###
പതിവ് തെറ്റാതെ എഴുന്നേറ്റ ഭദ്രയുടെ ശ്രദ്ധ ആദ്യം പോയത് തനിക്ക് നേരെ ചരിഞ്ഞുകിടന്ന് ഉറങ്ങുന്ന കാശിയിലേക്കാണ്. രാത്രിയിൽ തന്നോട് ദേഷ്യപ്പെട്ട് കണ്ണുരുട്ടിയ ഒരുത്തൻ ഇപ്പൊൾ ശാന്തമായി ഉറങ്ങുന്നത് കണ്ട് അവൾക്ക് ചിരിവന്നു. നേരം വെളുക്കുന്നതിന് മുമ്പ് താഴേക്ക് ഇറങ്ങി ചെല്ലാൻ അവൾക്ക് മടി തോന്നി. ബ്രഷ് ഇല്ലാത്തത് കൊണ്ട് വിരൽകൊണ്ട് ഒപ്പിച്ചു. ബാക്കി പരിപാടികളും തീർത്ത് അവൾ കിടക്കയിൽ തന്നെ ഇരുന്നു. എത്ര ശ്രമിച്ചിട്ടും അനുസരിക്കാതെ അവളുടെ കണ്ണുകൾ അവനെ വാരിപ്പുണർന്നു. എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഷർട്ട് ഒരല്പം പൊക്കി മുറിവ് നോക്കി. ചോര ഒന്നും വന്നിട്ടില്ലെന്ന് സ്വയമേ പറഞ്ഞ് സമാധാനിച്ചു. ഒന്ന് തലോടണം എന്നുണ്ട് പക്ഷേ അതിനു ധൈര്യമില്ല. മനസ്സിലൊരു കുസൃതി തോന്നി അവൻ്റെ ഒന്നുരണ്ട് ഫോട്ടോ അവളെടുത്തു വച്ചു. നേരം ഒന്ന് വെളുത്ത് വന്നപ്പോഴേക്കും അവൾ താഴേക്ക് ഇറങ്ങിച്ചെന്നു. അടുക്കളയിൽ മാലതിയും മറ്റുള്ളവരും പണി തുടങ്ങിയിരുന്നു. മൂത്ത മരുമകൾക്ക് പിന്നെ ഇപ്പോഴൊന്നും അടുക്കളയിൽ കയറാൻ തോന്നില്ല. ആരും അന്വേഷിക്കാറും ഇല്ല. പരുങ്ങി നിന്ന അവളെ മാലതി അടുത്തേക്ക് വിളിച്ചു.
” ന്തിനാ ഇത്രേം നേരത്തെ എഴുന്നേറ്റത് കുട്ട്യേ ?”
” അത് ശീലമാ, കുളിച്ച് കണ്ണനേം തൊഴുത് അടുക്കളേൽ കേറും. ഇന്നലെ ലേറ്റ് ആയ കുളിച്ചേ അതോണ്ട് ഇന്ന് കുളിച്ചില്ല. ഞാൻ സഹായിക്കാം”
”
തൽക്കാലം അതൊന്നും വേണ്ട മോൾ പോയി കാശിയുടെ കൂടെ ഇരിക്ക്”
സാവിത്രി ആയിരുന്നു അവൾക്ക് മറുപടി കൊടുത്തത്. മാലതി കഴിഞ്ഞാൽ കാശിയോട് അല്പം അടുപ്പം ഉള്ളത് സാവിത്രിക്കാണ് . പക്ഷേ കാശിയെന്ന പേര് ഭദ്രയ്ക്ക് മനസിലായില്ല. അത് മാലതിയും കണ്ടു.
” അതെ മോൾ പോയി മോൾടെ ചെക്കൻ്റെ കൂടെ ഇരിക്ക് ഇവിടെ ഞങ്ങൾക്കുള്ള പണിയേ ഉള്ളൂ”
അവളുടെ പതർച്ച മാറ്റാൻ മാലതി ചിരിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴാണ് അവൾക്ക് കാശി എന്ന പേരിനുടമയെ മനസിലായത്. ഇരുവരും അവളോട് കാണിച്ച അടുപ്പം ലക്ഷ്മിക്ക് അത്രക്കങ്ങ് പിടിച്ചില്ല. തിരിഞ്ഞ് നടക്കുമ്പോൾ ക്യാമറയും തൂക്കി പോകുന്ന അച്ചു അവളെ കണ്ടു.
” ഗുഡ് morning ചേച്ചി. നടക്കാൻ വരുന്നോ.”
ആരാ എന്താണെന്നും അറിയാത്തത് കൊണ്ട് ഭദ്ര ഗുഡ് മോണിംഗിൽ ഒതുക്കി. മുറിയിൽ പോയാൽ എന്തായാലും വെറുതെ ഇരിക്കണം അതുകൊണ്ട് അവളും അച്ചുവിൻ്റെ കൂടെ കൂടി. രണ്ടിനെയും അടുക്കളയിൽ നിന്നും മാലതി നോക്കി.
പൊന്നിൽ മുങ്ങിയ പുലരി കിണ്ണം വസന്തത്തിന് ഉണർവേക്കിയപ്പോൾ ആണ് കാശി ഉണർന്നത്. മുറിവിൽ നിന്നും ഞരമ്പുകളിലേക്ക് ചെറിയ വേദന പടർന്നിരുന്നു. എങ്കിലും എഴുന്നേറ്റു. സൈഡിൽ അവളെ കാണാത്തതിൽ അവന് ചെറിയൊരു നിരാശ തോന്നി. പല്ല് തേച്ച് ഫ്രഷ് ആയി അവൻ താഴേക്ക് ചെന്നു. ചായ വാങ്ങാൻ അടുക്കളയിൽ ചെന്ന അവനെ സാവിത്രിയും മാലതിയും ചേർന്നൊന്ന് വാരി.
” കണ്ടോ മാലതി രണ്ടുപേരുടെയും മുഖത്ത് നല്ല ക്ഷീണം ഉണ്ടല്ലേ”
ചിരി അടക്കി പിടിച്ചുകൊണ്ട് സാവിത്രി തന്നെ ആദ്യത്തെ വെടി പൊട്ടിച്ചു. കാസിക്ക് ആദ്യം അതിലെ പൊരുൾ മനസ്സിലായില്ലെങ്കിലും ഒന്നാലോചിച്ചപ്പോൾ രണ്ടും കൂടെ തന്നെ കളിയാകുകയാണെന്ന് കത്തി. അധികം നിന്ന് നാറാതെ ചായയും ഗ്ലാസ്സിലെടുത്ത് മുങ്ങാൻ നിന്ന അവനിട്ട് മാലതി അടുത്ത അമ്പും പായിച്ചു.
” ഇനി ഒരു ഗ്ലാസ് ഒന്നും പോരാ. നിൻ്റെ സഹധർമിണിക്ക് കൂടെ എടുത്തിട്ട് പോ”
“ദാ അച്ചുവിൻ്റെ കൂടെ പുറത്തേക്ക് പോകുന്ന കണ്ടിരുന്നു”
തിരിഞ്ഞു നോക്കാതെ നിന്ന അവൻ്റെ കൈയിലേക്ക് മറ്റൊരു ഗ്ലാസ് ചായ കൂടെ വച്ച് കൊടുത്ത് മാലതി പറഞ്ഞു. രണ്ടു കയ്യിലും ചായയുമായി അവൻ പുറത്തേക്ക് നടന്നു. മുറ്റത്തിറങ്ങി രണ്ട് ഭാഗത്തും നോക്കിയെങ്കിലും രണ്ടിനെയും കണ്ടില്ല. ഉമ്മറത്തിരുന്നു ആർക്കും മുഖം കൊടുക്കേണ്ടെന്ന് കരുതി അവൻ ബൈക്കിൻ്റെ അരികിലേക്ക് ചെന്നു. ചായ പകുതി ആയപ്പോഴേക്കും രണ്ടും കൂടെ കലപില സംസാരിച്ചോണ്ട് വരുന്നത് കണ്ട് ഇത്രപ്പെട്ടെന്ന് കൂട്ടായോ എന്ന് കാശി ആശ്ചര്യപെട്ടു.
