മഴയില്‍ കുരുത്ത പ്രണയം 1

” ഇവിടെയോന്നുമല്ലേ .. എവിടെപോയി ?’

ചോദ്യം കേട്ടവള്‍ ഞെട്ടിത്തിരിഞ്ഞതും ജെയ്മോന്‍ തിളച്ചു തൂവിയ പാല്‍ ഓഫാക്കി

‘ ഹേ .. കണ്ണിലെന്തോ പോയി …അതാ ..”ട്രീസ പെട്ടന്ന് സിങ്കിന് മേലെയുള്ള ടാപ്പില്‍ നിന്ന് വെള്ളമെടുത്തു മുഖം കഴുകി … അപ്പോഴേക്കും ജെയ്മോന്‍ പഞ്ചസാരയും ചായപ്പൊടിയുമിട്ട് ചായ എടുത്തിരുന്നു ..

” കഴിക്കാനൊന്നും വാങ്ങിച്ചില്ലല്ലോടാ “

‘ ഞാന്‍ വാങ്ങിച്ചമ്മേ” ജെയ്മോന്‍ പാക്കറ്റ് പൊട്ടിച്ചു ജിലേബി പ്ലേറ്റില്‍ നിരത്തി

” നീയെന്നെ ഷുഗര്‍പേഷ്യന്റ് ആക്കുമോ ?’ ജിലേബി പാതി കടിച്ചു തിന്നു കൊണ്ട് ട്രീസ പറഞ്ഞു

” ഇത്രേം വയസ് വരെ ജീവിച്ചില്ലേ ? ഇതൊക്കെ പോരെ ?’

” പോടാ ഒന്ന് … നാല്‍പതു വയസൊരു വയസല്ല … മാത്രമല്ല ..അങ്ങനെ നിന്നെ വിട്ടു ഞാനിപ്പോ പോകുന്നുമില്ല ‘

‘ഡാ …എന്നെ കണ്ടാല്‍ നാല്‍പതു വയസു തോന്നിക്കുമോ ?”

” ഹും ? എന്താ ഇപ്പൊ പ്രശ്നം ? സാധാരണ ഞങ്ങള് കോളേജ് പിള്ളേരൊക്കെയാ പ്രായം കൂടുതല്‍ തോന്നിക്കുമോ , മുഖത്ത് കുരുവുണ്ടോ ? മുടി ശെരിക്കാണോ എന്നൊക്കെ നോക്കുന്നെ ? അതും വല്ല ലൈനും വന്നു ചാടിയാല്‍ ..എന്താ മിസിസ് ട്രീസാ ടോമിന് വല്ല ലൈനും വന്നു ചാടിയോ ?’
ട്രീസയുടെ മുഖം വെളുത്തുവിളറി

” പോ ..ഡാ ..ഒന്ന്‍ …ഞാന്‍ ..അത് പിന്നെ ചുമ്മാ ” അവളവന്‍റെ നേരെ നിന്ന് മുഖം തിരിച്ചു

‘ സാരമില്ലന്നെ … കൂടെ ജോലി ചെയ്യുന്ന വല്ല സാറന്‍മാരും ആണേല്‍ ആലോചിച്ചോ … എനിക്ക് ഓക്കെ… അല്ലേലും ഒരു പുനര്‍വിവാഹമൊക്കെ കഴിക്കെണ്ട സമയം കഴിഞ്ഞു ..നമുക്കലോചിക്കാന്‍ അങ്ങനെ അരുമില്ലാത്തോണ്ട് എന്നോട് മാത്രം പറഞ്ഞാ പോരെ …ആട്ടെ ആരാ ആള് “

” ജെയ്മോനെ ..നീ കുറെ കൂടുന്നുണ്ട് കേട്ടോ ” ട്രീസ ചായകപ്പെടുത്ത്‌ ചവിട്ടിത്തുള്ളി അകത്തേക്ക് നടന്നു

” അല്ല .. ഈ നാല്‍പത്തിരണ്ടു കാരി ഒറ്റ ദിവസം കൊണ്ട് നാല്‍പത് പറഞ്ഞതിന്‍റെ കാര്യമെന്താ …എന്തൊക്കെയോ മണക്കുന്നുണ്ട് …”

” പോടാ ഒന്ന് ..നിനക്ക് പഠിക്കാന്‍ ഒന്നുമില്ലേ ..പോയിരുന്നു പഠിക്കാന്‍ നോക്ക് “

” ഓ . പോയേക്കാമേ” എട്ടാം ക്ലാസ് കഴിഞ്ഞതില്‍ പിന്നെ ട്രീസ ആദ്യമായാണ് അവനോടു പഠിക്കാന്‍ പറയുന്നത് …ജെയ്മോന്‍ ബുക്കുമെടുത്തു സോഫയില്‍ വന്നിരുന്നു … ട്രീസ തയ്യില്‍ മെഷിന്‍റെ മുന്നിലും …

” അതേയ് … തയ്യല്‍ ശെരിയായില്ലേല്‍ നമുക്ക് നൂല് മാറ്റിയിട്ടു പിന്നേം അടിക്കാം അളവ് തെറ്റിച്ചു കളയരുത് കേട്ടോ ട്രീസാമോളെ ” അല്‍പം കഴിഞ്ഞു ജെയ്മോന്‍റെ ശബ്ദമുയര്‍ന്നപ്പോഴാണ് ട്രീസ ഞെട്ടി തയ്ച്ചു കൊണ്ടിരുന്നതിലെക്ക് നോക്കിയത് … വളഞ്ഞു പുളഞ്ഞു പോയിരിക്കുന്നു …

” ശ്ശെ ..വല്ലാത്ത തലവേദന …” അവള്‍ നെറ്റിയില്‍ കയ്യമര്‍ത്തി കൊണ്ട് മുറിയിലേക്ക് പോയി …

അരമണിക്കൂര്‍ കഴിഞ്ഞു കാണും ജെയ്മോന്‍ മുറിയിലേക്ക് വന്നു

‘അമ്മെ … കറി ചൂടാക്കിയാല്‍ മതിയോ ? ഞാന്‍ മീന്‍ മേടിച്ചാരുന്നു ..അത് ഫ്രിഡ്ജില്‍ വെക്കട്ടെ “

” വേണ്ട മോനെ ..ഞാനിപ്പോ ശെരിയക്കാം” ട്രീസ പെട്ടന്ന് അടുക്കളയിലേക്ക് പോയി ..

അവള്‍ മീന്‍ വെട്ടിക്കൊണ്ടിരുന്നപ്പോള്‍ ജെയ്മോന്‍ അവിടേക്ക് വന്നു

‘ അമ്മെ ..”

” എന്നാടാ?’

” അല്ലമ്മേ…അമ്മക്ക് ശെരിക്കും എത്ര വയസുണ്ട് ?’

” പോടാ പോടാ .. പോയി വല്ല ജോലിയും നോക്ക് …” ട്രീസ അവന്‍റെ മുഖത്ത് നിന്ന് നോട്ടം മാറ്റി .ഇടക്കൊന്നു നോക്കിയപ്പോള്‍ അവന്‍ കൈവിരലില്‍ എന്തോ കൂട്ടുന്നു … ട്രീസക്ക് ചിരി പൊട്ടി ..

” എടാ പോടാ ജെയ്മോനെ ..ചിരിപ്പിക്കാതെ … “

” അല്ലമ്മേ ..വയസു പറഞ്ഞാല്‍ പോയേക്കാം .. ഞാന്‍ നാലില്‍ പഠിക്കുമ്പോ … “
‘ ഡാ .പോയെടാ ഇവിടുന്നു …” ട്രീസ അവന്‍റെ നേരെ കത്രിക ചൂണ്ടിയിട്ടു പൊട്ടിച്ചിരിച്ചു ..

‘ എത്ര നാളായി അമ്മയുടെ ഈ ചിരി കേട്ടിട്ട് … ആ സാറിനെ കാണുവായിരുന്നേല്‍
കെട്ടി പിടിച്ചോരുമ്മ കൊടുക്കാരുന്നു “

‘ ഡാ ജെയ്മോനെ ..വേണ്ടാ …നീ കുറെ കൂടുന്നുണ്ട് കേട്ടോ …” ട്രീസ പറഞ്ഞെങ്കിലും അവളുടെ ചുണ്ടില്‍ ചിരിയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *