ബംഗ്ലാവ്
Bunglavu | Author : Aadhi
ആലസ്യത്തിലമർന്ന തെങ്ങോലകളെയും വ്യക്ഷത്തലപ്പുകളെയും തട്ടിയുണർത്തിയ കാറ്റ്, താഴ്ന്നു പറന്ന കുസൃതിയോടെ കായലിനെ ഇക്കിളിയിട്ടു. ഒരുമാത്ര ഓളങ്ങൾ പുളകം കൊണ്ടുനിന്നു.
മുങ്ങിനിവർന്ന ശിവൻകുട്ടി കുളിർന്നു വിറച്ചുപോയി. ഇന്ന് മുതലാളി സുലൈമാൻ ഹാജിയുടെ ഹൗസ് ബോട്ടിൽ കായലു ചുറ്റാൻ കൊണ്ടുപോകാം എന്ന് ഏറ്റതാണ്. അതാണെങ്കിൽ മുതലാളിയുടെ വീട്ടിൽ വച്ചുതന്നെ വീടർ നേരിട്ടു തന്ന ഓർഡറും!
ശപ്പൻ മുതലാളി മറുത്തൊന്നും മിണ്ടിയില്ല. അങ്ങേരു കായൽ തീരത്തെ രമ്യഹർമ്യത്തിൽ ഗ്രാമത്തിലെ ഏതേലും പെൺകൊടിയെ എത്തിക്കാൻ പ്ലാൻ ചെയ്തിട്ടുണ്ടാകും! പൂത്ത കാശു പലിശക്ക് കൊടുക്കുവല്ലേ. എന്തും വരട്ടെ, പുലരിയിലെ തണുപ്പ് വകവയ്ക്കാതെ ശിവൻകുട്ടി വീണ്ടും മുങ്ങി നിവർന്നു.
മുതലാളിയുടെ വീടർക്കിന്നു കായൽ മീൻ ചൂണ്ടയിട്ടു പിടിച്ചു കൊടുക്കണം. അതിനെ വെട്ടിയരിഞ്ഞു പാകപ്പെടുത്തി അണ്ണാക്കിലേക്ക് തള്ളി കൊടുക്കണം. എന്തു ചെയ്യാം, അനുഭവിക്കുക തന്നെ.
വേഗം കുളിയും കഴിഞ്ഞ് തല തുവർത്തി തോർത്തും തോളിലിട്ട് അവൻ വീട്ടിലേക്ക് നടന്നു.
പ്രേമിച്ചു ഒളിച്ചോടി രജിസ്റ്റർ മാര്യേജു ചെയ്ത ദിവാകരനും വത്സലയും ഇരുപത്തഞ്ച് കൊല്ലം മുൻപാണു ആ കുഗ്രാമത്തിൽ എത്തുന്നത്. അടുത്ത വർഷം തന്നെ അവർക്ക് ഒരു ആൺ കുഞ്ഞ് പിറന്നു.
ശിവൻകുട്ടി ജനിച്ച ഏഴു വർഷം കഴിഞ്ഞാണ് അനിയത്തി ശാലിനി ഉണ്ടായത്. ശാലിനിയുടെ പിതൃത്വത്തിൽ ദിവാകരന് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായിരുന്നു. ഏറെ താമസിയാതെ ഒരു മണ്ണാത്തിപ്പെണ്ണിനൊപ്പം ദിവാകരൻ ആ ഗ്രാമം വിട്ടുപോയി.
പിന്നീട് ചകിരി തൊണ്ട് തല്ലിയും കൂലിവേലയെടുത്തുമാണ് വത്സല മക്കളെ വളർത്തിയത്. മൂന്ന് സെൻറ് സ്ഥലം സമ്പാദിക്കാനുമായി.
ശിവൻകുട്ടിക്ക് സുലൈമാൻ ഹാജിയുടെ സാമ്പത്തിക ഇടപാടുകളുടെ നടത്തിപ്പു ചുമതല ഒരു ജോലിയെന്ന നിലക്ക് കിട്ടിയതോടെ ഓല വീട് വാർപ്പ് വീടാക്കാനുള്ള ശ്രമവും തുടങ്ങി. എന്നിട്ടു വേണം അനിയത്തിയെ കെട്ടിച്ചയക്കാനും ബാല്യകാല സഖി ശ്രീകലയെ സ്വന്തമാക്കാനും! തൻ്റെ സ്വപ്നങ്ങളെല്ലാം ഈ അടുത്ത കാലത്തൊന്നും നടക്കാൻ പോകുന്നില്ലെന്നു അവനു നന്നായറിയാം.
ശിവൻകുട്ടി വീട്ടിലെത്തി ഡബിൾ മുണ്ടും ഷർട്ടും ധരിച്ചപ്പോഴേക്കും വത്സല പ്രാതലുമായെത്തി. മരച്ചീനി പുഴുങ്ങിയതും, പച്ചമുളക് ചമ്മന്തിയും, കനലിൽ ചുട്ടെടുത്ത പപ്പടവും, കട്ടൻ ചായയും ചേർന്നതാണു പ്രഭാത ഭക്ഷണം. ശിവൻകുട്ടിക്ക് ഇഷ്ടപ്പെട്ട വിഭവമാണവ.
ശിവൻകുട്ടി കൈകഴുകി തൊടി കടന്ന് നടപ്പാതയിലേക്ക് ഇറങ്ങിയപ്പോൾ വീടിൻ്റെ മുറ്റത്തേക്കിറങ്ങി വത്സല വിളിച്ചു പറഞ്ഞു.
“നീ കുളിക്കാൻ പോയപ്പോൾ രാഘവൻ അന്വേഷിച്ചു വന്നാരുന്നു. നിന്നോടെന്തോ പറയാനുണ്ടെന്ന്. പോകും വഴി അവിടെയൊന്നു കയറിക്കോ.”
ശ്രീകലയുടെ അച്ചനാണു രാഘവൻ. അങ്ങോട്ട് ചെല്ലാൻ മനം തുടിച്ചെങ്കിലും അത് അമ്മയെ അറിയിക്കുന്നത് ശരിയല്ലല്ലോ. അവൻ തെല്ലുറക്കെ പറഞ്ഞു – “ഇപ്പൊഴേ നേരം വൈകി, പറ്റുമോന്ന് നോക്കട്ടെ…”
ശിവൻകുട്ടി ചെല്ലുമ്പോൾ വീട്ടിൽ ശ്രീകലയും അമ്മ ശാന്തമ്മയുമെ ഉണ്ടായിരുന്നുള്ളൂ. രാഘവൻ കൂലിവേലക്കാരനാണ്. പണിക്ക് പോയിക്കഴിഞ്ഞു. ശ്രീകലയുടെ അനിയത്തി ശ്രീദേവി എസ്.എസ്.എൽ.സി വിദ്യാർത്ഥിനിയാണ്. ട്യൂഷനു പോയി.
“എന്താ ശിവാ, ജോലി കിട്ടിയപ്പോ ഈ വഴിയൊക്കെ മറന്നോ?”, ശാന്തമ്മ കുശലം ചോദിച്ചു.
“പണിത്തിരക്കുണ്ട് അമ്മച്ചി”, അവൻ വിനയാന്വിതനായി.
കാര്യം പണിത്തിരക്കല്ലെന്ന് ശ്രീകലക്കറിയാം. താൻ തുന്നൽ പഠിക്കുന്നിടത്ത് കാലത്തും ഉച്ചക്കും ആശാനെത്തും. പോകും വഴിയും വരുമ്പോഴും സംസാരിക്കാൻ നല്ല സൗകര്യം. പിന്നെ വീട്ടിൽ വരുന്നതെന്തിന്.
“നീയിരിക്ക്, ഞാൻ ചായയെടുക്കാം”, ശാന്തമ്മ അകത്തേക്ക് പോയി.
