ദിവ്യാനുരാഗം – 8 1

അങ്ങനെ യാത്രപറയലും ഒക്കെ കഴിഞ്ഞ് വേഗം എങ്ങനെയേലും വീടെത്തണം എന്ന ചിന്തയിൽ അത്യാവശ്യം സ്പീഡിൽ തന്നെ വണ്ടി വിട്ടു…അതിന് ബാക്കിയുള്ളവരുടെ തെറി കേട്ടെങ്കിലും അതൊന്നും വരവു വെക്കാതെ വേഗം തന്നെ വീട്ടിലെത്തി…എല്ലാലരും കുറച്ചു നേരം സംസാരിച്ചിരുന്ന് മുങ്ങാൻ ഒരു ചാൻസ് കിട്ടിയപ്പൊ ഞാൻ റൂമിൽ പോയി ഒറ്റ കിടത്തം….

” ഡാ എഴുന്നേറ്റ് വല്ലതും കഴിക്കുന്നുണ്ടോ…നേരം വൈകുന്നേരം ആയി…. ”

എന്നെ പിടിച്ചു കുലുക്കി കട്ടിലിലേക്ക് ഇരിക്കുമ്പോൾ അമ്മയുടെ സ്വരം കാതുകളിലേക്ക് ഇരിച്ചു കയറി…

” ഇത് വലിയ ശല്ല്യായല്ലോ..
ഓരോ പേരും പറഞ്ഞ് ലീവെടുത്ത് വീട്ടിലുള്ളവരെ മെനക്കെടുത്താതെ പണിക്ക് പോയിക്കൂടെ ഡോക്ടറേ ഇങ്ങക്ക്… ”

ഞാൻ നല്ലൊരു ഉറക്കിൻ്റെ ഫ്ലോ പോയതിൽ മുരണ്ടു…പക്ഷെ അടുത്ത നിമിഷം തലക്കിട്ടൊരു കൊട്ട് കിട്ടിയപ്പോൾ ഉറക്കത്തിന് ക്ഷതം പറ്റുന്ന കൂട്ടത്തിൽ തലച്ചോറിനും ക്ഷതം പറ്റിയെന്ന് തോന്നി പോയി…

” ആരാടാ ശല്ല്യം… എഴുന്നേറ്റ് വാടാ….നീ…. ”

കിട്ടിയ കൊട്ടിൻ്റെ ആഘാതത്തിൽ തല ഒന്നുയർത്തുമ്പോഴേക്കും കിട്ടി നല്ല ഒന്നാന്തരം ഒരു തൊഴി കൂടി…അതോടെ വെട്ടിയിട്ട ചക്കപോലെ നേരെ നിലത്ത് ലാൻ്റ് ചെയ്യ്തു…

” അല്ല ഞാനൊരു കാര്യം ചോദിച്ചോട്ടെ…സത്യം പറയണം… അമ്മയ്ക്ക് തലയ്ക്ക് വല്ല ഓളവും ഉണ്ടോ…?? ”

ഞാൻ നിലത്ത് നിന്ന് എഴുന്നേറ്റ് ചീറി…പക്ഷെ മറുപടിയൊന്നും തരാതെ ചിരിക്കുകയാണ് കക്ഷി…

” ചിരിക്കാൻ പറഞ്ഞതല്ല… ഈയിടെയായി കൂടുന്നുണ്ട്… എപ്പോഴും ഞാനങ്ങ് സഹിച്ചെന്ന് വരില്ല… തമാശ നല്ലതാ പക്ഷെ എപ്പോഴും അത് നല്ലതിനായിരിക്കില്ല…ഈ വേദനയും കാര്യവും സഹിച്ചു പിടിക്കാൻ ഞാൻ കൊച്ച് കുട്ടിയൊന്നുമല്ല… ”

ഞാൻ കപട ദേഷ്യം അനുകരിക്കാൻ പരമാവധി ശ്രമിച്ചു….പക്ഷെ പൊടുന്നനേ അമ്മയുടെ ചിരി മങ്ങി മുഖത്തൊരും സങ്കടം വന്നത് എന്നെ ഞെട്ടിച്ചു കളഞ്ഞു…

” സോറി അജ്ജു അമ്മ തമാശയ്ക്ക്… ”

കിടക്കയിൽ നിന്നും എഴുന്നേറ്റ് അമ്മ അതേ സങ്കട മുഖഭാവത്തോടെ എന്നെ നോക്കി…

” അയ്യേ….ഇതെന്താ ഡോക്ടറേ പതിവില്ലാതെ ഇങ്ങനൊക്കെ… ഞാൻ ചുമ്മാ പറയുന്നതാന്ന് അറിയില്ലേ… ”

ഞാൻ അമ്മയെ അടുത്ത് ചെന്ന് ചേർത്ത് പിടിച്ചു…അപ്പോഴും മുഖത്തിനൊരു
മാറ്റാവുമില്ല…

” എന്നാലും ചില സമയത്ത് അമ്മ ഓവറാണല്ലേ… പ്രായത്തിന്റെ ഇത് പോലും ഞാൻ നോക്കാറില്ല…മോന് നൊന്തോ… ”

” നൊന്തു….നന്നായിട്ട് നൊന്തു… വേറൊന്നുമല്ല ഇപ്പൊ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ… ”

ഞാൻ പുള്ളിക്കാരിയുടെ മുഖം പിടിച്ചുയർത്തി…

” എൻ്റെ പൊന്നു ഡോക്ടറേ സത്യം പറഞ്ഞാ ഞാൻ ഭാഗ്യം ചെയ്യ്തവനല്ലേ…ഇങ്ങനെ ഇത്രയും എന്നെ സ്നേഹിക്കുന്ന ഒരു മാതാപിതാക്കളെ കിട്ടിയതിൽ…നിങ്ങളെന്നെ മോനെ പോലെ അല്ലല്ലോ കൂട്ടുകാരനെ പോലെ അല്ലേ കാണുന്നേ…എത്ര പിള്ളേർക്ക് കിട്ടും ഈയൊരു ഭാഗ്യം… ”

ഞാൻ ചിരിച്ചുകൊണ്ട് എൻ്റെ ജീവിതത്തെ മനോഹരമാക്കുന്ന വ്യക്തികളിൽ ഒരാളുടെ മുന്നിൽ അത് തുറന്ന് കാട്ടിയപ്പോൾ ആ മുഖത്ത് വിരിഞ്ഞ സന്തോഷം കാണണം എൻ്റെ സാറേ… ഏത് തട്ടമിട്ട പെണ്ണ് വന്നാലും ഇപ്പൊ ഈ ചിരിയല്ലാതെ മറ്റൊന്നും ഞാൻ നോക്കത്തില്ല…

” പിന്നെ അമ്മ പറഞ്ഞല്ലോ ചില സമയത്ത് ഓവറാണെന്ന്…ആ സ്വഭാവം ആണ് ഈ വീടിന്റെ ഏറ്റവും വലിയ സന്തോഷം അത് അമ്മയ്ക്കറിയോ…?? ഞാനും അച്ഛനും എത്ര മാത്രം അത് എൻജോയ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്…ഇനി ഏത് പെണ്ണ് ഈ വീട്ടിലേക്ക് കയറി വന്നാലും അമ്മയോളം വരില്ല ഇവിടെ ഒന്നും…അന്നും ഇന്നും എന്നും എനിക്ക് ഈ സ്വഭാവം ഉള്ള എൻ്റെ ഡോക്ടറെയാണിഷ്ടം…കേട്ടോ… ”

ഞാൻ പുള്ളിക്കാരിയുടെ താടി തുമ്പ് പിടിച്ചു കുലുക്കി ചിരിച്ചു…അടുത്ത നിമിഷം അമ്മയെന്നെ കെട്ടിപ്പിടിച്ചു…

” ഓരോന്ന് പറഞ്ഞ് കരയിപ്പിക്കല്ലെടാ ചെക്കാ എന്നെ… ”

അമ്മ ചിരിച്ചുകൊണ്ട് എൻ്റെ പുറത്ത് തഴുകി ആ മിഴികൾ എൻ്റെ വാക്കുകൾ കേട്ട് നനവു പടർത്തി എന്നത് എനിക്കൂഹിക്കാമായിരുന്നു…

” മ്മ് മതി… വാ വല്ലതും കഴിക്കാം നേരം ഒരുപാട് വൈകി… ”

Leave a Reply

Your email address will not be published. Required fields are marked *