ശാലിനിയുടെ വീട്ടിൽ നിന്ന് ഒരാൾ ടോർച്ച് തെളിച്ച് തോട്ടത്തിലേക്ക് വരുന്നത് കണ്ട് സുധി വെട്ട് നിർത്തി വേലിക്കരികിലേക്ക് വന്നു.. അടുത്തെത്തിയപ്പോഴാണ് അത് ശാലിനിയാണെന്ന് മനസിലായത്..
“എന്താടീ ശാലൂ ഈ നേരത്ത്..?. നിന്റെ
കെട്ട്യോൻ വീട്ടിലില്ലേ… ?””..
കാര്യമറിയാതെ സുധി ചോദിച്ചു..
ശാലിനിയുടെയുള്ളിൽ ആയിരം സൂര്യ ചന്ദ്രൻമാർ ഒരുമിച്ച് പ്രകാശിച്ചത് പോലെ പ്രഭനിറഞ്ഞു… അവനെയൊന്ന് കാണാൻ,അവന്റെ ശബ്ദമൊന്ന് കേൾക്കാൾ അവൾ അത്രമാത്രം കൊതിച്ചിരുന്നു..
“” അത്… സുധീ… അയാളെണീറ്റിട്ടില്ല… അതിന് മുൻപ് ഞാൻ സുധിയെ ഒന്ന് കാണാൻ വന്നതാ… “”..
താൻ പറഞ്ഞത് വിരഹിണിയായ ഒരു കാമുകിയുടെ സ്വരത്തിലാണോ എന്ന് പറഞ്ഞ് കഴിഞ്ഞാണ് ശാലിനിക്ക് തോന്നിയത്..
“”ഉം… ?..എന്താ ശാലൂ… ?””..
വേലിക്കപ്പുറവും ഇപ്പുറവുമാണ് അവർ നിൽക്കുന്നത്..ഇരുട്ടായത് കൊണ്ട് അവർക്ക് പരസ്പരം മുഖം കാണാൻ വയ്യ..
“”എനിക്കിന്ന് പണിക്ക് വരാൻ പറ്റില്ല സുധീ…””..
മടിയോടെ ശാലിനി പറഞ്ഞു..
“” എന്ത് പറ്റി… ?””..
“” അത്… കയ്യൊന്ന് മുറിഞ്ഞു… കറിക്കരിഞ്ഞപ്പോ കത്തി
കൊണ്ടതാ.. “..
“” എവിടെ…. നോക്കട്ടെ… “..
ശാലിനി കയ്യിലേക്ക് ടോർച്ചടിച്ച് കയ്യിലെ കെട്ടവനെ കാണിച്ചു…
“” മുട്ട് കയ്യിൽ വെച്ചാണോ ശാലൂ നീ കറിക്കരിയുന്നേ… ?””..
അവന്റെ ചോദ്യം കേട്ട് ശാലു നിലത്തേക്ക് നോക്കി നിന്നു.. സുധി വേലിക്ക് ചാരി നിന്ന് തലയിൽ ഫിറ്റ്ചെയ്ത് വെളിച്ചം ശാലിനിയുടെ മുഖത്തേക്കടിച്ചു..
“” ഈ മുഖത്തുള്ളതും കറിക്കരിഞ്ഞപ്പോ പറ്റിയതാവും അല്ലേ… ?..എന്റെ ശാലൂ… നീയിത്ര പാവമായിപ്പോയല്ലോ… ഇന്നലെ അവൻ നിന്നെ എടുത്തിട്ട് മെതിച്ചല്ലേ… ?””..
സുധിക്കെല്ലാം മനസിലായെന്ന് അവൾക്ക് തോന്നി..അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു..
“” ഞാനില്ലെങ്കിൽ സുധിക്കിന്ന് ബുദ്ധിമുട്ടാവോ..?”..
നനഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു..
“” വെട്ടിക്കഴിഞ്ഞിട്ട് എനിക്കൊരിടം വരെ പോകാനുണ്ടായിരുന്നു…സാരമില്ല..അത് നാളെ പോകാം… ഇന്ന് ശാലു ലീവാക്കിക്കോ…”..
“” സുധീ… എനിക്ക് സുധിയോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.. ഞാൻ കുറച്ച് കഴിഞ്ഞ് അയാൾ പോയിട്ട് വരാം…”..
“” എന്താടീ…?..””
“” അത് ഞാൻ വന്നിട്ട് പറയാം… “..
ശാലിനി തിരിഞ്ഞ് നടന്നു.. ഇത് തനിക്കൊരു ബാധ്യതയാവുമോന്ന് സുധിയൊന്ന് സംശയിച്ചു.. ഹേയ്..സഹായത്തിനാരുമില്ലാത്ത ഒരു പാവം സ്ത്രീ.. അവരെ സഹായിച്ചാൽ പുണ്യം കിട്ടും..
അവൻ അടുത്ത റബ്ബർമരത്തിനടുത്തേക്ക് പോയി ടാപ്പിംഗ് തുടങ്ങി..
പിന്നെ ശാലിനി തോട്ടത്തിലെത്തുമ്പോൾ അവസാനത്തെ ബക്കറ്റ് പാലും ബാരലിൽ കൊണ്ട് പോയി ഒഴിച്ച് അവളെയും കാത്തിരിക്കുകയായിരുന്നു സുധി..ഇപ്പോൾ ശാലിനിയുടെ മുഖവും ചുണ്ടും കരുവാളിച്ച് കിടക്കുന്നത് ശരിക്ക് കാണാം.. കയ്യിലെ മുറിവിൽ കെട്ടുമുണ്ട്..
“”സുധി കള്ള് കുടിക്കുമോ…?”..
ശാലിനി ആദ്യം ചോദിച്ചത് അതാണ്..
സുധി ചിരിയോടെ ഇല്ലെന്ന് തലയാട്ടി..അവൻ ഒരു റബ്ബർ മരത്തിൽ ചാരിയിരിക്കുകയാണ്.. ശാലിനി അവന്റെ മുന്നിൽ നിൽക്കുകയും..
“”കുടിക്കരുത് സുധീ… സുധി കുടിച്ചാൽ കെട്ടുന്ന പെണ്ണിന്റെ ജീവിതം നരകമാകും…””..
“” ആ അഭിപ്രായം എനിക്കില്ല… എന്റെ അഛൻ ഇടക്ക് കുടിക്കുന്നയാളാണ്… എന്റെ അമ്മയുടെ ജീവിതം സ്വർഗ തുല്യമാണ്…””..
“”പിന്നെന്താ സുധീ എന്റെ ജീവിതം മാത്രം ഇങ്ങിനെയായത്…?.
സുധിക്കറിയോ, ഞാനിന്നലെ ഓടി മുറിയിൽ കയറിയില്ലെങ്കിൽ അയാളെന്നെ കൊന്നേനെ…””..
