വണ്ടിയുടെ വേഗത ഇച്ചിരി കൂട്ടി ഞാൻ മറുപടി കൊടുത്തു… അതോടെ ആ വായ അടങ്ങീന്ന് തോന്നുന്നു… കൊറച്ച് നേരത്തേക്ക് പിന്നെ തുറന്നിട്ടില്ല…
” ഇനിയിപ്പൊ പോകുന്ന പോക്കിൽ വല്ല ബസ്സുകാരും ബൈക്കിൽ ഇടിച്ച് കൊല്ലുവോ എന്തോ… ചിലരുടെ കാര്യത്തിന് വേണ്ടി തല്ലുണ്ടാക്കാൻ പോയ ബസ്സുകാരുടെ സ്ഥിരം റൂട്ടാണല്ലോ… ”
ഞാൻ കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം വീണ്ടും അവളെ ചൊറിയാൻ തീരുമാനിച്ചു…ഏത്
.. ഇതൊക്കെ ഒരു ഹരേല്ലടോ…
” അതേ നമ്മുക്ക് വല്ല ഷോർട്ട് കട്ടിലൂടേം പോയാലോ…. ”
എൻ്റെ ചൊറി അവൾടെ ഉള്ളിൽ ഭയമാണ് ഉണ്ടാക്കിയെതെന്ന് അവളുടെ മറുപടി കേട്ടപ്പോഴായിരുന്നു എനിക്ക് മനസ്സിലായത്…
” ഷോർട്ട് കട്ടിപ്പൊ… കുറച്ച് മുന്നോട്ട് പോയാൽ ഒരു പാലമുണ്ട്…അതീന്ന് താഴോട്ടിറക്കി നേരെ അറബിക്കടലിലേക്ക് വെച്ച് പിടിച്ചാലോ..?? ”
അവളുടെ പേടി ആലോചിച്ച് ഞാൻ ഊറിചിരിച്ചുകൊണ്ട് പറഞ്ഞു…അതിന് മറുപടിയായി പുറത്തൊരു കുത്ത് കിട്ടി…നേരിയ വേദന ഉണ്ടായെങ്കിലും അതും എനിക്ക് ഒരു സുഖമുള്ള ഒന്നായി തോന്നി….
പിന്നെ അവളെ ഇറക്കേണ്ട സ്ഥലംമെത്തുവരെ ഒന്നും മിണ്ടാൻ പോയില്ല… അവിടെ എത്തിയതും അവള് ചാടി വണ്ടീന്നിറങ്ങി…
” ഡോ തൻ്റെ തറവാടല്ലേ ഇത്…അപ്പൊ ശരിക്കും വീടെവിടാ ഇതിന്റെ തൊട്ടടുത്താണോ… ”
ഞാൻ വണ്ടീന്നിറങ്ങിയ അവളെ നോക്കി ചോദിച്ചു
” അറിഞ്ഞിട്ടിപ്പൊ എന്തിനാ… ”
അത്രയും നേരം യാത്രയിൽ ചൊറിഞ്ഞതിലുള്ള കലിപ്പിലാണ് കക്ഷി…
” വേറൊന്നുമല്ല…എൻ്റെ ഒരു 70 വയസ്സുള്ള അമ്മാവനുണ്ട്…ആള് ക്രോണിക് ബാച്ചിലറാ…താൻ പുള്ളിക്കാരന് കറക്ക്റ്റാ…വേണേൽ വീട്ടിൽ വന്നാലോജിക്കാം… ”
ഒരാക്കിയ ചിരിയോടെ ഇത്തവണ അവളെ ചൊറിയാൻ നരസിംഹത്തിലെ ലാലേട്ടൻ്റെ ഡയലോഗ് കടമെടുത്തു…
അവള് മുഖത്ത് ശുണ്ഠി വരുത്തിയതല്ലാതെ അതിന് മറുപടി ഒന്നും തന്നില്ല….അത് കണ്ടെൻ്റെ ചിരി ഇത്തിരി കൂടി ഹൈലൈറ്റ് ആയി…
” അപ്പൊ ശരി പോട്ടേ…എനിയും നിന്നാ താൻ കേറി എന്നെ അങ്ങ് കെട്ടിപിടിച്ചാലോ… വഴിയേ പോകുന്നവരൊക്കെ കണ്ട് നണകേടാവും…. ”
ഞാൻ വണ്ടി വളയ്ക്കുന്ന കൂട്ടത്തിൽ അവളെ ഒന്നിളക്കാൻ പറഞ്ഞു…കാരണം അത് കേൾക്കുമ്പോൾ പെണ്ണിന് കലിപ്പിപ്പൊ കൂടുതലാണല്ലോ…
” പോടാ പട്ടീ… “
കലിപ്പിൽ തിരിഞ്ഞു നടന്ന അവളുടെ പോക്ക് കണ്ട് ചിരിയടക്ക വയ്യാതെ ഞാൻ വണ്ടിയെടുത്ത് വീട്ടിലേക്ക് വെച്ചു പിടിച്ചു….
വീട്ടിലെത്തിയതും അമ്മ ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നത് കണ്ടു…അച്ഛൻ്റെ വണ്ടിയില്ല…അമ്മയില്ലാത്തതു കൊണ്ട് അച്ഛന് നേരത്തേം കാലത്തേം ജോലിക്ക് കേറാം…
” എന്താടാ വൈകിയത്… ”
വണ്ടിയും സ്റ്റാൻ്റിരൾലിട്ട് ഉമ്മറത്തേക്കെത്തിയ എന്നെ നോക്കി പത്രത്തിൽ നിന്നും കണ്ണെടുത്ത് അമ്മ ചോദിച്ചു…
” നേരത്തെ വന്നിട്ടിവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ലലോ… ”
ഞാൻ അമ്മയുടെ തലയ്ക്ക് ചെറിയ ഒരു കൊട്ട് കൊടുത്ത് ഉള്ളിലേക്ക് കയറി
” ഡാ ഇനി കയറി കിടക്കാൻ ഒന്നും നിൽക്കണ്ടാ…പോകാൻ ഉള്ളതാ… ”
ഞാൻ ഉള്ളിലേക്കെത്തിയതും പുറകെ കയറി വന്ന അമ്മ പറഞ്ഞു…
” ഒന്ന് പോ ഡോക്ടറേ…ഇത്ര തിടുക്ക പെട്ട് പോകേണ്ട കാര്യമില്ല…ആ പെണ്ണിന് ഒരുങ്ങേണ്ടേ…. പെണ്ണുങ്ങൾക്ക് ഒരുങ്ങാൻ തന്നെ വേണം 3 മണിക്കൂർ… ”
ഞാൻ മുകളിലേക്ക് സ്റ്റെപ്പ് കയറുമ്പോൾ പുള്ളിക്കാരിയെ നോക്കി മറുപടി പറഞ്ഞു…
” അത് നിനക്കെങ്ങനെ അറിയാം… ”
” ഞാൻ ദിവസ്സവും കാണുന്നതാണല്ലോ എൻ്റെ മാതാശ്രീയെ…പാവം എൻ്റച്ഛനെ സമയത്തിന് ജോലിക്ക് പോലും പോകാൻ സമ്മതിക്കാതെ കണ്ണാടിക്ക് മുന്നിൽ നിന്നൊരുങ്ങുന്നത്…. ”
പുള്ളിക്കാരിയെ നോക്കി ഒരാക്കിയ ചിരിയോടെ മറുപടി നൽകി മുകളിലേക്കോടി….അല്ലെങ്കിൽ കക്ഷി കൈയ്യിൽ കിട്ടിയത് വച്ചെറിയും…
” ഡാ വല്ലതും കഴിച്ചിട്ട് കുറച്ചു നേരം കിടന്നോ… ”
പോകുന്ന പോക്കിൽ പുള്ളിക്കാരിയുടെ താഴെ നിന്നുള്ള ചോദ്യം കേട്ടു…പക്ഷെ ഇപ്പൊ വേണ്ടാന്ന് വിളിച്ചു പറഞ്ഞ് വേഗം ചാടി കേറി കിടക്കയിലേക്ക് വീണു… കോളേജിൽ പോകേണ്ടല്ലോ അപ്പൊ ഇച്ചിരി മയങ്ങാം…
