സുഖമുള്ള വിങ്ങലോടെ ജിത്ത് സാറയെ ചേർത്ത് പിടിച്ചുനിന്നു . അവന്റെ കരതലത്തിൽ, അവളൊരു കൊച്ചുകുഞ്ഞിനെപോലെ അവന്റെ മാറിലൊട്ടിചേർന്ന് നിന്നു. അവന്റെ കരുതൽ, അവൻ പകർന്ന് തരുന്ന നിഷ്കളങ്ക സ്നേഹം. അതല്ലാതെ എന്ത് വേണം ഒരു പെണ്ണിന് ആഗ്രഹിക്കാൻ.
അകലെനിന്ന് ഏതോ ബൈക്കിന്റെ ശബ്ദം കേട്ട അവർ ആലിംഗനത്തിൽനിന്ന് പെട്ടന്ന് പിടിവിട്ടു മാറി. ഈ ഒരു ദിവസം തീരാതിരുന്നെങ്കിൽ എന്ന് ജിത്ത് ആഗ്രഹിച്ചുപോയി. അവളിങ്ങനെ കൂടെയുള്ളപ്പോൾ എല്ലാം മറന്ന്, അവളിലേക്ക് മാത്രമായി താൻ ഇഴുകി ലയിച്ചുപോകുന്നു.
കുറേനേരം അവിടെ ചിലവഴിച്ചിട്ടിട് അവർ വീണ്ടും മുൻപോട്ടു പോകാൻ തീരുമാനിച്ചു. ജിത്ത് സാറയോട് കീ വാങ്ങി കാറെടുത്തു. അവന്റൊപ്പം ചേർന്നിരുന്നു ഒരുനിമിഷം പോലും പിരിയാൻ വയ്യാതെ സാറയും. കുറച്ചുമുൻപോട്ട് ചെന്നപ്പോൾ കുറെയധികം വീടുകളുമായി ഒരു ചെറിയ ഗ്രാമം. അല്പവസ്ത്രധാരികളായ കുട്ടികൾ റോഡിൽ കളിക്കുന്നുണ്ട്. മുഷിഞ്ഞ വെള്ള കുർത്തയും പാന്റും ധരിച്ച പുരുഷൻമാർ ഇടയ്ക്കിടെ കൂട്ടമായി ഇരുന്ന് പുകയെടുക്കുന്നു. ദീപു പറഞ്ഞത് ശരിതന്നെ, ഇവിടെയെങ്ങും ഒരു പെട്ടികടപോലും കാണാനില്ല.
റോഡ് സൈഡിൽ സൈക്കിൾ നിർത്തി സംസാരിച്ചുകൊണ്ടിരുന്ന മൂന്നുനാല് ചെറുപ്പക്കാരുടെ അടുത്തേക്ക് ജിത്ത് വണ്ടി ഒതുക്കി. അവർ ആകാംഷയോടെ കാറിലിരിക്കുന്ന അവരുടെ അടുത്തേക്ക് വന്നു. ഇവിടെ കാണാൻ പറ്റിയ സ്ഥലം എന്തുണ്ട് എന്ന് ജിത്ത് അവരോടു തിരക്കി. മറാഠി ഭാഷയിൽ എന്തൊക്കെയോ അവർ പറയുന്നത് അവർക്കു രണ്ടാൾക്കും പിടികിട്ടിയില്ല. എന്നാലും മുൻപോട്ടു കൈ ചൂണ്ടി പറഞ്ഞപ്പോൾ അവിടെ എന്തെങ്കിലും കാണും എന്ന് അവർ മനസ്സിലാക്കി.
“വാ.. നമുക്ക് പോകാം ജിത്തേ.”. സാറ പതിഞ്ഞ സ്വരത്തിൽ ജിത്തിനോട് പറഞ്ഞു. വന്നവന്മാരുടെ അസ്സഹനിയ നോട്ടം അകത്തിരിക്കുന്ന സാറയുടെ മേലേക്ക് ആയിരുന്നു. ഗ്ലാസ് ഉയർത്തി ജിത്ത് വണ്ടി മുൻപോട്ടെടുത്തു. മനോഹരമായ പനിനീർപുഷ്പ്പത്തിന്റെ താഴെയും വളർന്നുനിൽക്കുന്ന മുള്ളുകൾ ഉണ്ട് എന്ന് അവരറിയാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളു.
കുറേദൂരം മുൻപോട്ടു ചെന്നപ്പോൾ ഗ്രാമത്തിന്റെ രൂപഭംഗി മാറി ഇടതൂർന്ന വലിയ മരങ്ങൾ നിറഞ്ഞ് കാട് പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തേക്ക് അവരെത്തി. രണ്ടു സൈഡിലും ഇടതൂർന്ന വലിയ മരങ്ങളും, അതിനിടയിലൂടെ നീണ്ടു കിടക്കുന്ന ഒറ്റവരി റോഡും. സാറയെ നോക്കിയപ്പോൾ അവളുടെ മുഖത്ത് അല്പം പേടിയുള്ളത്പോലെ ജിത്തിന് തോന്നി.
“വാ അടുത്തിരിക്ക്..” ജിത്ത് തന്റെ ഇടത്തെ കൈ പൊക്കി അവളോട് പറഞ്ഞപ്പോൾ അവൾ നീങ്ങി വന്ന് അവന്റെ നെഞ്ചോടു ചേർന്നിരുന്നു. അവന്റെ ഇടം കൈ അവളുടെ ദേഹത്ത് ചേർന്ന് അണഞ്ഞപ്പോൾ എന്തെന്നില്ലാത്ത സുരക്ഷിതത്വം അവൾക്ക് ഫീൽ ചെയ്തു.
കുറച്ചുദൂരം പിന്നിട്ടപ്പോൾ അവർക്കു മുൻപിൽ ചെറിയൊരു വെള്ളച്ചാട്ടം പ്രത്യക്ഷപെട്ടു. അതിനടുത്തായി രണ്ടുമൂന്നു ചെറിയ കടകളും. കുറച്ചു ആൾക്കാർ അവിടവിടെയായി കൂട്ടം കൂടി നിൽപ്പുണ്ട്. സ്ത്രീകളും കുട്ടികളും ഒക്കെ നിൽക്കുന്നത് കണ്ടപ്പോൾ അവരും വണ്ടി സൈഡിലേക്ക് ഒതുക്കി. ഏറെ നേരത്തിനു ശേഷം കുറച്ചു ആൾക്കാരെ കണ്ടതിന്റെ ഒരാശ്വാസം അവരുടെ മുഖത്തുണ്ടായിരുന്നു. രണ്ട് കാറുകളിലായി വന്ന രണ്ടുമൂന്നു ഫാമിലി അവിടെയുള്ള കടയിൽനിന്ന് എന്തൊക്കെയോ വാങ്ങി കഴിക്കുകയും കുടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ചിലർ വെള്ളച്ചാട്ടത്തിലേക്കിറങ്ങി മൊബൈലിൽ ഫോട്ടോ എടുക്കുന്നു. എല്ലാം കലപില മാറാഠി സംസാരിക്കുന്നവർ. കൂടി നില്ക്കുന്നവരുടെ നോട്ടം മുഴുവൻ അവരിലേക്കാണ്. പ്രത്യേകിച്ച് സാറയെ. ജീൻസും ടോപ്പുമിട്ട അവളുടെ ആകാരവടിവിനെ നോക്കി വെള്ളമിറക്കി നിൽക്കുന്ന പുരുഷന്മാരെ കണ്ടപ്പോൾ അവൾക്കെന്തോ വല്ലാതായി.
“എന്തൊരു നോട്ടമാ ഈ ശവങ്ങൾ..” ജിത്തിന്റെ കയ്യിൽ ചേർന്ന് പിടിച്ചു നടന്നുകൊണ്ട് സാറ പിറുപിറുത്തു.
“നാട്ടിൻപുറമല്ലേ മുത്തേ. അവർ വല്ലപ്പോളും അല്ലേ ഇങ്ങനെ സുന്ദരിമാരെ കാണാറുള്ളു. അതിന്റെ അന്ധാളിപ്പാ. സാരമില്ല നീ വാ..” അവൻ സാറയെ ചേർത്തുപിടിച്ചു ആ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് നടന്നു.
