ദിവ്യാനുരാഗം – 8

” എനിക്കൊന്നും അറിയാൻ പാടില്ല പൊന്നേ…ആകെ കിളി പാറിട്ടാ
ഉള്ളേ…വല്ലാത്തൊരു ട്വിസ്റ്റായി പോയി… ”

അവൻ എന്നെ നോക്കാതെ മിസ്സിനേം സൂര്യയേയും മാറി മാറി നോക്കി പറഞ്ഞു…

ഇനി ചെക്കനും പെണ്ണും എന്തേലും സംസാരിച്ചോട്ടേന്ന് ആ കാരണവര് പിന്നേയും പറഞ്ഞപ്പൊ അവര് രണ്ടാളും രംഗം ഒഴിഞ്ഞു…അതോടെ ഇപ്പൊ വരാം എന്ന് പറഞ്ഞ് ഞാൻ വീടിന്റെ പൊറത്തിറങ്ങി…അവിടെ നിന്നാ വട്ടായിപോവും…

” അതേ മോനെ… ഓർമ്മയുണ്ടോ ഈ മുഖം ”

നല്ല പരിചയമുള്ള ഒരു ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…അപ്പൊ ഞെട്ടികൊണ്ട് തലയിൽ അവശേഷിക്കുന്ന കിളിയും ഈയുള്ളവനെ ഇട്ടേച്ച് പോയി…കാരണം അതവളായിരുന്നു ദിവ്യ…

” നീയെന്താടി ഇവിടെ… ”

ഞാൻ ഉള്ളിലുള്ള ചോദ്യം അതികം നേരം അടക്കി വെക്കാൻ നിന്നില്ല…

” പിന്നെ എൻ്റെ ചേച്ചിയുടെ പെണ്ണ് കാണലിന് ഞാനല്ലാതെ ഇയാള് ഇവിടെ വന്നിരിക്കുവോ… ”

അവളെന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞപ്പോൾ ഇടിവെട്ടിയവനെ പാമ്പിന് പകരം മൊതല കടിച്ച അവസ്ഥയായി എൻ്റേത്…

” എന്തോന്നടീ ഇത് നോളൻ്റെ സിനിമയോ….നിനക്ക് വേറെ ആരേയും ചേച്ചിയാക്കാൻ കിട്ടിയില്ലേ… ”

ഞാൻ അവളെ നോക്കി പല്ലിറുമ്മി….

” ഇയാളെന്തിനാ അതൊക്കെ പറഞ്ഞ് ചൂടാവുന്നേ… ”

അവൾക്കെന്റെ തെളപ്പ് കണ്ട് ചിരിപൊട്ടി…

” നീ ചിരിക്കടി…നിന്റെ ചേച്ചി അതായത് എൻ്റെ മിസ്സ് ഇന്നലെ രാവിലെ നിലം തൊടാതെ ഓരോന്ന് പറഞ്ഞപ്പൊ എന്തോ പണി കിട്ടുമെന്ന് ഉറപ്പായിരുന്നു…പക്ഷെ ഈ കോലത്തിൽ ആണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല…അങ്ങനാണേൽ ഇവിടെ വരില്ലായിരുന്നു… ”

ഞാൻ മിസ്സിന്റെ ഇന്നലത്തെ ഡയലോഗും ഇന്നത്തെ അവസ്ഥയും ഒക്കെ കൂടി മനസ്സിൽ കൂട്ടി കിഴിച്ചു…

” അതേ എനിക്കങ്ങോട്ടേക്ക് വരാവോ… ”

ആര്യ മിസ്സിന്റെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയത്…

” അല്ല എന്താണ് രണ്ടാളും പരിപാടി…ഞാനും കൂടെ അറിയട്ടെ… ”

മിസ്സ് ഞങ്ങളെ രണ്ടിനേം നോക്കി ഒരാക്കിയ ചിരി ചിരിച്ചുകൊണ്ട് രംഗപ്രവേശനം നടത്തി…

” ഒന്നൂല്യ ചേച്ചി…ഞങ്ങള് ചുമ്മാ… ”

അവള് മിസ്സിന് എന്തെക്കയോ മറുപടി കൊടുത്തു…പക്ഷെ എൻ്റെ നാക്ക് നേരത്തെ തന്നെ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു…

” മ്മ്…എന്താ അർജ്ജുനേ…ആകെ മൊത്തം ഒരു വശപിശക്… ”

മിസ്സിത്തവണ എനിക്ക് നേരെ തിരിഞ്ഞു….പക്ഷെ ഈ ഹർത്താൽ എന്ത് വില കൊടുത്തും വിജയിപ്പിക്കുമെന്ന് എൻ്റെ നാക്ക് തീരുമാനിച്ചുറച്ചത് കൊണ്ട് ഓന്നുമില്ലെന്നുള്ളർത്ഥത്തിൽ തലയാട്ടുക അല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല…

” ഇവളേ ഇന്നലെ തന്നെ ഞാൻ പൊക്കിയിരുന്നു…കാര്യങ്ങളൊക്കെ അവള് പറഞ്ഞു… “
മിസ്സെൻ്റെ മിണ്ടാട്ടം കണ്ടത് കൊണ്ട് എന്നെ ഒന്ന് കൂളാക്കാൻ പറഞ്ഞു…അതിന് ഞാൻ ദിവ്യയെ ഒരു നോട്ടം നോക്കി…

” പിന്നെ ഇയാളുടെ ചേട്ടനെ എനിക്കിഷ്ടായി…ഞാൻ തൻ്റെ ചേട്ടത്തിയായി വരുന്നതിനോടെന്താ അഭിപ്രായം… ”

മിസ്സ് തൽക്കാലം വിഷയം മാറ്റാൻ തീരുമാനിച്ചു എന്ന് തോന്നുന്നു…

” വളരെ വളരെ നല്ല അഭിപ്രായം… സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേന്ന് പണ്ടേതോ കൊച്ച് ചെക്കൻ പരസ്യത്തിൽ പറയുന്ന അത്രത്തോളം സന്തോഷം…ചേട്ടത്തിയാണ്…അല്ല മിസ്സാണ് ഇനി ഞങ്ങടെ കുടുംബത്തിന്റെ ഐശ്വര്യം… ”

ഞാൻ ഉള്ളിലെ കിളിപാറലുകൾ പുറത്ത് കാട്ടാതെ ആദ്യമായി മറുപടി കൊടുത്തു…അതോടെ ഹർത്താൽ മൂഞ്ചിയിരിക്കുന്നു…ഓപസ്സിറ്റ് പാർട്ടികാര് സ്ട്രോങ്ങാണ്….

” മ്മ്… ”

എൻ്റെ മറുപടി കേട്ട് മിസ്സൊന്ന് മൂളിയ ശേഷം അവരും ദിവ്യയും ചിരി തുടങ്ങി…അതോടെ ഞാൻ ഉള്ളിലേക്ക് വലിഞ്ഞു…

” ജാങ്കോ… അല്ല നന്ദു…നീയറിഞ്ഞോ ഞാൻ പെട്ടു… ”

ഉള്ളിലേക്കെത്തിയതും ഞാൻ നന്ദുവിനോട് പുറത്ത് നടന്നത് പറയാനൊരുങ്ങി…

” വേണ്ട പറയേണ്ട…ഞാൻ കണ്ടാർന്നു അവളെ…ഇത് നല്ല ഒന്നാന്തരം ഒരു ട്വിസ്റ്റ് കഥയാ മോനെ…അവള് പറഞ്ഞിട്ടാ മിസ്സിനെ പറ്റി നിൻ്റമ്മ അറിയുന്നത്…അവളുടെ കസിനാത്രേ….അങ്ങനാ ഈ കല്ല്യാണാലോചന ഉണ്ടാവുന്നത്…ഒക്കെ ഞാൻ ഇവിടിരുന്നറിഞ്ഞു… ”

അവൻ കണ്ടതും കേട്ടതും വള്ളി പുള്ളി വിടാതെ എനിക്ക് വിളമ്പി തന്നു…

” സൂര്യാ…എന്താ നിന്റെ തീരുമാനം… ”

ഞാൻ അവസാന തീരുമാനം അറിയാൻ അവനോട് ചോദിച്ചു…

” അത് ഫിക്ക്സ്സാണ് മോനേ…നമ്മുക്ക് നീ പറഞ്ഞപോലെ ബ്രാൻ്റ് മാറ്റി അടിക്കാം ഇനി… ”

അവൻ ചിരിച്ചുകൊണ്ടെനിക്ക് മറുപടി നൽകി… രാവിലെ എന്തൊക്കെയായിരുന്നു ഈ ദുർവാസാവ് തെണ്ടി പറഞ്ഞത്…എന്നിട്ടിപ്പൊ അവൻ്റെ മനസ്സിളകി…

” ഞഞ്ഞായി….നിൻ്റെ ജീവിതം തൊലഞ്ഞെടാ… ”

അത്രമാത്രം ഞാൻ അവനോട് പറഞ്ഞു… പിന്നെ കുറച്ച് നേരം കഴിഞ്ഞ് ഇറങ്ങാൻ തീരുമാനിച്ചു…ഇറങ്ങുന്നത് വരെ അമ്മ ദിവ്യയോട് സംസാരിച്ചിരിപ്പായിരുന്നു…ഇവർക്ക് ഹോസ്പിറ്റലിൽ നിന്ന് സ്നേഹിച്ച് മതിയായില്ലേ… പോകാൻ നേരം ചെറുക്കനും പെണ്ണും നോക്കുന്നതും പോട്ടേന്ന് പറയുന്നതും സർവ്വസാധാരണം..
അത് സൂര്യയും ആര്യമിസ്സും വെടിപ്പായി നടത്തുന്നത് കണ്ടു… രണ്ടിനും പരസ്പരം നന്നായി ബോധിച്ചു എന്ന് തോന്നുന്നു…പക്ഷെ ഇറങ്ങാൻ നേരം ഞാൻ ദിവ്യയെ ഒന്ന് നോക്കാനോ യാത്രപറയാനോ നിന്നില്ല…കാരണം ഇതൊക്കെ നേരത്തെ അറിയായിരുന്നിട്ടും എന്നോട് പറയാത്തതിൽ ഉള്ള അമർഷം തന്നെ…അവളുടെ
മുന്നിലൂടെ എറങ്ങിയിട്ടും ഞാൻ മുഖം തിരിച്ചതല്ലാതെ നോക്കാൻ പോയില്ല…

അങ്ങനെ യാത്രപറയലും ഒക്കെ കഴിഞ്ഞ് വേഗം എങ്ങനെയേലും വീടെത്തണം എന്ന ചിന്തയിൽ അത്യാവശ്യം സ്പീഡിൽ തന്നെ വണ്ടി വിട്ടു…അതിന് ബാക്കിയുള്ളവരുടെ തെറി കേട്ടെങ്കിലും അതൊന്നും വരവു വെക്കാതെ വേഗം തന്നെ വീട്ടിലെത്തി…എല്ലാലരും കുറച്ചു നേരം സംസാരിച്ചിരുന്ന് മുങ്ങാൻ ഒരു ചാൻസ് കിട്ടിയപ്പൊ ഞാൻ റൂമിൽ പോയി ഒറ്റ കിടത്തം….

” ഡാ എഴുന്നേറ്റ് വല്ലതും കഴിക്കുന്നുണ്ടോ…നേരം വൈകുന്നേരം ആയി…. ”

എന്നെ പിടിച്ചു കുലുക്കി കട്ടിലിലേക്ക് ഇരിക്കുമ്പോൾ അമ്മയുടെ സ്വരം കാതുകളിലേക്ക് ഇരിച്ചു കയറി…

” ഇത് വലിയ ശല്ല്യായല്ലോ..
ഓരോ പേരും പറഞ്ഞ് ലീവെടുത്ത് വീട്ടിലുള്ളവരെ മെനക്കെടുത്താതെ പണിക്ക് പോയിക്കൂടെ ഡോക്ടറേ ഇങ്ങക്ക്… ”

ഞാൻ നല്ലൊരു ഉറക്കിൻ്റെ ഫ്ലോ പോയതിൽ മുരണ്ടു…പക്ഷെ അടുത്ത നിമിഷം തലക്കിട്ടൊരു കൊട്ട് കിട്ടിയപ്പോൾ ഉറക്കത്തിന് ക്ഷതം പറ്റുന്ന കൂട്ടത്തിൽ തലച്ചോറിനും ക്ഷതം പറ്റിയെന്ന് തോന്നി പോയി…

” ആരാടാ ശല്ല്യം… എഴുന്നേറ്റ് വാടാ….നീ…. ”

കിട്ടിയ കൊട്ടിൻ്റെ ആഘാതത്തിൽ തല ഒന്നുയർത്തുമ്പോഴേക്കും കിട്ടി നല്ല ഒന്നാന്തരം ഒരു തൊഴി കൂടി…അതോടെ വെട്ടിയിട്ട ചക്കപോലെ നേരെ നിലത്ത് ലാൻ്റ് ചെയ്യ്തു…

” അല്ല ഞാനൊരു കാര്യം ചോദിച്ചോട്ടെ…സത്യം പറയണം… അമ്മയ്ക്ക് തലയ്ക്ക് വല്ല ഓളവും ഉണ്ടോ…?? ”

ഞാൻ നിലത്ത് നിന്ന് എഴുന്നേറ്റ് ചീറി…പക്ഷെ മറുപടിയൊന്നും തരാതെ ചിരിക്കുകയാണ് കക്ഷി…

Leave a Reply

Your email address will not be published. Required fields are marked *