“വന്നേ, ലേറ്റ് ആയാൽ ട്രെയിൻ അതിന്റെ പാട്ടിനു പോകും”. സാറ ജിത്തിനെ നോക്കി തിരക്ക് കൂട്ടി.
ജിൻസിയോട് വാതിൽ അടച്ചോളാൻ പറഞ്ഞിട്ട് സാറ ജിത്തിനൊപ്പം വന്ന് ലിഫ്റ്റിൽ കയറി.
താഴെ എത്തി അവർ സ്റ്റേഷനിലേക്ക് റിക്ഷയിൽ കയറി. ഇരുന്ന പാടെ അവന്റെ കയ്യിൽ പിടിച്ച് സാറ അവനോട് ഒട്ടി ചേർന്നു.
“ആഹാ..ആരും കാണുമെന്നുള്ള പേടി ഒന്നുമില്ലേ ഇന്നെന്റെ പെണ്ണിന്. അല്ലേ എന്നെ ഒരുകിലോമീറ്റർ ദൂരത്തേക്ക് തള്ളി ഇരുത്തുന്ന ആളാണല്ലോ”. അവനാ തിളങ്ങുന്ന കണ്ണിലേക്കു നോക്കി ചോദിച്ചു.
“ആര് വേണേ കണ്ടോട്ടെ. എനിക്കെന്റെ ചെക്കന്റെ കൂടെ ഇങ്ങനിരിക്കണം”. പരിസരം മറന്നു അവൾ അവന്റെ കയ്യിലൂടെ കൈ കോർത്തു ചേർന്നിരുന്നു.
“എങ്ങനെ കഴിഞ്ഞു ഇന്നലെ രാത്രി?”.. ജിത്ത് അവളോട് ആരാഞ്ഞു.
“എങ്ങനെ കഴിയാൻ. ഞാൻ ഒരു റൂമിൽ കയറി കതകടച്ചു കിടന്നുറങ്ങി. അവർ മറ്റേ റൂമിൽ കിടന്നുറങ്ങി. അത്രേയുള്ളൂ”. ബോധപൂർവം ജിത്തിനെ ടെൻഷൻ ആക്കേണ്ടന്നു കരുതി അവൾ കാര്യങ്ങൾ മറച്ചുവച്ചു.
“അയാൾ എങ്ങനുണ്ട്?”. ജിത്ത് തിരക്കി.
“ഓ.. അയാൾ ടീവിയും കണ്ടു അവിടെവിടേലും ഇരിക്കും. അധികം സംസാരം ഒന്നും ഇല്ല”. സാറ സിറ്റുവേഷൻ വളരെ നിസാരവൽക്കരിച്ച് അവതരിപ്പിച്ചു.
“ഹാ ഇങ്ങനെയുള്ള മിണ്ടാപൂച്ചകളെയാ പേടിക്കണ്ടത്”.. ജിത്ത് അലസമായി വെളിയിലേക്ക് നോക്കി പറഞ്ഞത് സാറ ആധിയോടെ കേട്ടു. അത് പുറത്തു കാണിക്കാതെ അവൾ അവനെ ഒന്നുകൂടി മുറുകെപിടിച്ച് ഇരുന്നു.
ഓഫീസിൽ എത്തിയ സാറ ജിൻസിയെ വിളിച്ചു. അവന് കഴിക്കാനുള്ളത് ഉണ്ടാക്കി കൊടുത്തു എന്നവൾ പറഞ്ഞു. വൈകിട്ട് ഡിന്നറിനുള്ളത് അവൾത്തന്നെ ഉണ്ടാക്കുകയാണെന്നും സാറയെ അറിയിച്ചു. ഹാ നല്ലകാര്യം. ചെന്നിട്ടു ഇനി അടുക്കളയിൽ കിടന്ന് മാറിയണ്ടല്ലോ എന്നവൾ മനസ്സിൽ ആശ്വസിച്ചു. ഇടയ്ക്കിടെ സമയം കണ്ടെത്തി അവൾ ജിത്തിനെ വിളിക്കുന്നുണ്ടായിരുന്നു.
അങ്ങനെ മൂന്നുനാല് ദിവസങ്ങൾ കടന്ന് പോയി. സൺഡേ പുറത്തു പോയാലോ എന്ന് ജിൻസി സാറയോട് തിരക്കി. വന്നിട്ട് അവരെയുംകൊണ്ട് എങ്ങും പോകാൻപറ്റാഞ്ഞ സാറ അതിന് സമ്മതം മൂളി. വെറുതെ അവരുടെ ഇടയിൽ വീർപ്പുമുട്ടി ഒരുദിവസം മുഴുവൻ വീട്ടിൽ ഇരിക്കണ്ടല്ലോ. അവൾ ജിത്തിനോട് സൺഡേ പുറത്തുപോകാനാണ് പ്ലാൻ എന്ന് പറഞ്ഞപ്പോൾ അവരെ ഒന്ന് മുബൈ കറക്കിയിട്ടു വാ എന്ന് അവനും അഭിപ്രായം പറഞ്ഞു.
സൺഡേ ബ്രേക്ക്ഫാസ്റ്റും കഴിച്ചിട്ട് അവർ ഇറങ്ങി. കാർ എടുത്തു വന്ന സാറയുടെ ഒപ്പം ഫ്രെണ്ടിൽ അമിത് ചാടികയറിയത് സാറക്ക് ഡ്രൈവിൽ അൽപ്പം അൺകംഫേർട് ഫീൽ ചെയ്തു. ഇടയ്ക്കിടെ പുറകിൽ ഇരിക്കുന്ന ജിൻസിയോട് ഓരോന്ന് പറയാൻ തിരിയുന്ന അവന്റെ മുഖം സാറയോട് തൊട്ടടുത്തു എത്തുന്നുണ്ടായിരുന്നു. അവൻ സ്ഥിരമായി പൂശുന്ന അത്തറിന്റെയോ സ്പ്രേയ്യുടെയോ മറ്റോ കത്തുന്ന മണം ഇടയ്ക്കിടെ മൂക്കിലേക്ക് അടിച്ചു കയറുമ്പോൾ അവൾക്ക് മനം പുരട്ടുന്ന പോലെ തോന്നി. അവളിടയ്ക്കിടെ കാറിലെ എയർഫ്രഷ്ണർ ഓണാക്കികൊണ്ടിരുന്നു.
ജൂഹു ബീച്ചും, ബാന്ദ്രയും, ദാദറും എല്ലാം കറങ്ങി കാണിച്ച് വൈകുന്നേരം അവർ ഒരു ഹോട്ടലിൽ കഴിക്കാൻ കയറി. സാറ കൈ കഴുകി വന്നിരുന്നപ്പോൾ ജിൻസിയും അമിത്തും കൈ കഴുകാൻവേണ്ടി എഴുനേറ്റു പോയി. തിരികെ വന്ന് ജിൻസി മെനു പരതികൊണ്ടിരുന്ന സാറയുടെ അഭിമുഖമായി ഇരുന്നു. പുറകെ നടന്നുവന്ന അമിത് ഞാൻ ഓർഡർ ചെയ്യാം എന്നും പറഞ്ഞ് മെനു സാറയുടെ കയ്യിൽ നിന്നും വാങ്ങി. അവിടെ നിന്ന് മെനു മറിച്ചു നോക്കികൊണ്ടിരുന്ന അവൻ പെട്ടന്നാണ് സാറയെ തൊട്ടുരുമ്മിക്കൊണ്ട് അവളുടെ അടുത്തേക്കിരുന്നത്. പെട്ടന്ന് വല്ലാണ്ടായിപോയ സാറ ഞെട്ടി അവിടുന്നു മാക്സിമം നീങ്ങിയിരുന്നു. ജിൻസിയെ നോക്കിയപ്പോൾ ഒരു ഭാവഭേദവും ഇല്ലാതെ അവൾ ഇരിക്കുന്നു. അവൻ അവിടെ തന്റെ അടുത്തിരിക്കുന്നത് സാറക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി.
“ഡീ.. അവനോട് അവിടെ വന്നിരിക്കാൻ പറ”. സാറ പതിഞ്ഞ സ്വരത്തിൽ മലയാളത്തിൽ ജിൻസിയെ നോക്കി പറഞ്ഞു.
