Divyanuraagam Part 13 | Author : Vadakkan Veettil Kochukunj
[ Previous Part ]
പ്രിയപ്പെട്ടോരേ….ആദ്യം തന്നെ പാർട്ട് വൈകുന്നതിൽ എപ്പോഴത്തേയും പോലെ സങ്കടം അറിയിക്കുന്നു… വേറൊന്നുമല്ല പഠിപ്പിൻ്റെ ഭാഗമായാണ്…കാരണം ഞാൻ ഒരു അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്…പോരത്തതിന് എടുത്ത വിഷയം ഫിസിക്സും…അറിയാലോ ഒരുപാട് ഉണ്ട് പഠിക്കാനും പോരാത്തതിന് ലാബ് തേങ്ങ മാങ്ങാന്ന് പറഞ്ഞ് എപ്പോഴും തിരക്കാ…അതോണ്ട് അഡ്ജസ്റ്റ് ചെയ്യണേ… പിന്നെ ഒരിക്കലും ഇത് തീർക്കാതെ ഇട്ടിട്ട് പോവില്ല…💯അപ്പൊ എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു… പിന്നെ കഴിഞ്ഞ ഭാഗം ഒന്ന് ഓടിച്ചിട്ട് വരണേ എന്നാലെ ഒരു ഗുമ്മ് കിട്ടൂ…
ഒരുപാട് സ്നേഹത്തോടെ…
വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…
പെയ്യ്ത് തീരാത്ത മഴപോലും ഞങ്ങൾക്കവിടെ ഒരു കാവലായി മാറുകയായിരുന്നു…കാരണം മറ്റൊരാൾ പോലും അവിടെ വന്ന് ഞങ്ങടെ ഈ പ്രിയനിമിഷത്തിൽ എത്തിനോക്കാതിരിക്കാൻ… അതുകൊണ്ട് തന്നെ എല്ലാം മറന്ന് പ്രണയം എന്ന ഒറ്റ വികാരത്താൽ ഞങ്ങൾ വാരിപ്പുണർന്നു തന്നെ നിന്നു…
അൽപം സമയം കഴിഞ്ഞതും അവളുടെ തേങ്ങൽ ഒന്നടങ്ങി എന്ന് കണ്ടപ്പൊ ഞാനവളുടെ ചെറുതായി താടി തുമ്പ് പിടിച്ചൊന്നുയർത്തി…
” കഴിഞ്ഞോ എൻ്റെ പെണ്ണിൻ്റെ കരച്ചിലൊക്കെ… ”
ഞാൻ അവളെ നോക്കി ഒരു ചിരിയോടെ ചോദിച്ചതും പെണ്ണിൻ്റെ മുഖത്ത് നാണത്താൽ ഒരു ചിരി വിരിഞ്ഞു…ഇനി ഇപ്പൊ എൻ്റെ പെണ്ണെന്ന് അഭിസംബോധന ചെയ്യ്തത് കൊണ്ടായിരിക്കുവോ…
” എന്താ ഒന്നും മിണ്ടാത്തെ… ”
ഞാൻ വീണ്ടും പുഞ്ചിരിയോടെ അവളെ നോക്കി…
” ന്നെ ശരിക്കും ഇഷ്ടാണോ… ”
അവളെൻ്റെ കണ്ണിൽ നോക്കിയാണ് അത് ചോദിച്ചത്…ഒരുവേള ആ നോട്ടത്തിൽ അലിഞ്ഞ് പോയി ഈ ഉള്ളവൻ…
” അതെന്താ ഇപ്പൊ അങ്ങനൊരു ചോദ്യം …എന്നാ പിന്നെ ഇയാള് പറ എന്നെ ഇയാൾക്ക് ഇഷ്ടാണോ… ”
ഞാൻ പ്ലേറ്റ് വീണ്ടും അവൾക്ക് നേരെ തിരിച്ചു…
” എൻ്റെ ജീവനാ ഈ പൊട്ടകണ്ണൻ… ”
അത് പറയുമ്പോൾ മുഖത്ത് നോക്കാതെ എൻ്റെ നെഞ്ചിൽ തലവെച്ചാണ് അവൾ പറഞ്ഞത്…ആ മഴയത്തും അവളുടെ ചൂട് നിശ്വാസം എന്റെ ശരീരത്തെ തണുപ്പിൽ നിന്നും അകറ്റി നിർത്തും പോലെ തോന്നി…
” എന്നാ പിന്നെ ഇയാൾക്ക് ജീവനാണേൽ എനിക്ക് പ്രാണനാ എൻ്റെ ശൂർപ്പണഖ…പോരേ… ”
ഞാൻ വീണ്ടും അവളെ ഇറുക്കെ പുണർന്ന് കൊണ്ട് എൻ്റെ സ്നേഹം അറിയിച്ചു…അതോടെ വീണ്ടും ഞങ്ങൾ ഇത്തിരി നേരം ആ മഴയത്ത് കെട്ടിപിടിച്ച് നിന്നു…
” അയ്യോ…എനിക്ക് ഡ്യൂട്ടിക്ക് കേറണം… ”
പെട്ടെന്ന് എന്തോ ഒർത്തപോലെ അവൾ ഞെട്ടി എൻ്റെ ദേഹത്ത് നിന്നും ഒരു ചമ്മിയ മുഖഭാവത്തോടെ അകന്ന് മാറി…
” ഒന്ന് പോടോ…ഇയാൾക്ക് ഇപ്പൊ പോയി വല്ല ഓപറേഷൻ നടത്താൻ ഒന്നുമില്ലല്ലോ…അതോണ്ട് ഇങ്ങ് പോര് നമ്മുക്കിങ്ങനെ ഈ മഴയത്തിവിടെ കെട്ടിപിടിച്ചിരിക്കാം… ”
ഞാൻ അവളെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു…
” മ്മ് അയ്യടാ…വേണ്ട മോനേ……വാ നടക്ക് പോവാം… ”
ബാഗിൽ നിന്നും ഒരു കുടയെടുത്ത് തുറന്ന ശേഷം അവൾ അധികാരത്തോടെ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു…അതോടെ ഞാനും ആ കുടക്കീഴിൽ കയറി…
” ഡോ ഇതിപ്പൊ മഴ നനയുമല്ലോ…ഇപ്പൊ പോണോ… ”
ഞാൻ മഴയുടെ കഠിന്യം മനസ്സിലാക്കി അവളോട് ചോദിച്ചു…
” മ്മ്… പിന്നെ ഇച്ചിരി മഴയൊക്കെ കൊള്ളാം കേട്ടോ…കുഞ്ഞാവയ്ക്ക് പനി ഒന്നും വരില്ല… ”
അവളെന്നെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….അതിന് അവളെ നോക്കി ഒന്ന് കണ്ണുരുട്ടിയ ശേഷം ഞാൻ കൈ കൊണ്ട് അവളുടെ ഷോൾഡറിന് മുകളിലൂടെ എന്നോട് ചേർത്ത് പിടിച്ച് നടക്കാൻ തുടങ്ങി…
” ഡോ… നമ്മുക്ക് ചേട്ടത്തിയോടും പിള്ളാരോടുമൊക്കെ പറയേണ്ടെ…അവരൊക്കെ അത് കേൾക്കാൻ കാത്തിരിക്കുവാ… ”
കുടക്കീഴിൽ നടക്കുമ്പോൾ ഞാൻ അവളെ നോക്കി ചോദിച്ചു…
” എനിക്ക് നാണാ…ഇയാള് തന്നെ പറഞ്ഞോ… ”
അവളെന്നെ നോക്കി പതിവ് നാണം കലങ്ങിയ മുഖത്തോടെ മറുപടി പറഞ്ഞു…
” ഓ പിന്നേ.. അതിനർത്ഥം ഞാൻ നാണോം മാനോം ഒന്നും ഇല്ലാത്തോനാന്നല്ലേ… ”
ഞാൻ അവളെ നോക്കി പുരികമുയർത്തിയും മണിക്കിലുക്കം പോലെ അവളുടെ വായിൽ നിന്നും ചിരിയുടെ ശബ്ദം വന്നു…
