“എന്നതാടി കാര്യം?”, അവൻ ശ്രീകലയോട് ആരാഞ്ഞു.
“എനിക്കറിയില്ല”, അവൾ കൈ മലർത്തി. കാര്യമെന്തെന്ന് അവൾക്കറിയാമെന്നും അതവൾ മറയ്ക്കക്കാൻ ശ്രമിക്കുകയാണെന്നും അവനു മനസ്സിലായി. നാണത്താൽ പൂത്തുലഞ്ഞ് നിൽപ്പാണ് അവൾ.
“ഹാ..പറയെടി പെണ്ണെ .”
എനിക്കറിയത്തില്ലെന്ന് പറഞ്ഞു അവൾ അകത്തേക്ക് പോകാനാണത്തു.
“ആട്ടെ, തുന്നൽ പണി ഏകദേശമായല്ലോ. അടുത്ത പ്ലാനെന്താ?”
“എംബ്രോയ്ഡറി.”
“നീ റെഡിമെയ്ഡ് കട തുടങ്ങാൻ പോക്വാ?”, അവൻ കളിയാക്കി.
“പരിഹസിക്കണ്ട”, അവളുടെ മുഖം വാടി.
“കയ്യിൽ കാശില്ലാഞ്ഞിട്ടാ. അല്ലേൽ ഞാൻ നേഴ്സിങ്ങിനു ചേർന്നേനേ”.
“കാശില്ലാത്തതെന്തായാലും നന്നായി. നേഴ്സസിങ്ങും കഴിഞ്ഞ് നീയങ്ങ് ലണ്ടനിലേക്ക് പറന്നാൽ ഞാൻ പിന്നെ വേണ്ടാതാവും. കൊത്തി കൊണ്ടുപോകാൻ രാജകുമാരന്മാരും വരും. നിൻ്റെ അച്ഛൻ ആ കള്ളുകുടിയൻ താന്തോന്നി മോളെ പത്തു പുത്തനുള്ളോർക്ക് ആലോചിക്കും. നിൻ്റെ അച്ഛൻ്റെ കയ്യിൽ കാശില്ലാത്തത് എൻ്റെ ഭാഗ്യം.”
അവളുടെ മുഖം ദീപ്തമായി. അവൻ തുടർന്നു. “ശബരിമല ശാസ്താവെ, ഇവളുടെ അച്ഛനെ ദരിദ്രവാസിയാക്കണേ..”
അവൻ്റെ പ്രകടനം കണ്ട് ശ്രീകല ചിരിച്ചുപോയി.
“അങ്ങനെ തന്നെ പ്രാർത്ഥിക്ക്. ഒടുക്കം എന്നെ പിടിച്ച് ഇയാളുടെ കയ്യിൽ തരുമ്പോൾ കൈതാരിൽ രാഘവൻ പറയും, ശബരിമല ശാസ്താവ് കനിഞ്ഞ് നിനക്ക് തരാൻ ഇവള് മാത്രമേ എൻ്റെ കയ്യിലുള്ളൂ മരുമകനെന്ന്. അല്ല ശിവേട്ടാ, കൈപ്പറമ്പിൽ അനിലേടെ കാര്യം എന്തായി? നേഴ്സ്സിങ്ങിനു അഡ്മിഷൻ കിട്ടിയോ?”
“ങാ..കിട്ടി. എന്റെ മുതലാളിയാ അഡ്മിഷനുള്ള പണം കൊടുത്തേ. പലിശ കൂടിക്കൊണ്ടിരിക്കുവാ.”
“ഒറ്റ മോളല്ലേ, വീടു വിറ്റായാലും അവരാ കടം തീർക്കും”.
“നിൻ്റെ അച്ഛൻ ഏതാണ്ട് വാങ്ങീട്ടുണ്ട്. വേഗം കൊടുത്തു തീർക്കാൻ പറഞ്ഞോ. വീട് വേണ്ടെന്നു വെക്കാൻ ഒറ്റ മോൾ ഒന്നുമല്ലല്ലോ നീ?”
“ചിങ്ങോത്തെ അയ്യപ്പേട്ടൻ്റെ വീട് ഏതാണ്ട് പോകുന്ന മട്ടാ. മേലേതോപ്പിലെ ഉമ്മാച്ചുക്കുട്ടിയും കെണിഞ്ഞിരിപ്പാ..” അവൻ വിവരിച്ചു.
ശാന്തമ്മ കോലായിലേക്ക് വന്നു. ആവി പറക്കുന്ന ചായ ഗ്ലാസ് നീട്ടി. അതുവാങ്ങി മൊത്തിക്കുടിക്കെ അവൻ തിരക്കി.
“ഇവളുടെ അച്ഛൻ എന്നെ ചോദിച്ച് വീട്ടിൽ വന്നിരുന്നത്രെ. എന്നതാ കാര്യം?”
“അതങ്ങേരോടു തന്നെ ചോദിച്ചാപ്പോരെ?”, ശാന്തമ്മയും കൈയൊഴിഞ്ഞു.
“ഹൊ, ഇത് മനുഷ്യരെ വടിയാക്കുന്ന ഏർപ്പാടാണല്ലോ! അമ്മേം മോളും മിണ്ടണില്ല”, അവൻ ചായ മോന്തവെ പരിഭവിച്ചു.
“അത് മോനേ”, ശാന്തമ്മ പറയാനാഞ്ഞു. അതോടെ ശ്രീകല അകത്തേക്ക് വലിഞ്ഞു. ശാന്തമ്മ പറയുകയായിരുന്നു.
“കല മോൾക്ക് ഒന്നുരണ്ട് ആലോചനകൾ വന്നാരുന്നു. അവളുടെ അച്ഛൻ്റെ സ്വഭാവം നിനക്കറിയാലോ? വെട്ടൊന്ന് തുണ്ടം രണ്ട്. കള്ളു കുടിച്ചാൽ പ്രത്യേകിച്ച്. ഞാൻ പറയുക ആയിരുന്നു നിന്നെ വന്നു കാണാൻ”, അവർ വെളിപ്പെടുത്തി.
ശിവൻകുട്ടി എന്തു പറയണമെന്ന് അറിയാതെ തെല്ലുനേരം മൗനമാചരിച്ചു.
“എന്താ നീയൊന്നും മിണ്ടാത്തെ?”
“പഞ്ചായത്തീന്ന് വീടിനു പണം പാസായിട്ടുണ്ട്. തറ കെട്ടാൻ കരികല്ല് ഇറക്കീട്ടുമുണ്ട്. പണി ഉടനെ തുടങ്ങും. ഒരു മുറിയും അടുക്കളയെങ്കിലും പണി തീർത്താൽ വേണ്ടില്ലായിരുന്നു. എന്തായാലും കലേടെ അച്ചനെ ഇന്നുതന്നെ ഞാൻ കണ്ടോളാം”, അവൻ ചായ ഗ്ലാസ്സ് തിരികെ കൊടുത്തു.
“അതുമതി”, ശാന്തമ ചിരിക്കാൻ ശ്രമിച്ചു. “പോയിട്ടിത്തിരി പണിയുണ്ട്”, അവൻ എഴുന്നേറ്റു.
“ശരി. പക്ഷെ, ഇക്കാര്യം മറക്കല്ലേ.”
അവൻ ചിരിച്ചുകൊണ്ട് ഇറങ്ങി. ശ്രീകലയെ നോക്കിയപ്പോൾ കണ്ടില്ല. അകത്തിരിപ്പാകും. അനിയത്തിയെ കെട്ടിച്ചിട്ട് അവളെ സ്വന്തമാക്കാം എന്നാണു കരുതിയിരുന്നത്. ഇനിയിപ്പോൾ നോക്കിയിട്ടു കാര്യമില്ല.
അതിനു വേണ്ടി കാത്തിരുന്നാൽ കലയെ തനിക്കു നഷ്ടമാകും. അല്ലെങ്കിലും ശാലിനിക്ക് പതിനേഴ് തികയുന്നതേയുള്ള. ഇനിയും സമയമുണ്ട്. അവൻ പാടവരമ്പിലൂടെ നടന്നു.
