മഴയില്‍ കുരുത്ത പ്രണയം 1

” കൊല്ലും ഞാന്‍ പന്നി …” ജെയ് തമാശയായി ടേബിളില്‍ വെച്ചിരുന്ന ജോണിന്‍റെ കൈവിരല്‍ തിരിച്ചു മടക്കി
‘ആഹ് ..വിടടാ..തെണ്ടി ..എനിക്കെങ്ങും വേണ്ട ആ മാക്കാച്ചി തവളെയെ”

.” ആണല്ലോ ..അല്ലേലും നിനക്കിഷ്ടപ്പെടൂല്ല..അത് കൊണ്ടല്ലേ നിന്നെ ഏല്‍പ്പിച്ചേ…നിനക്ക് ഭൂലോക സുന്ദരി വേണോല്ലോ”

ബില്‍ കൊടുത്തു കഴിഞ്ഞു ബൈ പറഞ്ഞവര്‍ പിരിഞ്ഞു

‘ അമ്മാ ..എന്തേലും വാങ്ങാനുണ്ടോ?’

” ഹ്മം .. എന്തെങ്കിലും അല്‍പം മീന്‍ വാങ്ങിക്കോ ..കുറച്ചുള്ളീം “

“ഹ്മം …”

ജെയ് വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ ട്രീസ പതിവുപോലെ തയ്യില്‍ മെഷീന്‍റെ മുന്‍പിലായിരുന്നു

” പെന്‍ഷന്‍ കിട്ടിയോടാ മോനെ “

“ഹ്മം …അമ്മക്ക് വല്ലതും വാങ്ങാനുണ്ടോ? പൈസ വല്ലതും വേണോ ?’

” എനിക്കെന്താവശ്യം ?…. ..ചായ ഇട്ടിട്ടുണ്ട് ..ഞാനിപ്പോ വരാം കേട്ടോ… ഇതൂടെ തയ്ച്ചാ മതി” ട്രീസയുടെ കാലുകള്‍ അതിവേഗം തയ്യില്‍ മെഷീനില്‍ ഓടിക്കൊണ്ടിരുന്നു

” അമ്മാ..ഇതാ ചായ കുടിച്ചിട്ട് ഇരിക്ക് ” ഹാളിലെ ചെറിയ ഡൈനിംഗ് ടേബിളില്‍ ജെയ്മോന്‍ ചായയും വാങ്ങികൊണ്ട് വന്ന പഴംപൊരിയും വെച്ചു

ട്രീസ അവന്‍റെയൊപ്പമിരുന്നു ചായ കുടിക്കാന്‍ തുടങ്ങി

” ഹ്മം ..വെള്ളി വീണു തുടങ്ങിയല്ലോ അമ്മെ … പറിച്ചു കളയട്ടെ ..അല്ലേല്‍ ഡൈ അടിക്ക്’

‘ പിന്നെ ഈ പ്രായത്തിലല്ലേ ഡൈ അടിക്കാന്‍ പോണേ “

‘എന്നാല്‍ ഞാന്‍ പറിച്ചു കളയട്ടെ അമ്മാ ” ജെയ്മോന്‍ ട്രീസയുടെ ഒരുമുടിയിഴയില്‍ വലിച്ചു

” അഹ്…പോടാ ഒന്ന് .. അങ്ങനെ പറിക്കാന്‍ ആണേല്‍ മുടി മൊത്തം പോകും ..വിട് .”

” ഹേ … മൂന്നാലെണ്ണമേ ഉള്ളമ്മാ “

‘വേണ്ട ..വേണ്ട … അതവിടെയിരുന്നോട്ടെ “

“വേണ്ടെങ്കില്‍ വേണ്ട ..ഇനി പറിച്ചു കളയടാ എന്ന് പറഞ്ഞു വന്നേക്കല്ലേ .. ജോലിയൊക്കെ കിട്ടുമ്പോ ഓഫീസില്‍ ചെത്താന്‍ വേണ്ടി ..”
‘ പിന്നെ .. ഓഫീസില്‍ ചെത്താന്‍ വേണ്ടി .. എന്‍റെ പ്രായമൊക്കെ കഴിഞ്ഞു … നീ നോക്കിക്കോ നരക്കാതെ ….അല്ലേല്‍ നീ രാവിലെ പറഞ്ഞ സുന്ദരിപ്പെണ്ണ്‍ ആരുടെ കൂടെയെലും പോകും ..”

” ഉം ..പോകും ..എന്നാ കൊല്ലും ഞാനവളെ “

ജെയ്മോന്‍ ബാഗില്‍ നിന്ന് , എന്തോ പൊതിയെടുത്ത്‌ തയ്യില്‍ മെഷിന്‍റെ അടുത്തേക്ക് നടന്നു

” എന്നിട്ട് ഞാനും ചാകും “

” എടാ ജെയ്മോനെ ..നീ കാര്യമയിട്ട് പറഞ്ഞതാണോ ? നീയപ്പോ എന്‍റെ കാര്യം ആലോചിച്ചോ ..നിനക്ക് വേണ്ടി ജീവിച്ച ഞാന്‍ “

” എന്നാമ്മേ ഇത് ..അമ്മ പറഞ്ഞതിനനുസരിച്ചു ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ “

ജെയ്മോന്‍ പൊതി അഴിച്ചു മെഷിനില്‍ അവന്‍ വാങ്ങിക്കൊണ്ടു വന്ന മോട്ടോര്‍ ഫിറ്റ്‌ ചെയ്യാന്‍ തുടങ്ങി

‘ ഇതെന്താ ഇത് ? ഇതൊന്നും വേണ്ട ..അല്ലെങ്കിലും എനിക്ക് കാലു കൊണ്ട് ചവിട്ടിയാ ശീലം ..”

” ഇത് ഞാന്‍ വേണ്ടാന്നു വെക്കാം … ജോലി കിട്ടി കഴിയുമ്പോ അമ്മ തയ്യില്‍ മെഷിന്‍ ഉപേക്ഷിക്കുമോ ? ഇല്ലല്ലോ … ഇപ്പൊ തന്നെ അമ്മയെ ഫ്രീ ആയി കിട്ടാന്‍ തപസ്സിരിക്കണം ‘

‘ ഹ്മം .. ഇപ്പൊ നീയങ്ങനെയൊക്കെ പറയും ..എന്നിട്ടാണോ നീ സുന്ദരിപ്പെണ്ണിനെ കിട്ടിയില്ലേല്‍ അവളേം കൊല്ലും നീയും ചാകും എന്ന് പറഞ്ഞെ ..”

‘ അത് കിട്ടിയില്ലേല്‍ അല്ലെ … കിട്ടും എനിക്കുറപ്പാ ‘

‘ ഹ്മം ..അതെനിക്കുമറിയാം ..എന്‍റെ മോന്‍ സുന്ദരനല്ലേ .. പിന്നെയെന്ന കുഴപ്പം ..” ട്രീസ അവന്‍റെ നെറ്റിയില്‍ ഉമ്മ വെച്ചു

‘ അമ്മ … റെഡിയായി ..ഇനിയൊന്നു നോക്കിക്കേ ..’ ട്രീസ ഇരുന്നു തയ്ക്കാന്‍ തുടങ്ങി.ആദ്യമൊന്നു പരിചയക്കുറവുണ്ടായെങ്കിലും നിമിഷനേരം കൊണ്ടവള്‍ ആ ചുരിദാര്‍ തയ്ച്ചു ജെയ്മോനെ വിടര്‍ത്തി കാണിച്ചു

” ഹും … എല്ലാത്തിനും ആദ്യത്തെ ബുദ്ധിമുട്ടേ ഉള്ളമ്മേ ..നമ്മള്‍ മനസു കൊണ്ട് ഇഷ്ടപ്പെട്ടാല്‍ , ഇതെനിക്ക് പറ്റും എന്ന് ചിന്തിച്ചാല്‍ അതൊരു ബുദ്ധിമുട്ടാവുകയേയില്ല”

ജെയ്മോന്‍ അവന്‍റെ മുറിയിലേക്ക് കയറി .. ട്രീസാ ചുരിദാര്‍ മടക്കി വെച്ച് അടുക്കളയിലേക്കും
കാലം എത്ര വേഗമാണ് കടന്നു പോയതെന്ന് ട്രീസയോര്‍ത്തു .ഇഷ്ടപ്പെട്ട പുരുഷനൊപ്പം ഇറങ്ങിപോരുമ്പോള്‍ വയസ്ഇരുപത് ..ഇരുപത്തിയൊന്നാം വയസില്‍ ജെയ്മോന്‍ ഉണ്ടായി കഴിഞ്ഞാണ് ടോമിച്ചന് ഇറിഗേഷന്‍ വകുപ്പില്‍ ജോലി കിട്ടിയത് .. സന്തുഷ്ട ദാമ്പത്യം .. ലവ് മാര്യേജ് ആയതു കൊണ്ട് ബന്ധുക്കള്‍ തിരിഞ്ഞു നോക്കുന്നില്ല എന്നതൊഴിച്ചാല്‍ ജീവിതം സ്വസ്ഥം. സ്വന്തമായൊരു വീടിനു വേണ്ടിയുള്ള ഓട്ടത്തിനിടയിലാണ് ജെയ്മോന്‍റെ എട്ടാം വയസില്‍ ബൈക്ക് ആക്സിടന്റ്റ് മുഖേനെ ടോമിച്ചന്‍ യാത്രയായത് .. അതില്‍ പിന്നെ ആ വീട് പൂര്‍ത്തിയാക്കാനോ ഒന്നും സാധിച്ചില്ല … അതിനുള്ള ത്രാണി ഇല്ലായിരുന്നു താനും .. ആ വീട് വിറ്റ് ഉണ്ടായിരുന്ന ബാധ്യതയും തീര്‍ത്തു ഈ നാട്ടില്‍ വന്നിട്ടിപ്പോള്‍ എട്ടു വര്‍ഷം ..കിട്ടുന്ന പെന്‍ഷന്‍ കൊണ്ട് ജെയ്മോന്‍റെ പഠിപ്പ് പൂര്‍ത്തിയാക്കാന്‍ പറ്റി ..പിന്നെ തയ്ച്ചു കിട്ടുന്ന വരുമാനം മതി രണ്ടു പേരുടെ ഈ കുടുംബം പുലരാന്‍ .. അന്നവിടെ ഉണ്ടായിരുന്ന അയല്‍വക്കം കാര്‍ പറഞ്ഞതാണ്, സര്‍വീസില്‍ ഇരുന്നു മരിച്ചത് കൊണ്ട് ടോമിച്ചന്‍റെ ജോലി കിട്ടുമെന്ന് ,,,അത് ജെയ്മോന് വേണ്ടി മാറ്റി വെച്ചു …ഇന്നവന്‍ അത് തനിക്ക് വീണ്ടും വെച്ചു നീട്ടുന്നു .. ജെയ്മോന്‍ … അവനൊരിക്കലും തനിക്കൊരു ഭാരമായിരുന്നിട്ടില്ല… ഒതുക്കമുള്ള സ്വഭാവം ..പ്രായത്തിനു മേലെയുള്ള പലപ്പോഴും പക്വത അന്ധാളിച്ചു നിന്നിട്ടുണ്ട് .. താന്‍ വളര്‍ന്ന സാഹചര്യം അവനെ അങ്ങനെ ആക്കിയതാവാം.. ദുശീലങ്ങള്‍ യാതൊന്നുമില്ല .. പറയത്തക്ക അടുത്ത ഫ്രണ്ട്സുമില്ല .. ആരുടെ എങ്കിലും കല്യാണത്തിനോ മറ്റോ പോയാലൊരു ബിയറെങ്ങാനും അടിച്ചാല്‍ ആയി ..അത് വരുന്നതെ പറയുകയും ചെയ്യും .. പെന്‍ഷന്‍ കിട്ടുമ്പോള്‍ അവനാണ് ചിലവാക്കുന്നത്. അനാവശ്യമായി ഒരു നയാ പൈസ പോലും ചിലവാക്കാറില്ല…അത് കൊണ്ട് തന്നെ അവനെ ഉപദേശിക്കേണ്ട ആവശ്യം വന്നിട്ടുമില്ല .. അവന്‍ നന്നായി ആലോചിച്ചേ എന്തും ചെയ്യുകയുമുള്ളൂ …!!!

Leave a Reply

Your email address will not be published. Required fields are marked *