്തയ്ക്ക് കൊടുത്താലോ..?? അല്ലേ വേണ്ട തിരിച്ച് കിട്ടുന്നത് ഒന്നിൽ ഒതുങ്ങില്ല…അതോടെ ഞാൻ പിള്ളേരെ വിളിച്ചു പറഞ്ഞു…ശേഷം വേഗം വണ്ടിയും എടുത്ത് വന്നു…അവൾ പുറകിൽ കേറിയതും ഞാൻ വണ്ടി മുന്നോട്ട് എടുത്തു… എങ്ങോട്ടേക്കാണാവോ മഹറാണിക്ക് പോകേണ്ടത്…തമ്പുരാനറിയാം…
” അല്ല എങ്ങോട്ടേക്കാടോ… ”
കുറച്ച് നേരത്തെ മൗനത്തിന് കർട്ടനിടാൻ ഞാൻ ചോദിച്ചു…
” എങ്ങോട്ടേലും പോ…. ”
അവൾ തൽപര്യമില്ലാത്ത മട്ടിൽ മറുപടി പറഞ്ഞു…അതോടെ കക്ഷി ഇപ്പോഴും കലിപ്പാണെന്ന് ഞാൻ ഉറപ്പിച്ചു…ഇതിനുമാത്രം ഒരു തെറ്റാണോ കൂട്ടുകാരെ ഈ മദ്യപാനം…ഉത്തരം നിങ്ങള് പറയേണ്ട… പോയി നിങ്ങടെ ലൗവർസിനോട് ചോദിക്കൂ…അപ്പൊ കിട്ടും ശരിക്കുള്ള ഉത്തരം…
” അങ്ങനാണേ നമ്മുക്കൊരു സിനിമയ്ക്ക് പോയാലോ കുഞ്ചൂസേ… ”
ഞാൻ ചുമ്മാ അവളുടെ വീക്ക്നെസിൽ പോയി പിടിക്കാൻ തീരുമാനിച്ചു…അതിലവള് വീഴും..
” എന്തിന് അവിടെ കെടന്ന് ഉറങ്ങാൻ ആയിരിക്കും… ”
അവളന്നത്തെ സംഭവം ഓർത്തതും മുഖം കൊണ്ട് ഗോഷ്ട്ടി കാണിച്ചു കൊണ്ട് പറയുന്നത് ഞാൻ മിററിലൂടെ കണ്ടു…അതോടെ ഞാൻ പിന്നൊന്നും പറയാതെ വേഗം വണ്ടി തീയേറ്ററിലേക്ക് വിട്ടു…
” പോയി ഇയാൾക്ക് ഇഷ്ട്ടമുള്ള പടത്തിന് ടിക്കറ്റെടുക്ക് ഞാൻ വണ്ടിയും പാർക്ക് ചെയ്യ്ത് വരാം… ”
തീയറ്റിൽ മുന്നിൽ എത്തിയതും ഞാനവളേയും ഇറക്കി എൻ്റെ കീശയിൽ നിന്നും പേഴ്സ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു…പക്ഷെ പുള്ളിക്കാരിയുടെ ദേഷ്യം പൂർണ്ണമായും മാറിയില്ലാന്ന് തോന്നുന്നു…അതുകൊണ്ട് ഞാൻ നീട്ടിയ പേഴ്സ് വാങ്ങാതെ അവൾ മുഖം തിരിച്ചു…
” ശെടാ….ദേഷ്യം മാറീല്ലെ ഇതുവരെ…ക്ഷമിക്കടോ എൻ്റെ കുഞ്ചൂസല്ലേ…ഞാൻ അതികം കഴിച്ചിട്ടൊന്നുമില്ല…ചുമ്മാ കോളേജ് ലൈഫല്ലേടോ ഒരു രസത്തിന്…അതിനിങ്ങനെ ദേഷ്യപ്പെട്ടാലോ… ”
ഞാൻ അവളുടെ കൈയിൽ കേറി വിരലുകൾ കോർത്തു കൊണ്ട് പറഞ്ഞു…അതോടെ കക്ഷിയുടെ നോട്ടം വീണ്ടും എൻ്റെ നേർക്കായി…
” ഒന്ന് ചിരിക്കടോ… ”
ഞാൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി…അതോടെ കക്ഷി ഒന്നലിഞ്ഞു…അതിന് തെളിവായിരുന്നു നുണക്കുഴി വിടർന്നുള്ള അവളുടെ ചിരി…
” അതാണ്…എന്നാ എൻ്റെ പൊന്നുമോൾ ചെന്ന് ടിക്കറ്റെടുക്ക്…ഞാൻ ഇവനെ പാർക്ക് ചെയ്യ്ത് വരാം… ”
ഞാൻ പേഴ്സ് അവളുടെ കൈയ്യിൽ വച്ചുകൊണ്ട് പറഞ്ഞു…
” മ്മ്…വേഗം വരണം… ”
അവളെന്നെ നോക്കി ഒന്നുകൂടി പുഞ്ചിരിച്ച ശേഷം തീയേറ്ററിന് ഉള്ളിലേക്ക് നടക്കാൻ ഒരുങ്ങി…
” പിന്നെ നല്ല പടം നോക്കി എടുക്കണം…അല്ലാതെ കണ്ട ഊള പടം കാണിച്ച് ഉറങ്ങി പോയാൽ എന്നെ കുറ്റം പറയരുത്… ”
