നടത്തത്തിനിടയിൽ പുള്ളിയൊന്നും പറഞ്ഞില്ല. പതിവു പോലെയാദ്യം നടത്തം, പിന്നെ ജോഗിംഗ്. ഇന്നു കൂടുതൽ ജോഗു ചെയ്തു. അവസാനം അഞ്ചുമിനിറ്റ് നടത്തം. കൃത്യം അഞ്ചേമുക്കാൽ. നാളെ. ഗേറ്റിൽ വെച്ച് അമിതാബ് ബച്ചന്റെ സ്വരത്തിൽ അങ്കിൾ പറഞ്ഞു. ലിസി തലയാട്ടി.
അങ്ങിനെയതൊരു പതിവായി. പഴയ കൂട്ടുകാരെപ്പോലെ തമ്മിലൊന്നും മിണ്ടിയില്ലെങ്കിലും സുഖമുള്ള നിശ്ശബ്ദതയിൽ അവർ നടന്നു, ഓടി. ഇടയ്ക്കെല്ലാം എതിരേ വരുന്നവരുടെ വക്കീൽ സാറിനോടുള്ള കൈവീശലിനൊപ്പം.
ഒരാഴ്ച കഴിഞ്ഞു. എന്നും ലിസി അങ്കിളിന്റെ വിശേഷങ്ങൾ പറയും. മമ്മീ ഇന്നങ്കിള് കറുത്ത ട്രാക്സും ചാര ടീഷർട്ടുമായിരുന്നു! ഇന്ന് മുടി വെട്ടി.
താടി ട്രിം ചെയ്തു.
സാറയ്ക്കതൊരു കൗതുകമായിരുന്നു. തമ്മിൽ സംസാരിക്കാത്ത ഒരു മോളും അവടങ്കിളും!
ഡീ നിനക്കങ്ങേരടെ പേരെങ്കിലും അറിയാമോ?
വക്കീൽ! എന്താ പോരേ? ലിസി ചിരിച്ചു.
നിന്റെ കാര്യം! എന്നാലും പക്വതയുള്ള ആളാണെന്നു തോന്നി. സാറ ഹാപ്പിയായിരുന്നു.
ഒരാഴ്ച കഴിഞ്ഞുകാണും. കോളനിക്കു വെളിയിൽ ലിസി പോവുന്ന ലൈബ്രറിയിൽ വെച്ച് രണ്ടു പയ്യന്മാർ അവളോട് സംസാരിക്കാൻ ശ്രമിച്ചു. കണ്ടാൽ ഓമനത്തമുള്ള പെണ്ണായതാവാം കാരണം.
ലിസി ഒരു നേരേ വാ നേരേ പോ ടൈപ്പായിരുന്നു. അവൾ സൗമ്യമായി താല്പര്യമില്ലെന്ന് തുറന്നു പറഞ്ഞു. അവന്മാർ പ്രതികരിച്ചില്ല. അവളതങ്ങു വിട്ടു. എന്നാലടുത്ത ദിവസം അവളുടെ ഓട്ടോയുടെ പിന്നാലെ അവന്മാർ ബൈക്കിലുണ്ടായിരുന്നു. പുസ്തകം നോക്കിയിരുന്ന അവളതറിഞ്ഞില്ല. കോളനിക്കകത്തു കേറിയപ്പോൾ പോലീസു ജീപ്പു കണ്ട് പയ്യന്മാർ സ്ഥലം കാലിയാക്കി.
അടുത്ത ദിവസം അവളെക്കാണാത്തതുകൊണ്ട് പിള്ളേരു കോളനിയിലൊന്നു ചുറ്റി. മൂന്നാം ദിവസം ലോട്ടറിയടിച്ചു. രാവിലേ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പോണവഴിക്ക് കോളനിവഴിയൊന്നു കറങ്ങിയതാണ്. ദേ നമ്മുടെ പൈങ്കിളി ഓടാൻ പോവുന്നു. പിറകേ വിട്ടു.
അങ്കിളിന്റെ വീടെത്തും മുന്നേ അവൾക്കെന്തോ തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ ആരുമില്ല.
അടുത്ത ദിവസം അവളവരെക്കണ്ടു. എന്നും തിരിച്ചോടുന്നതിന്റെയവിടെ. ഇത്തിരി ദൂരെ ചെറിയ പാർക്കിലെ ബെഞ്ചിലവർ ഇരിപ്പുണ്ടായിരുന്നു.
ഓടുന്നതിനിടെ ലിസി ഇടയ്ക്കിടെ തിരിഞ്ഞുനോക്കി. അവളിത്തിരി ടെൻഷനിലായിരുന്നു.
പതിവുപോലെ അവസാനത്തെ ചുവടുകൾ നടന്ന് വക്കീലങ്കിളിന്റെ വീടെത്തി. അവൾ മുന്നോട്ട് നീങ്ങിയപ്പോൾ വീണ്ടും ആ ആഴമുള്ള ശബ്ദം.
നിൽക്കൂ. അവൾ ബ്രേക്കിട്ടു. സത്യം പറഞ്ഞാൽ അന്തംവിട്ടുപോയി. ഇതു രണ്ടാംവട്ടമാണ് അവളങ്കിളിന്റെ ശബ്ദം കേൾക്കുന്നത്.
അവൾ തിരിഞ്ഞുനിന്നു. അങ്കിൾ ഉറ്റുനോക്കുന്നു. ഉള്ളിലേക്ക് ചുഴിഞ്ഞു കയറുന്ന ആ കണ്ണുകൾ.
എന്താണ് പ്രശ്നം. യു ലുക്ക് ഡിസ്റ്റർബ്ഡ്.
അതങ്കിൾ…പിന്നെയൊന്നുമില്ല.
അങ്കിളൊന്നു ചിരിച്ചു. എന്താണ് മോൾടെ പേര്?
ലിസി.
അപ്പോൾ ലിസി, ഞാൻ കേശവൻ. എന്നും കോടതിയിലും വെളിയിലും ധാരാളം കള്ളങ്ങൾ കേൾക്കുന്ന ഒരു വക്കീലാണ്. ഇനി പറയൂ. എന്താണ് കാര്യം? പുള്ളി പാതി തുറന്ന ഗേറ്റിൽ കൈവെച്ചുകൊണ്ട് ചിരിക്കുന്നു!
അങ്കിൾ.. അവളുള്ള കാര്യം പറഞ്ഞു. എന്തോ അങ്കിളിനോട് എല്ലാം തുറന്നുപറഞ്ഞപ്പോൾ ഒരു ഭാരമിറക്കിവെച്ചതുപോലെ തോന്നി. മനസ്സു ലാഘവമുള്ളതായി.
ശരി. കേശവൻ വന്ന വഴിയിൽ നോക്കി. ആരുമില്ല. ഇന്നു ഞാൻ ലിസിയുടെ കൂടെ വീടു വരെ വരുന്നു. ബാക്കി നമുക്കു നാളെ നോക്കാം എന്താ?
ലിസി ഉള്ളുതുറന്നു ചിരിച്ചു. താങ്ക്സ് അങ്കിൾ.
അവരൊന്നും മിണ്ടാതെ ലിസിയുടെ വീട്ടുവാതിൽക്കൽ വരെയൊപ്പം നടന്നു. അവൾക്ക് എന്തെന്നില്ലാത്തൊരു സുരക്ഷിതത്വം തോന്നി. ഇപ്പോഴൊരു ടെൻഷനുമില്ല. ഒരു സൈന്യം തന്നെ വന്നാലും കൂടെയുള്ള അങ്കിൾ അവളെ രക്ഷിക്കും. ഉറപ്പ്.
അവളെ വീടെത്തിച്ചിട്ട് കേശവൻ പോവാനായി തിരിഞ്ഞു. അങ്കിൾ! അവളുടെ വിളികേട്ട് കേശവൻ തിരിഞ്ഞു. ഇങ്ങുവന്നേ.. രഹസ്യം പറയുന്ന താഴ്ന്ന സ്വരത്തിൽ അവൾ വിളിച്ചപ്പോൾ കേശവൻ കുനിഞ്ഞ് അവളുടെ ചുണ്ടുകളിലേക്ക് ചെവിയടുപ്പിച്ചു.
