“എന്നാലും നമ്മളോടൊന്നും പറഞ്ഞില്ലല്ലോ.mm..mm നടക്കട്ടെ നടക്കട്ടെ. ആഹാ രണ്ട് ഗ്ലാസ് ചായ ഒക്കെ കുടിക്കുവോ. തൽക്കാലം മോൻ ഒന്ന് കുടിച്ച മതി ഇത് ഞാൻ എടുക്കുവാ”
അടുത്തെത്തിയതും അച്ചു അവനെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു .
“ഡീ അതിവിടെ
വെക്കെടി”
ബൈക്കിൻ്റെ സീറ്റിൽ ഭദ്രക്കായി കരുതി വച്ച ചായ എടുത്തുകൊണ്ട് ഓടിയ അവളെ പിറകിൽ നിന്നും കാശി വിളിച്ചു .
“അത് സാരമില്ല ഞാൻ വേറെ എടുത്തോളാം”
അച്ചുവിൻ്റെ കളിയാക്കലും ഓട്ടവും കണ്ട് ചിരിച്ചോണ്ടിരുന്ന ഭദ്ര പറഞ്ഞു. അവളെന്താ ഉദ്ദേശിച്ചതെന്ന് കാശിക്ക് മനസ്സിലായില്ലെങ്കിലും ഭദ്രയ്ക്ക് അറിയാമായിരുന്നു. ക്യാമറയിൽ അവൻ സൂക്ഷിച്ച രഹസ്യം ഇരുവരും കണ്ടിരുന്നു.
” നേരത്തേ എണീറ്റോ”
“അഹ്… മുറിവ് എങ്ങനെ ഉണ്ട്”
മുഖത്ത് നോക്കാതെ ആണ് ഭദ്ര ചോദിച്ചത്. നാണമോ മടിയോ കാരണം രണ്ടുപേർക്കും പരസ്പരം നോക്കാൻ കഴിഞ്ഞില്ല.
” ചെറിയൊരു വേദന ഉണ്ട് ഹോസ്പിറ്റലിൽ പോകണം”
” എങ്കിൽ നമ്മക്ക് എൻ്റെ അമ്മയെയും കൂട്ടി വന്നാലോ, അവിടെ ഒറ്റക്ക് ആകാൻ ഒരു പേടി”
“അപ്പൊ ഇവിടെ സ്ഥിര താമസം ആക്കാൻ ആണ് ഉദ്ദേശം അല്ലേ”
വലതുകൈയിൽ ഗ്ലാസും പിടിച്ച് നെഞ്ചിൽ കൈകെട്ടികൊണ്ട് ഭദ്രയെ ചരിഞ്ഞൊന്ന് നോക്കി അവൻ പറഞ്ഞു. തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ഭദ്രയുടെ കണ്ണുകൾക്ക് നിറയാൻ അത് മതിയായിരുന്നു.
“സോറി ഞാൻ തമാശയ്ക്ക് പറഞ്ഞതാ നമ്മക്ക് ഇപ്പൊ തന്നെ പോയി അമ്മയെ കൂട്ടാം, താൻ കരയാതെ”
” എൻ്റെ അവസ്ഥ ഞാൻ പറഞ്ഞതല്ലേ”
“എടോ സോറി ഞാൻ വെറുതെ ഓരോളത്തിൽ പറഞ്ഞതാ. ഇന്നലെ ഇതും പറഞ്ഞ് കുറെ കരഞ്ഞില്ലേ മതിയിനി നിർത്ത്.”
അവൾക്കരികിലേക്ക് നീങ്ങി നിന്നുകൊണ്ട് അവൻ പറഞ്ഞു.
” അതെന്നോട് ദേഷ്യപ്പെട്ടിട്ടല്ലേ. പിന്നെ എല്ലാം പറയണോന്ന് തോന്നിയത്കൊണ്ട് പറഞ്ഞതാ. എനിക്കും ഗൗരിക്കും കണ്ണനും പിന്നെ നിങ്ങൾക്കും മാത്രമേ ഇതൊക്കെ അറിയൂ.”
” ഏത് കണ്ണൻ? ”
സ്വാഭാവികമായും മനസിൽ തോന്നിയ സംശയം അവൻ അവളോട് ചോദിച്ചു. അവൻ്റെ മനസിൻ്റെ ഏതോ ഒരു കോണിൽ ചെറുതായൊരു കുശുമ്പ് മൊട്ടിട്ടിരിക്കുന്നു.
” അത് ദൈവം. ശ്രീകൃഷ്ണൻ ”
” ഓഹ് ആ കണ്ണൻ. ശെരി ശെരി”
” എന്താ? ”
” ഏയ് ഒന്നുമില്ല, അമ്മയെ കൂട്ടാൻ പോവാൻ കഴിച്ചിട്ടിറങ്ങാം നമ്മക്ക്”
സംസാരം മുറിഞ്ഞതിൽ അവൾക്ക് തെല്ലൊരു പരിഭവം തോന്നി. അവൻ്റെ കൂടെ അകത്തേക്ക് അവളും നടന്നു. പോകുന്ന വഴിയെ മാലതി അവനെ പൊക്കി. അമ്മയെ കൂട്ടാൻ പോകുന്ന കാര്യം പറഞ്ഞ് നല്ല വൃത്തിക്ക് തടിയൂരി. മാലതി തൻ്റെ ഒരു സാരിയും അവൾക്ക് വേണ്ടി അവൻ്റെ കയ്യിൽ കൊടുത്തു.
” നല്ല ചേർച്ച ഉണ്ടല്ലേ ഏടത്തി”
” സത്യം. പ്രായത്തിൻ്റെ ഓരോ കുരുത്തക്കേടേ, ഇവിടെ അറിയിച്ചിരുന്നേൽ നന്നായി കല്യാണം നടത്താർന്നു.”
” അതെന്തായാലും അമ്മ നടത്തും. ഇന്നലെ സ്റ്റേഷനിൽ വച്ച് ദേവേട്ടനേയ എനിക്കിഷ്ടമെന്ന് ഒറ്റയടിക്ക് അവൾ പറഞ്ഞു. ഞങ്ങൾ എല്ലാരും സ്തംഭിച്ചു പോയി. ”
” എന്നേം കൂടെ വിളിക്കായിരുന്നു നിനക്ക് ”
ഏടത്തിയും നാത്തൂനും കൂടെ അടുക്കളയെ കുടുംബശ്രീ ആക്കി
തുടങ്ങിയിരുന്നു. മാലതിക്ക് സാവിത്രിയെ വല്യ കാര്യമാണ് തിരിച്ചും. നാൽപ്പത്തഞ്ചു കഴിഞ്ഞ സാവിത്രി അല്പം മോഡേൺ ആണെങ്കിലും കുടുംബിനിയായ ഭാര്യയാണ്. അവളുടെ സൗന്ദര്യമാണ് മക്കൾ ഗായത്രിക്കും കല്യാണിക്കും കിട്ടിയിട്ടുള്ളത്. ഭർത്താവിൻ്റെ കൂടെ ബിസിനസ് ചെയ്ത് വിജയിപ്പിച്ചവൾ ആണ് സാവിത്രി. രാവിലെ കുളിച്ച് കുറിയും തൊട്ട് സാരിയോ നൈറ്റിയോ ഇട്ട് തോർത്തിൽ ചുരുട്ടിയ മുടിയും തലയിൽ കെട്ടി വരുന്ന മാലതിയും സാവിത്രിയുമാണ് സൂര്യമംഗലത്തിൻ്റെ അടുക്കളയുടെ ഐശ്വര്യം. കൂടാതെ നല്ല കൈപ്പുണ്യവും. പരമേശ്വരൻ ഈ പ്രായത്തിലും സാവിത്രിയുടെ ചോക്കലേറ്റ് ഹീറോ ആയാണ് നടപ്പ്.
ചെറിയമ്മയുടെ സാരി അവളെ ഏൽപിച്ച് അവൻ കുളിക്കാൻ കയറി. പിന്നീട് അവളോടും കുളിച്ച് വരാൻ ആവശ്യപ്പെട്ടു. കിറ്റിൽ കൊണ്ടുനടക്കാറുള്ള ബാൻഡേജ് ഒരെണ്ണം എടുത്ത് തൽക്കാലത്തേക്ക് മുറിവിൽ ഒട്ടിച്ചു. അവൾ കുളിച്ചിറങ്ങുമ്പോഴേക്കും അനുരാഗിൻ്റെ കോൾ വന്ന് അവൻ മുറിക്ക് പുറത്തേക്ക് ഇറങ്ങി. ആരും ഇല്ലാതിരുന്നത് കൊണ്ട് കോറിഡോറിൽ നിന്ന് തന്നെ സംസാരിച്ചു.
