” ഒരു സഹായം ചോദിക്കുമ്പോൾ ചെയ്യണ്ടേ”
” Mm.. മനസിലാവുന്നുണ്ട്. എന്തായാലും കൊള്ളാം ചേർച്ചയൊക്കെ ഉണ്ട്. ”
” ശെരിക്കും? ”
” എന്താടാ നാണം ഒക്കെ വരുന്നല്ലോ, ഇഷ്ടപ്പെട്ടോ അവളെ ”
” ഇഷ്ടപ്പെട്ടു. പക്ഷേ ശരിയാവില്ല. ”
” അതെന്താടാ പെട്ടെന്ന് ആയത് കൊണ്ടാണോ? ഇഷ്ടം തോന്നാൻ അധികം സമയം ഇന്നും വേണ്ടടാ. നീ ചെന്ന് പറ”
” അതൊന്നും അല്ല ചെറിയമ്മേ. ഇന്നലെ അവൾ പറഞ്ഞത് വച്ച് ഇഷ്ടപ്പെടാത്ത കല്യാണത്തിൽ നിന്ന്
രക്ഷപ്പെടാനാ അവൾ ഇതിന് നിന്നത്. ഒരു ജോലി കിട്ടുന്നവരെ സേഫ് ആയിട്ട് നിൽക്കാൻ ഒരിടം വേണം അത്രേ അവൾക്കുള്ളൂ. അപ്പൊ ഞാൻ കേറി ഇഷ്ടമാണെന്ന് പറഞ്ഞാ.. അത് ശരിയാവില്ല. പിന്നെ അവൾക്കും എന്നെ ഇഷ്ടമാവണ്ടേ. എല്ലാർക്കും അങ്ങനെ ചെറിയ സമയം കൊണ്ട് ഇഷ്ടം വരില്ലല്ലോ. പറ്റുന്ന പോലെ സഹായിക്കാം എന്നെ ഉള്ള് എനിക്ക്. മുത്തശ്ശിയോട് കൂടെ പറഞ്ഞ് കല്യാണം ഒഴിവാക്കണം”
” അത്രയും ആഴത്തിൽ ഒക്കെ ചിന്തിക്കാൻ തുടങ്ങിയോ നീ. ശെരി അവളുടെ ഈ കര്യങ്ങൾ ഒക്കെ വേറെ ആർക്കെങ്കിലും അറിയുമോ. ”
” എനിക്കും ദൈവത്തിനും പിന്നെ ഏതോ ഗൗരിക്കും മാത്രമേ അറിയുള്ളൂ ന്നാ രാവിലെ പറഞ്ഞേ. ”
” അഹ് ബെസ്റ്റ്, എടാ മണ്ടാ നീ ഒന്നാലോചിച്ച് നോക്ക്, അവളുടെ ലൈഫിലെ ഇത്രയും മോശപ്പെട്ട അനുഭവം അറിയുന്ന രണ്ടുപേരിൽ ഒരാളാണ് നീ. എൻ്റെ അറിവിൽ ഞങ്ങൾ പെണ്ണുങ്ങൾ അങ്ങനെ എല്ലാരോടും സ്വന്തം രഹസ്യങ്ങൾ പറഞ്ഞ് നടക്കൂല. ഒന്നുകിൽ ഇഷ്ടമുള്ള ആളായിരിക്കണം അല്ലെങ്കിൽ വിശ്വസിക്കാൻ പറ്റുന്ന ആളായിരിക്കണം. ”
” അതുകൊണ്ട്? മുഴുവൻ പറ ചുമ്മാ ആദി കേറ്റല്ലേ”
” അവൾക്ക് നിന്നോടും ഇഷ്ടമുണ്ടാകും. എന്ന് കരുതി നേരെ പോയി ചോദിക്കണ്ട. എൻ്റെ ഒരു തോന്നൽ മാത്രമാണ്. പിന്നെ മുത്തശ്ശിയും മാധവേട്ടനും നേരത്തേ പോയി. അതുകൊണ്ട് മോൻ ആ വഴി മറന്നേക്ക്. ”
മാലതിയുടെ വാക്കുകൾ അവനിൽ അല്പം പ്രതീക്ഷകൾ നൽകിയിരുന്നു. പക്ഷേ അതിനതികം ആയുസ്സുണ്ടായില്ല.
” ചിലപ്പോ ഒരു സഹോദരനോടുള്ള ഇഷ്ടവും ആവാം”
എന്തോ ആലോചിച്ചു നിന്ന അവനെ നോക്കി അങ്ങനെ പറഞ്ഞ് ചിരിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് പോയി. ആശിച്ചു വച്ചതെല്ലാം എറിഞ്ഞുടച്ച മാലതിയെ നോക്കി പല്ലുകടിച്ചുകൊണ്ട് അവനും ഹാളിലേക്ക് നടന്നു.
ഇളം ചുവപ്പ് സാരി ഉടുത്ത് പടികളിറങ്ങി വരുന്ന ഭദ്രയെ കാശി ഇമ ചിമ്മാതെ നോക്കി .
” അടിപൊളി ആണല്ലോ ചേച്ചി. ”
അടുത്തിരുന്ന അച്ചു ഭദ്രയോട് പറഞ്ഞുകൊണ്ട് കാശിയെ ഇരുത്തിയൊന്ന് നോക്കി. അവൻ്റെ നോട്ടം ഭദ്രയും ശ്രദ്ധിച്ചിരുന്നു. അതിൽ അവളുടെ കവിളുകൾ ചെറുതായി തുടുത്തു. മാലതി തൻ്റെ കാറിൻ്റെ കീ അവനെ ഏൽപിച്ച് സൂക്ഷിച്ചു പോയി വരാൻ പറഞ്ഞു. നീല balano ഗേറ്റ് കടന്ന് പോകുന്നത് അവർ നോക്കി നിന്നു.
###
കരിമഠം തറവാടിൻ്റെ മുറ്റത്തേക്ക് കയറ്റി നിർത്തിയ Fortuner ൽ നിന്നും ഇറങ്ങിയ മാധവൻ്റെ അടുത്തേക്ക് വെള്ള മുണ്ടുടുത്ത ഒരു ചെറുപ്പക്കാരൻ വന്നു.
” അഹ് മാധവേട്ടനോ! ന്താ ഇത്ര രാവിലെ”
പരിചയം പുതുക്കി ബഹുമാനത്തോടെ അവൻ മാധവനെ നോക്കി ചോദിച്ചു.
“അമ്മയ്ക്കൊന്ന് പണിക്കരെ കാണണമെന്ന് പറഞ്ഞ്. അച്ചൻ ഇല്ലേ മോനെ?”
മറുഭാഗത്ത് ചെന്ന് ഭവാനിയെ ഇറക്കി കൊണ്ട് മാധവൻ ചോദിച്ചു.
” അച്ചൻ അകത്ത്
പൂജാമുറിയിൽ ഉണ്ട് നിങ്ങള് കയറിയിരിക്ക് ഞാൻ പറയാം.”
ഇരുവരെയും ക്ഷണിച്ച അവൻ അകത്തേക്ക് ചെന്ന് വിവരമറിയിച്ചു. തിരികെ വന്ന് രണ്ടുപേരെയും പൂജാമുറിയിലേക്ക് സ്വീകരിച്ചു. മാധവൻ നിലത്തും ഭവാനി പീഠത്തിലും ആയി ഇരുന്നു. അവരുടെ മുന്നിൽ ഇരിക്കുന്ന ചുവന്ന പട്ടുടുത്ത് നെറ്റിയിലും കൈകളിലുമായി കുറി തൊട്ട , കഴുത്തിലും കൈകളിലും രുദ്രാക്ഷമണിഞ്ഞ, വാർദ്ധക്യം ബാധിച്ചു തുടങ്ങിയ ആ താന്ത്രികാചാര്യൻ കണ്ണുതുറന്നു. ചുറ്റും ദുഷ്ട ശക്തികളോട് പോരാടുന്ന ശക്തരായ ദൈവങ്ങളുടെ ചിത്രങ്ങളും പല മാന്ത്രിക താന്ത്രിക വേദ പുസ്തകങ്ങളും ഉണ്ടായിരുന്നു. അങ്ങിയിലേക്ക് ഒരല്പം നെയ്യൊഴിച്ചുകൊണ്ട് ഇരുവരെയും മാറി മാറി നോക്കി.
