” ഡാ എനിക്കെന്തോ പോലെ നമ്മുക്ക് തിരിച്ച് പോയാലോ… ”
വണ്ടിയിന്നിറങ്ങിയതും സൂര്യ എന്നോട് അവൻ്റെ അവസ്ഥ വെളിപെടുത്തി…
” ഒന്ന് പോടോ…ഇയാള് കള്ളവെട്ടിന് വന്നതൊന്നുമല്ലല്ലോ ഇത്ര ടെൻഷൻ അടിക്കാൻ… മര്യാദയ്ക്ക് വാ… ”
ഞാൻ അവൻ്റെ കൈപിടിച്ച് വലിച്ചു…
” അതെന്നെ ഒരു എൻജിനിയറല്ലേ സൂര്യേട്ടാ ഇങ്ങള്… കുറച്ച് ധൈര്യം വേണം… ”
നന്ദുവും പിൻതാങ്ങിയതോടെ സൂര്യ മനസ്സില്ലാ മനസ്സോടെ ഞങ്ങടൊപ്പം കയറി…
പിന്നെ പതിവ് പെണ്ണ് കാണൽ ചടങ്ങ് തന്നെ…അകത്തിരിക്കുന്നു പരിചയപെടുന്നു…ഒടുക്കം പെണ്ണിന്റെ അമ്മയോട് കുട്ടിയെ വിളിച്ചോന്നുള്ള ഏതോ കാരണവരുടെ ഡയലോഗും ഒക്കെ അടിപൊളിയായി നടന്നു…
പെട്ടെന്ന് ഒരു ട്രേയിൽ ചായയുമായി വരുന്ന പെണ്ണിനെ അതായത് സൂര്യ പെണ്ണ് കാണാൻ വന്ന കുട്ടിയെ കണ്ട് ഞാൻ ഞെട്ടി എണീറ്റു…ഒപ്പം നന്ദുവും…
” ഗുഡ് മോണിംഗ് മിസ്സേ… ”
ആര്യ മിസ്സ് ട്രേയിൽ ചായയുമായി വന്നത് കണ്ട് കിളി പാറിയ ഞാൻ പറഞ്ഞു… പ്രധാന പ്രശ്നം അതല്ല… കറക്ക്റ്റ് ടൈമിംഗിന് നന്ദുവും പറഞ്ഞു…അപ്പൊ അവൻ്റെ കിളിയും എൻ്റെ കിളിയും ഒരുമിച്ചൊളിചോടിന്ന് സാരം…പക്ഷെ ഞങ്ങടെ സംസാരം ഒരു കൂട്ട ചിരി ആ ഹാളിൽ ഒരുക്കി…
” എൻ്റെ പൊന്നേ
.. ഒന്നിരിക്കടാ രണ്ടും…ഇത് കോളേജല്ല… ”
അമ്മയുടെ കൈകൊണ്ടുള്ള ഒരു തട്ടല് കിട്ടിയപ്പോളാണ് ബോധം വന്നത്…അതോടെ ചമ്മി നാറിയ അവസ്ഥയായി…പിന്നെ ആകെയുള്ള സമാധാനം നന്ദുവും ഒപ്പമുണ്ടെന്ന് ഓർത്തപ്പോഴാ…
“മോളിവരുടെ കോളേജിലെ ടീച്ചറാണെന്ന് അറിയായിരിന്നു…അതിവന്മാരോട് പറഞ്ഞിട്ടില്ല… അതാ രണ്ടും ഒന്ന് ഞെട്ടിയത്… ”
ഞങ്ങടെ അവസ്ഥയെ ആര്യമിസ്സിനു മുന്നിൽ അമ്മ വെളിപ്പെടുത്തി… അതിന് മിസ്സും ബാക്കിയുള്ളവരും ഒക്കെ ചിരിച്ചു…പക്ഷെ ഞാൻ അമ്മയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി…
പിന്നെ പതിവ് പോലെ ചായയും കൊണ്ട് വച്ച് മിസ്സ് കുറച്ച് മാറി നിന്നു…സൂര്യ മിസ്സിനെ തന്നെ നോക്കുന്നത് കണ്ടൂ…
” എന്താടാ സൂര്യ ഒരിളകം…നമ്മുക്കീ ബന്ധം വേണ്ടടാ…. ”
ഞാൻ ആര്യ മിസ്സായത് കൊണ്ട് എങ്ങനേലും ഒഴിവാക്കാൻ നോക്കി…
” ഒന്ന് പോടാ… എനിക്കിഷ്ടായി…. ”
അവൻ എന്നെ നോക്കാതെ തന്നെ മറുപടി തന്നു…
” എടാ സൂര്യ ഓടുന്ന ബസിൻ്റേം ചിരിക്കുന്ന പെണ്ണിൻ്റേം പുറകെ പോകരുത്…നീയല്ലേ കുറച്ചു നേരത്തേ മുന്നേ കെട്ടില്ല എന്നൊക്കെ വെച്ച് കാച്ചിയത്… ”
” എപ്പൊ… എനിക്കതൊന്നും ഓർമ്മയില്ല…നീയൊന്ന് പോയെ…ഇതെനിക്ക് ഒക്കെയാ… ”
തെണ്ടി മിസ്സിന്റെ സൗന്ദര്യത്തിൽ വീണെന്ന് എനിക്ക് പൂർണ്ണ ബോധ്യമായി…അവനെ തെറ്റ് പറയാൻ പറ്റില്ല…ആള് നല്ല ലുക്കായിട്ടുണ്ട് പെണ്ണ് കാണാൻ വന്ന ഒരുത്തനും വേണ്ടാന്ന് പറയത്തില്ല…
” ഡാ നന്ദു നിനക്കൊന്നും പറയാനില്ലേ… ”
സൂര്യയോട് ഇനി പറഞ്ഞിട്ട് കാര്യമില്ലാന്ന് കണ്ടപ്പൊ ഞാൻ നന്ദുവിൻ്റെ അടുത്തേക്ക് തിരിഞ്ഞു…
” എനിക്കൊന്നും അറിയാൻ പാടില്ല പൊന്നേ…ആകെ കിളി പാറിട്ടാ
ഉള്ളേ…വല്ലാത്തൊരു ട്വിസ്റ്റായി പോയി… ”
അവൻ എന്നെ നോക്കാതെ മിസ്സിനേം സൂര്യയേയും മാറി മാറി നോക്കി പറഞ്ഞു…
ഇനി ചെക്കനും പെണ്ണും എന്തേലും സംസാരിച്ചോട്ടേന്ന് ആ കാരണവര് പിന്നേയും പറഞ്ഞപ്പൊ അവര് രണ്ടാളും രംഗം ഒഴിഞ്ഞു…അതോടെ ഇപ്പൊ വരാം എന്ന് പറഞ്ഞ് ഞാൻ വീടിന്റെ പൊറത്തിറങ്ങി…അവിടെ നിന്നാ വട്ടായിപോവും…
” അതേ മോനെ… ഓർമ്മയുണ്ടോ ഈ മുഖം ”
നല്ല പരിചയമുള്ള ഒരു ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…അപ്പൊ ഞെട്ടികൊണ്ട് തലയിൽ അവശേഷിക്കുന്ന കിളിയും ഈയുള്ളവനെ ഇട്ടേച്ച് പോയി…കാരണം അതവളായിരുന്നു ദിവ്യ…
” നീയെന്താടി ഇവിടെ… ”
ഞാൻ ഉള്ളിലുള്ള ചോദ്യം അതികം നേരം അടക്കി വെക്കാൻ നിന്നില്ല…
” പിന്നെ എൻ്റെ ചേച്ചിയുടെ പെണ്ണ് കാണലിന് ഞാനല്ലാതെ ഇയാള് ഇവിടെ വന്നിരിക്കുവോ… ”
അവളെന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞപ്പോൾ ഇടിവെട്ടിയവനെ പാമ്പിന് പകരം മൊതല കടിച്ച അവസ്ഥയായി എൻ്റേത്…
” എന്തോന്നടീ ഇത് നോളൻ്റെ സിനിമയോ….നിനക്ക് വേറെ ആരേയും ചേച്ചിയാക്കാൻ കിട്ടിയില്ലേ… ”
