” ആണോ…എന്നാ പൊന്നുമോനൊന്നിങ്ങ് വരാന്തയുടെ പുറത്ത് വന്നേ… ”
അടുത്ത നിമിഷം അവളുടെ വായിൽ നിന്ന് വന്ന ഡയലോഗ് കേട്ടതും എനിക്ക് അറിയാതെ എക്കിൾ വന്ന് പോയി…അപ്പോഴായിരുന്നു ഞാനും അത് ശ്രദ്ധിച്ചത് ഞാൻ കോളേജിൽ നിന്നുള്ള സൗണ്ട് അവളുടെ ഫോണിൽ നിന്നും കേൾക്കാം… എക്കിളിൻ്റെ പവറൊന്നൂടെ കൂടി… അത് കണ്ടതും…
” ആരാടാ…ഇന്നാ വെള്ളം കുടിക്ക്… ”
എന്ന് പറഞ്ഞ് നന്ദു ഒരു പെഗ്ഗ് ഒഴിക്കുന്നത് കണ്ടതും…ഞാനവനെ നിനക്കിനിയും മതിയായില്ലേടാ തെണ്ടീന്നുള്ള അർഥത്തിൽ ഒന്ന് ചൂഴ്ന്ന് നോക്കിയ ശേഷം കുറച്ച് മിനറൽ വാട്ടർ മാത്രം കുടിച്ച് മെല്ലെ ഡോറ് തുറന്ന് നൈസ് ആയി തലപുറത്തിട്ട് നോക്കി…ടോം ആൻ്റ് ജെറിയിൽ ഉള്ള പോലെ എൻ്റെ തലയ്ക്ക് മുകളിൽ പിള്ളാരുടെ ഓരോരുത്തരുടെ തലയും വന്നുകൊണ്ടിരുന്നു…
” സുഭാഷ്….കുഴി നീളത്തിൽ വെട്ടാം… ”
വരാന്തയുടെ അങ്ങേ മൂലയിൽ ഫോണും ചെവിടോടടുപ്പിച്ച് നിൽക്കുന്ന ദിവ്യയേയും തൊട്ടടുത്ത് നിൽക്കുന്ന ചേട്ടത്തിയേയും കണ്ടതോടെ വായിൽ നിന്ന് ഉടയ തമ്പുരാൻ പൊറത്ത് വരുത്തിയ ഡയലോഗ് ആയിരുന്നു അത്…
” അളിയാ നീ ഏത് ഐറ്റത്തിനാ കർട്ടൻ വലിക്കുന്നത് എന്ന് പറഞ്ഞെ…. ”
അവരെ കണ്ടതും ശ്രീ എന്നെ തോണ്ടികൊണ്ട് ചോദിച്ചു…അതിന് ഞാൻ എന്തേലും തൊള്ള തുറക്കും മുൻപേ അഭിയുടെ മറുപടിയും വന്നു കഴിഞ്ഞിരുന്നു…
” മിക്കവാറും ചവിട്ട് നാടകം ആയിരിക്കും…. ”
അവൻ എന്നെ നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു….
” അളിയാ വീട്ട് മുറ്റത്ത് ഇടാനുള്ള പന്തല് സെറ്റപ്പ് MPS-ൽ പറയാം അല്ലേ… ”
ശ്രീ ആക്കിയ ചിരിയോടെ വീണ്ടും ചോദിച്ചതും ഞാനവന്മാരെ നോക്കി പല്ലിറുമ്മിയ ശേഷം ധൈര്യം സംഭരിച്ച് അവരുടെ അടുത്തേക്ക് നടക്കാനൊരുങ്ങി… ഒന്നാമത്തെ കോളേജിൽ നിന്ന് വെള്ളടിക്കരുതെന്ന ചേട്ടത്തിയുടെ ഉഗ്ര ശാസനം ഉണ്ട് അതാണ് എനിക്ക് ഏറ്റവും വലിയ പേടി….
” അളിയാ…. ”
മുന്നോട്ട് നടക്കാൻ തുടങ്ങിയ എന്നെ പുറകീന്ന് നന്ദു വിളിച്ചു…അതോടെ ഞാൻ തിരിഞ്ഞവനെ നോക്കി…
” ഈ അവസ്ഥയിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല… പക്ഷേ ചോദിച്ചു പോകുവാ….നീ ഒഴിച്ചു വെച്ച ആ പെഗ്ഗ് ഞാൻ അടിച്ചോട്ടേ…അല്ല വല്ല ഈച്ചയും വീണ് അത് ചത്ത് പോകണ്ടാന്ന് കരുതിയാ…. ”
അവനെന്നെ നോക്കി ഒരു നിഷ്കളങ്ക ഭാവത്തിൽ ചോദിച്ചതും… ചോട്ടാ മുംബൈയിൽ കുപ്പി പൊട്ടിയപ്പൊ ഉള്ള ബിജുകുട്ടൻ്റെ അവസ്ഥ ആയിരുന്നു എനിക്ക്…അവനെ നോക്കി നാവ് നീട്ടി രണ്ട് തെറി വിളിച്ച ശേഷം ഞാൻ വേഗം ദിവ്യയുടേം ചേട്ടത്തിയുടേം അടുത്തേക്ക് നടന്നു…
” ഹാ നീയെന്താ ഇവിടെ… ”
അവരുടെ അടുത്തെത്തിയതും ഞാൻ ദിവ്യയെ നോക്കി ഇളിച്ചുകൊണ്ട് ചോദിച്ചു…പക്ഷെ അതിന് മറുപടി ഒന്നും കിട്ടിയില്ല…രണ്ടും എന്നെ ചൂഴ്ന്ന് നോക്കുന്നുണ്ട്…ചേട്ടത്തിയെ നോക്കാൻ തന്നെ പേടിയാകുന്നു…
” കണ്ടല്ലോ ഇതാ ഇവൻ്റെ പരിപാടി എത്ര പറഞ്ഞാലും കേൾക്കില്ല…അകത്തെന്താടാ പരിപാടി… ”
ഒരു നിമിഷത്തെ മൗനത്തിന് ശേഷം ചേട്ടത്തി ഫുൾ പവറിൽ ആയതോടെ ഏത് വഴി ഓടണം എന്ന ചിന്തയിൽ ആയി ഞാൻ…
” ഇനി നീ എന്താന്ന് വെച്ചാ ആകിക്കോ…എനിക്കൊന്നും ഇവനോട് സംസാരിക്കാൻ താൽപര്യം ഇല്ല… ”
പുള്ളിക്കാരി പറഞ്ഞത് ഒരു രീതിയിലും അനുസരിച്ചില്ല എന്ന് കണ്ടതും ചേട്ടത്തി എന്നെ കൽപ്പിച്ച് ഒന്നുകൂടി നോക്കിയ ശേഷം അവിടെ നിന്നും പോകാൻ ഒരുങ്ങി…അതോടെ ഞാൻ ഓടി ചെന്ന് പുള്ളിക്കാരിയുടെ വട്ടം നിന്നു…
” എൻ്റെ പൊന്ന് ചേട്ടത്തി കൊച്ചേ…ഈ ഒറ്റത്തവണ കൂടി എന്നോട് ക്ഷമിക്ക്…ഇനി ഒരിക്കലും ഉണ്ടാവില്ല…സത്യം….എൻ്റെ പൊന്നല്ലേ… ”
ഞാൻ പിള്ളാരെ കണക്കെ സോപ്പിടാൻ തുടങ്ങി…
” നീ പോടാ…നീയെന്നോട് ഒന്നും പറയണ്ട…ഞാൻ പറഞ്ഞാ കേൾക്കാത്ത നീ എന്നോട് സംസാരിക്കാൻ വരണ്ട… ”
ചേട്ടത്തി അമ്പിനും വില്ലിനും അടുക്കില്ല എന്ന് കണ്ടതും അവസാന അടവിടാൻ തീരുമാനിച്ചു…
” അങ്ങനെ പറയല്ലേ…എൻ്റെ ഈ ചെറിയ തെറ്റക്കൊ ക്ഷമിക്കാനൊക്കെ എനിക്ക് വേറെ ചേച്ചിയൊന്നും ഇല്ലാത്തോണ്ടല്ലെ ഞാൻ ചോദിക്കുന്നെ…പ്ലീസ് ഇനി ഉണ്ടാവില്ല… “
ഞാൻ സങ്കടകലർന്ന ഭാവത്തോടെ അവതരിപ്പിച്ചതും ആള് ഫ്ലാറ്റ്…അല്ലേലും ഈ പെണ്ണുങ്ങളെ വീഴ്ത്താൻ പഴത്തൊലിയെകാളും നല്ലത് ഇമോഷണൽ ഡയലോഗ്സാണ്…
