” ദേവാ നിങ്ങൾ മുറിയിലേക്ക് പൊയ്ക്കോ ”
ഭവാനിയുടെ തീരുമാനത്തിന് മാലതിയും കൂട്ട് പിടിച്ചു. സത്യത്തിൽ അവിടെ വേറെയാർക്കും സംസാരിക്കാൻ താൽപര്യം പോലും ഇല്ലായിരുന്നു. ചിലരുടെ മുഖത്ത് ഒരുതരം പുച്ഛം മറ്റുള്ളവർക്ക് ശ്രീഭദ്രയുടെ സൗന്ദര്യത്തിനോട് അസൂയ. മുകളിലേക്ക് പടികൾ കയറുമ്പോൾ അപർണയെ ഇരുത്തിയൊന്ന് നോക്കാൻ അവൻ മറന്നില്ല.
വാതിലടച്ച് കുറ്റിയിട്ടുകൊണ്ട് അവൻ നെടുവീർപ്പിട്ടു. ശ്രീഭദ്ര കട്ടിലിൻ്റെ ഹെഡ്ബോർഡിൽ ചാരി മുട്ടിനുമുകളിൽ കൈ വച്ച് അതിലേക്ക് മുഖം വച്ചിരുന്നു. ജനലിനരികിൽ ഉള്ള കസേരയിൽ കാശിയും സ്ഥാനം പിടിച്ചു. മിനിറ്റുകൾ കടന്നുപോയി, അരമണിക്കൂറോളം മുറിയിൽ കെട്ടിക്കിടന്ന നിശബ്ദതയെ പറത്തിക്കൊണ്ട് സീലിംഗ് ഫാൻ ശബ്ദിച്ചു. ഹെഡ്ബോർഡിൽ തലവച്ച് മുകളിലേക്ക് നോക്കി കണ്ണുകളടച്ച് ഇരിക്കുന്ന അവളുടെ നെറ്റിയിലും കഴുത്തിലും പൊടിഞ്ഞുതുടങ്ങിയ വിയർപ്പുത്തുള്ളികൾ കണ്ട കാശി തന്നെയാണ് ഫാൻ ഓൺ ചെയ്തത്. അലക്ഷ്യമായ മുടി കാറ്റിൽ പറന്നപ്പോൾ മുഖത്ത് ആശ്വാസത്തിൻ്റെ പൊടിപ്പുകൾ ദൃശ്യമായി. എല്ലാം ഊരിയെറിയാൻ അവൾക്ക് തോന്നി, പക്ഷേ സ്വന്തം മുറി അല്ലെന്ന ഓർമ്മപ്പെടുത്തൽ അവളെ അതിൽ നിന്നും പിന്മാറ്റി.
” അതേയ് സംസാരിക്കാൻ സമയമുണ്ടോ?”
മടുപ്പ്
കാർന്നുതിന്നുതുടങ്ങിയ നിമിഷങ്ങളെ മാറ്റാൻ എന്നോണം കാശി അവളെ നോക്കി ചോദിച്ചു. ഫാനിൻ്റെ ശബ്ദത്തെയും മറികടന്ന് അവളിലേക്കെത്തിയ ചോദ്യത്തിന് അവന് നേരെയുള്ള നോട്ടത്തിൽ മറുപടി ഒതുക്കി. കരഞ്ഞു വാടിയ മുഖത്ത് കണ്മഷി പടർന്നിട്ടുണ്ട്. അലക്ഷ്യമായി കിടക്കുന്ന ഡ്രെസ്സും മുടിയും. കണ്ടപ്പോൾ അവന് പാവം തോന്നി. പക്ഷേ ഇപ്പൊൾ നടന്നതിൻ്റെയെല്ലാം ചുരുളഴിക്കേണ്ടത് അത്യാവശ്യമായി തോന്നി അവന്.
” ഇന്നെന്താ നടന്നതെന്ന് വല്ല ബോധവും ഉണ്ടോ, എന്തിനാ എന്നെ അറിയാമെന്ന് പറഞ്ഞത്, എന്നെങ്കിലും എന്നെ കണ്ടിട്ടുണ്ടോ താൻ , ആരാ അവരൊക്കെ, സ്റ്റേഷനിൽ വച്ച് സീൻ ഉണ്ടാക്കിയ തള്ള ആരാ?”
അവൻ്റെ എല്ലാ ചോദ്യത്തിനും അവൾക്ക് ഉത്തരം ഉണ്ടായിരുന്നെങ്കിലും തൊണ്ടയിൽ നിന്നും ഒന്നും തന്നെ പുറത്ത് വരാൻ തയ്യാറായില്ല. വീണ്ടും മിനിറ്റുകളുടെ മൗനം പ്രത്യക്ഷമായി.
” എന്താടി ഒന്നിനും ഉത്തരമില്ലേ നിനക്ക്, ഇത്രയും നേരം എല്ലാത്തിനും മൂളിയതല്ലേ നീ ഇപ്പൊ എന്താ അണ്ണാക്കിൽ പിരിവെട്ടിയോ നിനക്ക് ”
കാശിയുടെ ശബ്ദം കൊടുത്തിരുന്നു. അതിൽ പേടിച്ചപോയ ഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ശില പോലെ ഇരുന്ന് കരയുന്ന അവളെ കണ്ടതും കാശിക്ക് അവൻ പറഞ്ഞത് കൂടിപ്പോയെന്ന് മനസിലായി. താൻ വേണമെന്ന് വച്ച് ചെയ്തതല്ലെങ്കിലും കരയുന്ന അവളുടെ മുഖം അവനെ വേദനിപ്പിച്ചു. കസേരയിൽ നിന്നെഴുന്നേറ്റ് അവൾക്കരികിലേക്ക് അവൻ ചെന്നു. എടുത്ത് കൊഞ്ചിക്കാൻ അവൻ്റെ ഉള്ളം തുടിച്ചെങ്കിലും വേണ്ടെന്ന് വച്ചു. തോളിൽ കൈ വച്ചുകൊണ്ട് അവൻ അവളോട് മാപ്പ് പറഞ്ഞു.
” സോറി… ഞാൻ അറിയാതെ… എല്ലാം കൂടെ ആയപ്പോൾ കയ്യിൽനിന്നു പോയി സോറി കരയല്ലേ.. ”
എന്തുകൊണ്ടോ അവൻ്റെ സ്വരം എന്നത്തേക്കാളും ആർദ്രമായിരുന്നു.
” തൻ്റെ പേരെന്താ.. അതെങ്കിലും പറ”
കരച്ചിലിനു അല്പം അയവു വന്നപ്പോൾ അവൻ വീണ്ടും ചോദിച്ചു.
” ശ്രീ…ശ്രീഭദ്ര”
വിറയാർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.
” എനിക്ക്… എനിക്ക് വിശക്കുന്നു.. ഒന്ന് കുളിക്കേം വേണം..”
പതിഞ്ഞ ശബ്ദത്തിൽ അല്പം മടിയോടെ അവനെ നോക്കി അവൾ പറഞ്ഞു.
രണ്ടാം യാമത്തിൻ്റെ അവസാനത്തിലേക്ക് കടക്കുന്ന ആ രാത്രിയിൽ കരഞ്ഞു കലങ്ങിയ നീലക്കണ്ണുകളുടെ സഹായഭ്യർത്ഥന കണ്ടില്ലെന്നുനടിക്കാൻ അവന് കഴിഞ്ഞില്ല. ബാത്റൂം ചൂണ്ടിക്കാണിച്ച് അവൻ കുളിച്ചോളാൻ പറഞ്ഞു. അവനെ തന്നെ നോക്കി ഇരിക്കുന്ന അവളുടെ കണ്ണിലെ എങ്ങനെ എന്ന ചോദ്യം അവന് പിന്നീടാണ് കത്തിയത്. മാറ്റിയിടാൻ ഡ്രസ്സ് ഇല്ലാതെ എങ്ങനെ കുളിക്കും എന്ന് അവനും ആലോചിച്ചു. വേറെ വഴിയില്ലാതെ മാലതിയുടെ മുറിയുടെ മുമ്പിൽ ചെന്ന് നമ്പർ ഡയൽ ചെയ്തു. റിംഗ് തീരാറായപ്പോഴേക്കും മാലതി കോൾ എടുത്തു.
