വലിയ കുഴപ്പമില്ലാത്ത ഒരാളാണെങ്കിലും കിട്ടുന്ന ഗ്യാപ്പിൽ അവന്റെ പൂച്ചക്കണ്ണുകൾ തന്റെ മേലേക്ക് പാറി വീഴുന്നത് സാറ ശ്രദ്ധിച്ചിരുന്നു. അധികം മിണ്ടാട്ടം ഒന്നുമില്ല അവന്. അതിനൂടെ ജിൻസി തകർത്തുവാരുന്നുണ്ട്. അവന് നോർത്തിന്ത്യൻ സ്റ്റൈൽ ഫുഡ് മാത്രമേ പിടിക്കു എന്ന് ജിൻസി പറഞ്ഞപ്പോൾ എന്നാൽ ചപ്പാത്തിയും ബാജിയും ആക്കാം എന്ന് സാറ പറഞ്ഞു. അവര് അതിന്റെ തിരക്കിൽ മുഴുകി.
ആകെ കാലുഷിതമായ മനസ്സോടെ ജിത്ത് ബിൽഡിങ്ങിന്റെ താഴെ എത്തി. ലിഫ്റ്റിൽ നിന്നും ഇറങ്ങിയപ്പോൾ സാറയുടെ റൂമിന്റെ ഫ്രണ്ട് ഡോർ തുറന്ന് കിടക്കുന്നത് അവൻ കണ്ടു. ഉള്ളിൽ സോഫയിൽ ബർമുടയും ടീഷർട്ടും ഇട്ടിരിന്ന് ടീവി കാണുന്ന ആളിനെ ജിത്ത് ഒന്ന് നോക്കി. അപ്പോൾ ഇവനാണ് സാറ പറഞ്ഞ അവളുടെ കസിന്റെ ഭർത്താവ്. വെളുത്തുമെലിഞ്ഞ തനി നോർത്തിന്ത്യൻ ലുക്ക്. ജിത്തിനെ കണ്ടപ്പോൾ അവൻ അവിടെ ഇരുന്ന് പൂച്ചക്കണ്ണുകൾ കൊണ്ട് ജിത്തിനെ ഒന്ന് പാറി നോക്കി. കിച്ചണിൽ നിന്നുള്ള ശബ്ദത്തിൽ സാറ അവിടെ തിരക്കാണെന്നു ജിത്തിന് മനസ്സിലായി.
ജിത്ത് കോളിങ്ബെൽ അടിച്ചപ്പോൾ ചേച്ചി വന്ന് കതക് തുറന്നു. ജിത്ത് അകത്തേക്ക് കയറിയപ്പോൾ ചേച്ചി തുറന്നിട്ടിരിക്കുന്ന സാറയുടെ വാതിലിലേക്ക് നോക്കുന്നത് അവൻ ശ്രദ്ധിച്ചു.
“സാറക്ക് ഗസ്റ്റ് ഉണ്ട് ജിത്തേ, അവളുടെ ഒരു കസിനും ഭർത്താവും. രാജസ്ഥാനിന്നു വന്നതാണെന്ന്. എല്ലാരും കൂടി ഇവിടെ വന്നിട്ടാ പോയത്. അയാള് രാജസ്ഥാനിയാണ്”.
“ആണോ, പ്രേമിച്ചു കെട്ടിയതാവും”.. ഒന്നുമറിയാത്തവനെപ്പോലെ ജിത്ത് ചേച്ചിയെ നോക്കി..
“ആ.. ആയിരിക്കും”. ചേച്ചിക്ക് അത്ര സുഖമില്ലാത്ത ഒരു പറച്ചിൽ.
“എനിക്കെന്തോ അയാളെ കണ്ടിട്ട് ആകെ ഒരു കള്ളലക്ഷണം”. ജിത്തിന് ഗ്ലാസിൽ വെള്ളം എടുത്തുകൊടുത്തുകൊണ്ട് ചേച്ചി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
ഈശ്വര, ചേച്ചി ഒരാളുടെ മുഖത്ത് കള്ളലക്ഷണം എന്ന് പറഞ്ഞാൽ, അയാൾ കള്ളന് കഞ്ഞി വച്ചവനെന്നു കണക്കുകൂട്ടിയാൽ മതി. അത് കേട്ടപ്പോൾ ജിത്തിന് ഒന്നുകൂടി ആധിയായി.
ജിത്ത് പോയി കുളികഴിഞ്ഞു വന്ന് മൊബൈൽ എടുത്തു നോക്കി. ഇല്ല, സാറയുടെ മെസ്സേജ് ഒന്നും വന്നിട്ടില്ല. ജിത്തിന് മനസ്സിൽ എന്തോ ഭാരം പോലെ. എല്ലാ കാമുകൻമാരെയും പോലെ അവന്റെയുള്ളിലും ചിന്തകൾ കൂട്കൂട്ടി തുടങ്ങി. ഓ അവളുടെ ആൾക്കാർ ഒക്കെ വന്നപ്പോൾ എന്നെ വേണ്ടാതായി. മൊബൈൽ എടുത്തു ഒരു മെസ്സേജ് എങ്കിലും ഇടാൻ വയ്യാത്തത്ര തിരക്ക് ഒന്നുമല്ലല്ലോ. ആ പൂച്ചക്കണ്ണനെ തീറ്റിക്കാനുള്ള തിരക്കിനിടെ എന്നെ മറന്നു. അങ്ങനെയങ്ങനെ അവന്റെ വിഷമിച്ച മനസ്സ് കാട് കയറി തുടങ്ങി. ചേച്ചി കാർത്തിക്മോനെ പഠിപ്പിക്കുന്ന തിരക്കിൽ ആണ് . ജിത്ത് വന്ന് ടീവി ഓണാക്കി വെറുതെ അതിൽ നോക്കിയിരുന്നു. ഒന്നിലും ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റാതെ ഉഴലുന്ന അവന്റെ മനസ്സ് ടീവിയിലെ കാഴ്ചകൾ ഒന്നും അവന്റെ തലയിൽ കയറ്റുന്നില്ല. വീണ്ടും ടീവി ഓഫ് ചെയ്തു അവൻ വന്ന് കിടക്കയിൽ കിടന്ന് മൊബൈൽ തുറന്നു. ഗാലറിയിൽ അവരൊരുമിച്ചുള്ള ഫോട്ടോകൾ അവൻ തുറന്നു. ആ വെള്ളച്ചാട്ടത്തിന്റെ മുൻപിൽ തന്റെ നെഞ്ചോടു ചേർന്ന് നിൽക്കുന്ന സാറയുടെ മുഖം അവൻ സൂം ചെയ്തു. ഇന്ന്, ഇപ്പോൾ കണ്ണുനിറഞ്ഞത് അവന്റെയാണ്. ഫോൺ ലോക്ക് ആക്കി അവൻ തലയിണയിലേക്ക് അമർന്നു. വീണ്ടും കണ്ണ് നിറഞ്ഞ് വരുന്നു. ശ്ശെടാ.. ഞാനെന്തിനാ കരയുന്നത്. ജിത്ത് കണ്ണീരു തുടച്ചുകൊണ്ട് മനസ്സിൽ വിചാരിച്ചു. മനസ്സെന്നിട്ടും പൊറുതി തരുന്നില്ല. മൊബൈലിൽ ഒരു ടിങ് അടിച്ചതും അവൻ ചാടി ആ മൊബൈൽ എടുത്തു. ഫോണിന്റെ സ്ക്രീനിൽ വാട്സാപ്പ് മെസ്സേജ് തെളിഞ്ഞു.. സാറ…ആ പേര് സ്ക്രീനിൽ തെളിഞ്ഞത് അവന്റെ കത്തിനിന്ന മനസ്സിൽ ഒരു മഞ്ഞിൻ കുളിർമഴപോലെയായിരുന്നു.
അവൻ മെസ്സേജ് തുറന്നു.
‘ജിത്തുട്ടാ.. എന്റെ ജീവനേ, എന്ത് ചെയ്യുവാ 😘😘.’
‘ഓഹ്, ഞാൻ കരുതി ഇന്നിനി മെസ്സേജ് ഒന്നും വരില്ലെന്ന്’. അവനിലെ കാമുകൻ പരിഭവം പറഞ്ഞു.
